ADVERTISEMENT

പതിറ്റാണ്ടുകളോളം ആരുടെയും ശ്രദ്ധ പിടിച്ചുപറ്റാതെ കൃത്യനിര്‍വഹണത്തില്‍ മാത്രം ശ്രദ്ധിച്ചുവന്ന ഇസ്രയേലിന്റെ ഇന്റലിജന്‍സ് സംഘടനയായ മൊസാദ് ചുവടു മാറുകയാണോ എന്നൊരു സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. നെറ്റ്ഫ്‌ളിക്‌സ്, ഹുലു, ആപ്പിള്‍ ടിവി തുടങ്ങയിവയിലുള്ള സീരിയലുകളില്‍ മൊസാദിന്റെ പ്രവര്‍ത്തനം ആകര്‍ഷകമായ രീതിയില്‍ അവതരിപ്പിച്ചുവരികയാണ്. ഇത് സംഘടനയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനുള്ള ശ്രമമാണോ എന്നാണ് ഉയരുന്ന ചോദ്യം. ഇനി, യഥാര്‍ഥ ജീവിതത്തിലേക്കു വന്നാലും മറ്റൊരു കാലത്തും ഇല്ലാതിരുന്നതു പോലെ മൊസാദ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാണെന്നു കാണാം. രണ്ടു വര്‍ഷം മുൻപ് ഇറാന്റെ ആണവരഹസ്യങ്ങളുടെ ഒരു കൂമ്പാരം തന്നെ കടത്തിയതും, അല്‍-ഖ്വയ്ദയുടെ രണ്ടാമനെ ടെഹ്‌റാനില്‍ കഴിഞ്ഞ വര്‍ഷം വകവരുത്തിയതും, കഴിഞ്ഞ മാസം ഇറാന്റെ പ്രധാന ആണവ ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയതുമെല്ലാം മൊസാദാണെന്ന ആരോപണം ഉയരുന്ന സമയവുമാണിത്.

 

ഇതേ സമയത്താണ് ആപ്പിള്‍ ടിവി പ്ലസില്‍ വന്‍ ഹിറ്റായി മാറിയ 'ടെഹ്‌റാന്‍', നെറ്റ്ഫ്‌ളിക്‌സില്‍ തകര്‍ത്തോടിയ ' ദി സ്‌പൈ', ഹൂലുവിലെ 'ഫോള്‍സ് ഫ്‌ളാഗ്' തുടങ്ങിയ സീരിയലുകളില്‍ മൊസാദിനെ ആകര്‍ഷകമായ രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നത് എന്നത് തികച്ചും യാദൃശ്ചികം മാത്രമാണോ എന്നാണ് ചോദ്യമുയരുന്നത്. കണ്ണില്‍ ചോരയില്ലാത്ത, വിട്ടുവീഴ്ചയില്ലാത്ത, ശക്തിമത്തായ ഒരു യന്ത്രമെന്ന രീതിയിലാണ് മൊസാദിന്റെ പ്രവര്‍ത്തനത്തെ സീരിയലുകളില്‍ അവതരിപ്പിക്കുന്നത്. നേരത്തെ ശ്രദ്ധയാകര്‍ഷിക്കാതെ കൃത്യനിര്‍വഹണം മാത്രം നടത്തിവന്ന മൊസാദ് എന്തിനാണിപ്പോള്‍ പ്രശസ്തി ആഗ്രഹിക്കുന്നത് എന്നതാണ് ചോദ്യം. മൊസാദിനായി മുൻപ് ചാരവൃത്തി നടത്തിയിട്ടുള്ളവര്‍ പറയുന്നത് അവര്‍ക്കിപ്പോള്‍ പുതിയ ആളുകളെ ജോലിക്ക് എടുക്കേണ്ടിയിരിക്കുന്നു. അതിനാല്‍ ആളുകളെ ആകര്‍ഷിക്കാനാണ് ഈ നീക്കം എന്നാണ് അവരുടെ വാദം.

