Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊക്രാനിൽ വൻ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യൻ വ്യോമസേന, ദൗത്യത്തിന് സുഖോയ് വിമാനം

Air-launch

പാക്കിസ്ഥാൻ, ചൈന അതിർത്തി രാജ്യങ്ങളിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ ഓരോ ദിവസവും പുതിയ കണ്ടെത്തലുകളും പരീക്ഷണങ്ങളുമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി അടുത്ത ദിവസങ്ങളിൽ പൊക്രാനിൽ വൻ പരീക്ഷണം നടത്താൻ ഒരുങ്ങുകയാണ് ഇന്ത്യൻ വ്യോമസേന. ലോകത്തിലെ ആദ്യ സൂപ്പർസോണിക് ക്രൂസ് മിസൈൽ ബ്രഹ്മോസിന്റെ നിർണായ പരീക്ഷണമാണ് പൊക്രാനിൽ‌ നടക്കുന്നത്. ഇന്ത്യയുടെ അത്യാധുനിക പോര്‍വിമാനം സുഖോയ്–30 എംകെഐ യിൽ നിന്നാണ് ബ്രഹ്മോസ് പരീക്ഷിക്കുക. വായുവിൽ നിന്നു കരയിലേക്കാണ് മിസൈൽ വിക്ഷേപിക്കുക.

സാഹചര്യങ്ങൾ അനുകൂലമായാൽ സുഖോയ് യുദ്ധവിമാനത്തിൽ നിന്നുള്ള ബ്രഹ്മോസ് മിസൈൽ പരീക്ഷണം മേയിൽ തന്നെ നടക്കുമെന്നാണ് അറിയുന്നത്. സുഖോയ് 30 എംകെഐയിൽ നിന്നുള്ള ബ്രഹ്മോസ് മിസൈൽ ട്രയൽ ഡ്രോപ്പ് നേരത്തെ നടത്തിയിരുന്നു. ബ്രഹ്മോസിനോടു സമാനമായ ഡമ്മി മിസൈൽ ഉപയോഗിച്ച് നേരത്തെ തന്നെ നിരവധി പരീക്ഷണങ്ങൾ നടത്തിയിരുന്നു. വലുപ്പത്തിലും നീളത്തിലുമെല്ലാം ബ്രഹ്മോസിനോടു സമാനമായ ഡെമ്മി മിസൈലുകളാണ് ഉപയോഗിച്ചിരുന്നത്. എൻജിൻ, സ്ഫോടന വസ്തുക്കൾ എന്നിവ ഇതിൽ ഉണ്ടായിരുന്നില്ല. 

സുഖോയിൽ നിന്നു മിസൈൽ വിക്ഷേപിക്കുന്നതിന്റെ സാങ്കേതിക വിദ്യയുടെ പരീക്ഷണവും മിസൈൽ വിക്ഷേപണത്തിനു ശേഷം എയർക്രാഫ്റ്റിനുണ്ടാകുന്ന സാഹചര്യങ്ങളും നേരത്തെ വിലയിരുത്തിയിരുന്നു. യഥാർഥ വിക്ഷേപണത്തിനു മുൻപ് ഇക്കാര്യങ്ങൾ കൃത്യമായില്ലെങ്കിൽ അപകടങ്ങൾക്കു കാരണമാകാം.

brahmos-hf-3

ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. കര-നാവിക-വ്യോമ സേനകൾക്കു വേണ്ടിയുള്ള ബ്രഹ്മോസിന്റെ പ്രത്യേക പതിപ്പുകൾ തയാറാക്കിയിട്ടുണ്ട്. സുഖോയ് 30 വിമാനങ്ങൾക്കു മാത്രമാണു ബ്രഹ്മോസ് മിസൈൽ വഹിക്കാൻ ശേഷിയുള്ളത്. ഇതിനു വേണ്ടി സുഖോയ് പരിഷ്കരിച്ച് തയാറാക്കുകയായിരുന്നു. ബെംഗളുരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) പരിക്ഷ്കരിച്ച വിമാനം 2015 ഫെബ്രുവരിയിലാണു വ്യോമസേനയ്ക്കു കൈമാറിയത്. വീണ്ടും ഒരു വർഷത്തെ പരീക്ഷണങ്ങൾക്കും ജോലികൾക്കുമൊടുവിലാണു സുഖോയ് 30-ബ്രഹ്മോസ് സംയോജനം പൂർത്തിയായത്.

ശബ്ദാതിവേഗ മിസൈൽ ഒരു ദീർഘദൂര പോർ വിമാനത്തിൽ ഘടിപ്പിക്കുന്നത് ആദ്യമായാണ്. ലോകത്ത് ഈ സാങ്കേതിക വിദ്യയുള്ള ഏക രാജ്യവും ഇന്ത്യതന്നെ. നാസിക്കിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡിന്റെ കേന്ദ്രത്തിലായിരുന്നു സംയോജനം പൂർത്തിയായത്. മണിക്കൂറിൽ 3600 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ബ്രഹ്മോസിനെ വഹിക്കാൻ അത്രതന്നെ കരുത്തുള്ള സൂപ്പർ സോണിക് ഫൈറ്റർ ജറ്റ് ആവശ്യമാണ്.

മിസൈൽ കൃത്യമായി വിക്ഷേപിച്ച ശേഷം പറന്നകലാൻ സാധിച്ചില്ലെങ്കിൽ അപകടത്തിനു കാരണമാകാം. അതിനാൽ തന്നെ വരും ദിവസങ്ങളിലെ പരീക്ഷണവും ഏറെ പ്രധാനപ്പെട്ടതാണ്. സുഖോയ് വിമാനത്തിൽ നിന്നു കരയിലെ ടാർജറ്റിലേക്കുള്ള ബ്രഹ്മോസ് പരീക്ഷണം വിജയിച്ചാൽ ഇന്ത്യയ്ക്ക് വൻ നേട്ടമാകും.

brahmos

അതേസമയം, ചലിക്കുന്ന കപ്പലിൽ നിന്ന് ബ്രഹ്മോസ് വിക്ഷേപിക്കുന്ന പരീക്ഷണവും മേയ് മധ്യത്തോടെ നടക്കും. ഇതിനു പുറമെ കരയിൽ നിന്നുള്ള ബ്രഹ്മോസിന്റെ കൂടുതൽ പരീക്ഷണങ്ങളും അടുത്ത ആഴ്ചകളിൽ തന്നെ പൊക്രാൻ ഫയറിങ് റെയ്ഞ്ചിൽ നടക്കും.