Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയെ പൂട്ടാൻ ‘മുങ്ങിക്കപ്പൽ വേട്ട’യ്ക്ക് ഇന്ത്യയും അമേരിക്കയും, സജ്ജമായി വിക്രാമാദിത്യ, നിമിറ്റ്സ്

USS-Nimitz

ലോകശക്തികളായ മൂന്നു രാജ്യങ്ങൾ ചേർന്നുള്ള മലബാർ നാവികാഭ്യാസം ഇന്ത്യൻ മഹാസമുദ്രത്തിൽ തുടങ്ങി. ഇന്ത്യയുടെയും ജപ്പാന്റെയും മുഖ്യ ശത്രുക്കളായ ചൈനയെ പൂട്ടാൻ ലക്ഷ്യമിട്ട് തന്നെയാണ് അമേരിക്കയും ചേർന്നുള്ള ഈ നാവികാഭ്യാസമെന്നത് പരസ്യമായ രഹസ്യമാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിച്ചിട്ടുള്ള മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം അതിവിദഗ്ധമായി കണ്ടെത്തുകയാണ് ഈ നാവികാഭ്യാസത്തിന്റെ മുഖ്യ ലക്ഷ്യം.

ഈ മേഖലയിൽ നിരവധി മുങ്ങിക്കപ്പലുകൾ ചൈന വിന്യസിച്ചിട്ടുണ്ടെന്ന് നേരത്തെ തന്നെ ഇന്ത്യ കണ്ടെത്തിയതാണ്. ശ്രീലങ്ക, പാക്കിസ്ഥാൻ തീരങ്ങളിലും ചൈനയുടെ മുങ്ങിക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. ഇത്തരം മുങ്ങിക്കപ്പലുകളെ പെട്ടെന്ന് കണ്ടെത്തി ആക്രമിക്കാനുള്ള പരിശീലനമാണ് 21–ാം മലബാർ നാവികാഭ്യാസത്തിൽ നടക്കുക. പത്ത് ദിവസമാണ് നാവികാഭ്യാസം. നിരവധി യുദ്ധക്കപ്പലുകൾ, പോര്‍വിമാനങ്ങൾ, മുങ്ങിക്കപ്പലുകൾ എല്ലാം പങ്കെടുക്കുന്നുണ്ട്.

45,400 ടൺ ഭാരമുള്ള ഇന്ത്യയുടെ വിമാനവാഹിനി കപ്പൽ ഐൻഎൻഎസ് വിക്രാമാദിത്യ, 1,00,020 ടൺ ഭാരമുള്ള അമേരിക്കയുടെ യുഎസ്എസ് നിമിറ്റ്സ് (90 വിമാനങ്ങളെ വഹിക്കും) ജപ്പാന്റെ അത്യാധുനിക ശേഷിയുള്ള ഹെലികോപ്റ്ററുകളും നാവികാഭ്യാസത്തിനു എത്തി കഴിഞ്ഞു. ഇന്ത്യയും ചൈനയും ശീതയുദ്ധം തുടരുന്ന ഈ സമയത്താണ് നാവികാഭ്യാസമെന്നതും ശ്രദ്ധേയമാണ്. മൂന്നു രാഷ്ട്രങ്ങളുടെ നാവികാഭ്യാസം രാജ്യത്തിനു ഭീഷണിയാണെന്ന് ചൈനീസ് മാധ്യമങ്ങൾ കുറ്റപ്പെടുത്തി. ഇന്ത്യൻ മഹാസമുദ്രത്തിൽ സാന്നിധ്യം ഉറപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് അമേരിക്കയുടെ ഈ നീക്കമെന്നും ആരോപണമുണ്ട്.

ഇതിനിടെ ഇന്ത്യന്‍ മഹാസമുദ്രാതിര്‍ത്തിയോട് ചേര്‍ന്ന് പുതിയൊരു മുങ്ങിക്കപ്പല്‍ കൂടി ചൈന വിന്യസിച്ചതായി റിപ്പോർട്ടുകളുണ്ട്. ചൈനീസ് നാവിക സേനയുടെ കപ്പല്‍ ചോങ്മിങ്‌ഡോയാണ് മുങ്ങിക്കപ്പലിന് അകമ്പടി സേവിക്കുന്നത്. മേഖലയില്‍ ചൈന വിന്യസിക്കുന്ന ഏഴാമത്തെ മുങ്ങിക്കപ്പലാണിതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. 

ഇന്ത്യന്‍ മഹാ സമുദ്രത്തിനോട് ചേര്‍ന്ന് ചൈനീസ് സൈന്യം സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കുന്ന വിവരം ഇന്ത്യന്‍ നാവിക സേന സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ സൈനിക സാന്നിധ്യം ചൈന വര്‍ധിപ്പിക്കുന്നത് 2013-14 കാലത്താണ്. ഏദന്‍ കടലിടുക്കിലെ സമുദ്ര കൊള്ളക്കാരെ തുരത്തുകയെന്നതാണ് ചൈനയുടെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും ഇന്ത്യക്കുള്ള മുന്നറിയിപ്പു കൂടിയായിട്ടാണ് ഈ നീക്കത്തെ പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്.  

ins-vikramaditya

 2013 ഡിസംബറിലാണ് ചൈന ആദ്യമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അണ്വായുധ ശേഷിയുള്ള മുങ്ങിക്കപ്പല്‍ വിന്യസിക്കുന്നത്. മൂന്ന് മാസത്തിന് ശേഷം ഇത് ചൈന തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. പിന്നീട് 2014 ഓഗസ്റ്റ്– ഡിസംബര്‍ കാലത്ത് സോങ് ക്ലാസ് ഡീസല്‍ ഇലക്ട്രിക് മുങ്ങിക്കപ്പല്‍ ഇന്ത്യന്‍ മഹാ സമുദ്രത്തിലെത്തി. ഇതിന് പിന്നാലെ വീണ്ടും ചൈന ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അണ്വായുധ ശേഷിയുള്ള മുങ്ങിക്കപ്പല്‍ വിന്യസിച്ചു.  

നിലവില്‍ ആറ് മാസത്തിലേറെയായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ചൈനീസ് മുങ്ങിക്കപ്പലുകളുടെ സാന്നിധ്യമുണ്ട്. മേഖലയിലെ സമുദ്രത്തിന്റെ അടിത്തട്ടിനെക്കുറിച്ച് കൂടുതല്‍ വിവരശേഖരണം നടത്തുകയാണ് ഈ മുങ്ങിക്കപ്പലുകളുടെ ലക്ഷ്യമെന്നും കരുതുന്നുണ്ട്. ഇത്തരം വിവരങ്ങള്‍ ഭാവിയില്‍ മുങ്ങിക്കപ്പലുകളുടെ നീക്കത്തെ കൂടുതല്‍ അനായാസമാക്കും. മുങ്ങിക്കപ്പലുകള്‍ക്കൊപ്പം ചൈനീസ് ചാര കപ്പലായ ഹെയ്‌വിങ്‌സിങ് ഇന്ത്യന്‍ സമുദ്രത്തിലെത്തിയെന്ന മുന്നറിയിപ്പുകളുമുണ്ട്.