Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വധിക്കാൻ തോക്കുയർത്തുമ്പോഴും ചെയുടെ മുഖത്തു നോക്കാൻ ഭയന്നു ആ സൈനികൻ!

cheguara

ഒരു യഥാര്‍ഥ വിപ്ലവകാരിയെ നയിക്കേണ്ടതു സ്‌നേഹമെന്ന വികാരമാണ്- ചെ ഗവാര

അര്‍ജന്റീനയില്‍ ഉദയം കൊണ്ട് ക്യൂബന്‍ മണ്ണില്‍ ജ്വലിച്ചുയര്‍ന്ന വിപ്ലവ സൂര്യന്‍ ബൊളീവിയന്‍ കാടുകളില്‍ എരിഞ്ഞൊടുങ്ങിയിട്ട് അൻപതാണ്ട്. ലോകമെമ്പാടും അടിച്ചമര്‍ത്തപ്പെടുന്നവന്റെയും നിശബ്ദനാക്കപ്പെടുന്നവന്റെയും നീറുംമനസുകളില്‍ കരുത്തും പ്രത്യാശയുമായി ഇന്നും നിറയുന്നു ഏര്‍ണസ്റ്റോ ഗവാര ഡി ലാ സെര്‍ന എന്ന ചെ ഗവാര. ‘കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാവില്ല’ എന്ന ചെ ഗവാരയുടെ വാക്കുകള്‍ പ്രവാചകവചനമാകുന്നതും അതുകൊണ്ടുതന്നെ. 

ക്യൂബന്‍ ഏകാധിപതിയായിരുന്ന ജനറല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയെ തുരത്തി അധികാരം പിടിക്കാന്‍ 1956-ല്‍ ഫിഡല്‍ കാസ്ട്രോയ്ക്കൊപ്പം ഗ്രാന്‍മ എന്ന പായ്ക്കപ്പലില്‍ മെക്സിക്കോയില്‍നിന്നു ക്യൂബന്‍ തീരത്തേക്കു നടത്തിയ യാത്രയില്‍ തുടങ്ങുന്നു ചെയുടെ പോരാട്ട ചരിത്രം. വിപ്ലവാനന്തരം മന്ത്രിസ്ഥാനം ഉള്‍പ്പെടെയുള്ള ഉന്നതപദവികളില്‍ എത്തിയിട്ടും അടിച്ചമര്‍ത്തപ്പെട്ട ലോകങ്ങളുടെ വിളികേട്ടിറങ്ങാനായിരുന്നു ചെയുടെ തീരുമാനം. 1965-ല്‍ കോംഗോയിലും തുടര്‍ന്നു ബൊളീവിയയിലും വിപ്ലവാഗ്‌നി ആളിക്കത്തിക്കാന്‍ ക്യൂബ വിട്ട ചെ ഒടുവില്‍ 1967 ഒക്ടോബര്‍ ഒൻപതിന് ബൊളീവിയയിലെ വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയില്‍ വെടിയേറ്റു വീണു. അമേരിക്കന്‍ സൈന്യത്തിന്റെ സഹായത്തോടെ ചെ ഗവാരയെ പിടികൂടിയ ബൊളീവിയന്‍ സൈന്യം വിചാരണ കൂടാതെ തിടുക്കത്തില്‍ അദ്ദേഹത്തെ വെടിവച്ചു കൊല്ലുകയായിരുന്നു. 

