Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാമറ വാങ്ങൽ, ഓർക്കണം ഈ കാര്യങ്ങൾ

dslr-camera

മിക്കവരും മൊബൈല്‍ ഫോണിലും കൂട്ടുകാരുടെയും മറ്റും ക്യാമറകളിലും ഫോട്ടോ എടുത്തിട്ടുള്ളവരായിരിക്കും. സ്വന്തമായി ഒരു ക്യാമറ വാങ്ങാന്‍ ആഗ്രഹം തോന്നിയിട്ടുള്ളയാളാണെങ്കില്‍ ഇതാ പരിഗണിക്കാന്‍ ചില കാര്യങ്ങള്‍:

ഏതു തരം ഫൊട്ടോഗ്രഫിയിലാണു താത്പര്യം?

ഇങ്ങനെ കൃത്യമായ ഒരു താത്പര്യം മനസില്‍ വച്ചാണ് ക്യാമറ വാങ്ങാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാണ്. വന്യജീവി ഫൊട്ടോഗ്രഫിയാണ് അല്ലെങ്കില്‍ പോര്‍ട്രെയ്റ്റുകള്‍ എടുക്കാനാണ് എന്നൊക്കെ തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനു വേണ്ട ഉപകരണങ്ങള്‍ അന്വേഷിച്ചു തുടങ്ങാം. എന്നാല്‍, എല്ലാത്തരം ഫൊട്ടോഗ്രഫിയിലും താത്പര്യമുണ്ട്, അല്ലെങ്കില്‍ ഒരു ക്യാമറയുമായി പരിചയത്തിലാകുക എന്നതാണ് ലക്ഷ്യമെങ്കില്‍ കാര്യങ്ങള്‍ കുറച്ചു കൂടെ സങ്കീര്‍ണ്ണമാണ്.

ചിലവഴിക്കാന്‍ പോകുന്ന തുക

ആദ്യമെ തന്നെ എത്ര രൂപയാണ് ഒരാള്‍ ക്യാമറ വാങ്ങാനായി മാറ്റിവച്ചിരിക്കുന്നത് എന്നത് തീരുമാനിച്ചാല്‍ പിന്നെ ആ ബജറ്റില്‍ ഒതുങ്ങുന്ന മോഡലുകള്‍ക്കു വേണ്ടി അന്വേഷണം ആരംഭിക്കാം. അയ്യായിരം രൂപയില്‍ താഴെ കിട്ടുന്ന പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറ മുതല്‍ വാങ്ങണമെങ്കില്‍ സ്ഥലം വില്‍ക്കേണ്ടി വരുന്ന മോഡലുകള്‍ വരെ മാര്‍ക്കറ്റില്‍ ഉണ്ട്.

ക്യമറയുടെ എത്രമാത്രം നിയന്ത്രണം നിങ്ങള്‍ക്കു വേണം?

ഏറ്റവും കുറഞ്ഞ പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകള്‍ക്ക് ചില ഓട്ടോ മോഡുകളേ നിര്‍മ്മാതാക്കള്‍ ലഭ്യമാക്കിയിട്ടുള്ളു. ഇത്തരം ക്യാമറകള്‍ ഉപയോഗിച്ചു ഫോട്ടോ എടുക്കുമ്പോള്‍ അപര്‍ചര്‍, ഷട്ടര്‍ സ്പീഡ്, ഐഎസ്ഓ തുടങ്ങിയ മൂല്യങ്ങളൊക്കെ ക്യാമറ തന്നെ തീരുമാനിക്കും. ഫോട്ടോ എടുക്കുന്നയാള്‍ക്ക് അതില്‍ കാര്യമായ നിയന്ത്രണം കൊണ്ടുവരാനാകില്ല. നല്ല വെളിച്ചമുള്ളപ്പോഴും, വലിയ പ്രകാശ വ്യതിയാനമില്ലാത്ത സീനുകളിലും ഈ ക്യാമറകള്‍ തരക്കേടില്ലാത്ത ചിത്രങ്ങള്‍ പകര്‍ത്തുമെങ്കിലും പ്രകാശം കുറയും തോറും, അല്ലെങ്കില്‍ സങ്കീര്‍ണ്ണ പ്രകാശ വിന്യാസത്തെ നേരിടുമ്പോള്‍ ഒക്കെ ഇത്തരം ക്യാമറകളുടെ ശേഷിക്കുറവ് വെളിപ്പെടാം. ഫോട്ടോഗ്രാഫിയെ അല്‍പ്പമെങ്കിലും ഗൗരവത്തില്‍ എടുക്കുന്നവര്‍ ഇത്തരം ക്യാമറകളെ ഒഴിവാക്കുന്നതാണു നല്ലത്. അത്തരക്കാര്‍ക്ക് അപര്‍ചര്‍ പ്രയോരിറ്റി മുതല്‍ മുഴുവന്‍ മാനുവല്‍ നിയന്ത്രണങ്ങള്‍ വരെ നല്‍കുന്ന ക്യാമറകളെ പരിഗണിക്കാം.

എന്തുമാത്രം സൂം?

