ADVERTISEMENT

പതിനഞ്ച് ദിവസം വരെ നീളുന്ന യുദ്ധത്തിന് ആവശ്യമായ ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കാന്‍ പ്രതിരോധ സേനകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ചൈനയുമായുള്ള അതിർത്തി സംഘർഷം തുടരുന്നതിനിടയിൽ, 15 ദിവസത്തെ തീവ്രമായ യുദ്ധത്തിനായി ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുന്നത് വർധിപ്പിക്കാൻ പ്രതിരോധ സേനകളെ അധികാരപ്പെടുത്തി എന്നാണ് അറിയുന്നത്. ഇതിനു വേണ്ട നടപടികളും സ്വീകരിച്ചു.

കിഴക്കൻ ലഡാക്കിലെ ചൈനയുമായുള്ള സംഘർഷം മുന്നിൽകണ്ട് ആയുധങ്ങൾ സജ്ജമാക്കേണ്ടതുണ്ട്. ഇതിനായി അടിയന്തര ഫണ്ട് ഉപയോഗപ്പെടുത്തി പ്രതിരോധ സേനകൾ പ്രാദേശിക, വിദേശ സ്രോതസ്സുകളിൽ നിന്ന് ഉപകരണങ്ങളും വെടിക്കോപ്പുകളും വാങ്ങുന്നതിന് 50,000 കോടി രൂപ വരെ ചെലവഴിക്കുമെന്നാണ് കരുതുന്നത്.

നിലവിലെ പത്ത് ദിവസത്തെ യുദ്ധത്തിനു വേണ്ട സംഭരണത്തിൽ നിന്ന് ആയുധ-വെടിക്കോപ്പുകളുടെ കരുതൽ ശേഖരം കുറഞ്ഞത് 15 ദിവസത്തേക്ക് ഉയർത്താനാണ് അംഗീകാരം നൽകിയത്. ചൈനയുമായും പാകിസ്ഥാനുമായും ഒരേസമയം യുദ്ധത്തിന് പ്രതിരോധ സേനയെ സജ്ജമാക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്. ശത്രുക്കളുമായി 15 ദിവസത്തെ ശക്തമായ യുദ്ധം ചെയ്യാനുള്ള കരുതൽ ശേഖരത്തിലേക്ക് നിരവധി ആയുധ സംവിധാനങ്ങളും വെടിക്കോപ്പുകളും വാങ്ങുന്നുണ്ട്. സംഭരണം ഇപ്പോൾ പത്ത് ദിവസ ലെവലിൽ നിന്ന് 15 ദിവസ ലെവലിലേക്ക് ഉയർത്തുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

പ്രതിരോധ സേനയ്‌ക്കായി മികച്ച ആയുധ സംഭരണത്തിനുള്ള അംഗീകാരം നേരത്തെ തന്നെ നൽകിയതായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. നേരത്തെ 40 ദിവസം വരെ നീളുന്ന യുദ്ധത്തിനുള്ള ആയുധശേഖരത്തിന് അനുമതിയുണ്ടായിരുന്നു. എന്നാല്‍ ആയുധങ്ങളുടെ കുറവും യുദ്ധങ്ങളുടെ സ്വഭാവത്തിലെ മാറ്റവും പരിഗണിച്ച് ഇത് പത്ത് ദിവസമായി കുറയ്ക്കുകയായിരുന്നു. 

‍ഉറി ആക്രമണത്തെ തുടര്‍ന്നാണ് യുദ്ധത്തിനുള്ള ആയുധ ശേഖരം കുറവാണെന്ന് രാജ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കരസേന, നാവിക സേന, വ്യോമ സേനാ വിഭാഗങ്ങളുടെ സാമ്പത്തിക അധികാരങ്ങളില്‍ ഇളവ് നല്‍കി പ്രതിരോധ മന്ത്രാലയം കൂടുതല്‍ ആയുധശേഖരത്തിന് വഴിയൊരുക്കുകയായിരുന്നു. അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കറുടെ നേതൃത്വത്തിലുള്ള പ്രതിരോധ മന്ത്രാലയം കരസേന, നാവികസേന, വ്യോമസേനാ വൈസ് മേധാവികളുടെ സാമ്പത്തിക അധികാരം 100 കോടിയിൽ നിന്ന് 500 കോടി രൂപയായി ഉയർത്തുകയും ചെയ്തിരുന്നു. യുദ്ധങ്ങൾക്ക് ഉപയോഗപ്രദമാകുമെന്ന് തോന്നുന്ന ഏതെങ്കിലും ഉപകരണങ്ങൾ വാങ്ങുന്നതിന് 300 കോടി രൂപയുടെ അടിയന്തര സാമ്പത്തിക അധികാരങ്ങൾ മൂന്ന് സൈനിക വിഭാഗങ്ങൾക്കും നൽകിയിട്ടുണ്ട്.

English Summary: Indian defence forces to stock weapons and ammunition for 15-day intense war

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT