ADVERTISEMENT

മനുഷ്യന്റെയും യന്ത്രത്തിന്റെയും ശക്തിയുള്‍ക്കൊള്ളുന്ന അമാനുഷികന്‍ എന്ന സങ്കല്‍പം സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ നിന്ന് വിട്ട് യഥാര്‍ഥ ലോകത്തേക്ക് എത്താൻ ഇനി ഒരുപാടു കാലം കാത്തിരിക്കേണ്ടി വരില്ലെന്ന് റിപ്പോർട്ട്. ‘അമാനുഷികൻ’ അടുത്ത പതിറ്റാണ്ടില്‍ തന്നെ സംഭവിക്കുമെന്നാണ് അമേരിക്കന്‍ ബഹിരാകാശ സേനയുടെ മുഖ്യ ശാസ്ത്രജ്ഞന്‍ ഡോ. ജോയല്‍ മൊസര്‍ പറയുന്നത്. അമേരിക്കയുടെ എര്‍ഫോഴ്‌സ് ഗവേഷണ ലബോറട്ടറി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം അമേരിക്കയും മനുഷ്യ-യന്ത്ര സങ്കലനത്തിന് ഒരുങ്ങുന്നുവെന്ന വിവരം വെളിപ്പെടുത്തിയത്. ഈ മാറ്റം അമേരിക്കന്‍ പ്രതിരോധ സേനയ്ക്ക് നിര്‍ണായകമാണെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ തന്ത്രപരമായി നീങ്ങുന്ന തങ്ങളുടെ എതിരാളികള്‍ക്കു പിന്നിലായി പോകുമെന്നും അദ്ദേഹം പറഞ്ഞു. 

 

ഗൂഗിളിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫാഗോ സീറോ (AlphaGo Zero-ഇത് ആല്‍ഫാ ഗോയുടെ പരിഷ്‌കരിച്ച പതിപ്പാണ്) കമ്പനി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയ്ക്ക് 'ഗോ' എന്ന കളിയില്‍ ഏതാനും ആഴ്ചയ്ക്കുള്ളില്‍ ആരെയും കീഴ്‌പ്പെടുത്താനുള്ള ശേഷിയാര്‍ജിക്കാന്‍ സാധിച്ചിരുന്നു. ഇതുപോലെയുള്ള മാറ്റങ്ങളാണ് സേനയിലേക്കും ആവാഹിച്ചെടുക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ജോയല്‍ വെളിപ്പെടുത്തി. ഇങ്ങനെ അസാധാരണ ശേഷികള്‍ ഉള്‍പ്പെടുത്തുക വഴി അമാനുഷിക കഴിവുകളുള്ള മനുഷ്യരെ സൃഷ്ടിക്കാനാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. മനുഷ്യ വൈഭവവും യന്ത്രങ്ങളുടെ ശക്തിയും വേഗവും കാര്യക്ഷമതയും സമ്മേളിപ്പിച്ചായിരിക്കും അതിമാനുഷികരെ സൃഷ്ടിക്കുക. ഏതെങ്കിലും ഒരു മനുഷ്യനോ, പല മനുഷ്യര്‍ക്ക് ഒരുമിച്ചോ സാധ്യമാകാത്ത തരത്തിലുള്ള ശേഷികള്‍ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ആശയങ്ങള്‍ ഉള്‍ക്കൊള്ളിക്കുക എന്നതായിരിക്കും പെന്റഗണിന്റെ ലക്ഷ്യം. ഒരു സാഹചര്യത്തിലെ സാധ്യതകള്‍ എഐ അസാധാരണ വേഗത്തില്‍ കണ്ടെത്തുകയും തുടര്‍ന്ന് അതിലെ ധാര്‍മികവും നൈതികവുമായ കാര്യങ്ങള്‍ മനസിലാക്കുകയും അന്തിമ തീരുമാനം എടുക്കുകയും ചെയ്യുന്ന രീതിയിലാകും അമേരിക്കന്‍ സേന അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യ-യന്ത്ര സങ്കലനമെന്ന് ശാസ്ത്രജ്ഞന്‍ പറയുന്നു.