തന്റെ അടങ്ങാത്ത വിപ്ലവചിന്തകള്‍ക്കു വിപ്ലവാനന്തര ക്യൂബയില്‍ സ്ഥാനമില്ലെന്ന തിരിച്ചറിവാണു ക്യൂബ വിടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും പറയപ്പെടുന്നു. അമേരിക്കന്‍ ഉപരോധങ്ങളെ ചെറുക്കാന്‍ ക്യൂബന്‍ ഭരണകൂടം ആശ്രയിച്ചിരുന്ന സോവിയറ്റ് ശക്തികള്‍ക്ക് എന്നും അനഭിമിതനായിരുന്നു ചെ. 1965 ഒക്ടോബര്‍ മൂന്നിന് ചെ ഗവാര തന്റെ ഔദ്യോഗിക പദവികള്‍ രാജിവച്ചുകൊണ്ട് എഴുതിയ വിടവാങ്ങല്‍ കത്ത് ഫിഡല്‍ കാസ്ട്രോ ഒരു പൊതുസമ്മേളനത്തില്‍ വായിച്ചു. ഒരിക്കലും പരസ്യമാക്കരുതെന്ന് ചെ താല്‍പര്യപെട്ടിരുന്ന കത്താണ് ഫിഡല്‍ വായിച്ചതെന്നാണു റിപ്പോര്‍ട്ട്. ‘എന്നെ ക്യൂബന്‍ വിപ്ലവവുമായി ചേര്‍ത്തുനിര്‍ത്തിയ കടമകള്‍ എല്ലം നിര്‍വഹിക്കപ്പെട്ടിരിക്കുന്നു. എന്റെ ഹൃദയത്തിന്റെ ഭാഗമായി കഴിഞ്ഞ ക്യൂബന്‍ ജനതയോടും സഖാക്കളോടും ഞാന്‍ വിടപറയുന്നു.’ എന്നാണു കത്തില്‍ എഴുതിയിരുന്നത്. 1964-ല്‍ ചെ അമേരിക്ക, ആഫ്രിക്ക, ചൈന എന്നിവിടങ്ങളിലേക്കു മൂന്നു മാസത്തെ യാത്ര ആരംഭിച്ചു. തിരിച്ചെത്തുമ്പോഴേക്കും അദ്ദേഹത്തിന്റെ സാമ്പത്തിക, വിദേശ നയങ്ങള്‍ ക്യൂബയില്‍ തിരസ്‌കരിക്കപ്പെട്ടിരുന്നു. 

തന്റെ ലോകപര്യടനത്തിനിടയില്‍ സോവിയറ്റ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച ചെ ക്യൂബയില്‍ തിരച്ചെത്തിയ ശേഷം അപ്രത്യക്ഷനാകുകയായിരുന്നു. തുടര്‍ന്നു ഗറില്ലകള്‍ സജീവമായിരുന്ന ഗ്വാട്ടിമാലയിലും പെറുവിലും ബ്രസീലിലും എത്തി. വിവിധ പാസ്പോര്‍ട്ടുകളിലായിരുന്നു യാത്ര. പിന്നീടു കോംഗോയിലും ബൊളീവിയന്‍ ഗറില്ലകള്‍ പരിശീലനത്തിന് എത്തിയിരുന്ന വടക്കന്‍ വിയറ്റ്നാമിലും സജീവമായി. 1966-ന്റെ തുടക്കത്തില്‍ പാരിസില്‍ കുറച്ചുകാലം ചിലവിട്ട ശേഷമാണ് ചെ ബൊളീവിയന്‍ മണ്ണിലെത്തുന്നത്. താരതമേന്യ കരുത്തുകുറഞ്ഞ ബൊളീവിയന്‍ സൈന്യത്തെ ആ രാജ്യത്തെ വിപ്ലവകാരികളെ സംഘടിപ്പിച്ച്  തുരത്തുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. എന്നാല്‍ അമേരിക്കയുടെയും സിഐഎയുടെയും സഹായത്തോടെ ആഞ്ഞടിച്ച ബൊളീവിയന്‍ സൈന്യത്തിനു മുന്നില്‍ ചെയുടെ തന്ത്രങ്ങള്‍ പാളുകയായിരുന്നു. 

1967 മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ ചെയും ഗറില്ലാ സംഘവും ബൊളീവിയന്‍ സൈന്യത്തിനെതിരെ അതിരൂക്ഷമായി ആക്രമണം നടത്തി. ആറുമാസത്തിനുള്ളില്‍ മുപ്പതോളം സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ ചെയുടെ ഭാഗത്ത് ഒരാള്‍ മാത്രമാണ് മരിച്ചത്. 1967 ഏപ്രില്‍ 28-ന് ബൊളീവിയന്‍ സൈനികമേജര്‍ ഒവാന്‍ഡോ അമേരിക്കന്‍ സൈന്യവുമായി കരാറില്‍ ഒപ്പുവച്ചു. ചെ ഗവാര തെക്കന്‍ അമേരിക്കയില്‍ സജീവമാണെന്ന് വിശ്വസനീയമായ വിവരം അമേരിക്കന്‍ പ്രസിഡന്റിനു ലഭിച്ചു. തുടര്‍ന്ന് ചെയെ വകവരുത്താനുള്ള തന്ത്രങ്ങള്‍ സിഐഎ മെനഞ്ഞു. തെക്കന്‍ അമേരിക്കയിലെ സൈനിക നീക്കങ്ങള്‍ക്കായി ക്യൂബന്‍ അമേരിക്കന്‍ ഏജന്റായ ഫെലിക്സ് റോഡ്രിഗസിനെ നിയമിച്ചു. ചെ ഗവാരയെ പിടികൂടാനും ഗറില്ലകളെ ഉന്മൂലനം ചെയ്യാനുമുള്ള ദൗത്യമാണ് ഫെലിക്സിനു നല്‍കിയിരുന്നത്. എഡ്വേഡോ ഗൊണ്‍സാലസ് എന്ന ഏജന്റാണ് ഒപ്പമുണ്ടായിരുന്നത്.

