Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോട്ടോ ഇ4, മോട്ടോ ഇ4 പ്ലസും പുറത്തിറങ്ങി, കുറഞ്ഞ വിലയ്ക്ക് മികച്ച ഫോൺ

Moto-E4-2

ലെനോവോ ഒടുവില്‍ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ ഫോണുകളായ മോട്ടോ ഇ 4, മോട്ടോ ഇ 4 പ്ലസും അമേരിക്കയിലും മറ്റു വിപണികളിലും ഔദ്യോഗികമായി അവതരിപ്പിച്ചു. ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് 7.1 നൂഗട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തോടു കൂടി വരുന്ന ഇരു സ്മാര്‍ട്ട്‌ ഫോണുകളിലും ഫിംഗര്‍പ്രിന്റ്‌ സ്കാനിങ് സെന്‍സര്‍, മുന്‍ക്യാമറ ഫ്ലാഷ് തുടങ്ങിയ സവിശേഷതകളുണ്ട്. മോട്ടോ ഇയ്ക്ക് 129.99 ഡോളര്‍ (ഏകദേശം 8300 ഇന്ത്യന്‍ രൂപ) ആണ് വില. അതേസമയം, മോട്ടോ ഇ 4 പ്ലസിന്റെ വില 179.99 ഡോളറിലാണ് ആരംഭിക്കുന്നത്.

മെറ്റല്‍ പുറചട്ടയോട് കൂടിയ രൂപകല്‍പനയാണ് ഇരുഫോണിനും. മോട്ടോ ജി 5നെ പോലെ വൃത്താകൃതിയിലുള്ള ക്യാമറ ഫ്രെയിമും ആന്റിന ലൈനുകളുമാണ് രണ്ട് ഫോണുകള്‍ക്കും. മോട്ടറോളയുടെ ലോഗോയും സ്പീക്കര്‍ ഗ്രില്ലും പുറകുവശത്താണ്. മുന്‍വശത്തെ ഹോം ബട്ടണിലാണ് ഫിംഗര്‍പ്രിന്റ്‌ സ്കാനര്‍ എംബഡ് ചെയ്തിരിക്കുന്നത്. വോളിയം, പവര്‍ കീകള്‍ വലത് അരികിലായി നല്‍കിയിരിക്കുന്നു. 3.5 എംഎം ഓഡിയോ ജാക്ക് ഏറ്റവും മുകളിലായി നല്‍കിയിരിക്കുന്നു. വെള്ളത്തെ പ്രതിരോധിക്കുന്ന വാട്ടര്‍ റിപ്പല്ലന്റ് കോട്ടിങ് ഇരുഫോണുകള്‍ക്കുമുണ്ട്.

മോട്ടോ 4 ന്റെ സവിശേഷതകള്‍

ആന്‍ഡ്രോയ്ഡ് 7.1 നൂഗട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ ഒറ്റ നാനോ സിം സ്ലോട്ടോടു കൂടിയാണ് വരുന്നത്. 5 ഇഞ്ച്‌ എച്ച്ഡി ഡിസ്പ്ലേയാണ് മോട്ടോ 4 ന്. 1.4 ജിഗാഹെട്സ് സ്നാപ് ഡ്രാഗണ്‍ 425 അല്ലെങ്കില്‍ സ്നാപ് ഡ്രാഗണ്‍ 427 (അമേരിക്കയിലെ സേവനദാതാക്കള്‍ക്ക് അനുസരിച്ച് മാറ്റം വരും) പ്രോസസര്‍ കരുത്ത് പകരുന്ന ഫോണിന് 2 ജിബിയാണ് റാം. 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് വഴി വീണ്ടും വര്‍ധിപ്പിക്കാം. വടക്കേ അമരിക്കയ്ക്ക് പുറത്ത് മീഡിയ ടെക് MTK6737M ചിപ്പ്സെറ്റോടു കൂടിയാകും ഈ ഫോണ്‍ അവതരിപ്പിക്കുകയെന്ന് ലെനോവോ നേരത്തെ വ്യക്തമാക്കിയിരുന്നു.

