Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കയ്ക്ക് മുകളിലേക്ക് വീണ രണ്ടു അണുബോംബുകൾ പൊട്ടിയില്ല, അന്ന് സംഭവിച്ചത് എന്ത്?

nuclear-bomb

1961 ജനുവരി 24 അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്ത ദിനമായി മാറാതിരുന്നത് ഭാഗ്യമൊന്നുകൊണ്ട് മാത്രമായിരുന്നു. നോര്‍ത്ത് കരോലിനയിലെ ആകാശത്തു നിന്നും രണ്ട് തെര്‍മോ ന്യൂക്ലിയര്‍ ബോംബുകളാണ് നിലത്തേക്ക് പതിച്ചത്. ഇതില്‍ ഒരു ബോംബ് സുരക്ഷിതമായി പാരച്യൂട്ട് വഴി ഇറങ്ങിയെങ്കിലും മറ്റൊന്ന് നിലത്തേക്ക് പതിക്കുകയായിരുന്നു. സ്‌ഫോടനത്തിന് മുൻപുള്ള ഏഴ് സുരക്ഷാ ഘട്ടങ്ങളില്‍ ആറും കടന്ന ഈ ബോംബ് അവസാനഘട്ടത്തില്‍ പൊട്ടിത്തെറിക്കാതിരുന്നത് ലോകത്തെ തന്നെ വന്‍ ദുരന്തത്തില്‍ നിന്നാണ് രക്ഷിച്ചത്. 

ശീതയുദ്ധക്കാലത്ത് അമേരിക്കക്ക് നേരെ റഷ്യന്‍ ആണവാക്രമണമുണ്ടാകുമെന്ന ഭീതി നിലനില്‍ക്കുന്ന സമയമായിരുന്നു അത്. അത്തരത്തിലൊരു ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കുന്നതിനായി പോര്‍വിമാനത്തില്‍ സര്‍വ്വസന്നദ്ധമായി രണ്ട് തെര്‍മോ ന്യൂക്ലിയര്‍ അണ്വായുധങ്ങള്‍ സജ്ജീകരിച്ചിരുന്നു. ഈ പോര്‍വിമാനമാണ് നിയന്ത്രണം വിട്ട് അമേരിക്കയ്ക്ക് മുകളിലേക്ക് തന്നെ തകര്‍ന്നുവീണത്. ആണവസ്ഥോടനമുണ്ടായിരുന്നെങ്കില്‍ അമേരിക്ക കണ്ട ഏറ്റവും വലിയ ദുരന്തമാവുമായിരുന്നു അത്. ഇതിനൊപ്പം തങ്ങള്‍ക്ക് സംഭവിച്ച വീഴ്ച്ച മറച്ചുവെക്കാന്‍ അധികാരികള്‍ ശ്രമിച്ചിരുന്നെങ്കില്‍ മറ്റൊരു ലോകമഹായുദ്ധത്തില്‍ പോലും ഇത് കലാശിക്കുമായിരുന്നു. 

12 അടി നീളമുണ്ടായിരുന്ന 2812 കിലോഗ്രാം വലിപ്പമുള്ള രണ്ട് തെര്‍മോ ന്യൂക്ലിയര്‍ ബോംബുകളാണ് നിലത്തേക്ക് വിണത്. 3.8 ദശലക്ഷം ടണ്‍ ടിഎന്‍ടിയായിരുന്നു ഓരോ ബോംബിന്റേയും പ്രഗരശേഷി. 27 കിലോമീറ്റര്‍ വ്യാസത്തില്‍ ജീവനുള്ളതും അല്ലാത്തതുമായ എല്ലാത്തിനേയും നിമിഷം കൊണ്ട് കരിച്ചുകളയാന്‍ ശേഷിയുള്ളതായിരുന്നു ഇവ. വാഷിങ്ടണ്‍ ഡിസി വരെയുള്ളവര്‍ ഇതിന്റെ നേരിട്ടുള്ള ദുരന്തങ്ങള്‍ അനുഭവിക്കുമായിരുന്നു. ഹിരോഷിമയില്‍ വീണ അണുബോംബിനേക്കാള്‍ 250 മടങ്ങ് ശേഷിയുള്ളതായിരുന്നു ഈ ബോംബ്. 