che-guevara

1967 ജൂണില്‍ ഒടുവില്‍ സോവിയറ്റ് പ്രധാനമന്ത്രി അലക്സി കോസിജിന്‍ ക്യൂബയിലെത്തി ഫിഡല്‍ കാസ്ട്രോയുമായി ചര്‍ച്ച നടത്തി. ചെ ഗവാരയെ ബൊളീവിയയിലേക്ക് അയച്ച നടപടിയെ സോവിയറ്റ് യൂണിയന്‍ നിശിതമായി വിമര്‍ശിച്ചു. എന്നാല്‍ വിമോചിതരാകാന്‍ ആഗ്രഹിക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് ക്യൂബ എല്ലാവിധ പിന്തുണയും നല്‍കുമെന്നായിരുന്നു കാസ്ട്രോയുടെ മറുപടി. 1967 ഓഗസ്റ്റ് രണ്ടിന് ചെ വേട്ടയ്ക്കായി ഫെലിക്സ് റോഡ്രിഗസും എഡ്വേഡോ ഗൊണ്‍സാലസും ബൊളീവിയയിലെ ലാ പാസിലെത്തി. തുടര്‍ന്നു ഗറില്ലകള്‍ക്കെതിരേ അതിശക്തമായ തിരിച്ചടി ആരംഭിച്ചു. ഓഗസ്റ്റ് 31-ന് ചെയുടെ സൈന്യത്തിന്റെ മൂന്നിലൊന്ന് ആളുകളും വധിക്കപ്പെട്ടു. പാക്കോ എന്നറിയപ്പെടുന്ന ജോസ് കാസ്റ്റിലോ ഷാവേസ് പിടിയിലായി. 

ഇതിനിടെ ഭക്ഷണവും ആസ്മയ്ക്കുള്ള മരുന്നും കിട്ടാതായതോടെ ബൊളീവിയന്‍ കാടുകളില്‍ കടുത്ത ദുരിതത്തിലായ ചെയുടെ ആരോഗ്യം ക്ഷയിച്ചു തുടങ്ങി. സെപ്റ്റംബര്‍ മൂന്നിന് ഫെലിക്സ് റോഡ്രിഗസും എഡ്വേഡോ ഗൊണ്‍സാലസും വില്ലാ ഗ്രാന്‍ഡെയിലെ സാന്താക്രൂസിലെത്തി പാക്കോയെ ചോദ്യം ചെയ്തു. ചെഗുവേരയെ പിടിച്ചു നല്‍കുന്നവര്‍ക്ക് 4200 ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് അറിയിച്ചുകൊണ്ട് പതിനഞ്ചാം തീയതി ബൊളീവിയന്‍ സര്‍ക്കാര്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. മൂന്നു ദിവസത്തിനുള്ളില്‍ ബൊളീവിയയിലെ തെക്കുകിഴക്കന്‍ കാടുകളില്‍ ഗറില്ലകള്‍ക്കു സാധനങ്ങള്‍ എത്തിച്ചുകൊടുത്തിരുന്ന പതിനഞ്ചംഗ കമ്യൂണിസ്റ്റ് സംഘത്തെ അറസ്റ്റ് ചെയ്തു. 

