ADVERTISEMENT

പല ആപ്പിള്‍ ഉപകരണങ്ങളിലും താമസിയാതെ കണ്ടേക്കുമെന്നു കരുതുന്നതും, അടുത്ത കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ ഏറ്റവുധികം ശ്രദ്ധ ആകര്‍ഷിക്കാന്‍ പോകുന്നതുമായ ഒന്നാണ് മിനി–എൽഇഡി ഡിസ്പ്ലെ. ഇത് 5ജി സാങ്കേതികവിദ്യയില്‍ വന്നിരിക്കുന്ന പുതുമകളേക്കാളും, സെല്‍ഫ്-ഡ്രൈവിങ് കാറുകളില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളേക്കാളും ശ്രദ്ധപിടിച്ചേക്കുമെന്നാണ് കരുതുന്നത്. പുതിയ ടിവികളിലടക്കം മിനി-എല്‍ഇഡി ടെക്‌നോളജി കടന്നു വരും. എല്‍ജി മുതല്‍ ടിസിഎല്‍ വരെയുള്ള എല്ലാ ഡിസ്‌പ്ലേ നിര്‍മാതാക്കളും ഇതു പ്രദര്‍ശിപ്പിക്കാന്‍ ശ്വാസംപിടിച്ചു കാത്തിരിക്കുകയാണത്രെ. 

 

ഒരു വിഭാഗം ആളുകള്‍ മിനി-എല്‍ഇഡി ടെക്‌നോളജി ടിവികളിലായിരിക്കും കാണാനാകുക എന്നാണ് കരുതുന്നതെങ്കില്‍, മറ്റൊരു കൂട്ടര്‍ കരുതുന്നത് സമീപഭായില്‍ തന്നെ ലാപ്‌ടോപ്പുകളും, സ്മാര്‍ട് ഫോണുകളും, ടാബ്‌ലറ്റ് കംപ്യൂട്ടറുകളും മിനി-എല്‍ഇഡി അണിഞ്ഞെത്തുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. ഇപ്പോള്‍ത്തന്നെ എംഎസ്‌ഐ ക്രിയേറ്റര്‍-17 എന്ന ലാപ്‌ടോപ്പ് മിനി-എല്‍ഇഡി സ്‌ക്രീനുമായാണ് എത്തിയരിക്കുന്നത്. എന്തുകൊണ്ടാണ് കമ്പനികള്‍ മിനി-എല്‍ഇഡിയാണ് മികച്ച സാങ്കേതികവിദ്യ എന്നു കരുതുന്നത്? എന്തുകൊണ്ടാണ് നിലവിലെ മേന്മയേറിയതെന്ന് കരുതിവരുന്ന ഓലെഡ് സാങ്കേതികവിദ്യയേക്കാള്‍ മികച്ചതായിരിക്കും മിനി-എല്‍ഇഡി എന്ന് ചിലര്‍ കരുതുന്നത്?

 

∙ എന്താണ് മിനി-എല്‍ഇഡി ഡിസ്‌പ്ലേ ടെക്‌നോളജി?

 

എല്‍സിഡി ടെക്‌നോളജിയുടെ ഏറ്റവും നൂതനമായ വേര്‍ഷനാണ് മൈക്രോ-എല്‍ഇഡി ഡിസ്‌പ്ലേ എന്നാണ് പറയുന്നത്. മിക്കവാറും എല്ലാ ആധുനിക എല്‍സിഡി ടിവികളും, ലൈറ്റ് എമിറ്റിങ് ഡയോഡുകള്‍ അല്ലെങ്കില്‍ എല്‍ഇഡികള്‍ അവയുടെ ബാക്‌ലൈറ്റിനായി ഉപയോഗിക്കുന്നു. പലപ്പോഴും സബ്-മില്ലിമീറ്റര്‍ ലൈറ്റ്-എമിറ്റിങ് ഡയോഡ് എന്നു വിളിക്കാറുള്ള മിനി-എല്‍ഇഡി, പരമ്പരാഗത എല്‍സിഡി ഡിസ്‌പ്ലേയുടെ പരിഷ്‌കരിച്ച പതിപ്പാണിത്.

