Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയെ കീഴടക്കിയത് ഇന്ത്യൻ തന്ത്രം, വിരട്ടലൊന്നും സേനയ്ക്ക് മുന്നിൽ വിജയിച്ചില്ല

China India

ഇരുപക്ഷവും സൈനികരെ പിൻവലിക്കാൻ തീരുമാനിച്ചതോടെ ദോക് ‌ലായിൽ എട്ടാഴ്ച നീണ്ട ഇന്ത്യ–ചൈന സൈനികരുടെ മുഖാമുഖം നിൽക്കലിനു കഴിഞ്ഞദിവസം വിരാമമായി. മുൻപും നമുക്കു ചൈനയുമായി സൈനിക മുഖാമുഖം ഉണ്ടായിട്ടുണ്ട്. പക്ഷേ, കാര്യങ്ങൾ ഇത്തവണ വ്യത്യസ്തമായിരുന്നു. വലിയ പ്രകോപനങ്ങളാണു ചൈന ഉയർത്തിയത്. ഇരുപക്ഷത്തെയും സൈനികർ തങ്ങളുടെ പൂർവസ്ഥാനങ്ങളിലേക്കു പിൻമാറിക്കഴിഞ്ഞാൽ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാമെന്ന പക്വവും സമതുലിതവുമായ സമീപനമാണ് ഇന്ത്യ സ്വീകരിച്ചത്. 

എന്നാൽ, പിൻമാറേണ്ടത് ഇന്ത്യയാണെന്നും തങ്ങളുടെ പട്ടാളം പിൻമാറുന്ന പ്രശ്നമേയില്ലെന്നുമുള്ള ചൈനയുടെ വാശിയാണു കീറാമുട്ടിയായത്. അപകടകരമെങ്കിലും ഉഭയകക്ഷി പിൻമാറ്റം എന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിന്നു. പക്ഷേ, കാര്യങ്ങൾ ഒടുവിൽ ഇന്ത്യയ്ക്ക് അനുകൂലമായിത്തീർന്നു. ചൈനയുടെ താൻപോരിമയെയും ഭയപ്പെടുത്തലുകളെയും നേരിടാനാകുമെന്നും ഇന്ത്യ കാട്ടിക്കൊടുത്തു. ഇത് ചൈനയുടെ ചെറു അയൽരാജ്യങ്ങളായ വിയറ്റ്‌നാമിനും ഫിലിപ്പീൻസിനും എന്തിനു ജപ്പാനും വരെ ഒരു മാതൃകയാണ്. 

ഈ സംഘർഷാവസ്ഥയെ നാം വിശാലമായ പശ്ചാത്തലത്തിൽ കാണണം. കഴിഞ്ഞ ഒരു ദശകത്തിനിടെ, സാമ്പത്തികശക്തിയും സൈനികബലവും ഗണ്യമായി വളർന്നതോടെ ചൈനയുടെ മനോഭാവത്തിലും താൽപര്യങ്ങളിലും മാറ്റങ്ങൾ വന്നു. ‘സമാധാനപരമായ’ വളർച്ചയുടെ ഘട്ടം അവസാനിച്ചതോടെ ചൈന അയൽരാജ്യങ്ങളോട് അസഹിഷ്ണുതയും അക്രമോൽസുകതയും പ്രകടിപ്പിച്ചുതുടങ്ങി. 