സെപ്റ്റബര്‍ 22-ന് അല്‍ത്താ സെക്കോ ഗ്രാമത്തിലെത്തിയ ചെയുടെ ഗറില്ലകള്‍ ഗ്രാമീണര്‍ക്കു തങ്ങളുടെ ലക്ഷ്യങ്ങള്‍ വിവരിച്ചു ക്ലാസെടുത്തു. തുടര്‍ന്നു വന്‍തോതില്‍ ഭക്ഷ്യവസ്തുക്കളും വാങ്ങി രാത്രി കാട്ടിലേക്കു മടങ്ങി. സെപ്റ്റബര്‍ 26ന് ചെയ്ക്കും സംഘത്തിനും ലാ ഹിഗ്വേരയില്‍ വച്ച് അതിശക്തമായ ആക്രമണം നേരിടേണ്ടിവന്നു. കനത്ത ആള്‍നാശമുണ്ടായതിനെ തുടര്‍ന്ന് അവര്‍ റിയോ ഗ്രാന്‍ഡെയിലേക്കു പിന്മാറി. സെപ്റ്റബര്‍ 29-ന് അമേരിക്കന്‍ സ്പെഷല്‍ ഫോഴ്സിന്റെ പരിശീലനം നേടിയ രണ്ടാം റേഞ്ചര്‍ ബറ്റാലിയന്‍ വില്ലാ ഗ്രാന്‍ഡെയില്‍ തമ്പടിച്ചു. 

ചെയും സംഘവും ഗ്രാന്‍ഡെ നദിക്കു വടക്കുള്ള വാല്ലെ സെറാനെയില്‍ സൈന്യത്തിന്റെ വലയത്തിലായി. ഒക്ടോബര്‍ ഏഴിനാണ് ചെ അവസാനമായി തന്റെ ഡയറിയില്‍ കുറിപ്പെഴുതിയിരിക്കുന്നത്. ഒരു വൃദ്ധയെ കണ്ടതും തങ്ങളെക്കുറിച്ച് സൈന്യത്തിനു വിവരം നല്‍കാതിരിക്കാന്‍ അവര്‍ക്കു പണം നല്‍കിയതും ചെ കുറിച്ചിട്ടിട്ടുണ്ട്. അവര്‍ അങ്ങനെ ചെയ്യുമെന്ന് തനിക്ക് ഒട്ടും വിശ്വാസമില്ലെന്നും ചെ കുറിച്ചു. 17 ഗറില്ലകള്‍ ചുറോ റാവൈനില്‍ ഉണ്ടെന്ന് സൈന്യത്തിനു വിവരം ലഭിച്ചു. തുടര്‍ന്നു നടന്ന ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. വെടിവയ്പില്‍ ചെയുടെ കാലിനു പരുക്കേറ്റു. 

ഗറില്ലകള്‍ സാന്‍ അന്റോണിയ നദിക്കു സമീപത്തുണ്ടെന്ന് ഒരു സ്ത്രീ സൈന്യത്തിനു വിവരം നല്‍കി. ചെയും സംഘവും കണ്ടുമുട്ടിയ അതേ വൃദ്ധ തന്നെയാണ് ഒറ്റിയതെന്നാണു കരുതപ്പെടുന്നത്. ഒക്ടോബര്‍ എട്ടിന് രാവിലെ സൈന്യം മേഖല വളഞ്ഞു. ഉച്ചയ്ക്കു 12 മണിക്കു നടന്ന ആക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേറ്റു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ക്വെബ്രാഡ ഡെല്‍ യൂറോയിലായിരുന്നു ആ വിപ്ലവസൂര്യന്റെ അവസാന പോരാട്ടം. ശക്തമായ ആക്രമണത്തില്‍ ചെയുടെ കാലിനു പലതവണ വെടിയേറ്റു. ഒപ്പമുണ്ടായിരുന്ന സൈമണ്‍ ക്യൂബ സരാബിയ എന്ന വിമതപോരാളി ചെയെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റാന്‍ ശ്രമിച്ചു. 

