Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക് ഭീകരരെ പിടിക്കാന്‍ അത്യാധുനിക സാങ്കേതികവിദ്യ പ്രയോഗിക്കുമെന്ന് സൈന്യം

indian-army

ജമ്മു കശ്മീരില്‍ വര്‍ധിച്ചുവരുന്ന പാക് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായം തേടുമെന്ന് ഇന്ത്യന്‍ സൈന്യം. അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ഭീകരരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷൻ ‍(എന്‍ടിആര്‍ഒ) പോലുള്ള ദേശീയ ഏജന്‍സികളുടെ സഹായം തേടിയിരിക്കുകയാണ് സൈന്യം. സംശയമുള്ളവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ജമ്മു കശ്മീര്‍ പൊലീസുമായി ചേര്‍ന്ന് ചോര്‍ത്തുന്നത് കൂടുതല്‍ സജീവമാക്കാനാണ് പദ്ധതി. 

ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതില്‍ സജീവമായ ദേശീയ ഏജന്‍സിയാണ് എന്‍ടിആര്‍ഒ. അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ചെറു സംഘങ്ങളായി ഭീകരര്‍ ഒത്തു ചേരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹന്‍ വാനി കൊല്ലപ്പെട്ടതിന് ശേഷം കാശ്മീര്‍ താഴ്‌വരയില്‍ വലിയ തോതില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരുന്നു. ഇതേ തുടര്‍ന്ന് മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ക്കും മറ്റു വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്കും കശ്മീരില്‍ വലിയ തോതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത് പതുക്കെ നീക്കം ചെയ്യുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഫോണ്‍ ചോര്‍ത്തലുകള്‍ അടക്കം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 

മേഖലയിലെ ക്രമസമാധാനനില സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും സൈനിക മേധാവി ജറല്‍ ബിപിന്‍ സിംഗ് റാവത്തും കൂടിക്കാഴ്ച്ച നടത്തി വിലയിരുത്തിയിരുന്നു. ദക്ഷിണ കാശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കുന്നതിന് കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വലിയ തോതില്‍ ഭീകരപ്രവര്‍ത്തനം വര്‍ധിച്ച മേഖലയാണ് ദക്ഷിണ കശ്മീര്‍. ഭീകരരെ നിയന്ത്രിക്കാന്‍ കൂടുതല്‍ സൈന്യത്തെ ഇറക്കണമെന്ന ആവശ്യമാണ് പ്രാദേശിക കമാന്‍ഡര്‍മാര്‍ കൂടിയാലോചനാ യോഗങ്ങളില്‍ മുന്നോട്ടുവെച്ചത്. 

കശ്മീരിലെ സ്ഥിതിഗതികള്‍ കൂടുതല്‍ നിയന്ത്രണ വിധേയമാക്കുകയെന്ന ലക്ഷ്യത്തിലാണ് മൊബൈല്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നത് കൂടുതല്‍ വ്യാപിപ്പിക്കാനുള്ളത് അടക്കമുള്ള തീരുമാനങ്ങളിലേക്ക് അധികൃതര്‍ എത്തുന്നത്. ജമ്മു കശ്മീരില്‍ സമാധാനപരമായ മേഖലകളില്‍ നിന്നും ദക്ഷിണ കശ്മീരിലെ പ്രശ്‌നബാധിത പ്രദേശങ്ങളിലേക്ക് സൈനികരെ പരസ്പരം മാറ്റുകയെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്. സാങ്കേതികവിദ്യയെ കൂടുതല്‍ ഉപയോഗപ്പെടുത്തി ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുകയാണ് സൈന്യം ലക്ഷ്യമിടുന്നത്.