 

∙ ആല്‍ഫാഗോ സീറോ

 

ചില നിര്‍ദേശങ്ങള്‍ നല്‍കുമ്പോൾ തന്നെ ആല്‍ഫാഗോ സീറോ എല്ലാം തനിയെ പഠിച്ചെടുത്തിരുന്നു. ചെസ് കളിയുടെ നിയമങ്ങള്‍ പ്രോഗ്രാം ചെയ്തിരിക്കുന്ന ആല്‍ഫാഗോ സീറോ പിന്നീട് അതിനോടു തന്നെ ചെസ് കളിച്ച് താന്‍ പഠിച്ചുവച്ച കാര്യങ്ങള്‍ ഊട്ടിയുറപ്പിക്കുകയായിരുന്നു. അടുത്തതായി എന്തു നീക്കമാണ് നടത്താന്‍ പോകുന്നതെന്ന കാര്യം തിരിച്ചറിയാനാകുന്നതു വരെയായിരുന്നു പരിശീലനം. പതിനായിരക്കണക്കിനു നീക്കങ്ങള്‍ക്കു ശേഷം ആല്‍ഫാഗോ സീറോയ്ക്ക് അടുത്തത് എന്തു നീക്കമാണ് നടക്കാന്‍ പോകുന്നതെന്നും അത് കളിയില്‍ എന്തു മാറ്റമായിരിക്കും വരുത്തുക എന്നുമെല്ലാം തീരുമാനിക്കാനായി. ഇത്തരത്തില്‍ 30 ലക്ഷം ഗെയിമുകൾ കളിച്ച ശേഷം ആദ്യം ഇറക്കിയ ആല്‍ഫാഗോയെക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ആല്‍ഫാഗോ സീറോയ്ക്കു സാധിച്ചു. മറിച്ച് ആദ്യത്തെ ആല്‍ഫാഗോ ലോകത്തെ ഏറ്റവും നല്ല ചെസ് കളിക്കാരുടെ നീക്കങ്ങള്‍ പഠിച്ചാണ് കഴിവുകള്‍ വളര്‍ത്തിയെടുത്തത്. കേവലം 21 ദിവസത്തിനുളളില്‍ ആല്‍ഫാഗോ സീറോയെ ചെസുകളില്‍ ആര്‍ക്കും പരാജയപ്പെടുത്താനാകാത്ത തരത്തിലുളള ഒന്നായി വളര്‍ത്തിയെടുക്കാനായി. പുതിയതും തല്‍ക്ഷണം കണ്ടെത്തുന്ന തന്ത്രങ്ങളുമായി അത് അദ്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവച്ചു. ഇതില്‍ ചിലത് മനുഷ്യര്‍ക്ക് മനസ്സിലാകുന്നതിനും അപ്പുറമായിരുന്നു. യന്ത്ര ബുദ്ധി കൈവരിച്ച ഈ നേട്ടം അല്‍പം ഭീതി ജനിപ്പിക്കുന്നതാണെന്ന് ജോയല്‍ പറയുന്നു.

 

ചിലപ്പോള്‍ മെഷീന്‍ ലേണിങ് അല്‍ഗോറിതങ്ങള്‍ സ്വയമെടുക്കുന്ന തീരുമാനങ്ങള്‍ മനുഷ്യര്‍ക്കു മനസിലാക്കാന്‍ പറ്റുന്നില്ല. എന്നാല്‍, ഈ സാധ്യതകള്‍ നമ്മള്‍ ബുദ്ധിപൂര്‍വം നമ്മുടെ സൈനിക മേഖലയില്‍ ഉപയോഗപ്പെടുത്തുന്നത് ഒന്നു സങ്കല്‍പ്പിച്ചു നോക്കണം. ഇത്തരം ടെക്‌നോളജി തന്ത്രപമായ നീക്കങ്ങള്‍ മെനയുന്നതിന് ഉപയോഗിക്കാനായാല്‍ പെന്റഗണിന് ഒരു മനുഷ്യനും ചിന്തിച്ചെടുക്കാനാകാത്ത തരത്തിലുള്ള യുദ്ധതന്ത്രങ്ങള്‍ വികസിപ്പിച്ചെടുക്കാനാകുമെന്ന് ജോയല്‍ പറഞ്ഞു. ചുരുക്കിപ്പറഞ്ഞാല്‍ സൈനിക മേധാവികളോട് ആജ്ഞാപിക്കാനുള്ള ശേഷി ഒരുനാള്‍ എഐ ആര്‍ജ്ജിച്ചേക്കും. എഐക്ക് മനുഷ്യര്‍ക്ക് സ്വന്തമായി ഒരിക്കലും ചിന്തിച്ചെടുക്കാനാകാത്ത തരത്തിലുള്ള ആശയങ്ങള്‍ അവതരിപ്പിക്കാനും അതുവഴി മനുഷ്യാതീത മേഖലകളിലേക്ക് പോകാനും സാധിച്ചേക്കുമെന്നു കരുതുന്നു. യുദ്ധ രംഗത്ത് ഇത്തരത്തിലുള്ള സാധ്യതകള്‍ കമാന്‍ഡര്‍മാര്‍ക്കും മറ്റും പ്രയോജനപ്പെടുത്താം. എന്നാല്‍, ഇതില്‍ നൈതികമായ പല വിഷയങ്ങളും അടങ്ങുന്നുവെന്നും അതേപ്പറ്റി നമ്മള്‍ കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വരുംകാലത്തേ ഓട്ടോണമസ് യുദ്ധങ്ങളെക്കുറിച്ചാണ് ജോയല്‍ പറഞ്ഞുവയ്ക്കുന്നത്.