മൂന്ന് വൈമാനികരുമായി രണ്ടായിരം അടി മുകളില്‍ വെച്ചാണ് അമേരിക്കന്‍ യുദ്ധവിമാനം തകര്‍ന്നത്. ഇതിനിടെ തെര്‍മ്മോ ന്യൂക്ലിയര്‍ ബോംബുകളിലൊന്ന് പൊട്ടുന്നതിന്റെ തൊട്ടടുത്തെത്തി. ഇന്ധന ചോര്‍ച്ചയാണ് പോര്‍വിമാനത്തിന്റെ തകര്‍ച്ചയിലേക്ക് നയിച്ചത്. ഇന്ധന ചോര്‍ച്ച വര്‍ധിച്ച മുറയ്ക്ക് പോര്‍വിമാനത്തിന്റെ വാല്‍ പോട്ടിപോയതോടെ നിയന്ത്രണവും നഷ്ടമായി. ഇതിനൊപ്പം രണ്ട് തെര്‍മ്മോ ന്യൂക്ലിയര്‍ ബോംബുകള്‍ സ്ഥാപിച്ചിരുന്ന അറയുടെ നിയന്ത്രണവും പൈലറ്റുകള്‍ക്ക് നഷ്ടമായി. 

മുന്‍ഭാഗം തറയില്‍ ഇടിച്ച നിലയിലാണ് പോര്‍വിമാനം തകര്‍ന്നുവീണത്. തെര്‍മ്മോ ന്യൂക്ലിയര്‍ ബോംബുകളില്‍ ഒന്ന് പാരച്ച്യൂട്ടിലൂടെ സുരക്ഷിതമായി ഒരു മരത്തിന്റെ തലപ്പില്‍ തൂങ്ങിക്കിടന്നു. വൈകാതെ തന്നെ സൈനികര്‍ ഇത് കണ്ടെടുക്കുകയും ചെയ്തു. രണ്ടാമത്തെ ബോംബാണ് ഇപ്പോഴും ദുരൂഹമായി തുടരുന്നത്. പ്രദേശത്തെ കൃഷിയിടത്തിലേക്ക് ഇത് വീണ് ഭാഗങ്ങളായി ചിതറിയെന്നാണ് കരുതുന്നത്. രണ്ട് വയറുകള്‍ തമ്മില്‍ കൂടിച്ചേരുകയെന്ന അവസാനഘട്ടം മാത്രമേ ഈ തെര്‍മ്മോ ന്യൂക്ലിയര്‍ ബോംബ് പൊട്ടിത്തെറിക്കുന്നതിന് വേണ്ടിയിരുന്നുള്ളൂവെന്ന് പിന്നീട് അമേരിക്കന്‍ സൈന്യം തന്നെ കണ്ടെത്തി. 

നിലത്ത് വീണ് തകര്‍ന്ന തെര്‍മ്മോ ന്യൂക്ലിയര്‍ ബോംബിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെങ്കിലും ഏറ്റവും പ്രധാന ഭാഗമായ തെര്‍മോ ന്യൂക്ലിയര്‍ കോര്‍ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. ലോകത്തിലെ തന്നെ ഏറ്റവും ശക്തിയേറിയ ആണവായുധങ്ങളിലൊന്നിന്റെ ന്യൂക്ലിയര്‍ കോറാണ് ഇപ്പോഴും അപ്രത്യക്ഷമായി തുടരുന്നത്. ഈ സംഭവം പരസ്യമായിരുന്നു എന്നതുകൊണ്ട് തന്നെ തെര്‍മ്മോ ന്യൂക്ലിയര്‍ കോര്‍ ആരെങ്കിലും മോഷ്ടിക്കപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ആ ബോംബ് വീണ 400 അടി ചുറ്റളവിലുള്ള പ്രദേശം കൃഷിചെയ്യാന്‍ അനുവദിക്കുന്നുണ്ടെങ്കിലും മറ്റ് ഏതെങ്കിലും തരത്തിലുള്ള നിര്‍മ്മാണങ്ങള്‍ക്ക് അമേരിക്കന്‍ സൈന്യം ഇപ്പോഴും അനുമതി നല്‍കിയിട്ടില്ല.