ക്യാമറയുടെ കാര്യത്തിലേക്ക് വന്നാല്‍ ഓട്ടോഫോക്കസ്, f/2.2 അപേച്ചര്‍, സിംഗിള്‍ എല്‍ഇഡി ഫ്ലാഷ് എന്നിവയുടെ പിന്തുണയോടെയുള്ള 8 മെഗാപിക്സല്‍ പ്രധാന ക്യാമറയും, ഫിക്സഡ് ഫോക്കസ്, f/2.2 അപേച്ചര്‍, സിംഗിള്‍ എല്‍ഇഡി ഫ്ലാഷ് എന്നിവയോടു കൂടിയ 5 മെഗാപിക്സല്‍ മുന്‍ക്യാമറയുമാണ്‌ നല്‍കിയിരിക്കുന്നത്. സെല്‍ഫികള്‍ മനോഹരമാക്കുന്നത്തിനുള്ള ബ്യൂട്ടിഫിക്കേഷന്‍ മോഡും നല്‍കിയിട്ടുണ്ട്. 

നീക്കം ചെയ്യാവുന്ന 2800 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ 4 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈ-ഫൈ  802.11n, മൈക്രോ യുഎസ്ബി പോര്‍ട്ട്‌, ജിപിഎസ്, ബ്ലൂടൂത്ത് 4.1, 4ജി എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍. 144.5x72 x9.3 എംഎം വലിപ്പമുള്ള ഫോണിന് 150 ഗ്രാമാണ് ഭാരം. ലിക്വറൈസ് ബ്ലാക്ക്, ഫൈന്‍ ഗോള്‍ഡ്‌ നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാകും.

മോട്ടോ 4 പ്ലസിന്റെ സവിശേഷതകള്‍

കുറച്ചുകൂടി വലിയ 5.5 എച്ച്ഡി ഡിസ്പ്ലേയോട് കൂടിയാണ് മോട്ടോ 4 പ്ലസ് എത്തുന്നത്. അമേരിക്കയിൽ 1.4 ജിഗാഹെട്സ് സ്നാപ്ഡ്രാഗണ്‍ 427 SoC പ്രോസസറും അമേരിക്കയ്ക്ക് പുറത്ത് മീഡിയടെക് MTK6737M പ്രോസസറും കരുത്ത് പകരുന്ന ഫോണ്‍ 2 ജിബി റാം/ 16 ജിബി സ്റ്റോറേജ്, 3 ജിബി റാം/ 32 ജിബി സ്റ്റോറേജ് വേരിയന്റുകളില്‍ ലഭ്യമാകും. 

ഓട്ടോഫോക്കസ്, f/2.0 അപേച്ചര്‍, സിംഗിള്‍ എല്‍ഇഡി ഫ്ലാഷ് എന്നിവയുടെ പിന്തുണയോടെയുള്ള 13 മെഗാപിക്സല്‍ പ്രധാന ക്യാമറയാണ് മോട്ടോ 4 പ്ലസിന് ലെനോവോ നല്‍കിയിരിക്കുന്നത്. ഈ ഫോണിന്റെ ഏറ്റവും പ്രധാന സവിശേഷത നീക്കം ചെയ്യാന്‍ കഴിയാത്ത 5,000 എംഎച്ച് ബാറ്ററിയാണ്. ഇതിനു ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്. 155x77.5x9.55 എംഎം വലിപ്പമുള്ള ഫോണിന് 181 ഗ്രാമാണ് ഭാരം. അയണ്‍ ഗ്രേ, ഫൈന്‍ ഗോള്‍ഡ്‌ നിറങ്ങളില്‍ ഇ 4 പ്ലസ് ലഭ്യമാകും. മറ്റു സവിശേഷതകളെല്ലാം മോട്ടോ ഇ4 ന് തുല്യമാണ്.