 

യുദ്ധ സാങ്കേതികവിദ്യ അതിവേഗം വളരുന്ന ഇക്കാലത്ത് മൊസാദിന്റെ സാധ്യതകളും വളരുകയാണെന്നു പറയുന്നു. ഇതിനായി അവര്‍ക്ക് മിടുക്കരായ ആളുകളെ വേണം. ഇസ്രയേലില്‍ സ്വകാര്യ മേഖലയില്‍ ടെക്‌നോളജി കമ്പനികള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. മൊസാദിനിപ്പോള്‍ അവരും എതിരാളികളാണ്. അപ്പോള്‍ മിടുക്കരായ ആളുകളെ തങ്ങളിലേക്ക് അടുപ്പിച്ചെടുക്കാനായാണ് സംഘടനയെ സാമര്‍ഥ്യത്തിന്റെ പര്യായമായി ചിത്രീകരിച്ച് പുതിയ സീരിയലുകള്‍ ഇറക്കുന്നതത്രെ. മിലിറ്ററിക്കൊപ്പം ജോലിയെടുത്ത് കീര്‍ത്തി സമ്പാദിക്കാന്‍ ആഗ്രഹിച്ചിരുന്നവര്‍ പലരും ഇപ്പോള്‍ സ്വകാര്യ മേഖലയ്‌ക്കൊപ്പം ചേര്‍ന്ന് പത്തു കാശുണ്ടാക്കാന്‍ നോക്കുന്നു എന്നതാണ് മൊസാദ് ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങളിലൊന്ന്. മൊസാദിനൊപ്പം പ്രവര്‍ത്തിച്ച് അനുഭവസമ്പത്തുള്ളവര്‍ വരെ സ്വാകാര്യ മേഖലയിലേക്ക് ചേക്കേറുകയോ സ്വന്തം കമ്പനികള്‍ തുടങ്ങുകയോ ചെയ്യുന്നു. ഇസ്രയേല്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വെയ്‌സ്, വിക്‌സ്, വൈബര്‍ തുടങ്ങി പല കമ്പനികളും ഇത്തരത്തില്‍ തുടങ്ങിയവയാണെന്നു കാണാം.

 

ഇതിനെതിരെ, 2016 മുതല്‍ മൊസാദിന്റെ മേധാവിയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അടുത്തയാളുമായ യോസി കോഹന്‍ കൂടുതല്‍ ആളുകളെ സംഘടനയിലേക്ക് ആകര്‍ഷിക്കുകയാണ്. തങ്ങളുടെ അട്ടിമറി പ്രവര്‍ത്തനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും, ചെലവിടുന്ന പണം ദശലക്ഷക്കണക്കിനു ഡോളര്‍ വര്‍ധിപ്പിച്ചിട്ടുമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തങ്ങളുടെ കീര്‍ത്തി വര്‍ധിപ്പിക്കാനായി സമൂഹ മാധ്യമങ്ങളില്‍ തന്ത്രപൂര്‍വം ഇടപെടുന്നു. മൊസാദിന്റെ വീരകൃത്യങ്ങളെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത തരത്തിലുള്ള വിവരങ്ങള്‍ യഥേഷ്ടം പ്രചരിപ്പിക്കാനും ശ്രമിക്കുന്നുവെന്നും ആരോപണമുണ്ട്. നിരവധി ടിവി ഷോകളിലും സിനിമകളിലു മൊസാദ് 'മുഖം കാണിക്കുന്നുമുണ്ട്'. ടോപ് ഗണ്‍ എന്ന സിനിമ അമേരിക്കന്‍ നാവിക സേനയുടെ പ്രവര്‍ത്തനത്തെ മാഹാത്മ്യമുള്ള ഒന്നായി വാഴ്ത്തിയതോടെ, അങ്ങോട്ട് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനായി എന്ന ഉദാഹരണമാണ് മൊസാദിനെ ഇപ്പോള്‍ സീരിയലുകളും മറ്റും ഒരുക്കി ഒന്നു പയറ്റി നോക്കാന്‍ പ്രേരിപ്പിക്കുന്നതത്രെ. ഇതിലൂടെ മൊസാദിനൊപ്പമുള്ള ജീവിതം ആകര്‍ഷകമാണെന്നു കാണിക്കാന്‍ ശ്രമിക്കുകയാണത്രെ ചെയ്യുന്നത്.

