Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആണവസ്ഫോടന മുന്നറിയിപ്പ് 10 മിനിറ്റ് മുൻപ് മാത്രം; മൂന്നാം ലോകമഹായുദ്ധം ഉറപ്പാക്കി അനോണിമസ്

Anonymous

‘വരുന്നത് കൊടുംക്രൂരവും പൈശാചികവുമായ യുദ്ധം. അതിന് തുടക്കം കുറിക്കുന്നതാകട്ടെ വളരെ പെട്ടെന്നും. പല രാജ്യങ്ങളും ഇത് നേരിടാൻ മുന്നൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. തങ്ങളുടെ തന്ത്രപ്രധാനമായ ഇടങ്ങളിലെല്ലാം അവർ നീക്കങ്ങൾ നടത്തുകയാണ്. ജനം ശ്രദ്ധയോടെയിരിക്കുക, മൂന്നാം ലോകമഹായുദ്ധം നമ്മുടെ പടിവാതിൽക്കലെത്തുകയാണ്...’ ഹാക്കർമാരുടെ രാജ്യാന്തര രഹസ്യക്കൂട്ടായ്മയായ അനോണിമസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട വിഡിയോയിലെ വിവരണമാണിത്.

ലോകരാജ്യങ്ങൾ പൊതുജനങ്ങളിൽ നിന്ന് യുദ്ധം സംബന്ധിച്ച വിവരങ്ങളെല്ലാം മറച്ചു വയ്ക്കുകയാണെന്നാണ് അനോണിമസ് ആരോപിക്കുന്നത്. പക്ഷേ ജപ്പാനും അമേരിക്കയും ഓസ്ട്രേലിയയും ഉൾപ്പെടെ ജനങ്ങളോട് യുദ്ധത്തിനൊരുങ്ങേണ്ടതിന്റെ സൂചനകൾ പരോക്ഷമായി നൽകിക്കഴിഞ്ഞു. ജപ്പാനിലാകട്ടെ ആണവയുദ്ധത്തെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങളുടെ വിൽപനയും തകൃതി. ആണവസ്ഫോടനമുണ്ടാകുന്നതിന് 10 മിനിറ്റു മുൻപു മാത്രമേ മുന്നറിപ്പ് നൽകാനാകൂവെന്നും ജാപ്പനീസ് സർക്കാർ ജനത്തെ അറിയിച്ചു കഴിഞ്ഞു. സൈനികത്താവളങ്ങൾക്ക് സമീപത്തു താമസിക്കുന്നവർക്കായിരിക്കും ഈ മുന്നറിയിപ്പ്. ഓരോരുത്തരും താമസിക്കുന്നതിനു സമീപത്തെ ഏറ്റവും കരുത്തുറ്റ കെട്ടിടത്തിലേക്ക് എളുപ്പത്തിൽ എത്താൻ ഏതു നിമിഷവും തയാറായിരിക്കണമെന്നും സർക്കാർ ജനങ്ങളെ അറിയിച്ചതായി അനോണിമസ് വ്യക്തമാക്കുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രൂപം കൊണ്ട അനോണിമസിന്റെ പ്രധാന ആയുധം ഹാക്ക് ചെയ്തെടുത്ത ഡേറ്റകളാണ്. ഗവണ്മെന്റ് ഒളിക്കാനാഗ്രിക്കുന്ന സത്യങ്ങളാണ് അതുവഴി തങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതെന്നാണ് ഹാക്കർമാരുടെ ഈ കൂട്ടായ്മയുടെ അവകാശവാദം. ഇക്കഴിഞ്ഞ ശനിയാഴ്ച പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം യൂട്യൂബിൽ മാത്രം അഞ്ചുലക്ഷത്തിലേറെപ്പേർ കണ്ടു. സംഗതി ലോകമാധ്യമങ്ങളിൽ വാർത്തയായതോടെ ഇതുസംബന്ധിച്ച ചർച്ചകളും സജീവമായിട്ടുണ്ട്. ഹാക്ക് ചെയ്തെടുത്ത ഡേറ്റയിൽ നിന്നുള്ള വിവരങ്ങളാണോ അനോണിമസിനെ ഇത്തരമൊരു വിഡിയോ പുറത്തിറക്കാൻ പ്രേരിപ്പിച്ചതെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.

