Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉന്നിനെയും ഉത്തരകൊറിയയെയും അമേരിക്ക തൊടില്ല; അതിന് ‘രണ്ടര കോടി കാരണങ്ങളുണ്ട്’!

trump-kim

യുദ്ധത്തിന്റെ ഭീതിയിലാണ് ലോകം. ഒരു വശത്ത് അമേരിക്കയും മറുവശത്ത് ഉത്തരകൊറിയയും. വലിപ്പത്തിലും ശേഷിയിലും എന്തുകൊണ്ടും മുന്നിൽ അമേരിക്ക തന്നെ. അണ്വായുധം പ്രയോഗിക്കുമെന്നാണ് ഇത്തിരിക്കുഞ്ഞനായ ഉത്തരകൊറിയയുടെ ഭീഷണി. പ്രകോപനങ്ങളുമായി ഇടയ്ക്കിടെ മിസൈൽ പരീക്ഷണങ്ങൾ നടത്തുന്ന ഉത്തരകൊറിയയെ പേടിപ്പിക്കാൻ പക്ഷേ അമേരിക്ക ശ്രമിക്കാത്തതെന്ത്?  ഡൊണൾഡ് ട്രംപിന് കിങ് ജോങ് ഉന്നിനെ പേടിയാണോ? പിന്തിരിഞ്ഞു നിൽക്കാൻ അമേരിക്കയ്ക്ക് ഒന്നല്ല, രണ്ടര കോടി കാരണങ്ങൾ ഉണ്ടെന്നാണ് നയതന്ത്ര വിദഗ്ധർ പറയുന്നത്.

∙ ഉന്നിന്റെ ബലം

ഉത്തരകൊറിയൻ ഏകാധിപതി കിങ് ജോങിന്റെ ബലം ഉത്തരകൊറിയയല്ല, ദക്ഷിണ കൊറിയയാണ്. അതെ, ഉത്തരകൊറിയ്ക്കെതിരെ അമേരിക്ക എന്തു സൈനിക നടപടിയെടുത്താലും ദുരിതം അനുഭവിക്കേണ്ടി വരിക ദക്ഷിണകൊറിയ കൂടിയാണ്. അമേരിക്കയെ തകർക്കാൻ ഉൻ ആയുധങ്ങളുടെ വൻശേഖരം  ദക്ഷിണകൊറിയയുടെ മേലാകും വർഷിക്കുക. അമേരിക്കയുടെ സഖ്യരാജ്യമാണ് ദക്ഷിണകൊറിയ. ഫലത്തിൽ ദക്ഷിണകൊറിയയെ തകർക്കുന്നതിനൊന്നും അമേരിക്ക ഒരുങ്ങില്ലെന്ന ലളിതയുക്തിയിലാണ് കിങ് ജോങ് ഉൻ വീര്യമെല്ലാം കാണിക്കുന്നത്. ഇരുകൊറിയകൾക്കും ഇടയിൽ സൈനികരഹിത മേഖലയുണ്ട്. ഇവിടെ യുഎസ് വൈസ് പ്രസിഡന്റ് കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു.

ഏഴു പതിറ്റാണ്ടായി സൈനികരഹിത മേഖലയാണിത്. എന്നാൽ യുദ്ധതന്ത്രങ്ങളുടെ ഭാഗമായി ഇതിനോടു ചേർന്നുള്ള പ്രദേശത്ത് വൻ ആയുധശേഖരമാണ് ഉത്തരകൊറിയ സൂക്ഷിച്ചിട്ടുള്ളത്. അമേരിക്കയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാൽ ഉത്തരകൊറിയ ആദ്യം തീ കൊടുക്കുക, ഇവിടെയുള്ള വെടിമരുന്നിനാകും. വിവരണാതീത നാശമാകും ദക്ഷിണകൊറിയയ്ക്ക് സംഭവിക്കുക. ഈ സാധ്യതയാണ് ഉന്നിനെതിരെ പെട്ടെന്നു തീരുമാനമെടുക്കാൻ അമേരിക്കയെ പുറകോട്ടു വലിക്കുന്നതെന്നു മുൻ വ്യോമസേന ഉദ്യോഗസ്ഥൻ കാൾ ബേക്കർ പറയുന്നു.