ഇന്ത്യയെക്കാൾ നാലിരട്ടി വലിപ്പമുള്ള സമ്പദ്‌ഘടനയാണു തങ്ങളുടേതെന്നു ചൈന പരസ്യമായി വീമ്പിളക്കാറുണ്ട്. പല വിഷയങ്ങളിലും എതിരാളിയോടെന്ന പോലെ, ശത്രുതാപരമാണ് ഇന്ത്യയോടുള്ള ചൈനയുടെ സമീപനങ്ങൾ. ആണവദാതാക്കളായ രാജ്യങ്ങളുടെ കൂട്ടായ്മയിൽ (എൻഎസ്‌ജി) ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുന്ന കാര്യത്തിൽ ചൈനയാണ് ഇടങ്കോലിട്ടത്. പാക്ക് ഭീകരൻ മസൂദ് അസ്‌ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ യുഎൻ പ്രമേയം അവർ വീറ്റോ ചെയ്തു. ഇന്ത്യയുടെ ആശങ്കകൾ അവഗണിച്ച് പാക്ക് അധിനിവേശ കശ്മീരിലൂടെ (പിഒകെ) പാക്ക്–ചൈന സാമ്പത്തിക ഇടനാഴിയുടെ നിർമാണം, ശ്രീലങ്കയെയും നേപ്പാളിനെയും ഇന്ത്യയിൽ നിന്നകറ്റാൻ കുൽസിത നീക്കങ്ങൾ, ഇന്ത്യക്കെതിരെ പാക്കിസ്ഥാനെ നിരന്തരം എരി കേറ്റുന്നത്– ഇതെല്ലാം ചൈനയുടെ ഗർവിന്റെ ഉദാഹരണങ്ങളാണ്.

അതിർത്തി തർക്കത്തിൽ ചെറുരാജ്യങ്ങളോടു കാട്ടുന്ന വിരട്ടലുകളാണു ദോ‌ക് ലായിൽ ചൈന പ്രയോഗിച്ചുനോക്കിയത്. ദക്ഷിണചൈനാ കടൽ മേഖലയിൽ ഇന്തൊനീഷ്യ, ഫിലിപ്പീൻസ് എന്നീ ചെറുരാജ്യങ്ങൾക്കെതിരെ അവർ ഇതു വിജയകരമായി പ്രയോഗിക്കുകയും ചെയ്തു. ഇതേ തന്ത്രം പക്ഷേ, ദോ‌ക് ലായിൽ പരാജയപ്പെട്ടു. തുടക്കം മുതൽക്കേ, സൈനികമായ ഏറ്റുമുട്ടൽ ഇന്ത്യയുടെയും ചൈനയുടെയും പരിഗണനയിലില്ലായിരുന്നു. യുദ്ധമുണ്ടായാൽ കാര്യങ്ങൾ പിടിവിട്ടുപോകും. വൻതോതിലുള്ള സാമ്പത്തികച്ചെലവുമാകും. പോരാത്തതിന് ഇരുരാജ്യങ്ങളും ആണവശക്തികളും. സംഘർഷം തുടരുമ്പോഴും അണിയറയിൽ പ്രശ്നപരിഹാരത്തിൽ നയതന്ത്രതലത്തിൽ നിരന്തരശ്രമങ്ങൾ നടക്കുന്നുണ്ടായിരുന്നു. വരുന്ന ആഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി പങ്കെടുക്കുന്ന ചൈനയിലെ ബ്രിക്‌സ് ഉച്ചകോടിയാണ് ഒടുവിൽ ശുഭാന്ത്യത്തിനു നിമിത്തമായത്. 

ദോക്‌ ലാ ഇന്ത്യയുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തുകയാണു ചെയ്തത്. ചൈനയോടു നേരെനിന്ന് ന്യായം അവതരിപ്പിക്കാൻ ഇന്ത്യക്കായി. ഭൂട്ടാനൊപ്പം നിന്ന് ആ രാജ്യവുമായുള്ള കരാർ ഉത്തരവാദിത്തം നിറവേറ്റാൻ സാധിച്ചതോടെ മേഖലയിൽ ഇന്ത്യയുടെ നിലപാടുകൾക്കും കരുത്തേറി. ഇന്ത്യ–ചൈന ബന്ധത്തിൽ പുതിയ ഘട്ടത്തിലേക്കാണു നാം പ്രവേശിക്കുന്നത്. ഭാവിയിൽ ചൈന ഇത്തരം പെരുമാറ്റങ്ങൾ ആവർത്തിക്കില്ലെന്നും പ്രത്യാശിക്കാം. അതേസമയം, ചൈനയുമായുള്ള എല്ലാ ബന്ധങ്ങളും വിശകലനം ചെയ്യാനുള്ള ഉണർത്തുസന്ദേശമായും ദോക്‌ ലായെ കാണണം.