എന്നാല്‍ ബൊളീവിയന്‍ റേഞ്ചര്‍മാര്‍ അദ്ദേഹത്തെ വളഞ്ഞു. വെറും പത്തുവാര അകലെനിന്നു വെടിയുണ്ടകള്‍ തുരുതുരാ പാഞ്ഞു. തിരിച്ചു വെടിവയ്ക്കാന്‍ ചെ ശ്രമിച്ചെങ്കിലും ഒരു കൈയില്‍ തോക്കുയര്‍ത്തി പിടിക്കാന്‍ പോലും കഴിഞ്ഞില്ല. വലതു കാലും കൈപ്പത്തിയും വെടിയുണ്ടകളേറ്റു പൂര്‍ണമായി തകര്‍ന്നു. സൈനികര്‍ അടുത്തെത്തിയപ്പോള്‍ ചെ അലറി. ‘വെടിവയ്ക്കരുത്. ഞാന്‍ ചെ ഗവാരയാണ്. നിങ്ങള്‍ക്ക് എന്നെ ജീവനോടെ പിടിക്കുന്നതാവും കൂടുതല്‍ വിലമതിക്കുന്നത്’. ഏതാണ്ട് മൂന്നരയോടെ ഏറ്റുമുട്ടല്‍ അവസാനിച്ചു. ചെയെ തടവുകാരനായി പിടിക്കപ്പെട്ട വിവരം ക്യാപ്റ്റന്‍ പ്രാഡോ അധികാരികളെ അറിയിച്ചു. ‘ഹെലോ സാറ്റുര്‍ണോ, വി ഹാവ് പപ്പ’ എന്നായിരുന്നു രഹസ്യസന്ദേശം. ‘സാറ്റുര്‍ണോ’ എട്ടാം ബൊളീവിയന്‍ ആര്‍മി ഡിവിഷന്‍ കമന്‍ഡാന്റ് കേണല്‍ ജാക്വിന്‍ സെനേറ്റോയും ‘പപ്പ’ ചെഗുവേരയും ആയിരുന്നു. 

che

ചെയെയും ഒപ്പം പിടികൂടിയ സരാബിയയെയും ലാ ഹിഗ്വേരയിലേക്കു മാറ്റാന്‍ ക്യാപ്റ്റന്‍ പ്രാഡോയ്ക്ക് ഉത്തരവു ലഭിച്ചു. ഒരു ബ്ലാങ്കറ്റിലാക്കി നാലു സൈനികര്‍ ഏഴു കിലോമീറ്ററോളം ചുമന്നാണ് ചെയെ രാത്രിയോടെ അവിടെ എത്തിച്ചത്. തുടര്‍ന്ന് ചെയെയും സരാബിയയെും ഒരു സ്‌കൂള്‍ മുറിയിലാക്കി. രാത്രി പിടിക്കപ്പെട്ട മറ്റ് അഞ്ച് ഗറില്ലകളെയും അവിടെ എത്തിച്ചു. ചെ കൊല്ലപ്പെട്ടതായി സൈന്യം തന്നെ തെറ്റായ സന്ദേശം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. 

ഒക്ടോബര്‍ ഒൻപതിന് ചെ പിടിക്കപ്പെട്ട വിവരം അമേരിക്കന്‍ പ്രസിഡന്റിനു കൈമാറി. രാവിലെ 6.15-ന് ഫെലിക്സ് റോഡ്രിഗസ് കേണല്‍ ജാക്വിം സെന്റേനയ്ക്കൊപ്പം ഹെലികോപ്റ്ററില്‍ ലാ ഹിഗ്വേരയില്‍ എത്തി. കാലും കൈയും കെട്ടിയ നിലയില്‍ വെറും തറയില്‍ കൂട്ടാളികളുടെ മൃതദേഹങ്ങള്‍ക്കരുകില്‍ ചളിയില്‍ പുതഞ്ഞു ചെ കിടക്കുന്നതാണ് ഫെലിക്സ് കണ്ടത്. ജടപിടിച്ച മുടിയും കീറിപ്പറിഞ്ഞ വസ്ത്രങ്ങളും പൊട്ടിപ്പൊളിഞ്ഞ ഷൂവും. ‘സായുധവിപ്ലവത്തിലൂടെ എന്റെ നിരവധി സഹപ്രവര്‍ത്തകരെ കൊന്നൊടുക്കിയ ആളാണു മുന്നില്‍ കിടന്നിരുന്നതെങ്കിലും ഒരു നിമിഷം എനിക്കു സഹതാപം തോന്നി’ എന്നാണ് ഫെലിക്സ് പിന്നീട് ആ രംഗം ഓര്‍മിച്ചത്.