∙ തുടരുന്ന വാക്‌യുദ്ധം 

തങ്ങളുടെ സൈന്യത്തിന്റെ ശക്തിയെ പരീക്ഷിക്കരുതെന്ന് കഴിഞ്ഞ ദിവസം യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ഉത്തരകൊറിയക്ക് മുന്നറിയിപ്പു നല്‍കി. ഉത്തര – ദക്ഷിണ കൊറിയകളുടെ ഇടയ്ക്കുള്ള സൈനികരഹിത മേഖല സന്ദർശിച്ച ശേഷമായിരുന്ന പെൻസിന്റെ പ്രതികരണം. മണിക്കൂറുകൾക്കകം ഉത്തരകൊറിയയുടെ മറുപടിയുമെത്തി. കൊറിയൻ ഉപഭൂഖണ്ഡത്തെ യുദ്ധസമാന സാഹചര്യത്തിലേക്കു തള്ളിവിടുന്നത് യുഎസ് ആണെന്നായിരുന്നു പ്രതികരണം. ഇങ്ങനെ വാക്കുകൾ കൊണ്ടാണ് ഇപ്പോൾ ഇരുരാജ്യവും തീ പടർത്തുന്നത്. എന്തിനുമൊരുങ്ങിയാണ് ഉത്തരകൊറിയയുടെ നിൽപ്പ്. തൻപോരിമ കൂടുതൽ അമേരിക്കയ്ക്കാണ്. എങ്കിലും അവർ സംയമനം പാലിക്കുന്നു. യുഎസ് സൈനിക നടപടി ആരംഭിച്ചാൽ ഏതറ്റംവരെ പോകാനും ഉത്തരകൊറിയ തയാറാണെന്ന ഭീഷണിയാണോ അമേരിക്കയെ വിറപ്പിക്കുന്നത്.

∙ രണ്ടര കോടി കാരണം

അമേരിക്കയെ ലക്ഷ്യമാക്കി വിക്ഷേപിക്കാവുന്ന ഭൂഖണ്ഡാന്തര മിസൈൽ ഉത്തരകൊറിയയുടെ പക്കലുണ്ടെന്നാണ് വിവരം. ദക്ഷിണകൊറിയ മുഴുവനായും ഉന്നിന്റെ മിസൈൽ പരിധിയിലാണ് എന്നതാണ് ഇതിനർഥം. ദക്ഷിണകൊറിയയുടെ ആസ്ഥാനമായ സോൾ ലക്ഷ്യമാക്കി ഉന്നിന്റെ സൈന്യം അതിശയകരമാം വിധം ആയുധങ്ങൾ സജ്ജീകരിച്ചിട്ടുണ്ടാകുമെന്ന് ജോസഫ് എസ്. ബെർമൂഡസ് ജൂനിയർ പറയുന്നു. 38 നോർത്ത് എന്ന വെബ്സൈറ്റിലെ യുദ്ധകാര്യ വിദഗ്ധനാണ് ജോസഫ്. ഉത്തരകൊറിയയുടെ രണ്ടാമത്തെ വലിയ സൈനികത്താവളം സ്ഥിതിചെയ്യുന്നത് സൈന്യരഹിത മേഖലയുടെ വടക്കുഭാഗത്ത് ആണെന്നതും ശ്രദ്ധേയം. 500 ആർട്ടിലറികളാണ് കയിസ്യങിൽ മാത്രം കാത്തിരിക്കുന്നതെന്നും ഇതുപോലെ നിരവധി ആർട്ടലറികൾ സജ്ജമാണെന്നും ജോസഫ് എസ്. ബെർമൂഡസ് വിശദീകരിക്കുന്നു. ഇവിടെ നിന്ന് 30 മൈൽ മാത്രം ദൂരമേ സോളിലേക്കുള്ളൂ. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ സോളിൽ താമസിക്കുന്ന രണ്ടര കോടിയോളം വരുന്ന ജനം ചുട്ടുചാമ്പലാകും. ദക്ഷിണകൊറിയയുടെ പാതിജനസംഖ്യ ഭൂമിയിൽ നിന്നു തുടച്ചുമാറ്റപ്പെടും. അമേരിക്ക ഭയക്കുന്നതും ഉൻ പേടിപ്പിക്കുന്നതും ഇതുതന്നെ.

∙ ആദ്യദിന മരണം 64,000

സോളിനെ ലക്ഷ്യമിട്ടുള്ള ആയുധങ്ങളുടെ ശേഷിയെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം അതീവരഹസ്യം. മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചറുകൾ, 300 എംഎം പരീങ്കികൾ തുടങ്ങിയവയുടെ വൻശേഖരമുണ്ടെന്നാണ് അറിയുന്നത്. 15 മിനിറ്റ് കൂടുമ്പോൾ ഓട്ടോമാറ്റിക്കായി എട്ടു റൗണ്ട് വെടിവയ്ക്കുന്നതാണ് 300 എംഎം പീരങ്കികൾ. അമ്പതോളം മിസൈലുകളുമുണ്ട്. സോളിനെ മാരകമായി പ്രഹരിക്കാൻ ഇതുധാരാളം. മണിക്കൂറിൽ 4000 റൗണ്ട് വെടിവയ്ക്കാൻ ഉന്നിന്റെ ഈ സേനയ്ക്കാകും. യുദ്ധം ആരംഭിച്ചാൽ ആദ്യദിവസത്തിൽ സോളിൽ മാത്രം 64,000 ആളുകൾ കൊല്ലപ്പെടുമെന്ന് 2012ൽ നൗട്ടിലസ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇവരിൽ അമേരിക്കക്കാരും ഒരുപാടു പേരുണ്ടാകും. 28,000 യുഎസ് സൈനികർ മാത്രം ദക്ഷിണകൊറിയയിലുണ്ട്. ബാക്കി യുഎസ് പൗരന്മാർ വേറെ. ഇതെല്ലാം പരിഗണിച്ചു മാത്രമേ അമേരിക്കയ്ക്ക് മുന്നോട്ടു നീങ്ങാനാകൂ.