Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു ദിവസം നിര്‍ത്താതെ പറന്ന് ‘ആളില്ലാ വിമാനം’ റെക്കോഡിട്ടു

MQ-9B

ഇന്ധനം നിറയ്ക്കാതെ 48.2 മണിക്കൂര്‍ നിര്‍ത്താതെ പറന്ന് ജനറല്‍ അറ്റോമിക്‌സ് കമ്പനിയുടെ ഡ്രോണ്‍ (ആളില്ലാ വിമാനം) റെക്കോഡിട്ടു. MQ-9B എന്ന് പേരിട്ടിരിക്കുന്ന നിരീക്ഷണ ഡ്രോണാണ് രണ്ട് ദിവസം നിര്‍ത്താതെ പറന്ന് ശേഷക്കുന്ന ഇന്ധനവുമായി ഭൂമിയില്‍ തിരിച്ചെത്തിയത്. ജനറല്‍ അറ്റോമിക്‌സ് കമ്പനിയുടെ നേരത്തെയുള്ള റെക്കോഡ് 2015 ല്‍ 46.1 മണിക്കൂര്‍ നിര്‍ത്താതെ പറന്നതായിരുന്നു. 

MQ-9B യുടെ പരീക്ഷണ പറക്കല്‍ കഴിഞ്ഞ മെയ് 16ന് അരിസോണയില്‍ വെച്ചാണ് സംഭവിച്ചത്. 2705 കിലോഗ്രാം  ഇന്ധനവുമായിട്ടായിരുന്നു ഡ്രോണ്‍ പറന്നുയര്‍ന്നത്. 25,000 അടിക്കും 35000 അടിക്കും ഇടയിലാണ് ഡ്രോണ്‍ നിര്‍ത്താതെ പറന്നത്. മെയ് 18ന് ഭൂമിയില്‍ തിരിച്ചെത്തുമ്പോള്‍ MQ-9Bയില്‍ 127 കിലോഗ്രാം ഇന്ധനം ബാക്കിയുണ്ടായിരുന്നു. വ്യോമയാന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന സ്‌കൈ ഗാര്‍ഡിയന്‍ കമ്പനിയുടെ അഭിമാന നേട്ടമായാണ് ഇത് വിലയിരുത്തുന്നതെന്ന് സിഇഒ ലിന്‍ഡെന്‍് ബ്ലൂ പറയുന്നു. 

2012ലാണ് MQ-9B ഡ്രോണ്‍ സ്‌കൈ ഗാര്‍ഡിയന്‍ നിര്‍മിച്ചു തുടങ്ങുന്നത്. ഈ വിഭാഗത്തില്‍ പെടുന്ന ഡ്രോണുകളുടെ ആയുധങ്ങള്‍ ഘടിപ്പിച്ചവയെ ബ്രിട്ടീഷ് വ്യോമസേനയായ റോയല്‍ എയര്‍ഫോഴ്‌സ് ഉപയോഗിക്കുന്നുണ്ട്. ഭീകരവാദികളെ നേരിടുന്നതിനാണ് റോയല്‍ എര്‍ഫോഴ്‌സ് MQ-9B ഡ്രോണുകളെ ഉപയോഗിക്കുന്നത്. ഇതേ ഡ്രോണിന്റെ മറ്റൊരു രൂപമായ സീ ഗാര്‍ഡിയന്‍ സമുദ്ര, സമുദ്രതീര നിരീക്ഷണത്തിനാണ് ഉപയോഗിക്കുന്നത്. 

കുറഞ്ഞത് 35 മണിക്കൂര്‍ നിര്‍ത്താതെ പറക്കാന്‍ ശേഷിയുള്ളവയാണ് ഈ ശ്രേണിയില്‍ പെടുന്ന എല്ലാ ഡ്രോണുകളും. മണിക്കൂറില്‍ 388 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാനാകുന്ന ഇവക്ക് 40,000 അടി വരെ ഉയരത്തിലെത്താനാകും.