Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യ ഉരുക്കു മിസൈൽ നിർമിച്ചത് ടിപ്പു സുല്‍ത്താനോ? ഒരേസമയം വിക്ഷേപിച്ചിരുന്നത് 12 മിസൈലുകൾ!

tipu-missile

ലോകത്ത് ആദ്യമായി ഉരുക്കിനാൽ നിർമിച്ച മിസൈലുകൾ യുദ്ധഭൂമിയില്‍ ഉപയോഗിച്ചത് ടിപ്പു സുൽത്താന്റെ സൈന്യമായിരുന്നുവെന്ന് ചരിത്രം. ബ്രിട്ടീഷുകാര്‍ക്കെതിരെ ടിപ്പുവിന്റെയും ഹൈദരലിയുടേയും മിസൈൽ യുദ്ധം വലിയ ഫലം ചെയ്തിരുന്നു. മൈസൂര്‍ യുദ്ധത്തില്‍ തങ്ങള്‍ക്കു നേരെ വരുന്ന വെടിമരുന്ന് നിറച്ച ഇരുമ്പ് ട്യൂബുകള്‍ എന്താണെന്ന് പോലും ആദ്യം ബ്രിട്ടീഷുകാര്‍ക്ക് തിരിച്ചറിയാനായിരുന്നില്ല.

ഫ്‌ളഡ് ഓഫ് ഫയര്‍ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനിടെയാണ് രചയിതാവ് അമിതാവ് ഘോഷ് ടിപ്പുവിന്റെ റോക്കറ്റ് സാങ്കേതിക വിദ്യയെക്കുറിച്ച് കൂടുതല്‍ വിവരിച്ചത്. അക്കാലത്തെ ഏറ്റവും ഹാനികരമായ മിസൈലുകളുടെ നിർമാണ മേഖലയില്‍ അഗ്രഗണ്യരായിരുന്നു ടിപ്പുവിന്റെ സൈന്യം. മൈസൂര്‍ യുദ്ധത്തിലാണ് വ്യാപകമായി മിസൈലുകൾ ഉപയോഗിക്കപ്പെട്ടത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പട്ടാളത്തെ പേടിച്ചോടിക്കാന്‍ പര്യാപ്തമായിരുന്നു ടിപ്പുവിന്റെ ഈ ആയുധം. 

മംഗോളിയന്‍ ആക്രമണങ്ങളെ നേരിടാന്‍ ചൈനക്കാര്‍ പതിമൂന്നാം നൂറ്റാണ്ടു മുതല്‍ തന്നെ റോക്കറ്റുകളുടെ ആദ്യ രൂപം ഉപയോഗിക്കുന്നുണ്ട്. പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ യൂറോപ്യന്മാരും വെടിമരുന്നിന്റെ ശേഷി മനസ്സിലാക്കി റോക്കറ്റുകള്‍ ഉപയോഗിച്ചിരുന്നു. ഇന്ത്യയില്‍ മുഗളന്മാരും റോക്കറ്റ് ഉപയോഗിച്ചതായി ചരിത്രമുണ്ട്. എന്നാല്‍ ഇവയെല്ലാം കാര്‍ഡ്‌ബോര്‍ഡ്‌ പോലുള്ള വസ്തുക്കള്‍കൊണ്ടോ മുളകൊണ്ടോ നിര്‍മിച്ചിതായിരുന്നു. അതുകൊണ്ടു തന്നെ ഇവയുടെ നശീകരണ ശേഷി പരിമിതമായിരുന്നു. 

മിസൈൽ സാങ്കേതികവിദ്യയില്‍ ഏറെ മുന്നോട്ടുപോയതാണ് ടിപ്പുവിന്റെ പ്രധാന നേട്ടം. മരവും മുളയും കടലാസുമൊക്കെ മാറ്റി ഇരുമ്പ് ട്യൂബുകളില്‍ വെടി മരുന്ന് നിറച്ചാണ് ടിപ്പു എതിരാളികള്‍ക്ക് നേരെ തൊടുത്തുവിട്ടിരുന്നത്. ഇത് ശത്രുപക്ഷത്ത് വലിയ നാശം വിതച്ചു. രണ്ടര കിലോമീറ്റര്‍ വരെ ദൂരത്തേക്ക് ഈ റോക്കറ്റുകള്‍ക്ക് സഞ്ചരിക്കാനായിരുന്നു. അന്നത്തെ നിലയില്‍ ഇത് ഏറ്റവും ശേഷിയുള്ള റോക്കറ്റുകളാണ്. 