ഉത്തര–ദക്ഷിണ കൊറിയൻ മേഖലയിലെ നീക്കങ്ങൾ ശ്രദ്ധിച്ചും തെളിഞ്ഞുവരുന്ന സംഘർഷാന്തരീക്ഷം പഠിച്ചുമാണ് നിഗമനത്തിലെത്തിയതെന്നാണ് അനോണിമസ് പറയുന്നത്. അതായത് നിലവിലെ സാഹചര്യങ്ങൾ കൃത്യമായി നിരീക്ഷിച്ചാൽ മൂന്നാം ലോകമഹായുദ്ധം വരുമെന്നതിന്റെ സൂചനകൾ ‘വരികൾക്കിടയിൽ’ നിന്ന് വായിച്ചെടുക്കാമെന്നും അനോണിമസിന്റെ വാക്കുകൾ. ഏഴു മിനിറ്റിനടത്ത് ദൈർഘ്യമുള്ള വിഡിയോയിൽ കിഴക്കനേഷ്യൻ പ്രദേശങ്ങളിലെ അമേരിക്കയുടെ സൈനിക സാന്നിധ്യവും ചൈന, ജപ്പാൻ എന്നീ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് നൽകിയ മുന്നറിയിപ്പുകളും വിശകലനം ചെയ്യുന്നുണ്ട്.

മൂന്ന് അതീശശക്തികളായിരിക്കും യുദ്ധത്തിൽ നിർണായക പങ്കുവഹിക്കുക. ഇവരിൽ ഏതെങ്കിലുമൊന്നിന്റെ പക്ഷം പിടിക്കാൻ മറ്റ് ലോകരാജ്യങ്ങൾ നിർബന്ധിതരാകുമെന്നും വിഡിയോയിൽ പറയുന്നു. എന്നാൽ ഈ മൂന്നു രാജ്യങ്ങൾ ഏതാണെന്ന് പറയുന്നില്ല. യുഎസ്, ചൈന, ഉത്തര–ദക്ഷിണ കൊറിയ, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളെ പ്രതിപാദിക്കുന്നുണ്ടെങ്കിലും വിഡിയോയിൽ റഷ്യയെപ്പറ്റി പരാമർശമില്ലെന്നതും ശ്രദ്ധേയമാണ്.
കിഴക്കനേഷ്യയിൽ സമീപകാലത്തുണ്ടായ സംഭവവികാസങ്ങളെയും വിഡിയോ വിവരിക്കുന്നു: ദക്ഷിണകൊറിയയിലേക്ക് അമേരിക്കയുടെ THAAD ബാലിസ്റ്റിക് മിസൈൽ എത്തിച്ചതാണ് അവയിൽ ഏറ്റവും പ്രധാനം. ഇതിനെ ചൈന അപലപിച്ചിരുന്നു.