ഫെലിക്സ് ഉടന്‍ തന്നെ സിഐഎ കേന്ദ്രത്തിലേക്കു വിവരം കൈമാറി. തുടര്‍ന്ന് ചെയുടെ ചിത്രങ്ങളും പിടിച്ചെടുത്ത ഡയറിയുടെ മറ്റു വസ്തുക്കളുടെയും ചിത്രങ്ങളും കാമറയില്‍ പകര്‍ത്തി. പിന്നീട് ചെയുമായി ഫെലിക്സ് സംസാരിച്ചു. എന്നാല്‍ ഈ സമയം ചെയെ എന്തു ചെയ്യണം എന്നതിനെക്കുറിച്ചായിരുന്നു ബൊളീവിയന്‍ സൈന്യത്തിന്റെ ആധി. ചെയെ വിചാരണ ചെയ്യാന്‍ തീരുമാനിച്ചാല്‍ ലോകശ്രദ്ധ അദ്ദേഹത്തിലേക്കു തിരിയുമെന്നും അനുകൂലമായ വികാരം ഉണ്ടാകുമെന്നും അവര്‍ ഭയന്നു. എത്രയും പെട്ടെന്ന് ചെയെ ഇല്ലാതാക്കണമെന്ന് അവര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് ബൊളീവിയന്‍ പ്രസിഡന്റില്‍നിന്നുള്ള ഉത്തരവ് ഫെലിക്സിനു ലഭിച്ചു. ഫെലിക്സ് വിവരം കേണല്‍ ജാക്വിം സെന്റേനയ്ക്കു കൈമാറി. ചെയെ ഒരു കാരണവശാലും കൊല്ലാന്‍ പാടില്ലെന്ന അമേരിക്കയുടെ നിര്‍ദേശവും ഫെലിക്സ് അറിയിച്ചു. 

che-guevara-foto-muerto

ചെയെ ചോദ്യം ചെയ്യലിനായി പനാമയിലേക്കു കൊണ്ടുപോകാനുള്ള വിമാനവും ഹെലികോപ്റ്ററും വരെ അമേരിക്കന്‍ സര്‍ക്കാരും സിഐഎയും സജ്ജമാക്കിയിരുന്നു. എന്നാല്‍ ബൊളീവിയന്‍ അധികൃതരെ ധിക്കരിക്കാന്‍ ഫെലിക്സിനു കഴിഞ്ഞിരുന്നില്ല. ചെ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത അപ്പോള്‍ തന്നെ മാധ്യമങ്ങളിൽ വന്നു കഴിഞ്ഞിരുന്നു. മറ്റു വഴികളില്ലെന്നു തിരിച്ചറിഞ്ഞ ഫെലിക്സ് സ്‌കൂള്‍ മുറിയിലെത്തി ചെയെ സ്ഥിതിഗതികള്‍ അറിയിച്ചു. ‘അതാണു നല്ലത്. ജീവനോടെ ഞാന്‍ പിടിക്കപ്പെടാന്‍ പാടില്ലായിരുന്നു’ എന്നായിരുന്നു ചെ മറുപടി നല്‍കിയത്. ചെ തന്റെ ഭാര്യയ്ക്കും ഫിഡല്‍ കാസ്ട്രോയ്ക്കുമുള്ള അവസാന സന്ദേശം കൈമാറി. തുടര്‍ന്ന് ചെയെ ആലിംഗനം ചെയ്ത ശേഷം ഫെലിക്സ് മുറിവിട്ടു. 

ഉച്ചയ്ക്കു തൊട്ടുമുൻപ് സെര്‍ജന്റ് ജെയ്മി ടെറാന്‍ വധശിക്ഷ നടപ്പാക്കാനുള്ള ദൗത്യം സ്വമേധയാ ഏറ്റെടുത്തു. മുഖത്തു വെടിവയ്ക്കരുതെന്ന് ആജ്ഞയുണ്ടായിരുന്നു. ജെയ്മി മുറിയില്‍ കടന്നപ്പോള്‍ ഭിത്തിയില്‍ ചാരിയിരിക്കുകയായിരുന്നു ചെ. താന്‍ എഴുന്നേറ്റു നില്‍ക്കുന്നതു വരെ കാത്തുനില്‍ക്കാന്‍ ചെ ആവശ്യപ്പെട്ടു. ഒരു നിമിഷം ജെയ്മി പകച്ചുപോയി. ‘നീ എന്നെ കൊല്ലാന്‍ വന്നതാണെന്ന് എനിക്കറിയാം. നിറയൊഴിക്കൂ. നിങ്ങള്‍ ഒരു മനുഷ്യനെ മാത്രമാണു കൊല്ലാന്‍ പോകുന്നത്’ ഇതായിരുന്നു ചെയുടെ അവസാന വാക്കുകള്‍. മുഖത്തേക്കു നോക്കാതെ ജെയ്മി നിറയൊഴിച്ചു. ആദ്യം ചെയുടെ കൈകളിലും കാലിലുമാണ് വെടിവച്ചത്. തുടര്‍ന്ന് നെഞ്ചിലേക്കും. തുടര്‍ന്നു പുറത്തു കാത്തുനിന്ന സൈനികര്‍ മുറിക്കുള്ളിലെത്തി ചെയുടെ ശരീരത്തിലേക്കു തുടരെ വെടിയുതിര്‍ത്തു. ബൊളീവിയന്‍ സമയം ഉച്ചയ്ക്ക് 1.10-നാണ് ചെ നിശബ്ദനാക്കപ്പെട്ടത്. തുടര്‍ന്ന് മൃതദേഹം ഹെലികോപ്റ്ററില്‍ കെട്ടിവച്ച് വില്ലാ ഗ്രാന്‍ഡെയിലേക്കു കൊണ്ടുപോയി. 

