Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയെ ഭയപ്പെടുത്തുന്നത് അതിർത്തിയിലെ 100 ബ്രഹ്മോസ് മിസൈലുകൾ

brahmos-missile

ഇന്ത്യയ്ക്കെതിരെ ശീതയുദ്ധം തുടരുന്ന ചൈനയെ ഏറെ ഭയപ്പെടുത്തുന്നത് അതിർത്തിയിൽ വിന്യസിച്ചിട്ടുള്ള അത്യാധുനിക ക്രൂസ് മിസൈൽ ബ്രഹ്മോസ് തന്നെയാണ്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ വിന്യസിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത് കഴിഞ്ഞ വർഷമാണ്. 100 ബ്രഹ്മോസ് വിന്യസിക്കാനാണ് നിര്‍ദ്ദേശം നൽകിയിരുന്നത്. ഇക്കാര്യം ആരോപിച്ച് ചൈന ഇന്ത്യയ്ക്കെതിര ശക്തമായ മുന്നറിയിപ്പും നൽകിയിരുന്നു.

300 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങൾ ഭേദിക്കാന്‍ കഴിവുള്ള ബ്രഹ്മോസ് മിസൈല്‍ കിഴക്കന്‍ കിഴക്കന്‍ മേഖലയിൽ വിന്യസിക്കാനാണ് കേന്ദ്രം അനുമതി നൽകിയിരുന്നത്. ബ്രഹ്മോസ് റെജ്മെന്റ് രൂപീകരിക്കുന്നതിനുള്ള പദ്ധതിതുകയായി 4,300 കോടി രൂപയും വകയിരുത്തി. 

ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുള്ള ബ്രഹ്മോസ് മിസൈലുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ കൂടുതൽ മിസൈലുകളും മിസൈൽ മൊബൈൽ ലോഞ്ചറുകളും ട്രക്കുകളും വിന്യസിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ബ്രഹ്മോസ് ഘടിപ്പിച്ച സുഖോയ് വിമാനങ്ങൾ ഇന്ത്യ ഉടൻ തന്നെ പരീക്ഷണം നടത്തും. ഇതെല്ലാം വ്യക്തമായി ചൈനയ്ക്ക് അറിയാം. ഇതിനാൽ തന്നെ പെട്ടെന്നുള്ള ഒരു ആക്രമണത്തിന് ചൈന മുതിരില്ലെന്നാണ് വിദഗ്ധർ പറയുന്നത്.

ബ്രഹ്മോസ് ഏഷ്യയിലെ ഏറ്റവും മികച്ച ക്രൂസ് മിസൈൽ

ശത്രുതീരത്തിനു 300 കിലോമീറ്ററോളം അകലെനിന്നു ശബ്ദാതിവേഗത്തിൽ പറന്നെത്തി കരയാക്രമണം നടത്താൻ കഴിവുള്ള ബ്രഹ്മോസ് ക്രൂസ് മിസൈൽ നിരവധി തവണ പരീക്ഷിച്ച് വിജയിച്ചതാണ്. വൻശക്തിപദത്തിലേക്കുള്ള ഇന്ത്യയുടെ ശക്തമായ ഒരു കാൽവയ്പാണ് ബ്രഹ്മോസ്. ഓടിക്കൊണ്ടിരിക്കുന്ന കപ്പലിൽനിന്നു വരെ തൊടുക്കുന്ന കരയാക്രമണ മിസൈലിന്റെ പരീക്ഷണ വിജയം ഇന്ത്യയുടെ വൻ സാങ്കേതിക നേട്ടം തന്നെ. കാരണം, ഇളകിക്കൊണ്ടിരിക്കുന്ന വിക്ഷേപണത്തറ മിസൈലിന്റെ കൃത്യതയെ ബാധിക്കാൻ സാധ്യതയുണ്ടെന്നിരിക്കേ ആ പ്രശ്നം സാങ്കേതികമായി മറികടന്നുകൊണ്ടാണു ബംഗാൾ ഉൾക്കടലിൽ ഇന്ത്യൻ പരീക്ഷണം വിജയിച്ചത്.