 

ഇതെല്ലാം കാണുമ്പോള്‍ പൊതുജനത്തിന് മൊസാദിന്റെ പൈതൃകം പിന്‍പറ്റാന്‍ തോന്നണം. അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ അവര്‍ക്ക് അഭിമാനം തോന്നണം. ഭാവിയില്‍ നടന്നേക്കാവുന്ന കാര്യങ്ങളില്‍ പങ്കെടുക്കാനുള്ള സാധ്യത തങ്ങള്‍ക്കു മുന്നില്‍ ഇപ്പോള്‍ തെളിയുകയാണ് എന്ന തോന്നലും ഉണ്ടാകണമെന്നും മൊസാദിനപ്പം പ്രവര്‍ത്തിച്ചു വന്ന ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു. മൊസാദിന്റെ പുതിയ വെബ്‌സൈറ്റും പുതിയ വീക്ഷണഗതി വിളിച്ചോതുന്നതാണ്. ഹോം പേജില്‍ തന്നെ ഒരു ഉദ്ധരിണിയാണ് നിങ്ങളെ സ്വാഗതം ചെയ്യുക- പെട്ടെന്ന്, സിനിമകളില്‍ മാത്രം നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ ചെയ്യുന്ന ഒരുത്തനായി ഞാന്‍ മാറിയിരിക്കുകായണ്. ജെയിംസ് ബോണ്ട് സിനിമകളില്‍ നിന്നും അവര്‍ ആവേശം ഉള്‍ക്കൊള്ളുന്നുണ്ട്.

 

സ്റ്റീവ്ന്‍ സ്പീല്‍ബര്‍ഗിന്റെ 'മ്യൂനിക്' എന്ന സിനിമയില്‍ നായകന്‍ ഒരു മൊസാദ് ഏജന്റാണ്. അയാള്‍, 1972 ഒളിംപിക്‌സില്‍ 11 ഇസ്രയേലി കായിക താരങ്ങളെ കൊന്ന പാലസ്തീന്‍ തീവ്രവാദികള്‍ക്കെതിരെ പ്രതികാരത്തിനിറങ്ങുന്നതാണ് കഥ. മ്യൂനിക്ക് അടക്കം ഇങ്ങനെ ഇറക്കിയ സിനിമകളിലെല്ലാം ഇത്തരം നീക്കങ്ങള്‍ നായകനിലേല്‍പ്പിക്കുന്ന മാനസികാഘാതം എടുത്തുകാണിക്കുന്നു. മൊസാദിന്റെ പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ ഒരു പ്രതികരണവും നടത്തില്ലെന്ന നയമാണ് ഔദ്യോഗികമായി ഇസ്രയേലിന്റേത്. ഇറന്റെ ആണവ ശാസ്ത്രജ്ഞനെ കൊന്ന കാര്യത്തില്‍ നേതാക്കള്‍ ഒരു പ്രതികരണവും തന്നെ നടത്തിയില്ലെന്നു കാണാം. എന്നാൽ, ഇത് മൊസാദിന്റെ ചെയ്തിയാണെന്നാണ് പരക്കെ വിശ്വസിക്കപ്പെടുകയുമാണ്. ഇസ്രയേലിന്റെ വിശകലന വിദഗ്ധര്‍ പറയുന്നത് ആണവ ശക്തിയാകാനുള്ള ഇറാന്റെ നീക്കത്തെ കൊല്ലുകയാണ് ഇതുവഴി ചെയ്തിരിക്കുന്നതെന്നാണ്. പക്ഷേ അവരുടെ വിമര്‍ശകര്‍ പറയുന്നത് നിയമപരമല്ലാത്ത ഒരു നീക്കമായിരുന്നു അതെന്നും, വേണമെന്നു വച്ചാല്‍ ഇറാന് എപ്പോള്‍ വേണമെങ്കലും അണ്വായുധം ലഭിക്കുമെന്നുമാണ്. എന്നാല്‍, 2018ല്‍ ഇറാനില്‍ നിന്നു രഹസ്യമായി പിടിച്ചെടുത്ത ആണവ ഫയലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പറയാനായി നെതന്യാഹു തന്നെ ടിവിയില്‍ പ്രത്യക്ഷപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇത്തരത്തിലുള്ള സംഭവങ്ങള്‍ വളരെ കുറവാണ്.

