Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ടിപ്പു മിസൈൽ സാങ്കേതികവിദ്യയുടെ ആചാര്യൻ’, നാസയുടെ കേന്ദ്രത്തിലും ചിത്രം

tipu-kalam

ടിപ്പു സുല്‍ത്താനെ മിസൈൽ സാങ്കേതികവിദ്യയുടെ ആചാര്യനെന്നാണ് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം വിശേഷിപ്പിച്ചത്. ടിപ്പു കൊല്ലപ്പെട്ടതിനു ശേഷം എഴുന്നൂറിലധികം മിസൈലുകള്‍ അദ്ദേഹത്തിന്റെ ആയുധശേഖരത്തില്‍ നിന്നു ബ്രിട്ടീഷുകാര്‍ കണ്ടെടുത്തു സ്വന്തമാക്കിയെന്ന് തന്റെ ആത്മകഥയായ 'അഗ്‌നിച്ചിറകുകളില്‍' കലാം രേഖപ്പെടുത്തിയിട്ടുണ്ട്. 

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ വെര്‍ജീനിയയിലെ കേന്ദ്രത്തില്‍ മിസൈലുകളുമായി പോരാടുന്ന ഏഷ്യന്‍ വംശജരുടെ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ ചരിത്രം അന്വേഷിച്ച് പോയപ്പോഴാണ് അതു ബ്രിട്ടീഷുകാരോടു പൊരുതുന്ന ടിപ്പുവിന്റെ പടയാളികളുടേതാണെന്ന് മനസ്സിലായതെന്നും അബ്ദുൽകലാം പറഞ്ഞിട്ടുണ്ട്. കാലത്തിനു മുൻപെ നടന്ന പോരാളിയായിരുന്നു ടിപ്പു സുല്‍ത്താനെന്നതിന് മുന്‍ രാഷ്ട്രപതിയുടെ വാക്കുകള്‍ തന്നെ നേര്‍സാക്ഷ്യം.

റോക്കറ്റ് വിക്ഷേപണത്തിന്റെ ജന്മസ്‌ഥലം ശ്രീരംഗപട്ടണം

റോക്കറ്റ് വിക്ഷേപണത്തിന്റെ ജന്മസ്‌ഥലം ഏതാണ്? ‘അതു ടിപ്പുസുൽത്താന്റെ ആസ്‌ഥാനനഗരമായ ശ്രീരംഗപട്ടണം തന്നെ’ പ്രശസ്‌ത റോക്കറ്റ് ശാസ്‌ത്രജ്‌ഞനും ബ്രഹ്‌മോസ് എയറോസ്‌പേസ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറും മാനേജിങ് ഡയറക്‌ടറുമായിരുന്ന മലയാളി ഡോ. എ. ശിവതാണു പിള്ള ഒരിക്കൽ പറഞ്ഞിട്ടുണ്ട്. 

ഇരുനൂറിലേറെ വർഷങ്ങൾക്കു മുൻപ് ബ്രിട്ടീഷ് സൈന്യത്തിനെതിരെ പോരാടാൻ റോക്കറ്റുകളും അവ തൊടുക്കാൻ ‘വിക്ഷേപണ വാഹനങ്ങളും’ കണ്ടുപിടിച്ച ടിപ്പു തന്നെയാണ് റോക്കറ്റുകളുടെയും സുൽത്താനെന്ന് ശ്രീരംഗപട്ടണം സന്ദർശിച്ചു പഠനം നടത്തിയ ശേഷമാണ് പിള്ള പറഞ്ഞത്. പിള്ളയെ ഈ ഉദ്യമത്തിന് അയച്ചതിനു പിന്നിൽ ഡോ.എ.പി.ജെ. അബ്‌ദുൽ കലാം ആയിരുന്നു.

missile-attack

മൈസൂരിലും ശ്രീരംഗപട്ടണത്തുമായി ടിപ്പുവിന്റെ പ്രവർത്തനമേഖലകളിൽ പിള്ള സമഗ്രപഠനം നടത്തി. പ്രതിരോധ ഗവേഷണ, വികസന സംഘടനയുടെ (ഡിആർഡിഒ) ഗവേഷണ, വികസന ചീഫ് കൺട്രോളർകൂടിയായിരുന്ന പിള്ള ശ്രീരംഗപട്ടണത്തെ സന്ദർശനത്തെക്കുറിച്ചും എത്തിച്ചേർന്ന നിഗമനങ്ങളെക്കുറിച്ചും രാഷ്‌ട്രപതിക്ക് റിപ്പോർട്ടും നൽകിയിരുന്നു. 