 

എഐയെ ഇത്തരം കാര്യത്തില്‍ കൂട്ടുപിടിക്കുന്നതില്‍ പല തരത്തിലുമുള്ള അപകടസാധ്യതയും ഉണ്ട്. എന്നാല്‍, എതിരാളികള്‍ ഇത്തരം സാധ്യതകള്‍ ആരായുമെന്നതിനാല്‍ അമേരിക്കയ്ക്ക് അതും പറഞ്ഞ് മാറി നില്‍ക്കാനാവില്ല. യുദ്ധക്കളത്തില്‍ അമാനുഷിക ബുദ്ധിക്കൊപ്പം അമാനുഷിക പോരാളികളെയും ടെക്‌നോളജി സൃഷ്ടിച്ചേക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ഇത്തരത്തിലുള്ള വ്യക്തികള്‍ക്ക് വേഗത്തില്‍ കാര്യങ്ങള്‍ പഠിച്ചെടുക്കാനും അത് ഓർത്തു വയ്ക്കാനുമുള്ള ശേഷി കൂടുതല്‍ ഉണ്ടായിരിക്കും. ഗംഭീര പ്രകടനങ്ങള്‍ നടത്താന്‍ പാകത്തിനുള്ള ആളുകളായി അവര്‍ക്ക് മാറാന്‍ സാധിച്ചേക്കും. മനുഷ്യരും യന്ത്രങ്ങളും സമ്മേളിക്കുന്ന ഒരു ഭാവിയാണ് ഈ ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിഭാവനം ചെയ്യുന്നതെന്ന് വ്യക്തമാണ്.

 

∙ വരുന്നു സൂപ്പര്‍മാന്‍

 

ശാരീരികമായി അമാനുഷിക കരുത്തുള്ള മനുഷ്യരെ വാര്‍ത്തെടുക്കാനുള്ള ഒരു പദ്ധതിയെക്കുറിച്ച് 2019ല്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഏകദേശം 2050 ആകുമ്പോഴേക്കാണ് ഇത്തരത്തിലുളള ആളുകളെ സൃഷ്ടിക്കാന്‍ ആഗ്രഹിച്ചിരുന്നത്. ശക്തി വര്‍ധിപ്പിച്ച ശരീരാവയവങ്ങള്‍, ഇന്‍ഫ്രാറെഡ്, അള്‍ട്രാവൈലറ്റ് കാഴ്ച സാധ്യമായ കണ്ണുകള്‍, അള്‍ട്രാ, സബ്‌സോണിക് ശബ്ദങ്ങള്‍ ശ്രവിക്കാനുള്ള ഓഡിയോ ഉപകരണങ്ങള്‍ എന്നിവ ഈ അമാനുഷികനില്‍ വളര്‍ത്തിയെടുക്കാനായിരിക്കും ശ്രമം. ന്യൂറല്‍ ഉപകരണങ്ങള്‍ ഇവരില്‍ പിടിപ്പിക്കുക വഴി അവര്‍ക്ക് മനസ്സുകൊണ്ട് ആയുധങ്ങള്‍ കൈകാര്യം ചെയ്യാനുള്ളസാധ്യതയും മുന്നില്‍കാണുന്നു. ഈ 'ചിന്താ പരീക്ഷണത്തില്‍' ഡസന്‍ കണക്കിന് ശാസ്ത്രജ്ഞരും, സൈനിക മേഖലയിലുള്ളവരും, നൈതികകാര്യങ്ങള്‍ വിലയിരുത്തുന്നവരും, മറ്റു വിദഗ്ധരും പങ്കെടുക്കും. ഇങ്ങനെ ഉണ്ടാക്കപ്പെടുന്ന സൈബോര്‍ഗുകള്‍ (മനുഷ്യ-യന്ത്ര സങ്കലനം) എന്ത് ആഘാതമായിരിക്കും സമൂഹത്തില്‍ വരുത്തുക എന്നും ഭാവിയിലെ യുദ്ധത്തില്‍ അത് എന്തു തരത്തിലുള്ള മാറ്റങ്ങളായിരിക്കും കൊണ്ടുവരിക എന്നും അവര്‍ വിലയിരുത്തും.

 

English Summary: US military thinks of using 'human augmentation'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com