കേരളത്തില്‍ നിന്നു ഹിമാലയം വരെ നീളുന്ന സൂം ഉള്ള ക്യാമറ കിട്ടുമോ എന്നൊക്കെ സംശയമുള്ളവരും ഉണ്ട്. ഇന്ന് ലോകത്ത് ഏറ്റവും അധികം സൂം ലഭിക്കുന്ന പോയിന്റ് ആന്‍ഡ് ഷൂട്ട് മോഡലായ നിക്കോണ്‍ കൂള്‍പിക്‌സ് P 900 ചന്ദ്രസന്ദര്‍ശനം നടത്തുന്നത് ഈ വിഡിയോയില്‍ കാണാം: http://bit.ly/1SWNuMe. ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം സൂം സാധ്യത ഉപകരിക്കുമെങ്കിലും എല്ലാവര്‍ക്കും അതു വേണമെന്നില്ല. മാത്രമല്ല, കൈയ്യില്‍ പിടിച്ച്, പരമാവധി സൂം ചെയ്ത്, ഇത്തരം ക്യാമറകള്‍കൊണ്ട് പടമെടുക്കാന്‍ അത്ര എളുപ്പവുമല്ല. ഷെയ്ക്കില്ലാതെ പടമെടുക്കണമെങ്കില്‍ ട്രൈപ്പോഡോ, അത്തരം മറ്റെന്തെങ്കിലും തുണയോ ആവശ്യമായി വരും. DSLR അല്ലെങ്കില്‍ മിറര്‍ലെസ് ക്യാമറ പരിഗണിക്കുന്നവരാണെങ്കില്‍ സൂപ്പര്‍സൂം പോലത്തെ വില്‍പ്പനാ തന്ത്രങ്ങളെ പറ്റി ചിന്തിക്കുക പോലും വേണ്ട.

പ്രിന്റു ചെയ്യാന്‍ ഉദ്ദേശമുണ്ടോ?

കംപ്യൂട്ടറുകളിലും മറ്റും സൂക്ഷിക്കുകയോ, വെബില്‍ ഉപയോഗിക്കുകയൊ ആണു ലക്ഷ്യമെങ്കില്‍ ക്യാമറയ്ക്ക് എത്ര മെഗാപിക്‌സല്‍ ഉണ്ട് എന്ന് ആലോചിച്ചു തല ചൂടാക്കേണ്ട കാര്യമില്ല. 6MP പോലും നല്ല റെസലൂഷനാണ്. ബജറ്റില്‍ ഒതുങ്ങുന്ന, മറ്റു രീതിയില്‍ ഒത്തിണങ്ങിയ മൊഡലുകള്‍ മൊഡല്‍ കണ്ടെത്തിയാല്‍ അതു വാങ്ങാം. എന്നാല്‍ ഇന്ന് 6MP പോലെ കുറഞ്ഞ റെസലൂഷനുള്ള മൊഡലുകള്‍ മാര്‍ക്കറ്റില്‍ ഇല്ല. അതായിത് മനസിനിണങ്ങിയ മോഡല്‍ വാങ്ങാം. എന്നാല്‍ പ്രിന്റും ചെയ്യണം എന്നാണെങ്കില്‍ റെസലൂഷന്‍ കൂടിയ മോഡലുകള്‍ പരിഗണിക്കുക.

സെന്‍സര്‍ സൈസ്

ക്യാമറയ്ക്കുള്ളില്‍ പിടിപ്പിച്ചിരിക്കുന്ന സെന്‍സറിന്റെ വലിപ്പമെത്രയാണ് എന്നു ശ്രദ്ധിക്കുക. മെഗാപിക്‌സലുകളുടെ എണ്ണം പറയുന്നതു പോലെ ഓരോ ക്യാമറയുടെയും സെന്‍സറിന്റെ വലിപ്പവും സ്‌പെസിഫിക്കേഷന്‍സിന്റെ കൂടെ രേഖപ്പെടുത്തിയിരിക്കും. സെന്‍സറിന്റെ വലിപ്പം കൂടും തോറും കിട്ടുന്ന ഫോട്ടോയുടെ ക്വാളിറ്റി കൂടും. 6MP റെസലൂഷന്‍ മാത്രമുള്ള നിക്കോണ്‍ D40യുടെ ഗുണമുള്ള ഫോട്ടോ എടുക്കാന്‍ 20MP റെസലൂഷനുള്ള ശരാശരി പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറയ്ക്കാവില്ല. കാരണം ഫുള്‍ഫ്രെയിം സെന്‍സറുകള്‍ക്കു തൊട്ടു താഴെയുള്ള APS-C സെന്‍സറാണ് D40യ്ക്ക് ഉള്ളത്.

മെമ്മറി കാര്‍ഡ്

പോക്കറ്റില്‍ ഒതുങ്ങുന്ന ഏറ്റവും സ്പീഡുകൂടിയ മെമ്മറി കാര്‍ഡു തന്നെ വാങ്ങുക. വിഡിയോ റെക്കഡു ചെയ്യുമ്പോള്‍ പ്രത്യേകിച്ചും ഇത് ഉപകരിക്കും. ക്യാമറയ്‌ക്കൊപ്പം കിട്ടുന്ന കാര്‍ഡുകള്‍ പൊതുവെ നിലവാരമുള്ളവയല്ല.

കൂടുതല്‍ അക്‌സസറീസ് വേണോ?

ട്രൈപ്പോഡ് തുടങ്ങിയ സജ്ജീകരണങ്ങള്‍ ക്യാമറയോടൊപ്പം തന്നെ വാങ്ങണമോ എന്നും തീരുമാനിക്കാം. ഫില്‍റ്റര്‍ ത്രെഡ് ഉള്ള ലെന്‍സാണ് ക്യാമറയ്‌ക്കെങ്കില്‍ ഒരു ക്ലീയര്‍ ഫില്‍റ്ററോ, യൂവി (UV) ഫില്‍റ്ററോ വാങ്ങുന്നത് ലെന്‍സിന്റെ സുരക്ഷയ്ക്കുപകരിക്കും.

സെക്കന്‍ഹാന്‍ഡ് മാര്‍ക്കറ്റ് പരിഗണിക്കണോ?

വില കൂടിയ മോഡലുകളാണെങ്കില്‍ സെക്കന്‍ഹാന്‍ഡ് ക്യാമറകളെയും പരിഗണിക്കാം. പറ്റിക്കപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നു മാത്രം.

Your Rating: