Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ സേനയെ സഹായിക്കാൻ കാർട്ടോസാറ്റ്–2, പാക് ഭീകര ക്യാംപുകൾ കണ്ടെത്തും

cartosat-2

ഇന്ത്യയുടെ സുരക്ഷയ്ക്കായി നിരവധി സഹായങ്ങളാണ് ഐഎസ്ആർഒ ചെയ്തുക്കൊണ്ടിരിക്കുന്നത്. ഭീകരാക്രമണം, പ്രകൃതി ദുരന്തങ്ങൾ എന്നിവ നേരിടാൻ ഐഎസ്ആർഒയുടെ സഹായം ലഭ്യമാണ്. ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് ഏറെ ഉപകാരപ്പെടുന്ന ഉഗ്രഹമാണ് വെള്ളിയാഴ്ച ഐഎസ്ആർഒ വിക്ഷേപിച്ചത്. കാർട്ടോസാറ്റ്–2ന് രാജ്യ സുരക്ഷയ്ക്ക് വേണ്ട എല്ലാ വിവരങ്ങളും മുൻകൂട്ടി നൽകാനാകുമെന്നാണ് അറിയുന്നത്.

ഇന്ത്യ–പാക്ക് നിയന്ത്രണ രേഖയിലെ ഭീകര ക്യാംപുകളും പാക്കിസ്ഥാന്റെ സൈനിക പോസ്റ്റുകളും കൃത്യമായി മനസ്സിലാക്കാൻ കാർട്ടോസാറ്റ്–2 പകർത്തുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കും സാധിക്കും. കഴിഞ്ഞ വർഷം പാക്ക് ഭീകരക്യാംപുകളിൽ ഇന്ത്യൻ സേന നടത്തിയ സർജിക്കൽ സ്ട്രൈക്ക് കാർട്ടോസാറ്റ്–2 സി പകർത്തി അയച്ച ചിത്രങ്ങളുടെ സഹായത്തോടെയായിരുന്നു.

കഴിഞ്ഞ വർഷം ജൂണിൽ വിക്ഷേപിച്ച കാര്‍ട്ടോസാറ്റ്–2 സി ഇപ്പോൾ തന്നെ പ്രതിരോധ മേഖലയെ വിലപ്പെട്ട ചിത്രങ്ങൾ നൽകി സഹായിക്കുന്നുണ്ട്. ഭീകരരുടെ ക്യാംപുകളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകാൻ കാർട്ടോസാറ്റ്–2 ലെ ക്യാമറകൾക്ക് സാധിക്കുമെന്നാണ് ടെക് വിദഗ്ധർ അവകാശപ്പെടുന്നത്. കാർട്ടോസാറ്റ്–2 സി യേക്കാൾ ഹൈ റെസല്യൂഷൻ ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ള ക്യാമറകളാണ് കാർട്ടോസാറ്റ്–2 ൽ ഘടിപ്പിച്ചിരിക്കുന്നത്.

ഏതു കാലാവസ്ഥയിലും ഭൂമിയിലെ കാഴ്ചകൾ പകർത്താൻ സാധിക്കും. രാത്രിയും പകലും ഒരു പോലെ ഭൂമിയിലെ കാഴ്ചകൾ കൂടുതൽ മികവോടെ പകർത്തുന്ന ക്യാമറകളാണ് കാർട്ടോസാറ്റ്–2 ൽ സ്ഥാപിച്ചിരിക്കുന്നത്. ലോകോത്തര ശക്തികൾക്ക് മാത്രമായുള്ള സാങ്കേതിക ശേഷിയാണ് ഇന്ത്യയും സ്വന്തമാക്കിയിരിക്കുന്നത്.

കാർ‌ട്ടോസാറ്റ്–2 സൈനിക ഉപഗ്രഹം വിക്ഷേപിച്ചതോടെ സൈനികാവശ്യത്തിനു ഉപഗ്രഹത്തെ ആശ്രയിക്കുന്ന ചൈനയോടും അമേരിക്കയോടും കിടപിടിക്കാൻ ഇന്ത്യയ്ക്കാകും. ബഹിരാകാശത്തു നിന്നു ഭൂമിയെ നിരീക്ഷിക്കുന്ന നിലവിലുള്ളതിൽ ഏറ്റവും മികച്ച ഉപഗ്രഹമാണ് കാർട്ടോസാറ്റ്-2.

പ്രഥമ സൈനിക ഉപഗ്രഹം കാർട്ടോസാറ്റ്-2എ 2007 ലാണ് ഇന്ത്യ വിക്ഷേപിച്ചത്. അയൽരാജ്യങ്ങൾ നടത്തുന്ന സൈനികനീക്കങ്ങളും മിസൈൽ അനുബന്ധിത പരീക്ഷണങ്ങളും രാജ്യത്തെ അറിയിക്കുന്നതിൽ ഈ ഉപഗ്രഹം നിർണായക സ്വാധീനം ചെലുത്തി വരുകയാണിപ്പോൾ. കാർട്ടോസാറ്റ് സീരിസിലെത്തുന്ന പുതിയ ഉപഗ്രഹത്തിന്റെ ദൗത്യം ഇതിന്റെ തുടർച്ചയാകുമെന്നു കരുതപ്പെടുന്നു.

cartosat-2-

ഉയർന്ന ഗുണമേന്മയുള്ളതും വളരെ കൃത്യതയാർന്ന ചിത്രങ്ങളും വിഡിയോയും ഉപഗ്രഹം അയയ്ക്കുമെന്നു കരുതുന്നു. പുതിയ ക്യാമറയിൽ 0.8 മീറ്റർ റെസലൂഷൻ ക്യാമറയാണുപയോഗിച്ചിരുന്നത്. ഇതു മൂലം ചെറിയ വസ്തുക്കളുടെ ചിത്രങ്ങളും വിഡിയോയും കൂടുതല്‍ മികവോടെ ബഹിരാകാശത്തു നിന്നു പകർത്താനാകും. വിഡിയോ പകർത്തുന്നതിനും ചെറിയ ഫയലുകളാക്കി ഭൂമിയിലേക്ക് അയയ്ക്കുന്നതിനും ക്യാമറയ്ക്കാകും. കാർടോസറ്റ് -2 പരമ്പരയിലെ മൂന്നാമത്തെ ഉപഗ്രഹമാണ് വെള്ളിയാഴ്ച വിക്ഷേപിച്ചത്.