ADVERTISEMENT

‘അന്ത്യദിന ആയുധ’മെന്ന് വിശേഷിപ്പിക്കുന്ന, കടലിനടിയില്‍ നിന്ന് തൊടുക്കാവുന്ന ഡ്രോണ്‍ നിര്‍മിച്ച് റഷ്യന്‍ നാവികസേന. ഹിരോഷിമയില്‍ വർഷിച്ചത്തിന്റെ 133 ഇരട്ടി ശക്തിയുള്ള ആറ്റം ബോംബ് വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ ഡ്രോണ്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പുറത്തിറക്കിയ ആറ് വരും തലമുറ ആയുധങ്ങളിലൊന്നാണ് പൊസൈയ്ഡന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ഡ്രോണ്‍.

 

അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള ബെല്‍ഗൊറോഡ് മുങ്ങിക്കപ്പലില്‍ നിന്ന് പൊസൈയ്ഡണിന്റെ ആദ്യ പരീക്ഷണം റഷ്യന്‍ നാവികസേന നടത്തിക്കഴിഞ്ഞു. ഈ പുതിയ ഡ്രോണ്‍ ആയുധത്തെ കൂടി ഉള്‍ക്കൊള്ളുന്ന നിലയിലേക്ക് തങ്ങളുടെ മുങ്ങിക്കപ്പലുകളിലെ സൗകര്യങ്ങള്‍ 2022 ആകുമ്പോഴേക്കും റഷ്യ പൂര്‍ത്തിയാക്കുമെന്നാണ് മോസ്‌കോ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. 2020ല്‍ മുങ്ങിക്കപ്പൽ ഡ്രോണ്‍ പുറത്തിറക്കുമെന്നാണ് റഷ്യ നേരത്തെ അറിയിച്ചിരുന്നതെങ്കിലും അജ്ഞാത കാരണങ്ങള്‍കൊണ്ട് നീളുകയായിരുന്നു. 

 

സമുദ്രങ്ങളുടേയും ഭൂകമ്പങ്ങളുടേയും കുതിരകളുടേയും പുരാതന ഗ്രീക്ക് ദൈവമായ പൊസൈയ്ഡണിന്റെ പേരാണ് ഈ യുയുവിക്ക്(Unmanned underwater vehiclse) റഷ്യ നല്‍കിയിരിക്കുന്നത്. അണ്വായുധങ്ങള്‍ മാത്രമല്ല മറ്റ് ആയുധങ്ങളും പൊസൈയ്ഡണിലൂടെ പ്രയോഗിക്കാനാകും. ഫോബ്‌സ് മാസികയില്‍ 2019 നവംബറില്‍ എച്ച്.ഐ. സട്ടണ്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് പൊസൈയ്ഡണ്‍ എന്നത് ലോകത്ത് നിലവില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വിനാശകാരിയായ ആയുധങ്ങളിലൊന്നാണ് എന്നാണ്. 

 

ഈ ആയുധത്തെക്കുറിച്ച് റഷ്യ അധികം വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഓരോ തവണ പൊസൈയ്ഡണിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോഴും പുതിയ വിവരങ്ങളും ഉണ്ടായിരിക്കും. സമുദ്രത്തോട് ചേര്‍ന്നുള്ള നഗരങ്ങളില്‍ രണ്ട് മെഗാടണ്‍ ശേഷിയുള്ള അണ്വായുധവുമായി ആക്രമണം നടത്താന്‍ പൊസൈയ്ഡണിന് സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. രണ്ട് മെഗാ ടണ്‍ എന്നത് ഹിരോഷിമയില്‍ ഇട്ട അണുബോംബിന്റെ 133 ഇരട്ടി വരും. 

 

2019ലും 2020ലും റഷ്യ നീറ്റിലിറക്കിയ ഓസ്‌കാര്‍ ക്ലാസ് ബെല്‍ഗൊറോഡ്, ഖാബറോസ്‌ക് മുങ്ങിക്കപ്പലുകളില്‍ പൊസൈയ്ഡണിനെ വഹിക്കാനുള്ള സൗകര്യമുണ്ട്. 400 മെഗാടണ്‍ വരെ ശേഷിയുള്ള അണ്വായുധങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട് ബെല്‍ഗൊറോഡ് മുങ്ങിക്കപ്പലിന്. കടലിന് അടിത്തട്ടില്‍ നിന്നോ പ്രത്യേകം തയാറാക്കിയ മൊബൈല്‍ വിക്ഷേപണത്തറയില്‍ നിന്നോ ലക്ഷ്യ കേന്ദ്രത്തിലേക്ക് പൊസൈയ്ഡണിന് പുറപ്പെടാനാകും.

 

English Summary: New Russian Drone Can Carry Nuke ‘133 Times More Powerful Than Hiroshima Bomb’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com