 

മിനി എല്‍ഇഡി സ്‌ക്രീനുകള്‍ പ്രവര്‍ത്തിക്കുന്നത് എല്‍ഇഡി ടിവികളിലും, ക്വാലെഡ് ടിവികളിലും ഉപയോഗിച്ചിരിക്കുന്ന എല്‍ഇഡികളെ പോലെ തന്നെയാണ്. എന്നാല്‍, ഇവ അവയേക്കാള്‍ വളരെ ചെറുതാണ്. വിലങ്ങനെ ഏകദേശം 200 മൈക്രോണ്‍സ് അഥവാ 0.008 ഇഞ്ച് വലുപ്പം മാത്രമുള്ള ഇവയ്ക്ക് എല്‍സിഡി പാനലുകളില്‍ കാണപ്പെടുന്ന സാധാരണ എല്‍ഇഡിയുടെ ഏകദേശം അഞ്ചിലൊന്നു വലുപ്പമേയുള്ളു. ഇവയ്ക്കു വലുപ്പക്കുറവായതിനാല്‍ വളരെയധികം എണ്ണം ചെറിയ സ്ഥലത്ത് ഒതുക്കാനാകും. ഇവ ബാക്‌ലൈറ്റ് നിയന്ത്രണത്തിലും മികവു പുലര്‍ത്തുന്നു. ഇതെല്ലാം കൊണ്ടുചെന്ന് എത്തിക്കുന്നത് നമ്മള്‍ ഇന്നുവരെ കണ്ടുവന്നതിനേക്കാള്‍ മിഴിവേറിയ ചിത്രങ്ങളിലേക്കാണ്. 

 

മിനി-എല്‍ഇഡി സാങ്കേതികവിദ്യ ഇത്രമേല്‍ ശ്രദ്ധയാകര്‍ഷിക്കാനുള്ള മറ്റൊരു കാരണം അതിന് ഓലെഡ് ടെക്‌നോളജിയില്‍ കാണാവുന്നത്ര കോണ്‍ട്രാസ്റ്റും ബ്രൈറ്റ്‌നസും കാണാമെന്നതാണ്. ബാക്‌ലൈറ്റ് കൊണ്ടുവരാന്‍ സാധിച്ചിരിക്കുന്നു എന്നു പറഞ്ഞാല്‍ അവയ്ക്ക് കൂടുതല്‍ ബ്രൈറ്റനസും, ആഴമുള്ള ബ്ലാക് ലെവലും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനാകും എന്നതാണ്. ഓലെഡ് സാങ്കേതികവിദ്യ മികവുറ്റതാണെങ്കിലും അതിന് ബേണ്‍-ഇന്‍ സംഭവിക്കാം. അതില്ലാതെയായിരിക്കും മിനി-എല്‍ഇഡി ഇറങ്ങുക. വിലയും കുറയും, മികവും കൂടും, പടം മികച്ചതായിരിക്കുകയും ചെയ്യും!

 

∙ ഓലെഡും മിനി-എല്‍ഇഡിയും മത്സരിക്കുമ്പോള്‍

 

ഓലെഡിനേക്കാള്‍ മികച്ച ബ്ലാക് ലെവലും കോണ്‍ട്രാസ്റ്റും മിനി-എല്‍ഇഡിക്കുണ്ടായിരിക്കും. ടിവി നിര്‍മാതാക്കള്‍ക്ക് സ്‌ക്രീന്‍ ഡിം ആക്കാനുള്ള കൂടുതല്‍ സാധ്യത കൈവരും. സ്‌ക്രീനിന്റെ വിവിധ ഭാഗങ്ങള്‍ ഏത്ര ബ്രൈറ്റ് ആക്കണം അല്ലെങ്കില്‍ ഡിം ആക്കണം എന്നതില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കും. ഓലെഡ് ടെക്‌നോളജിയേക്കാള്‍ ചെലവു കുറയും. എച്ഡിആര്‍ കണ്ടെന്റ് പ്രദര്‍ശിപ്പിക്കാന്‍ ഇതുവരെ ലഭിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും മികച്ചത് ഇതായിരിക്കാം.

 

∙ ഏതെല്ലാം ടിവി കമ്പനികളായിരിക്കും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുക?