rockets

1780 ല്‍ നടന്ന രണ്ടാം മൈസൂര്‍ യുദ്ധത്തിലാണ് ഈ മിസൈലുകൾ ബ്രിട്ടീഷ് സൈന്യത്തെ ഓടിപ്പിച്ചുകളഞ്ഞത്. വില്യം ബെയ്‌ലിയുടെ നേതൃത്വത്തിലെത്തിയ ബ്രിട്ടീഷ് കമ്പനി പട്ടാളം ടിപ്പുവിന്റെ മിസൈലുകള്‍ക്ക് മുൻപില്‍ ചിതറി പോയി. റോക്കറ്റ് തൊടുത്തുവിടാന്‍ മാത്രമായി അയ്യായിരം പട്ടാളക്കാരാണ് ടിപ്പുവിന്റെ സൈന്യത്തിലുണ്ടായിരുന്നത്. യുദ്ധമുന്നണിയില്‍ നിന്നും തിരിഞ്ഞോടിയ വില്യം ബെയ്‌ലിക്ക് അത് വലിയ നാണക്കേടും പാഠവുമായി മാറി. 

അന്നത്തെ കാലത്ത് പാശ്ചാത്യരേക്കാള്‍ ഏറെ മുന്നിലായിരുന്നു ടിപ്പു സൈന്യത്തിന്റെ മിസൈൽ സാങ്കേതിക വിദ്യ. മൈസൂരില്‍ മുന്തിയ നിലവാരത്തിലുള്ള ഇരുമ്പ് ലഭിക്കുമെന്നതും മിസൈൽ നിര്‍മാണത്തിന് ഗുണമായി. ശ്രീരംഗപട്ടണം, ചിത്രദുര്‍ഗ, ബിദാനൂര്‍, ബെംഗളൂരു തുടങ്ങി നാല് സ്ഥലങ്ങളില്‍ ടിപ്പുവിന് റോക്കറ്റ് നിര്‍മാണ കേന്ദ്രങ്ങളുണ്ടായിരുന്നു. റോക്കറ്റ് നിര്‍മാണത്തില്‍ കഴിവുതെളിയിച്ചവരാണ് ഇവിടങ്ങളില്‍ പണിയെടുത്തിരുന്നത്. ഭാരത്തിനും വലിപ്പത്തിനും നിറയ്ക്കുന്ന വെടിമരുന്നിനു അനുസരിച്ച് മിസൈൽ എത്ര ദൂരം പോകുമെന്നും കണക്കാക്കാന്‍ ശേഷിയുള്ളവരായിരുന്നു ഇവര്‍. 

rocket-test

ഒരേസമയം 12 മിസൈലുകൾ വരെ ശത്രുവിന് നേരെ തൊടുക്കാന്‍ കഴിയുന്ന വിക്ഷേപണ തറകളും ടിപ്പുവിനുണ്ടായിരുന്നു. ഇത്തരം മിസൈൽ ആക്രമണത്തില്‍ പരിക്കേറ്റാണ് 1799ല്‍ ആര്‍തര്‍ വെല്ലസ്ളി തിരിഞ്ഞോടിയത്. ആദ്യമായാണ് അദ്ദേഹത്തിനും സൈന്യത്തിനും ഇത്തരമൊരു മിസൈൽ ആക്രമണത്തെ അഭിമുഖീകരിക്കേണ്ടി വന്നത്. എന്നാല്‍ ഈ സംഭവം ആര്‍തര്‍ വെല്ലസ്ളിയെ ആകെ മാറ്റികളയുകയും പിന്നീടൊരിക്കലും യുദ്ധമുഖത്തു നിന്നും തിരിഞ്ഞോടാത്ത പോരാളിയാക്കി തീര്‍ക്കുകയും ചെയ്തു. പിന്നീട് 1815ല്‍ സാക്ഷാല്‍ നെപ്പോളിയനെ തന്നെ തോല്‍പ്പിച്ച് വെല്ലിങ്ടണ്‍ പ്രഭുവായി മാറിയതും ചരിത്രം. 

നാളെ: ടിപ്പു സുല്‍ത്താൻ മിസൈൽ സാങ്കേതികവിദ്യയുടെ ആചാര്യൻ