അടുത്തിടെ യുഎസ് നടത്തിയ Minuteman 3 ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണത്തെപ്പറ്റിയും വിഡിയോ പ്രതിപാദിക്കുന്നു. സൈനികരെ യുദ്ധത്തിനു പ്രാപ്തമാക്കുന്നതിന്റെ ഭാഗമായാണിതെന്നാണു വാദം. ചൈനയാകട്ടെ തങ്ങളുടെ പൗരന്മാരോടെല്ലാം ഉത്തരകൊറിയ വിട്ട് തിരികെ വരാൻ ആവശ്യപ്പെട്ടു കഴിഞ്ഞു. ഉത്തരകൊറിയയുമായി അതിർത്തി പങ്കിടുന്ന ഭാഗത്ത് സൈനികനീക്കവും ശക്തമാക്കി. ഉത്തരകൊറിയയിൽ നിന്നുള്ള വൻ അഭയാർഥിപ്രവാഹം പ്രതീക്ഷിച്ചാണിത്. രാജ്യാന്തര തലത്തിൽ ഉത്തരകൊറിയക്ക് ഉണ്ടെന്നു പറയാവുന്ന ഒരേയൊരു സഖ്യം ചൈനയുമായാണ്. അമേരിക്കയെ നിലയ്ക്കു നിർത്തേണ്ടത് ചൈനയുടെ ആവശ്യവും. ഉത്തര കൊറിയയുടെ കയ്യിൽ അമേരിക്കയിലേക്ക് തൊടുക്കാവുന്ന വിധം ന്യൂക്ലിയർ മിസൈലുകളില്ലെന്നതും സത്യം. ഈ സാഹചര്യത്തിൽ ഉത്തരകൊറിയക്കായി ചൈന ന്യൂക്ലിയർ ആയുധങ്ങൾ കൈമാറുമോയെന്ന ആശങ്കയും അനോണിമസ് പങ്കുവയ്ക്കുന്നു.

യുഎസ് ദക്ഷിണ കൊറിയയുമായി ചേർന്ന് ചൈനയുടെയും ഫിലിപ്പീൻസിന്റെയും സഹകരണത്തോടെ സമാധാനത്തിനു ശ്രമിച്ചിട്ടും ഇതെല്ലാം ബധിരകർണങ്ങളിലാണ് പതിക്കുന്നതെന്നാണ് വിലയിരുത്തൽ. അമേരിക്കൻ പ്രസിഡന്റ് ട്രംപാകട്ടെ ഓസ്ട്രേലിയയിലേക്ക് ആയിരത്തിലേറെ സൈനികരെയും പോർവിമാനങ്ങളെയും അയച്ചു കഴിഞ്ഞു. ഫിലിപ്പീൻസ് പ്രസിഡന്റുമൊത്തുള്ള ട്രംപിന്റെ പുതുബാന്ധവത്തെപ്പറ്റിയും അനോണിമസ് സംശയാലുവാകുന്നുണ്ട്. അതേസമയം ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിൽ നിന്ന് അകലം പാലിക്കുന്നതാണു നല്ലതെന്നാണ് ഫിലിപ്പീൻസിൽ നിന്ന് ട്രംപിന് ലഭിച്ചിരിക്കുന്ന ഉപദേശം!

war-3-warning

രാജ്യാന്തരതലത്തിൽ പാരിസ്ഥിതികമായും സാമ്പത്തികമായും വൻ ആഘാതമായിരിക്കും യുദ്ധം സൃഷ്ടിക്കുകയെന്നും വിഡിയോ വ്യക്തമാക്കുന്നു. പല രാജ്യങ്ങളിലെയും ഉന്നതങ്ങളിലുള്ളവർക്ക് യുദ്ധം സംബന്ധിച്ച് അറിയിപ്പ് കിട്ടിക്കഴിഞ്ഞു. പക്ഷേ പൊതുജനങ്ങളായിരിക്കും ഇക്കാര്യം ഏറ്റവും അവസാനം അറിയുക. ഈ സാഹചര്യത്തിൽ മറ്റു രാജ്യങ്ങൾ എന്തു ചെയ്യുന്നുവെന്ന് അറിയിക്കാനും മുൻകരുതലെടുക്കാനുമാണ് തങ്ങൾ ഈ വിഡിയോ പുറത്തിറക്കുന്നതെന്നും ഇതിന് പരമാവധി പ്രചാരണം നൽകണമെന്നും അനോണിമസ് ആവശ്യപ്പെടുന്നു. ആഗോളതലത്തിൽ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന യഥാർഥ ലോകമഹായുദ്ധമാണ് വരുന്നതെന്നും ഈ ‘ഹാക്ടിവിസ്റ്റ്’ കൂട്ടായ്മ ഓർമപ്പെടുത്തുന്നുണ്ട്. Prepare for what comes next... എന്ന മുന്നറിയിപ്പുമായാണ് അനോണിമസ് വിഡിയോ അവസാനിപ്പിക്കുന്നത്.