ഒക്ടോബര്‍ 12-ന് ചെയുടെ ഭൗതികശരീരം ഏറ്റുവാങ്ങാന്‍ സഹോദരന്‍ റോബെര്‍ട്ടോ ബൊളീവിയയില്‍ എത്തിയെങ്കിലും സംസ്‌കാരം കഴിഞ്ഞുവെന്ന മറുപടിയാണു ലഭിച്ചത്. വില്ലാ ഗ്രാന്‍ഡെയിലെ വിജനമായ എയര്‍സ്ട്രിപ്പിനു സമീപത്ത് മറ്റു ഗറില്ലകള്‍ക്കൊപ്പം ചെയുടെ മൃതദേഹവും മറവു ചെയ്യുകയായിരുന്നു. ആ രഹസ്യസ്ഥലം 1997 ജൂണില്‍ കണ്ടെത്തുകയും ചെയ്തു. 

che guevara-

ഇന്ത്യയിലുമെത്തി ആ നക്ഷത്രം

സായുധവിപ്ലവത്തിന്റെ പ്രതീകമായ ചെ ലോകപര്യടനത്തിന്റെ ഭാഗമായി ഒരുതവണ ഇന്ത്യയില്‍ എത്തിയിരുന്നു. 1959 ജൂണ്‍ 30-ന് ഇന്ത്യയിലെത്തിയ ചെയെ ക്യൂബന്‍ ദേശീയ നേതാവ് എന്ന നിലയിലാണ് സ്വീകരിച്ചത്. ഡല്‍ഹിയിലെ ചാണക്യപുരിയിലുള്ള അശോക ഹോട്ടലിലാണ് അദ്ദേഹം താമസിച്ചിരുന്നത്. തൊട്ടുപിറ്റേന്ന് തീന്‍മൂര്‍ത്തീ ഭവനില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അദ്ദേഹത്തെ സ്വീകരിച്ചു. ക്യൂബന്‍ സമ്മാനമായി ചുരുട്ടുകള്‍ അടങ്ങിയ പെട്ടിയാണ് ചെ നെഹ്‌റുവിനു സമ്മാനിച്ചത്. നെഹ്‌റുവാകട്ടെ ഗൂര്‍ഖകളുടെ കത്തിയായ കുക്രിയും. ഹരിയാനയിലെ ഗ്രാമത്തിലും ചെ സന്ദര്‍ശനം നടത്തി. ആകാശവാണിക്കു വേണ്ടി കെ.പി. ഭാനുമതി എന്ന പത്രപ്രവര്‍ത്തക ചെയുമായി അഭിമുഖം നടത്തി. ഡല്‍ഹിയില്‍ രാജ്യരക്ഷാമന്ത്രി വി.കെ. കൃഷ്ണമേനോനും മറ്റു ചില മന്ത്രിമാരും ചെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹം കൊല്‍ക്കത്തയിലേക്കു പോയി. അവിടുത്തെ ദൃശ്യങ്ങള്‍ ചെ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ക്യൂബയിലെത്തിയ ശേഷം എഴുതിയ അനുഭവക്കുറിപ്പില്‍ കൊല്‍ക്കത്ത സന്ദര്‍ശനത്തെക്കുറിച്ച് ചെ എഴുതിയിരുന്നു.