‘കലാം ഒരു റോക്കറ്റ് ശാസ്‌ത്രജ്‌ഞനാണ്. സ്വാഭാവികമായും ഇക്കാര്യം എത്രയും വേഗം അറിയാൻ അദ്ദേഹത്തിന് താൽപര്യം കാണും’ എന്നാണ് കലാമിന്റെ നേതൃത്വത്തിൽ ഇന്ത്യ ആദ്യ ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ്എൽവി-മൂന്ന് അയച്ചപ്പോൾ ഒപ്പമുണ്ടായിരുന്ന പിള്ള പറഞ്ഞത്. 

അതേസമയം, റോക്കറ്റ് സാങ്കേതിക വിദ്യകണ്ടുപിടിച്ചത് ടിപ്പു മാത്രമാണെന്നു പറയുന്നില്ലെന്ന് പിള്ള പറഞ്ഞു. അദ്ദേഹത്തോടൊപ്പം യുദ്ധസന്നാഹത്തിൽ പങ്കെടുത്തിരുന്ന ആരെങ്കിലും കണ്ടുപിടിത്തത്തിനു പിന്നിൽ പ്രവർത്തിച്ചുകാണാം. ടിപ്പുവിന്റെ പട്ടാളം 1792 ൽ റോക്കറ്റുകളുപയോഗിച്ചാണ് ബ്രിട്ടീഷുകാരെ തോൽപിച്ചതെന്ന് ലണ്ടനിലെ റോയൽ ആർട്ടിലറി മ്യൂസിയത്തിൽ രേഖകളുണ്ട്. റോക്കറ്റുകൾക്ക് മാത്രമായി ആറായിരം പേരുള്ള ഒരു വിഭാഗം വിദഗ്ധ സംഘം തന്നെയുണ്ടായിരുന്ന ടിപ്പുവിന്റെ പട്ടാളത്തിന് ഒരേസമയം 12 റോക്കറ്റുകൾ വിക്ഷേപിക്കാൻ കഴിയുമായിരുന്നു. തോറ്റോടിയ ബ്രിട്ടീഷ് പട്ടാളം റോക്കറ്റുകളുടെ ഭാഗങ്ങളുമായിട്ടായിരിക്കാം സ്‌ഥലംവിട്ടത്. ടിപ്പുവിന്റെ കണ്ടുപിടിത്തങ്ങളെക്കുറിച്ച് വലിയ ഗവേഷണങ്ങൾ ഇനിയും നടക്കേണ്ടതുണ്ടെന്നുമാണ് പഠനത്തിനു ശേഷം പിള്ള പറഞ്ഞത്.

ഫാത്തുല്‍ മുജാഹിദീൻ: ടിപ്പുവിന്റെ മിസൈൽ ഗവേഷണ ഗ്രന്ഥം

ടിപ്പു സുല്‍ത്താന്റെ മിസൈൽ സാങ്കേതിക സംവിധാനങ്ങളെ കുറിച്ച് വ്യക്തമായി രേഖപ്പെടുത്തിയ ഗ്രന്ഥമാണ് ഫാത്തുല്‍ മുജാഹിദീൻ. സൈന്യത്തിലുള്ളവർക്ക് മിസൈൽ സാങ്കേതിക സംവിധാനങ്ങളെ കുറിച്ച് വ്യക്തമായി പഠിക്കാൻ വേണ്ടിയാണ് അന്നത്തെ കാലത്ത് മിസൈൽ നിർമാണ, ഉപയോഗ സഹായ ഗ്രന്ഥം തന്നെ പുറത്തിറക്കിയത്. സൈനുല്‍ ആബിദിന്‍ ശസ്ത്തുരി എന്ന വ്യക്തിയാണ് ടിപ്പുവിന്റെ നിര്‍ദേശപ്രകാരം ഈ ഗ്രന്ഥം തയാറാക്കിയതെന്നാണ് ചരിത്രം പറയുന്നത്.

