Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറപ്പു തരുന്നു, ഇവൻ പൊ‌ട്ടില്ല, ഗ്യാലക്‌സി S8 ലെ ഫീച്ചറുകൾ അമ്പരിപ്പിക്കുന്നത്!

galaxys8

സാംസങിന്റെ ഫ്ലാഗ്ഷിപ് മോഡലായ S8, S8 പ്ലസ് എന്നിവ ഇന്ത്യൻ വിപണയിലെത്തി. മുൻഗാമിയുടെ പോരായ്മകളെല്ലാം രണ്ട് മോഡലുകളിലും പരിഹരിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു. ന്യൂഡൽഹിൽ നടന്ന ചടങ്ങിലാണ് രണ്ട് ഹാൻഡ്സെറ്റുകളും അവതരിപ്പിച്ചത്. 5.9 ഇഞ്ച് സ്‌ക്രീന്‍ വേർഷൻ എസ്8, 6.2 ഇഞ്ച് സ്‌ക്രീന്‍ വേർഷൻ എസ് 8 പ്ലസ് എന്നി രണ്ടു ഹാൻഡ്സെറ്റുകളും വലിയ പ്രതീക്ഷകളുമായാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 

കൃഷ്ണമണി, വിരലടയാളം, മുഖം എന്നീ ത്രിതല സുരക്ഷാ സംവിധാനങ്ങളുള്ള ഫോണുകൾ ഞെട്ടിക്കുമെന്നാണ് ടെക് ലോകം പറയുന്നത്. യുഎസ്, ദക്ഷിണ കൊറിയ വിപണികളിൽ മൂന്നാഴ്ച മുമ്പ് എസ് 8 എത്തിയിരുന്നു. അമേരിക്കയിലെ ലോഞ്ചിങ് ചടങ്ങിനിടെ ബിക്‌സ്‌ബൈ എന്ന വോയ്‌സ് അസിസ്റ്റന്റും സാംസങ് പുറത്തിറക്കി. ആപ്പിളിന്റെ സിരി, ഗൂഗിള്‍സ് അസിസ്റ്റന്റ് എന്നിവക്ക് വെല്ലുവിളിയാകാൻ പോന്നതാണ് ബിക്‌സ്‌ബൈ.

Galaxy-S8

∙ S8, S8 പ്ലസ് പ്രധാന ഫീച്ചറുകൾ

രണ്ടു വേരിയന്റുകളിലെയും ഫീച്ചറുകൾ ഏകദേശം ‌ഒരു പോലെയാണ്. രണ്ട് സിം കാർഡ് ഉപയോഗിക്കാം. ബാറ്ററി ശേഷി, സ്ക്രീൻ വലിപ്പം തുടങ്ങിയവയിലേ പ്രകടമായ വ്യത്യാസമുള്ളൂ. ഗൊറില്ല ഗ്ലാസിന്റെ സംരക്ഷണം ഇരു മോഡലുകൾക്കുമുണ്ട്. നാല് ജിബിയാണ് റാം. 64 ജിബി മെമ്മറി ഫോണിനൊപ്പമുണ്ട്. ഇത് 256 ജിബി വരെ മൈക്രോ എസ്ഡി കാർഡിട്ട് വർധിപ്പിക്കാം. രണ്ട് ഫോണുകളിലെയും പിൻ ക്യാമറ 12 മെഗാപിക്സലാണ്. മള്‍ട്ടി ഫ്രെയിം പ്രൊസസിങ് ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷൻ, 1.7 അപർച്ച‍ർ എന്നിവ ക്യാമറയുടെ പ്രത്യേകതകളാണ്. 8 എംപി ഓട്ടോ ഫോക്കസുണ്ട‌് സെൽഫി ക്യാമറയ്ക്ക്.

വെള്ളത്തില്‍ നിന്നും പൊടിപടലങ്ങളില്‍ നിന്നും ഫോണിനെ രക്ഷിക്കുന്ന ക്യുഎച്ച്ഡി സ്ക്രീനാണ് ഫോണിന്. സുരക്ഷ ഉറപ്പാക്കാനായി ഐറിസ് സ്‌കാനര്‍, ഫേസ് റെക്കഗ്നേഷന്‍, ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ എന്നീ സംവിധാനങ്ങളുമുണ്ട്. 4ജി കണക്‌ഷൻ ഉപയോഗിക്കാം. വൈഫൈ, ബ്ലുടൂത്ത്, യുഎസ്ബി, ജിപിഎസ്, എൻഎഫ്സി തുടങ്ങി ഒട്ടുമിക്ക കണക്റ്റിവിറ്റി സംവിധാനങ്ങളുമുണ്ട്. 