Brahmos

ഇന്ത്യയും റഷ്യയും ചേർന്നു വികസിപ്പിച്ചതാണു ബ്രഹ്മോസ് മിസൈൽ. ഇന്ത്യൻ നാവികസേനയുടെ മുൻനിര ‘പോരാളികളായ’ കൊൽക്കത്ത, രൺവീർ, തൽവാർ വിഭാഗം കപ്പലുകൾക്കു കരയാക്രമണ ബ്രഹ്മോസ് വിക്ഷേപിക്കാനുള്ള ശേഷിയുണ്ട്. യുഎസ്, റഷ്യ, ബ്രിട്ടൻ, ചൈന എന്നീ രാജ്യങ്ങളുടെ നാവികസേനയ്ക്കാണു സമാനമായ ആക്രമണശേഷിയുള്ള മിസൈലുകൾ സ്വന്തമായുള്ളത്.

ചൈന പേടിക്കും 

കരയാക്രമണ മിസൈൽ യാഥാർഥ്യമായതോടെ സമുദ്രശക്തിയിൽ ഇന്ത്യയോടു മത്സരിക്കുന്ന ചൈനയുടെ സാമ്പത്തികേന്ദ്രമായ കിഴക്കൻ തീരത്ത് ഇന്ത്യൻ നാവികസേനയ്ക്കു വെല്ലുവിളി ഉയർത്താനാവും. ചൈനയുടെ പ്രധാന വ്യാപാര തുറമുഖങ്ങളായ ഷാങ്ഹായിയും മറ്റു തുറമുഖങ്ങളും ഇന്ത്യയുടെ പ്രഹരപരിധിക്കു പുറത്താണെന്നതായിരുന്നു ഇതുവരെ ഇന്ത്യയുടെ പ്രധാന ദൗർബല്യമായി കരുതപ്പെട്ടിരുന്നത്. 300 കിലോമീറ്റർ വരെ അകലെ കടലിൽനിന്നു തൊടുക്കാവുന്ന ബ്രഹ്മോസ് ഇന്ത്യൻ സേനയുടെ ഭാഗമാകുന്നതോടെ ഈ ദൗർബല്യം ഇന്ത്യ മറികടക്കും.

വേഗത്തിൽ മുൻപൻ 

സമുദ്രത്തിൽനിന്നു കരയിൽ പ്രഹരം നടത്താനുള്ള ശേഷിയുടെ പ്രാധാന്യം ആധുനിക യുദ്ധതന്ത്രത്തിൽ വർധിച്ചുവരികയാണ്. സമുദ്രതീരമില്ലാത്ത അഫ്ഗാനിസ്ഥാനിലേക്കു 2001ൽ അമേരിക്ക നടത്തിയ ആദ്യപ്രഹരം കടലിൽനിന്നു തൊടുത്തുവിട്ട തോമാഹോക് മിസൈലുകൾ ഉപയോഗിച്ചായിരുന്നു. ദൂരപരിധിയിൽ തോമാഹോക് ബ്രഹ്മോസിനെക്കാൾ വളരെ മികച്ചതായി കരുതപ്പെടുന്നുവെങ്കിലും, വേഗത്തിൽ ബ്രഹ്മോസാണു ലോകത്ത് ഒന്നാമൻ. ശബ്ദാതിവേഗത്തിൽ പറക്കുന്ന ഏക ക്രൂസ് മിസൈലാണു ബ്രഹ്മോസ്.

ബ്രഹ്മാസ്ത്രങ്ങൾ വേറെയും

ബ്രഹ്മോസിന്റെ മറ്റ് അനവധി പതിപ്പുകൾ ഇതിനുമുൻപ് ഇന്ത്യ പരീക്ഷിച്ചു വിജയിച്ചതാണ്:

∙ കരയിൽനിന്നു കരയിലേക്കു തൊടുത്തുവിടുന്ന കരസേനാ പതിപ്പ്
∙ കരയിൽനിന്നു വിക്ഷേപിച്ചു കപ്പലിനെ തകർക്കുന്നത്
∙ കപ്പലിൽനിന്നു തൊടുത്തുവിട്ട് മറ്റു കപ്പലിനെ തകർക്കുന്നത്
∙ മുങ്ങിക്കപ്പലിൽ നിന്നു വിക്ഷേപിച്ച് മറ്റു കപ്പലുകളെ തകർക്കുന്നത്
∙ വിമാനത്തിൽനിന്നു തൊടുത്തുവിട്ട് നിലത്തെ ലക്ഷ്യങ്ങൾ തകർക്കുന്നത്

