Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹിരാകാശത്തു നിന്ന് വിഡിയോ പകര്‍ത്തി അമേരിക്ക ഉത്തരകൊറിയയെ നിരീക്ഷിക്കുന്നു?

satellite-image

സാങ്കേതിക ലോകം ബഹിരാകാശത്തോളം വളർന്നപ്പോൾ ഭൂമിയിൽ രഹസ്യ ഇടങ്ങൾ ഇല്ലാതായി. വിവിധ രാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാന സ്ഥലങ്ങൾ പോലും ബഹിരാകാശത്തുനിന്ന് അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ഓരോ നിമിഷവും പകർത്തുന്നുണ്ട്. ഇത്തരം ദൃശ്യങ്ങൾ ഒരു വിഭാഗം ലോകസുരക്ഷയ്ക്കു വേണ്ടി ഉപയോഗിക്കുമ്പോൾ മറ്റൊരു വിഭാഗം ശത്രുക്കളെ നേരിടാനാണ് ഉപയോഗിക്കുന്നത്. അമേരിക്കയും റഷ്യയും ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് ഭൂമിയിലെ ഓരോ നീക്കവും തൽസമയം നിരീക്ഷിക്കാൻ ഉപഗ്രഹങ്ങളും ബഹിരാകാശ ക്യാമറകളുമുണ്ട്. ബഹിരാകാശ നിലയത്തിലെ ക്യാമറകളും ഭൂമിയിലെ ദൃശ്യങ്ങൾ പകർത്തുന്നുണ്ട്.

അമേരിക്കയും ഉത്തരകൊറിയയും വീണ്ടും ഒരു യുദ്ധത്തിന്റെ വഴിക്ക് നീങ്ങുമ്പോൾ ബഹിരാകാശത്തെ ക്യാമറകളും ചാര ഉപഗ്രഹങ്ങളും വീണ്ടും ചർച്ചയാകുകയാണ്. മറ്റു ലോകരാജ്യങ്ങളുമായി പരമാവധി അകലം പാലിക്കുന്ന രാജ്യമാണ് ഉത്തരകൊറിയ. അവരുടെ ഇരുമ്പുമറ ഭേദിച്ച് ഉത്തരകൊറിയന്‍ നിരത്തുകളിലെ കാഴ്ചകള്‍ പോലും അടുത്തിടെ അമേരിക്ക പുറത്തുവിട്ടിരുന്നു. ഈ വിഡിയോ കണ്ട് സാങ്കേതിക വിദഗ്ധർ പോലും അമ്പരന്നു. ബഹിരാകാശത്തു നിന്നു ഭൂമിയുടെ ഇത്രയും വ്യക്തമായ ചിത്രങ്ങളും വിഡിയോകളും പകർത്താൻ സാധിക്കുമെന്ന് പുറംലോകം അറിഞ്ഞതും അടുത്തിടെയാണ്.

രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ഐറിസ് ക്യാമറ ഉപയോഗിച്ച് ഉത്തരകൊറിയ ഉൾപ്പടെയുള്ള എല്ലാ രാജ്യങ്ങളിലെയും ദൃശ്യങ്ങൾ പകർത്തുന്നുണ്ട്. ഈ വിഡിയോകളെല്ലാം ഡൗൺലോഡ് ചെയ്ത് നിരീക്ഷണ റിപ്പോർട്ട് തയാറാക്കുന്നുമുണ്ട്. ഇവയെല്ലാം പുറത്തുവിടാറില്ല. കഴിഞ്ഞ മേയ് മാസത്തിൽ ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്‌യാങ്ങിന്റെ ആകാശദൃശ്യത്തിൽ റോ‍ഡിലൂടെ പോകുന്ന വാഹനങ്ങളും നടന്നുപോകുന്ന മനുഷ്യരും വരെ വ്യക്തമായിരുന്നു. പ്യോങ്‌യാങിലെ ചൈനീസ് എംബസി, കേസൊണ്‍ യൂത്ത് പാര്‍ക്ക്, കിം സുങ് സ്റ്റേഡിയം, ആര്‍ച്ച് ഓഫ് ട്രയംപ് തുടങ്ങിയ കെട്ടിടങ്ങളും പ്രദേശങ്ങളും ദൃശ്യങ്ങളില്‍ വ്യക്തമായി തിരിച്ചറിയാനാകും. ഉത്തരകൊറിയ അണ്വായുധ പരീക്ഷണം നടത്തുന്ന സ്ഥലങ്ങളും ഓരോ ദിവസവും ഉപഗ്രഹ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് നിരീക്ഷിക്കുന്നുണ്ട്.

രണ്ടര വര്‍ഷം മുൻപാണ് രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഐറിസ് ദൂരദര്‍ശിനി സ്ഥാപിച്ചത്. 15 രാജ്യങ്ങളുടെ സംയുക്തസംരംഭമായ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ 100 ബില്യണ്‍ ഡോളര്‍ മുടക്കി റഷ്യയാണ് ഐറിസ് ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. ഭൂമിയിലെ വിവിധ പ്രദേശങ്ങള്‍ നിരീക്ഷിക്കുകയാണ് ലക്ഷ്യം.

നേരത്തെ ഐറിസ് ചിത്രീകരിച്ച ദുബായ്‌യുടെയും യുഎഇയുടെയും ഗിസയിലെ പിരമിഡുകളുടെയും ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിന്റെയും ആകാശദൃശ്യങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. റോഡിലെ കാറുകളും കടല്‍ത്തീരത്ത് തിരയടിക്കുന്നതുമൊക്കെ വ്യക്തമായി പകര്‍ത്താന്‍ ഐറിസിനാകും. റഷ്യ ഒഴികെയുള്ള പ്രദേശത്തെ ദൃശ്യങ്ങളുടെയും ചിത്രങ്ങളുടെയും അവകാശം എർത്കാസ്റ്റ് കോർപറേഷനാണ്.

60 സെക്കൻഡിന്റെ വിഡിയോകളാണ് ഐറിസ് ക്യാമറ പകർത്തുന്നത്. സാങ്കേതിക വിദഗ്ധരുടെ ആവശ്യപ്രകാരം പ്രത്യേക സ്ഥലങ്ങൾ ടാർഗറ്റ് ചെയ്തും വിഡിയോ പകർത്തുന്നുണ്ട്. ഐറിസ് ക്യാമറയിലെ സെൻസർ ടൈപ്പ് CMOS ആണ്. 317.5 എംഎം ആപേച്ചറുള്ള ക്യാറയുടെ ഫോക്കൽ ലെങ്ത് 2.54 എംഎ ആണ്.

related stories