Samsung-GalaxyS8

അധികമൂല്യങ്ങൾ വേണ്ടവരെ ഉദ്ദേശിച്ച് പലതരം സൗകര്യങ്ങളാണ് ഫോണിൽ ചേർത്തിട്ടുള്ളത്. ആക്സലറോമീറ്റർ, ലൈറ്റ് സെൻസർ, ബാരോമീറ്റർ, ഹൃദയമിടിപ്പ് സെൻസർ, മാഗ്നോമീറ്റർ തുടങ്ങിയവ ഇതിൽ ചിലതാണ്. അതിവേഗത്തിൽ ബാറ്ററി ഫുൾചാർജ് ചെയ്യാവുന്ന വയർലെസ് ചാർജിങ് ഇരു മോഡലുകളുടെയും പ്രത്യേകതയാണ്. എസ്8ന് 3000 എംഎഎച്ചും എസ് 8 പ്ലസിന് 3500 എംഎഎച്ചുമാണ് ബാറ്ററി ശേഷി. യഥാക്രമം 155 ഗ്രാം, 173 ഗ്രാം എന്നിങ്ങനെയാണ് ഫോണിന്റെ ഭാരം.

∙ സെക്കൻഡിൽ ഒരു ജിബി

എസ്8, എസ്8 പ്ലസ് ഹാന്‍ഡ്സെറ്റുകളിലെ ഡേറ്റ ഡൗണ്‍ലോഡിങ് വേഗം അദ്ഭുതപ്പെടുത്തുന്നതാണ്. രണ്ടു ഫോണുകളിലെയും ഡേറ്റ ഡൗണ്‍ലോഡിങ് വേഗം ജിഗാബൈറ്റ് എല്‍ടിഇ-ക്ലാസ് ആണ് (Gigabit LTE-class speed). സ്‌നാപ്ഡ്രാഗണ്‍ 835 പ്രൊസസറാണ് അതിവേഗ ഡേറ്റയ്ക്കു പിന്നിലെ രഹസ്യം. സെക്കന്‍ഡില്‍ ഒരു ജിബി ഡേറ്റയാണ് ഫോണിലെത്തുക. മികച്ച ബ്രൗസിങ് സ്പീഡ്, വെര്‍ച്വല്‍ റിയാലിറ്റിക്കുള്ള 360 ഡിഗ്രി വിഡിയോയു‌ടെ നല്ല സ്ട്രീമിങ് തുടങ്ങിയവയാണ് വേഗത്തിന്റെ ഗുണങ്ങൾ. പക്ഷേ നെറ്റ്‍വർകിന്റെ പോരായ്മകൾ പരിഹരിക്കപ്പെടും വരെ സെക്കന്‍ഡില്‍ 300 എംബി വച്ചേ കിട്ടുള്ളൂ എന്നാണ് ഗാഡ്ജറ്റ് വിദഗ്ധർ പറയുന്നത്.

Samsung-GalaxyS8-

∙ വിലയെത്ര

ഗാലക്‌സി എസ്8ന് ഇന്ത്യയിലെ വില 57,900 രൂപയാണ്. എസ്8 പ്ലസിന് 64,900 രൂപയും. കറുപ്പ്, പവിഴ നീല. മാപ്പിൾ ഗോൾഡ് നിറങ്ങളിൽ എസ്8 പ്ലസ് ലഭ്യമാണ്. കറുപ്പ്, മാപ്പിൾ ഗോൾഡ് നിറങ്ങളിലേ എസ്8 കിട്ടൂ. അമേരിക്കയിൽ കിട്ടുന്നതിനേക്കാൾ കൂടിയ വിലയാണ് ഇന്ത്യയിൽ ഈടാക്കുന്നത്. യുഎസിൽ 46,700 (720 ഡോളർ) രൂപയ്ക്ക് എസ്8, 54,500 (840 ഡോളർ) രൂപയ്ക്ക് എസ്8 പ്ലസ് ഫോണുകൾ കിട്ടും.