 

ഇസ്രയേലില്‍ തിരക്കഥാകൃത്തുക്കളും, പ്രൊഡ്യൂസര്‍മാരും വളരെ അടുത്തു പെരുമാറുന്ന ഒരു കൂട്ടം ആളുകളെ പോലെയാണ്. അവരുടെ അടുത്ത സുഹൃത്തോ ബന്ധുവോ ഒക്കെ മൊസാദിനായി പ്രവര്‍ത്തിക്കുന്നുണ്ടാകാം. അതിനാല്‍ അത്തരം കഥകള്‍ പറയുക വിഷമമുള്ള കാര്യമല്ലെന്നും ഇസ്രയേലി സംവിധായകനായി എയ്ടന്‍ ഫോക്‌സ് പറയുന്നു. മൊസാദിനെ കേന്ദ്ര സ്ഥാനത്തു നിർത്തി ഒരുക്കുന്ന സിനിമകളും ടിവി സീരിയലുകളും ധാരാളമായി കയറ്റുമതി ചെയ്യപ്പെടുന്നുമുണ്ട്. പുതിയ ട്രെന്‍ഡ് തുടങ്ങുന്നത് 2010ലാണ്.

 

എന്നാല്‍, ഇത്തരം തുറന്ന രീതികള്‍ ശരിയല്ലെന്നു വാദിക്കുന്ന മൊസാദ് രഹസ്യപ്പോലീസുകാരുമുണ്ട്. അതിഭാവുകത്വം കലര്‍ന്ന നാടകം പ്രതീക്ഷിച്ച് എത്തുന്നവര്‍ക്ക് കാര്യപ്രാപ്തിയുണ്ടാകണമെന്നില്ലെന്നും വാദമുണ്ട്. മൊസാദിനായി 26 വര്‍ഷം ചാരപ്രവര്‍ത്തനം നടത്തിയ ഓര്‍ണാ ക്ലെയിന്‍ എന്ന സ്ത്രീ അത്തരത്തിലൊരാളാണ്. ഓര്‍ണാ പറയുന്നത്, താന്‍ ജോലിയെടുത്ത 26 വര്‍ഷവും രാത്രിയിയില്‍ മുഴുവന്‍ ലൈറ്റ് ഓണ്‍ ചെയ്തു വച്ചിരുന്നു എന്നാണ്. കാരണം താന്‍ ഇടയ്ക്ക് ഉണര്‍ത്തപ്പെട്ടാല്‍, താന്‍ ഏതു രാജ്യത്താണ് അന്ന് ഉറങ്ങാന്‍ കിടന്നത്, താന്‍ ഏതു ഭാഷയാണ് സംസാരിക്കേണ്ടത്, താനാരായാണ് ഭാവിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളൊക്കെ ക്ഷണത്തില്‍ ഓര്‍ത്തെടുക്കാന്‍ അതു വേണ്ടിയിരുന്നു എന്നാണ് ഓര്‍ണാ പറയുന്നത്. താന്‍ ജോലിയെടുത്തിരുന്ന കാലത്ത് ആരും ഒരു കാര്യത്തെക്കുറിച്ചും മാധ്യമങ്ങളോടും മറ്റും സംസാരിച്ചിരുന്നില്ലെന്ന് അവര്‍ പറയുന്നു. അത് ജോലിയുടെ ഭാഗമായിരുന്നില്ല. പക്ഷേ, ഇക്കാലത്ത് പഴയുതുപോലെ ആള്‍മാറാട്ടം നടത്തലൊന്നും നടക്കില്ലെന്നു പറയുന്നു. കൂടാതെ, 2010ല്‍ ഹമാസ് ഉദ്യോഗസ്ഥനെ ദുബായിയില്‍ വച്ച് വധിച്ച ശേഷമാണ് മൊസാദിന്റെ അറിയപ്പെടാനുള്ള ഭ്രമം തുടങ്ങിയതെന്നു പറയുന്നു.

 

English Summary: Israel’s top-secret Mossad looks to recruit via Netflix, Hulu and Apple TV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT