Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയുടെ ‘വാട്ടർ ബോംബ്’ ഇന്ത്യയ്ക്ക് ഭീഷണി, ഹൈഡ്രോളജിക്കൽ ഡേറ്റ നൽകുന്നില്ല!

flood

അതിർത്തിയിൽ ശീതയുദ്ധം തുടരുന്ന ചൈന ഇന്ത്യയ്ക്കെതിരായ നീക്കം ശക്തമാക്കാൻ മറ്റു വഴികൾ തേടുമെന്ന് സൂചന. ഇതിന്റെ ഭാഗമായി ജലം ഒരായുധമായി പ്രയോഗിക്കാനാണ് ചൈനയുടെ നീക്കം. ഇന്ത്യ–ചൈന ബന്ധത്തിലെ പ്രധാന വിഷയമാണ് ജലം. ഈ വിഷയം തന്നെ പ്രയോഗിക്കാനാണ് ചൈനയുടെ നീക്കവും.

മഴക്കാലത്ത് ഇന്ത്യയ്ക്ക് വേണ്ട ഹൈഡ്രോളജിക്കൽ ഡേറ്റ നൽകുന്നത് ചൈനയാണ്. ചൈനയുമായുള്ള പ്രത്യേക കരാർ ഒപ്പുവെച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹൈഡ്രോളജിക്കൽ ഡേറ്റ കൈമാറ്റം നടക്കുന്നത്. ഇത് നിർത്തലാക്കാനാണ് ചൈന നീക്കം നടത്തുന്നത്. എന്നാൽ ഇന്ത്യ ഈ ഡേറ്റ എല്ലാ രാജ്യങ്ങൾക്കും സൗജന്യമായാണ് നൽകുന്നത്.

അതിർത്തി തർക്കം രൂക്ഷമായതിനു ശേഷം ജലം, മഴ ബന്ധപ്പെട്ടുള്ള ഒരു വിവരവും ചൈന ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല. അവസാനമായി കഴിഞ്ഞ മേയിലാണ് ഹൈഡ്രോളജിക്കൽ ഡേറ്റ ഇന്ത്യയ്ക്ക് നൽകിയത്. എന്നാൽ ഇത് രണ്ടു രാജ്യങ്ങൾക്കും നല്ലതല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കാലാവസ്ഥാ നിരീക്ഷണ റിപ്പോർട്ടുകൾ കൈമാറുന്നത് ഇരുരാജ്യങ്ങൾക്കും ഏറെ ഗുണം ചെയ്യുന്നുണ്ട്. ചൈനീസ് നദികളിലെ ജലത്തിന്റെ അളവും മഴലഭ്യതയുടെ കണക്കുകളും ഇന്ത്യയ്ക്ക് കൈമാറിയിരുന്നു.

എന്നാൽ ഹൈഡ്രോളജിക്കൽ ഡേറ്റ ലഭിക്കാതെ വന്നതോടെ ചൈനയുടെ ഭാഗത്തുള്ള നദികളിലെ ജലത്തിന്റെ അളവ് കണക്കാക്കാൻ ഇന്ത്യയ്ക്ക് സാധിക്കുന്നില്ല. ഇത് കിഴക്കൻ സംസ്ഥാനങ്ങളിൽ വൻ പ്രളയത്തിനു വരെ കാരണമാകും. ഇന്ത്യയ്ക്കെതിരെ വാട്ടർ ബോംബ് തന്ത്രം പ്രയോഗിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് പരിസ്ഥിതി ഗവേഷകർ തന്നെ സൂചന നൽകുന്നുണ്ട്.

അതേസമയം, ഇന്ത്യയുടെ ഭാഗത്തേക്ക് ഒഴുകുന്ന നിരവധി നദികളിൽ ചൈന അനധികൃതമായി ഡാമുകളും ബണ്ടുകളും നിർമിച്ചിട്ടുണ്ട്. വൻ ഡാമുകളാണ് ചൈന നിർമിച്ചിരിക്കുന്നത്. ഈ ഡാമുകൾ പെട്ടെന്ന് തുറന്നു വിട്ടാൽ ഇന്ത്യയുടെ നിരവധി കിഴക്കൻ പ്രദേശങ്ങൾ വെള്ളത്തിലാകും. നിരവധി പേർ മരിക്കും. ഒരു ആക്രമണവും നടത്താതെ ഇന്ത്യയ്ക്ക് വൻ തിരിച്ചടി നൽകാൻ ചൈനയ്ക്ക് സാധിക്കും. നേരത്തെയും ചൈനീസ് ഡാമുകൾ തുറന്നുവിട്ടു ഇന്ത്യയ്ക്ക് വൻ തിരിച്ചടി നേരിടേണ്ടിവന്നിട്ടുണ്ട്.

ടിബറ്റന്‍ സമതലത്തില്‍ നിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്ന പ്രധാന മൂന്നു നദികളിലെ ഡാമുകൾ ഭീഷണിയാണ്. ഈ മൂന്നു നദികളും ചൈനയുടെ നിയന്ത്രണത്തിലാണ്. 2700 കിലോമീറ്റർ നീളമുള്ള ബ്രഹ്മപുത്ര നദി തന്നെയാണ് ഏറ്റവും വലിയ ഭീഷണി. അസം, അരുണാചൽ പ്രദേശ് പ്രദേശങ്ങളിലൂടെ ഒഴുകുന്ന നദിയാണ് ബ്രഹ്മപുത്ര. ബ്രഹ്മപുത്രയിലെ ചൈനീസ് ഡാമുകൾ തുറന്നുവിട്ടാൽ മണിക്കൂറുകൾക്കുള്ളിൽ കിഴക്കൻ സംസ്ഥാനങ്ങൾ പൂര്‍ണമായും വെള്ളത്തിലാകും.

china-dam

സത്‌ലജ്, ഇൻഡസ് നദികളാണ് ടിബറ്റിൽ നിന്നു വരുന്ന മറ്റു പ്രധാന നദികൾ. ഹിമാചൽ പ്രദേശ്, പഞ്ചാബ് പ്രദേശങ്ങളിലൂടെ ഒഴുകുന്നതാണ് സത്‌ലജ്. ഇതിനെല്ലാം പുറമെ ഇന്ത്യയിലേക്ക് ഒഴുകുന്ന നദികളിൽ ഡാം നിർമിക്കാൻ പാക്കിസ്ഥാനും ചൈന സഹായം നൽകുന്നുണ്ട്.

related stories