Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലു മിസൈലുകൾ ജപ്പാനു മുകളിലൂടെ തിരക്കേറിയ വിമാന, കപ്പൽപാതകളിലൂടെ കുതിക്കും, എല്ലാം സജ്ജം!

north-korea-weapons

ലോകം മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങുകയാണ്. ഉത്തരകൊറിയയും അമേരിക്ക, ദക്ഷിണകൊറിയ, ജപ്പാൻ ഒരുഭാഗത്തും. ആരെങ്കിലും ചെറിയൊരു പ്രകോപനം സൃഷ്ടിച്ചാൽ വൻ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താക്കീതുകൾ തള്ളിക്കളഞ്ഞ് ‘ഗുവാം ആക്രമണപദ്ധതി’യുമായി ഉത്തര കൊറിയ മുന്നോട്ട് പോകുകയാണ്. ആക്രമണ പദ്ധതിയുടെ വിശദാംശങ്ങൾ വരെ ഉത്തര കൊറിയ പുറത്തുവിട്ടു കഴിഞ്ഞു. 

നാലു മധ്യദൂര മിസൈലുകൾ ജപ്പാനു മുകളിലൂടെ ഗുവാം ദ്വീപിന്റെ 30–40 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തേക്കു വിക്ഷേപിക്കുകയാണു കൊറിയൻ പദ്ധതി. ഹ്വാസോങ് 12 മിസൈലുകളാണു വിക്ഷേപിക്കുക. ഇവ 17.75 മിനിറ്റ് കൊണ്ടു 3356.7 കിലോമീറ്റർ സഞ്ചരിച്ചു ലക്ഷ്യത്തിലെത്തും. മിസൈലിന്റെ യാത്രാപഥം തിരക്കേറിയ വിമാനപാതയിലൂടെയും കപ്പൽപാതയുടെ മുകളിലൂടെയുമാണ്.

ഒരാഴ്ചയ്ക്കുള്ളിൽ പദ്ധതിക്ക് ഉത്തര കൊറിയ അന്തിമരൂപം നൽകുമെന്നാണു വിവരം. പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ അനുമതി കിട്ടുന്ന നിമിഷം മിസൈലുകൾ വിക്ഷേപിക്കും. അമേരിക്കയുടെ ഭാഗമായ ഗുവാം അവരുടെ പ്രധാന സൈനികതാവളം കൂടിയാണ്. എന്നാൽ, യഥാർഥ ആക്രമണമല്ല, മിസൈൽ പരീക്ഷണമാണു കൊറിയ ഉദ്ദേശിക്കുന്നതെന്നു വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ദിവസം ഗുവാമിനെ ആക്രമിക്കുമെന്നായിരുന്നു കൊറിയ പറഞ്ഞത്.

എന്നാൽ, ഇന്നലെ പുറത്തുവിട്ട പദ്ധതിയിലുള്ളതു ഗുവാമിനു സമീപത്തേക്കു മിസൈൽ വിക്ഷേപിക്കും എന്നാണ്. ജപ്പാൻ കടലിൽ ഇപ്പോൾ അവർ നടത്തിവരുന്ന മിസൈൽ പരീക്ഷണങ്ങൾ ഗുവാമിന്റെ സമുദ്രപ്രദേശത്തേക്കു മാറ്റുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കൊറിയൻ നീക്കത്തെ യുഎസ് അതീവ ഗൗരവമായേ കാണൂ എന്നും വിദഗ്ധർ പറയുന്നു.

യുഎസ് അതിർത്തിയിലേക്കുള്ള ഏതുതരം പ്രകോപനവും, മിസൈൽ പരീക്ഷണ വിക്ഷേപണം ആയാൽപോലും, ദേശീയസുരക്ഷയെ ബാധിക്കുന്ന ഗുരുതര ഭീഷണിയായിട്ടാകും അവർ കാണുക – വിദഗ്ധർ വിലയിരുത്തുന്നു. യുദ്ധഭീതി നിലനിൽക്കുന്നതിനാൽ ഇന്നലെയും ലോകവിപണിയിൽ ഇടിവുണ്ടായി. ദക്ഷിണ കൊറിയയിൽ ഓഹരിവില രണ്ടുമാസത്തിനിടെ ഏറ്റവും താണ നിലയിലായി.