നെപ്പോളിയന്‍, ബര്‍മീസ്, 1812 ലെ അമേരിക്കന്‍ യുദ്ധങ്ങളിലും ടിപ്പുവിന്റെ റോക്കറ്റുകളുടെ പരിഷ്കരിച്ച പതിപ്പാണ് ഉപയോഗിച്ചിരുന്നത്. ഈ യുദ്ധങ്ങളിലെല്ലാം കോണ്‍ഗ്രീവ് റോക്കറ്റുകളാണ് ബ്രിട്ടന്‍ ഉപയോഗിച്ചത്. റോക്കറ്റ് എങ്ങനെ നിർമിക്കാം, ഉപയോഗിക്കാം എല്ലാം ഗ്രന്ഥത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. ടിപ്പുവിന്റെ ഓരോ സൈനിക കേന്ദ്രത്തിലും റോക്കറ്റുകൾ കൈകാര്യം ചെയ്യാൻ 200 പേരെ നിയമിച്ചിരുന്നു. ഇക്കാര്യവും ഫാത്തുല്‍ മുജാഹിദീനിൽ പറയുന്നുണ്ട്. 

ടിപ്പുവിന്റെ മൈസൂരിനു കീഴിൽ 16 മുതൽ 24 വരെ സൈനിക യൂണിറ്റുകളാണ് ഉണ്ടായിരുന്നത്. റോക്കറ്റുകൾ നിർമിക്കാനും വിക്ഷേപിക്കാനും പ്രത്യേകം പരിശീലന കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. ഒരു വിക്ഷേപണ തറയിൽ നിന്നു തന്നെ നിരവധി റോക്കറ്റുകൾ തൊടുക്കാൻ സാധിച്ചിരുന്നു. പ്രത്യേകം ചക്രങ്ങളുള്ള റോക്കറ്റ് ലോഞ്ചറുകളെ കുറിച്ചും ഗ്രന്ഥത്തിൽ പറയുന്നുണ്ട്. ഒരേസമയം പത്ത് റോക്കറ്റുകൾ വരെ വിക്ഷേപിക്കാമായിരുന്നു. റോക്കറ്റുകളുടെ മുൻഭാഗത്ത് ഇരുതല മൂർച്ചയുള്ള ബ്ലേഡുകൾ ഘടിപ്പിച്ചിരുന്നു. ഇതു വഴി നിരവധി ശത്രുക്കളെ കൊന്നൊടുക്കാമായിരുന്നു. പുറമെ സ്ഫോടനം വഴിയും ആക്രമണം നടത്തി.

rockets

വിവിധ വലിപ്പത്തിലുള്ള റോക്കറ്റുകളാണ് ടിപ്പുവിന്റെ സംഘം നിർമിച്ചിരുന്നത്. ഒരു റോക്കറ്റിന് രണ്ടു ഭാഗങ്ങളാണ് ഉണ്ടായിരുന്നത്. മിസൈലിന്റെ മുൻ ഭാഗം ഇരുമ്പ് ചട്ട കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഈ ഭാഗത്തിന് എട്ട് ഇഞ്ച് നീളവും ഒന്നരയിഞ്ച് മുതൽ മൂന്ന് ഇഞ്ചുവരെ വ്യാസവും കാണാം. ഇതാണ് പോർമുന. സ്ഫോടനം നടത്താനുള്ള കരിമരുന്ന് നിറയ്ക്കുന്നതും ഇവിടെയാണ്. മുളയാണ് റോക്കറ്റിന്റെ രണ്ടാം ഭാഗം. ആദ്യ ഭാഗത്തോടു ചേർത്താണ് മുള ബന്ധിപ്പിച്ചിരിക്കുന്നത്. നാലടി നീളമുള്ളതാണ് മുള ഭാഗം. ഒരു പൗണ്ട് കരിമരുന്ന് നിറയ്ക്കുന്ന റോക്കറ്റിന് ആയിരം അടി വരെ സഞ്ചരിക്കാൻ ശേഷിയുണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്.