കടൽക്കരുത്ത് മുൻപേ തെളിയിച്ചത്

കടലിൽനിന്നു മിതമായ കരയാക്രമണം നടത്താനുള്ള ശേഷി ഇന്ത്യൻ നാവികസേന 1971ലെ യുദ്ധത്തിൽ തന്നെ തെളിയിച്ചതാണ്. ചെറിയ മിസൈൽ ബോട്ടുകൾ ഉപയോഗിച്ച് അന്ന് ഇന്ത്യൻ നാവികസേന കറാച്ചി തുറമുഖം തകർത്തതാണ്. എന്നാൽ തുറമുഖത്തോട് അടുത്തു ചെന്നു വേണ്ടിവന്നു അന്ന് ആക്രമണം നടത്താൻ. ബ്രഹ്മോസ് നാവികസേനയിലെത്തുന്നതോടെ ദൂരെ നിന്ന് ആക്രമണം സാധ്യമാകും.

ദൂരപരിധി 600 കിലോമീറ്ററാക്കും

ഇന്ത്യയും റഷ്യയും സംയുക്തമായാണ് ബ്രഹ്മോസ് മിസൈലുകൾ വികസിപ്പിച്ചെടുക്കുന്നത്. പാക്കിസ്ഥാനെ പൂർണമായും ചൈനയെ ഭാഗികമായും ലക്ഷ്യമിടാൻ കഴിയുന്ന പുതുതലമുറ ബ്രഹ്മോസ് ക്രൂസ് മിസൈലുകൾ നിർമിക്കാൻ ഇന്ത്യയും ഒരുങ്ങുകയാണ്. റഷ്യയുടെ സഹായത്തോടെ 600 കിലോമീറ്ററിലധികം ദൂരം പ്രഹരശേഷിയുള്ള ബ്രഹ്മോസ് മിസൈൽ വികസിപ്പിക്കാൻ കഴി‍ഞ്ഞ വർഷം തീരുമാനമായിരുന്നു. ബ്രഹ്മോസിന്റെ നിലവിലെ പരിധി 300 കിലോമീറ്റർ ആണ്. പാക്കിസ്ഥാനെ മുഴുവനായി പ്രഹരപരിധിയിൽ കൊണ്ടുവരാൻ തന്നെ ഇത് അപര്യാപ്തമാണ്. ഈ സാഹചര്യത്തിലാണ് പുതുതലമുറ ബ്രഹ്മോസിനായി ഇന്ത്യ പദ്ധതികൾ ആവിഷ്ക്കരിക്കുന്നത്.

പാക്കിസ്ഥാനിലെയും ചൈനയിലെയും പല മേഖലകളെയും ലക്ഷ്യമിടുമ്പോൾ കൂടുതൽ ദൂരപരിധിയും കൃത്യതയുമുള്ള മിസൈൽ അനിവാര്യമാണ്. ബ്രഹ്മോസിനെക്കാൾ റേഞ്ചുള്ള ബാലസ്റ്റിക് മിസൈലുകൾ ഇന്ത്യയുടെ കൈവശമുണ്ട്. പക്ഷേ, ബാലസ്റ്റിക് മിസൈലുകളെ അപേക്ഷിച്ച് ബ്രഹ്മോസിനുള്ള കൃത്യതയാണ് ദീർഘദൂര ബ്രഹ്മോസ് മിസൈൽ നിർമിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്.

Brahmos-missile

ബ്രഹ്മോസ് ക്രൂസ് മിസൈലുകൾക്ക് സൂക്ഷ്മമായ ലക്ഷ്യത്തെപ്പോലും കൃത്യമായി ഭേദിക്കാൻ സാധിക്കും. അതീവ സുരക്ഷ ഏർപ്പെടുത്തിയ മേഖലയിലും ബ്രഹ്മോസിന് ലക്ഷ്യം പിഴയ്ക്കില്ല. ബ്രഹ്മോസ് മിസൈലുകളെ പൈലറ്റില്ലാത്ത യുദ്ധവിമാനം പോലെ ഉപയോഗിക്കാവുന്നതാണ്. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ശത്രുവിന്റെ ലക്ഷ്യത്തിലേക്ക് ഏത് ദിശയിൽ നിന്നും ആക്രമണം നടത്താൻ ബ്രഹ്മോസിന് സാധിക്കും തുടങ്ങിയ കാര്യങ്ങളും ഇന്ത്യയുടെ പുതിയ നീക്കത്തിന് കാരണമാണ്.

More Defence News