 

കഴിഞ്ഞ വര്‍ഷം മുതല്‍ ടിസിഎല്‍ മിനി-എല്‍ഇഡി ടിവികള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ ടിസിഎല്‍ ആണ് മിനി-എല്‍ഇഡി ടിവികള്‍ വിപണിയിലെത്തിച്ച ആദ്യ പ്രധാന ടിവി നിര്‍മാണ കമ്പനി. അടുത്തു വരുന്ന സിഇഎസ് 2021ല്‍ തങ്ങള്‍ അടുത്ത തലമുറ മിനി-എല്‍ഇഡി ടെക്‌നോളജി ഉള്‍ക്കൊള്ളുന്ന ടിവികള്‍ പ്രദര്‍ശിപ്പിക്കാന്‍ ഇരിക്കുകയാണെന്ന് കമ്പനി അറിയിച്ചു കഴിഞ്ഞു. അതേസമയം, മറ്റൊരു പ്രമുഖ ഡിസ്‌പ്ലേ നിര്‍മാതാവായ എല്‍ജി പറയുന്നത് തങ്ങളുടെ ക്യൂഎന്‍ഇഡി ടിവികളില്‍ (QNED TV) മിനി-എല്‍ഇഡി ബാക്‌ലൈറ്റ് ടെക്‌നോളജി ആയിരിക്കും ഉപയോഗിക്കുക എന്നാണ്. ഇതിന്റെ പുതിയ ശ്രേണിയും സിഇഎസ് 2021ല്‍ ആദ്യമായി പ്രദര്‍ശിപ്പിക്കാനാണ് കമ്പനി ഇരിക്കുന്നത്. അതേസമയം, ഡിസ്‌പ്ലേ നിര്‍മാണത്തില്‍ ഏറ്റവുമധികം പേരെടുത്തിരിക്കുന്ന സാംസങ് തങ്ങള്‍ മിനി-എല്‍ഇഡി കേന്ദ്രീകൃത ഡിസ്‌പ്ലേ നിര്‍മിക്കാന്‍ പോകുന്നു എന്നതിന്റെ ഒരു സൂചനയും ഇതുവരെ നല്‍കിയിട്ടില്ല. പക്ഷേ, പുതിയ സാങ്കേതികവിദ്യയിലേക്ക് മാറിയില്ലെങ്കില്‍ അത് സാംസങ്ങിന് ആത്മഹത്യാപരമായിരിക്കുമെന്നു കരുതുന്നവരും ഉണ്ട്.

 

∙ ഈ വര്‍ഷം തന്നെ പല ആപ്പിള്‍ ഉപകരണങ്ങളിലും മിനി-എല്‍ഇഡി സാങ്കേതികവിദ്യ കണ്ടേക്കും

 

മിനി-എല്‍ഇഡി സാങ്കേതികവിദ്യ ലാപ്‌ടോപ്പുകളിലോ എന്തിന് ടിവികളില്‍ പോലുമോ വ്യാപകമായിട്ടില്ല. എന്നാല്‍, അതെല്ലാം പഴങ്കഥയാകും. ആപ്പിള്‍ ഈ സാങ്കേതികവിദ്യയിലേക്കു മാറുമെന്നാണ് കരുതുന്നത്. ആപ്പിള്‍ ഉപകരണങ്ങളേക്കുറിച്ച് ഏറ്റവും വിശ്വസനീയമായ വിവരങ്ങള്‍ പുറത്തുവിടുന്ന, ടിഎഫ് ഇന്റര്‍നാഷണലിന്റെ വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ പറയുന്നത് 2021ല്‍ പല ആപ്പിള്‍ പ്രൊഡക്ടുകളും മിനി-എല്‍ഇഡി സാങ്കേതികവിദ്യയുമായി എത്തുമെന്നാണ്. ഈ വര്‍ഷം ഇറങ്ങുന്ന ഹൈ-എന്‍ഡ് ഐപാഡ് പ്രോ, മാക്ബുക്ക് പ്രോ എന്നിവയില്‍ മിനി-എല്‍ഇഡി ഇടംപിടിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. മറ്റു ചില അഭ്യൂഹങ്ങളും കൂട്ടിവായിച്ചാല്‍ ആപ്പിള്‍ ഈ വര്‍ഷം മിനി-എല്‍ഇഡി ഡിസ്‌പ്ലേ ഘടിപ്പിച്ച കുറഞ്ഞത് 6 ഉപകരണങ്ങളെങ്കിലും പുറത്തിറക്കുമെന്നു കരുതാം. പുതിയ ടെക്‌നോളജി വിസ്മയിപ്പിക്കുമോ എന്നത് ആപ്പിളിന്റെ ഉപകരണങ്ങള്‍ എത്തുമ്പോള്‍ അറിയാനാകുമെന്നാണ് പറയുന്നത്.

 

English Summary: Will mini-LED tech be the next surprise technology?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com