Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിമ്മിന്റെ ഭൂഖണ്ഡാന്തര മിസൈലുകളെ നേരിടാൻ യുഎസ് ഇന്റർസെപ്റ്ററിന് ശേഷിയുണ്ടോ?

ഉത്തരകൊറിയയുടെ ഭീഷണികളെ നേരിടാൻ, കിം ജോങ് ഉന്നിന് ശക്തമായ മുന്നറിയിപ്പ് നൽകാൻ ലക്ഷ്യമിട്ടാണ് അമേരിക്കൻ സേന കഴിഞ്ഞ ദിവസം ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ വരെ പിന്തുടർന്നെത്തി തകർക്കാൻ ശേഷിയുള്ള മിസൈൽ പ്രതിരോധ സംവിധാനമാണ് പരീക്ഷിച്ചത്. നേരത്തെ തന്നെ നിരവധി തവണ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിനെ തകർത്തുള്ള പരീക്ഷണം ആദ്യമായാണ് നടക്കുന്നത്.

ലക്ഷ്യം ഉത്തരകൊറിയൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ

ഉത്തരകൊറിയയുടെ അണ്വായുധം വഹിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിനെ നേരിടാൻ ലക്ഷ്യമിട്ടുള്ളതാണ് അമേരിക്കയുടെ മിസൈൽ പ്രതിരോധ പരീക്ഷണം. എന്നാൽ പരീക്ഷണങ്ങൾ പൂർണ സംതൃപ്തി നൽകുന്നുവെന്ന് അമേരിക്കൻ സൈനിക വൃത്തങ്ങൾ പറയുമ്പോഴും പ്രതിരോധ സംവിധാനത്തിൽ ടെക് വിദഗ്ധർക്ക് അത്ര ഉറപ്പില്ല.

1999 ലാണ് ഇന്റർസെപ്റ്റർ മിസൈൽ പ്രതിരോധ സിസ്റ്റം അമേരിക്കൻ സേന ആദ്യമായി പരീക്ഷിക്കുന്നത്. 2008 നു ശേഷം 2014 ലാണ് പിന്നീട് പരീക്ഷണം വിജയിച്ചത്. എന്നാൽ ഭൂഖണ്ഡാന്തര മിസൈലിനെ നേരിടുന്നത് ഇത് ആദ്യമാണ്. 2010 വരെയുള്ള കണക്കുകൾ പ്രകാരം കേവലം 40 ശതമാനം മാത്രമാണ് ഇന്റർസെപ്റ്റർ മസൈൽ പ്രതിരോധ സിസ്റ്റത്തിന്റെ വിജയശതമാനം. ഇതിനാൽ തന്നെ ഇത് പൂർണ വിജയമാണെന്നും ശത്രുക്കളുടെ മിസൈൽ തകർക്കാൻ ഈ പ്രതിരോധ സിസ്റ്റം സമ്പൂർണ വിജയമാണെന്നും പറയാനാകില്ലെന്നാണ് ടെക് വിദഗ്ധരുടെ നിരീക്ഷണം. ഇന്റർസെപ്റ്റർ മിസൈല്‍ പ്രതിരോധ സംവിധാനം 1999നു ശേഷം 17 തവണയാണ് പരീക്ഷിച്ചത്. എന്നാൽ കേവലം ഒന്‍പതു തവണയാണ് വിജയം കണ്ടത്. എട്ടു തവണ പരാജയപ്പെട്ടു

interceptor

ബുള്ളറ്റിന്റെ വേഗതയിൽ കുതിക്കുന്ന വസ്തുക്കളെ പോലും പിന്തുടർന്നു തകർക്കാൻ ശേഷിയുണ്ടെന്നാണ് അമേരിക്കൻ സേന വാദിക്കുന്നത്. കഴിഞ്ഞ ദിവസത്തെ പരീക്ഷണം കാലിഫോർണിയ എയർഫോഴ്സ് ബേസിൽ നിന്നായിരുന്നു. പസഫിക് സമുദ്രത്തിലെ മാർഷൻ ദ്വീപിലായിരുന്നു ലക്ഷ്യസ്ഥാനം സജ്ജീരിച്ചിരുന്നത്. സാറ്റ്‌ലൈറ്റ് സിഗ്‌നലിന്റെ സഹായത്തോടെയാണ് പ്രതിരോധ മിസൈൽ സഞ്ചരിക്കുന്നത്.

kim-jong-un

കഴിഞ്ഞദിവസം ഉത്തരകൊറിയ മൂന്നാഴ്ചക്കിടെ മൂന്നാം മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. ഇറാന്‍ മിസൈല്‍ശേഷി വര്‍ധിപ്പിക്കുന്നതും പരീക്ഷണത്തിനു കാരണമാണെന്നു പെന്റഗണ്‍ വക്താവ് അറിയിച്ചു. ഉത്തരകൊറിയയുടെ ആണവാക്രമണ ഭീഷണിയെ നേരിടാവുന്ന തരത്തിലാണു പ്രതിരോധമിസൈൽ (ഇന്റർസെപ്‍റ്റർ) വികസിപ്പിച്ചിട്ടുള്ളത്. കരയിൽനിന്നു തൊടുക്കാവുന്നതും ശേഷി കൂടിയതുമായ ഭൂഖണ്ഡാന്തര മിസൈൽ പ്രതിരോധമാണിത്. ഭൂഖണ്ഡാന്തര മിസൈലുകളേക്കാൾ അതിവേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള മിസൈൽ പ്രതിരോധമാണിതെന്നു മിസൈൽ ഡിഫൻസ് ഏജൻസി വക്താവ് ക്രിസ്റ്റഫർ ജോൺസൺ പറഞ്ഞു.