Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കൻ സേനയ്ക്ക് വൻ തിരിച്ചടി, പടക്കപ്പലുകൾ സജ്ജമല്ല, വിമാനം തകർന്നു വീണു!

US-Aircraft-Carriers

ഉത്തരകൊറിയക്കുമേല്‍ സൈനിക സമ്മര്‍ദ്ദം ശക്തമാക്കുകയെന്ന ലക്ഷ്യത്തില്‍ പോയ അമേരിക്കന്‍ പടക്കപ്പലുകളുടെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. നിലവില്‍ ജാപ്പനീസ് നാവിക കേന്ദ്രമായ യോകോസുകയില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയാണ് അമേരിക്കന്‍ പടക്കപ്പലായ യുഎസ്എസ് റൊണാള്‍ഡ് റീഗന്‍. പടക്കപ്പല്‍ പുറപ്പെടുന്നതിന് മുൻപ് നടത്തിയ സാധാരണ പരിശോധനയിലാണ് കുഴപ്പങ്ങള്‍ കണ്ടെത്തിയത്.

യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ അറ്റകുറ്റപ്പണികള്‍ക്ക് കയറ്റിയിരിക്കുകയാണെന്ന് സമ്മതിക്കുമ്പോഴും എന്താണ് യഥാര്‍ഥ പ്രശ്‌നമെന്നത് പുറത്തുവന്നിട്ടില്ല. അതേസമയം, പ്രശ്‌നം ഗുരുതരമല്ലെന്നാണ് അമേരിക്കന്‍ നാവികസേനാ അധികൃതര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് മാസമായി യൊകൊസുക നാവികതാവളത്തില്‍ സൈനിക പരിശീലനത്തിലാണ് യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ നയിക്കുന്ന കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പ് 5. 

അമേരിക്കയുടെ ഉത്തരകൊറിയയുമായുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണ്ണമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മിസൈല്‍ പരീക്ഷണത്തിനൊപ്പം ആണവപദ്ധതിയും ഉത്തരകൊറിയക്കെതിരായ അമേരിക്കന്‍ നീക്കത്തിന് വേഗം കൂട്ടുന്നു. ഉത്തരകൊറിയന്‍ വിഷയത്തില്‍ ക്ഷമയുടെ കാലം കഴിഞ്ഞെന്നാണ് ട്രംപ് പറഞ്ഞത്. കഴിഞ്ഞ ഏപ്രിലില്‍ കപ്പല്‍ പട ഉത്തരകൊറിയയെ ലക്ഷ്യമാക്കി പോകുന്നുവെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. 

അമേരിക്കന്‍ പടക്കപ്പലായ യുഎസ്എസ് കാള്‍ വിന്‍സനും സമാനമായ കുഴപ്പങ്ങളില്‍ ചെന്നുപെട്ടിരുന്നു. ഉത്തരകൊറിയയെ ലക്ഷ്യംവെച്ചുപോയ കാള്‍വിന്‍സന്‍ ഇന്തോനേഷ്യക്ക് അരികിലാണ് എത്തപ്പെട്ടത്. വൈറ്റ് ഹൗസും പെന്റഗണും നല്‍കിയ നിര്‍ദേശങ്ങളുടെ അപാകതയാണ് ഇതിന് പിന്നിലെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ കുഴപ്പങ്ങളെ അതിജീവിച്ചാണ് കാള്‍ വിന്‍സന്‍ കൊറിയന്‍ തീരത്തെത്തിയത്. 

കൊറിയയിലേക്കുള്ള യാത്രക്കിടെ അമേരിക്കന്‍ സൈന്യത്തിന് വേറെയും അപ്രതീക്ഷിത തിരിച്ചടികളെ നേരിടേണ്ടി വന്നു. അമേരിക്കന്‍ പോര്‍വിമാനമായ F/A-18E ഫിലിപ്പൈന്‍സിന് സമീപം തകര്‍ന്നുവീണു. കാള്‍വിന്‍സന്‍ പടക്കപ്പലിന്റെ ഭാഗമായ പോര്‍വിമാനമാണ് തകര്‍ന്നുവീണത്. യഥാസമയം പൈലറ്റ് കോപ് കിറ്റ് വേര്‍പെടുത്തി രക്ഷപ്പെട്ടതുകൊണ്ട് മാത്രമാണ് ജീവഹാനി ഒഴിവായത്. പശ്ചിമ പസഫിക്കിലെ സെലേബസ് കടലിലാണ് പോര്‍വിമാനം തകര്‍ന്നുവീണത്. ഇത്തരം കുഴപ്പങ്ങളെ അതിജീവിച്ച് യുഎസ്എസ് കാള്‍ വിന്‍സന്‍ ഏപ്രില്‍ 29നാണ് ജപ്പാന്‍ കടലില്‍ പ്രവേശിച്ചത്.