Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന് അറിയുമോ അമേരിക്കയെ ‘കണ്ണുനീരു കുടിപ്പിച്ച’ ആ കൊറിയൻ യുദ്ധ ചരിത്രം?

korean-war

ആറു പതിറ്റാണ്ടിനു മുൻപ് വിജയത്തിനൊപ്പമെത്തിയിട്ടും അമിതാവേശം മൂലം ആയിരക്കണക്കിന് സൈനികരുടെ ജീവന്‍ ബലിനല്‍കി സകലതും നഷ്ടപ്പെട്ടു പിന്തിരിഞ്ഞോടേണ്ടിവന്ന നാണംകെട്ട ചരിത്രം ഓര്‍ക്കാതെയാണു ട്രംപിന്റെ അമേരിക്ക വീണ്ടും ഉത്തരകൊറിയയ്‌ക്കെതിരേ പടയൊരുക്കം നടത്തുന്നത്. 1950 ജൂണ്‍ 25-ന് ആരംഭിച്ച, ഒരുകോടിയിലേറെ പേരുടെ ജീവനെടുത്ത കൊറിയന്‍ യുദ്ധം ഒടുവില്‍ ആര്‍ക്കും വിജയം അവകാശപ്പെടാനില്ലാതെ 1953 ജൂലൈ 27-ന് സമാധാന ഉടമ്പടി ഒപ്പുവച്ച് അവസാനിപ്പിക്കുകയായിരുന്നു. ഇരുകൊറിയകളും തമ്മിലുള്ള പോരില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള യുഎന്‍ സഖ്യരാജ്യങ്ങള്‍ ഒരുവശത്തും സോവിയറ്റ് യൂണിയും ചൈനയും മറുവശത്തും അണിനിരന്നതോടെയാണു യുദ്ധം കടുത്തത്.

ഉത്തരകൊറിയന്‍ അധിനിവേശത്തില്‍ തകര്‍ന്നടിഞ്ഞ ദക്ഷിണകൊറിയയെ സഹായിക്കാന്‍ യുഎന്‍ രക്ഷാസമിതി നല്‍കിയ നിര്‍ദേശം മറയാക്കി 1950-ല്‍ പ്രസിഡന്റ് ട്രൂമാന്‍, ജനറല്‍ ഡഗ്ലസ് മക് ആര്‍തറിനു നിര്‍ദേശം നല്‍കുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാനെ നിരുപാധികം കീഴടങ്ങാന്‍ നിര്‍ബന്ധിതനാക്കിയ പസഫിക്ക് മേഖലയിലെ സര്‍വശക്തനായ സുപ്രീം കമാന്‍ഡര്‍ ജനറല്‍ മക് ആര്‍തര്‍ തന്റെ നിയോഗം ഭംഗിയായി നിറവേറ്റിയെങ്കിലും വിജയത്തിന്റെ അമിതാവേശത്തില്‍ കാട്ടിയ അബദ്ധം സര്‍വനാശത്തിനു കാരണമാകുന്ന ദയനീയകാഴ്ചകള്‍ക്കാണു ലോകം സാക്ഷ്യം വഹിച്ചത്. 

ഉത്തരകൊറിയ പൂര്‍ണമായി കീഴടക്കിയ ശേഷം മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ ചൈനീസ് അതിര്‍ത്തിയിലേക്കു നീങ്ങിയ മക് ആര്‍തറിന്റെ നേതൃത്വത്തിലുള്ള യുഎസ്-ദക്ഷിണകൊറിയന്‍ സംയുക്ത സേനയ്ക്ക് ഒടുവില്‍ ചൈനീസ് സേനയുടെ ആക്രമണത്തില്‍ തോറ്റമ്പി ജീവനും കൊണ്ടു പിന്തിരിഞ്ഞ് ഓടേണ്ട അവസ്ഥയാണുണ്ടായത്. 

പിടിച്ചെടുത്ത ഉത്തരകൊറിയന്‍ പ്രദേശങ്ങള്‍ മുഴുവന്‍ തിരിച്ചുകൊടുക്കേണ്ടിവന്നുവെന്നു മാത്രമല്ല ദക്ഷിണകൊറിയയുടെ കുറേ ഭാഗങ്ങള്‍ കൈവിട്ടുപോകുക കൂടി ചെയ്തു. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ നിലനിന്നിരുന്ന ശീതയുദ്ധത്തിന്റെ ഏറ്റവും വൈകൃതമായ മുഖമാണ് കൊറിയന്‍ യുദ്ധമെന്നും വിലയിരുത്തപ്പെടുന്നു. 

korea-war

യുദ്ധത്തിന്റെ പശ്ചാത്തലം

രണ്ടാം ലോകമഹായുദ്ധത്തിനു മുൻപ് ഏതാണ്ട് മൂന്നു പതിറ്റാണ്ടിലേറെ ജപ്പാന്റെ അധീശത്വത്തിലായിരുന്നു കൊറിയ. 1894-95-ലെ ആദ്യ ചൈന-ജപ്പാന്‍ യുദ്ധത്തില്‍ ചൈനയെ പരാജയപ്പെടുത്തിയ ജപ്പാന്‍ കൊറിയയിലുണ്ടായിരുന്ന ചൈനീസ് സ്വാധീനം പൂര്‍ണമായി ഇല്ലാതാക്കി. 1904-05-ലെ റൂസോ -ജപ്പാന്‍ യുദ്ധത്തിലും വിജയം കണ്ടതോടെ ഉല്‍സാ ഉടമ്പടി പ്രകാരം കൊറിയയെ ജപ്പാന്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കി. തുടര്‍ന്ന് 1910-ലെ ജപ്പാന്‍-കൊറിയ സംയോജന കാരാര്‍ കൊറിയയെ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. 

ഇതോടെ നിരവധി കൊറിയന്‍ ദേശീയവാദികള്‍ രാജ്യത്തു നിന്നു പലയാനം ചെയ്തു. 1919-ല്‍ കൊറിയയില്‍ റിപ്പബ്ലിക്ക് ഓഫ് കൊറിയ പ്രവിശ്യാ സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും രാജ്യാന്തര അംഗീകാരം നേടുന്നതില്‍ വിജയിച്ചില്ല. തുടര്‍ന്ന് 1919 മുതല്‍ 1925 വരെയും തുടര്‍ന്നും കൊറിയന്‍ കമ്യൂണിസ്റ്റുകള്‍ ജപ്പാനെതിരേ നിരന്തരം യുദ്ധമുഖം തുറന്നു. ചൈനയില്‍ നാഷണല്‍ റെവലൂഷന്‍ ആര്‍മിയും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും കൊറിയന്‍ അഭയാര്‍ഥികളെ സംഘടിപ്പിച്ച് തങ്ങളുടെ പ്രദേശം കൈയ്യേറിയ ജാപ്പനീസ് സൈന്യത്തിനെതിരേ പോരാട്ടത്തിനു പ്രേരിപ്പിച്ചുകൊണ്ടിരുന്നു. കൊറിയ സ്വതന്ത്രയാകണമെന്ന് 1943-ലെ കെയ്‌റോ സമ്മേളനത്തില്‍ ചൈനയും ബ്രിട്ടനും അമേരിക്കയും പ്രഖ്യാപിച്ചു. 

നാളെ: ചുവപ്പു സേന ജപ്പാനെ വീഴ്ത്തി, റഷ്യയും അമേരിക്കയും കൊറിയ പങ്കിട്ടെടുത്തു