Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാറിലെ വിരലടയാളവും മോഷ്ടിക്കാം, ഫിംഗർപ്രിന്റ് ഐഡി സുരക്ഷിതമല്ല!

finger-print

രാജ്യത്തെ എല്ലാ ഡിജിറ്റൽ പണമിടപാടുകളും ആധാറിലേക്കും വിരലടയാളത്തിലേക്കും മാറ്റുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. എല്ലാ ഇടപാടുകളും ഇനി ഫിംഗർപ്രിന്റ് സ്കാനർ വഴി വെരിഫൈ ചെയ്യും. ആധാറിലെ ഫിംഗർപ്രിന്റാണ് വെരിഫൈ ചെയ്യുന്നത്. ഡിജിറ്റൽ പാസ്‌വേഡുകളേക്കാൾ സുരക്ഷിതമെന്നാണ് ഫിംഗർപ്രിന്റ് അറിയപ്പെടുന്നത്. എന്നാൽ നമ്മുടെ ഫിംഗർപ്രിന്റും മോഷ്ടിക്കാമെന്ന് കണ്ടെത്തിയിരിക്കുന്നു.

എച്ച്ഡി ഫോട്ടോകളിൽ നിന്ന് ആരുടെയും വിരലടയാളം മോഷ്ടിക്കാൻ കഴിയുമെന്ന കണ്ടെത്തലാണ് വലിയൊരു സുരക്ഷാവെല്ലുവിളി വെളിപ്പെടുത്തിയിരിക്കുന്നത്. പാസ്‌വേഡുകളെക്കാൾ വിരലടയാളം സുരക്ഷിതമാണെന്ന വിശ്വാസമാണ് ഇതോടെ തകർന്നിരിക്കുന്നത്.
ജപ്പാനിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമാറ്റിക്‌സിലെ ഗവേഷകരാണ് വിരലുയർത്തിപ്പിടിച്ച് ചിത്രങ്ങൾക്കു പോസ് ചെയ്യുന്ന രാഷ്ട്രീയനേതാക്കൾക്കും സെലിബ്രിറ്റികൾക്കും മുന്നറിയിപ്പു നൽകിയിരിക്കുന്നത്.

എച്ച്ഡി ഫൊട്ടോഗ്രഫി സ്മാർട്‌ഫോണുകളിൽ വരെ വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ വിരലടയാളം വ്യക്തമാകുന്ന തരത്തിലുള്ള ഒരു ഫോട്ടോയിൽ നിന്നും അടയാളം വേർതിരിച്ചെടുക്കുന്നത് പ്രയാസമുള്ള കാര്യമല്ലെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിൽ പുനസൃഷ്ടിക്കുന്ന വിരലടയാളങ്ങൾ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കപ്പെടാം.

രണ്ടു വർഷം മുൻപ് ജർമൻ ഹാക്കറായ ജാൻ ക്രിസ് ലെർ ഇത് സാധ്യമാണെന്നു സൂചിപ്പിക്കുകയും ഒരു സമ്മേളനത്തിൽ വച്ച് ജർമൻ പ്രതിരോധമന്ത്രിയുടെ വിരലടയാളം പുനസൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിനായി ക്രിസ് ലെർ ഉപയോഗിച്ചത് ജർമൻ സർക്കാർ പുറത്തുവിട്ട ചിത്രങ്ങളും. ബാങ്കിങ്, പണമിടപാടുകൾക്കും ഓൺലൈൻ അക്കൗണ്ട് ലോഗിനുകളുമെല്ലാം വിരലടയാളം പാസ് വേഡായി മാറ്റുന്നത് സുരക്ഷിതമാണെന്ന വിശ്വാസം നിലവിലിരിക്കെയാണ് ഇതിന്റെ സുരക്ഷാവെല്ലുവിളിയെ സംബന്ധിച്ച വിവരങ്ങൾ പ്രസക്തമാവുന്നത്. 

related stories