Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാം ലോകമഹായുദ്ധം വരുന്നു; അഞ്ചുമാസത്തോളം കൊടുംദുരിതമെന്നും പ്രവചനം

ലോകം അവസാനിക്കുന്ന കാലത്തോളം വന്നുകൊണ്ടേയിരിക്കും ലോകാവസാനത്തെക്കുറിച്ചുള്ള പ്രവചനങ്ങള്‍. യാതൊരു കുഴപ്പവുമില്ലാതെ എല്ലാം ശാന്തമായിരിക്കുന്ന സമയത്തു പോലും ഇത്തരം പേടിപ്പെടുത്തുന്ന പ്രവചനങ്ങൾ എത്തുക പതിവാണ്. അപ്പോൾപ്പിന്നെ മൂന്നാം ലോകമഹായുദ്ധം ആരംഭിക്കാനുള്ള എല്ലാ സാധ്യതയും മുന്നിൽത്തെളിഞ്ഞിരിക്കുന്ന സമയത്ത് അത്തരമൊരു പ്രവചനം വരുന്നതിൽ ഒട്ടും അതിശയോക്തിയില്ല. ഗൂഗിളിന്റെ ഇന്നേവരെയുള്ള ചരിത്രത്തിൽ ആദ്യമായി ‘മൂന്നാം ലോകമഹായുദ്ധം’ എന്ന വാക്ക് ഏറ്റവുമധികം പേർ തിരഞ്ഞ നാളുകൾ കൂടിയാണു കടന്നുപോകുന്നത്. ‘Going to war’ എന്ന വാക്കുകളും ഗൂഗിളിൽ ഇതുവരെയില്ലാത്ത വിധമാണ് സേർച്ച് ചെയ്യപ്പെടുന്നത്. 

Kim-Jong-Un-missiles

മൂന്നാം ലോകമഹായുദ്ധത്തോടെ ലോകം അവസാനിക്കുമെന്ന പ്രവചനവും ഇതിനു മുൻപ് പലപ്പോഴും വന്നിട്ടുണ്ട്. ഇങ്ങനെ ലോകം മുഴുവൻ ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കുമ്പോഴാണ് പുതിയൊരു പ്രവചനം. നടത്തിയതാകട്ടെ ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തുമെന്ന കാര്യം 2015ൽത്തന്നെ പ്രവചിച്ചുവെന്ന് അവകാശപ്പെടുന്ന ഹൊറാസിയോ വിജേഗാസ് എന്ന വ്യക്തിയും. ‘ഡെയ്‌ലി സ്റ്റാറി’നു നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ മൂന്നാം ലോകമഹായുദ്ധം ജനത്തിന്റെ ജീവനും സ്വത്തിനും വൻനാശനഷ്ടവും കൊടുംദുരിതത്തിന്റെ നാളുകളും സൃഷ്ടിക്കുമെന്നുമല്ലാതെ ലോകാവസാനത്തിലേക്ക് നയിക്കില്ലെന്നും ഹൊറാസിയോയുടെ വാക്കുകള്‍. കരകയറാനാകാത്ത വിധം പല രാജ്യങ്ങൾക്കും തിരിച്ചടികളുണ്ടാകുമെന്നും അമേരിക്കയിലെ ടെക്സസിൽ ജീവിക്കുന്ന ഈ ‘പ്രവാചകൻ’ മുന്നറിയിപ്പു നൽകുന്നു.

വിശുദ്ധകന്യാമറിയത്തിന്റെ പോർച്ചുഗൽ പ്രത്യക്ഷപ്പെടലുമായി ബന്ധപ്പെടുത്തിയാണ് ഹൊറാസിയോയുടെ ഇത്തവണത്തെ പ്രവചനം. 1917മേയ് 13നാണ് വിശുദ്ധകന്യാമറിയം പോർച്ചുഗലിലെ ഫാത്തിമ എന്ന പ്രദേശത്ത് മൂന്നു കുട്ടികൾക്കു മുന്നിൽ പ്രത്യക്ഷയായി എന്ന വാർത്ത ആദ്യം പുറത്തെത്തുന്നത്. പിന്നീട് ആറു തവണ ആ സന്ദർശനമുണ്ടായതായി പറയപ്പെടുന്നു. യുദ്ധത്തിന്റെ സൂചനകൾ നൽകിയിരുന്നത്രേ കന്യാമറിയം. ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ട നാളുകളായിരുന്നു അത്. ഏറ്റവുമൊടുവിൽ കന്യാമറിയം പ്രത്യക്ഷപ്പെടുന്നത് 1917 ഒക്ടോബർ 13നാണ്. ഏതാനും നാളുകൾക്കകം യുദ്ധത്തിനു പോയ പട്ടാളക്കാർ തിരിച്ചെത്തുമെന്നായിരുന്നു അന്നു പറഞ്ഞത്. വൈകാതെ തന്നെ ഒന്നാം ലോകമഹായുദ്ധം അവസാനിക്കുകയും ചെയ്തു.  

kim-jong-un

‘ഔര്‍ ലേഡി ഓഫ് ഫാത്തിമ’ എന്നും വിശുദ്ധകന്യാമറിയം അറിയപ്പെടുന്നുണ്ട്. ഔര്‍ ലേഡി ഓഫ് ഫാത്തിമ പോർച്ചുഗലിൽ പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാർഷികത്തിൽ മൂന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുമെന്നാണ് ഹൊറാസിയോ പറയുന്നത്. പിന്നീടുള്ള അഞ്ചുമാസക്കാലത്തോളം വിവിധ രാജ്യങ്ങൾ തമ്മില്‍ ചേരിതിരിഞ്ഞ് കനത്ത പോരാട്ടമായിരിക്കും. എന്നാൽ കന്യാമറിയം അവസാനമായി പോർച്ചുഗലിൽ പ്രത്യക്ഷപ്പെട്ട 1917 ഒക്ടോബർ 13ന്റെ നൂറാം വാർഷികദിനത്തിലോ അതിനടുത്ത നാളുകളിലോ തന്നെ യുദ്ധം അവസാനിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. 

കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി തന്റെ പ്രവചനങ്ങൾ ചേർത്ത് ഒട്ടേറെ പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട് ഇദ്ദേഹം. കോടീശ്വരനായ ഒരു ബിസിനസുകാരൻ ലോകത്തിന്റെ നിർണായക നിയന്ത്രണശക്തിയായി അധികാരത്തിലെത്തുമെന്നായിരുന്നു 2015ലെ പ്രവചനം. അയാള്‍ വഴി മൂന്നാം ലോകമഹായുദ്ധമെത്തുമെന്നും. അമേരിക്ക സിറിയയെ ആക്രമിക്കുമെന്ന കാര്യവും താൻ പ്രവചിച്ചിരുന്നതായി ഹൊറാസിയോ അവകാശപ്പെടുന്നു. ഏപ്രിൽ 13 മുതൽ മേയ് 13 വരെ തെറ്റിദ്ധാരണാജനകമായ പല കാരണങ്ങളാലും ചെറുസംഘർഷങ്ങൾ നടക്കുമെന്നും പറഞ്ഞിട്ടുണ്ട്. ഉത്തരകൊറിയയിലും സിറിയയിലുമെല്ലാം അതാണിപ്പോൾ നടക്കുന്നത്. 

trump-kim

അതേസമയം മൂന്നാംലോകമഹായുദ്ധത്തിന്റെ യഥാർഥ കാരണക്കാർ പുറകിലിരുന്ന് ചരടുവലിക്കുന്നവരായിരിക്കുമെന്നും ഹൊറാസിയോ സൂചിപ്പിക്കുന്നു. യുദ്ധം ഉത്തര–ദക്ഷിണ കൊറിയകൾ തമ്മിലാണെന്ന് അവർ വരുത്തിത്തീർക്കും. പക്ഷേ പിന്നിൽ യുഎസ് ആയിരിക്കും. വൈകാതെ ചൈനയും ഇവർക്കൊപ്പം ചേരും. സിറിയയിലും ഇതുതന്നെ അവസ്ഥ. അമേരിക്കയും സിറിയയും തമ്മിലാണ് യുദ്ധമെന്ന് കരുതും, പക്ഷേ സായുധ ശക്തിയായി പിന്നിൽ റഷ്യയാണുണ്ടാകുക. ഇങ്ങനെ ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്ന സംഘർഷങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മേയ് പതിമൂന്നോടെ അത് ലോകത്തെ വൻകിട ശക്തികൾ തമ്മിൽ നേരിട്ടുള്ള യുദ്ധമായി മാറുന്നതും കാണാമെന്നും ഹൊറാസിയോ പറയുന്നു. 

നോസ്ട്രഡാമസിന്റെ ഉൾപ്പെടെ പ്രവചനങ്ങളെ വിശകലനം ചെയ്താണ് തന്റെ നിഗമനത്തിലെത്തിയതെന്നും ഈ അമേരിക്കക്കാരന്റെ അവകാശവാദമുണ്ട്. ഏതാനും ദിവസം മുൻപ് താൻ കണ്ട സ്വപ്നത്തെപ്പറ്റിയും പറയുന്നു ഇദ്ദേഹം–ആകാശത്തു നിന്ന് തീഗോളങ്ങൾ വന്നുവീഴുന്നതും എവിടെ ഒളിക്കുമെന്നറിയാതെ ജനം പരക്കംപായുന്നതുമായിരുന്നു അത്. ആണവമിസൈലുകൾ ലോകവ്യാപകമായി പല നഗരങ്ങളിലും വന്നുപതിക്കുന്നതിന്റെ മുന്നറിയിപ്പായിരുന്നു ആ സ്വപ്നമെന്നും ഹൊറാസിയോയുടെ വ്യാഖ്യാനം. 

USS Carl Vinson (CVN 70)

എന്തായാലും സിറിയയുടെയും ഉത്തരകൊറിയയുടെയും മറവിൽ യുഎസും ചൈനയും റഷ്യയും തമ്മിലുള്ള ആശയസംഘർഷങ്ങൾ മുറുകുകയാണ്. അത് ആയുധസംഘർഷത്തിലേക്കു നയിക്കുമോയെന്ന ആശങ്ക ലോകരാജ്യങ്ങൾക്കെല്ലാം തന്നെയുണ്ട്. പ്രകോപനപരമായ ഒരു ചെറുതീപ്പൊരി മതി യുദ്ധം ആളിക്കത്താൻ. അങ്ങനെ ‘കുളമാകെ’ കലങ്ങിയ അവസ്ഥയിലിരിക്കുമ്പോഴാണ് ഹൊറാസിയോയെ പോലുള്ളവർ പ്രവചനങ്ങളുമായെത്തുന്നതും!