Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിമ്മിന്റെ മിസൈല്‍ പരീക്ഷണത്തിനൊടുവില്‍ വിജയിച്ചത് ദക്ഷിണകൊറിയൻ വിമാനങ്ങൾ!

missile-plane

ദിവസങ്ങൾക്ക് മുൻപ് ഉത്തരകൊറിയ നടത്തിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം ദക്ഷിണ കൊറിയയുടെ കൂടി വിജയമായിരുന്നു. ദക്ഷിണകൊറിയയുടെ മിസൈല്‍ പ്രതിരോധ സംവിധാനമായ എഇഡബ്ലു ആന്റ് സി വിമാനം (എയര്‍ബോണ്‍ ഏര്‍ളി വാണിങ് ആന്റ് കണ്‍ട്രോള്‍) പുറപ്പെട്ട് ഒരു മിനിറ്റിനുള്ളില്‍ തന്നെ ഉത്തരകൊറിയന്‍ മിസൈലിനെ തിരിച്ചറിഞ്ഞു. ഇത്തരത്തിലുള്ള നാല് വിമാനങ്ങളാണ് ദക്ഷിണകൊറിയക്കുള്ളത്.

ഒരു മിനിറ്റിനകം ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം തിരിച്ചറിയാനായത് ദക്ഷിണകൊറിയന്‍ സൈന്യത്തിന് അഭിമാനിക്കാവുന്ന കാര്യമായാണ് വിലയിരുത്തപ്പെടുന്നത്. അത്ര വേഗത്തില്‍ ശത്രുവിന്റെ നീക്കം മനസ്സിലാക്കി പ്രത്യാക്രമണം നടത്താനുള്ള ശേഷിയെയാണ് ഇത് കാണിക്കുന്നത്. ഈ മിസൈല്‍ നീക്കം മനസ്സിലാക്കിയത് പുലര്‍ച്ചെ 3.17നാണ്. ആറ് മിനിറ്റിനകം തന്നെ 3.23ന് കരയിലെ മിസൈല്‍ ലോഞ്ചറുകളും യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും പൂര്‍ണ്ണമായും സജ്ജമാക്കാൻ ദക്ഷിണകൊറിയക്ക് സാധിച്ചിരുന്നു.

ഉത്തരകൊറിയന്‍ മിസൈല്‍ വിക്ഷേപണം തിരിച്ചറിഞ്ഞ് നിമിഷങ്ങള്‍ക്കകം തന്നെ മറുപടിയായി ദക്ഷിണകൊറിയ ചില മിസൈലുകളും തൊടുത്തിരുന്നു. ഉത്തരകൊറിയയുടെ കിഴക്കായി കടലിലാണ് ഈ മിസൈലുകള്‍ പതിച്ചത്. ആളപായമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഉത്തരകൊറിയക്ക് കാണാനാകും വിധമായിരുന്നു ഈ മിസൈലുകള്‍ വിക്ഷേപിച്ചത്. ഉത്തരകൊറിയ പരീക്ഷിച്ച മിസൈല്‍ സഞ്ചരിച്ച അത്ര തന്നെ ദൂരം സഞ്ചരിച്ച ശേഷമാണ് ദക്ഷിണകൊറിയന്‍ മിസൈലുകള്‍ കടലില്‍ പതിച്ചത്.

ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര മിസൈലുകളെ ആവശ്യമെങ്കില്‍ വായുവില്‍ വെച്ചു തന്നെ തകര്‍ക്കാന്‍ ശേഷിയുണ്ടെന്ന് തെളിയിക്കുകയാണ് ഈ നീക്കത്തിലൂടെ ദക്ഷിണകൊറിയ ചെയ്തത്. ഉത്തരകൊറിയന്‍ പ്രകോപനങ്ങളെ കൂടുതല്‍ ശക്തമായി തിരിച്ചടിക്കുകയെന്ന ദക്ഷിണകൊറിയന്‍ തീരുമാനവും പുലര്‍ച്ചെ നടന്ന ഈ സൈനിക ബലാബലത്തിലുണ്ടായിരുന്നു.