Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഫോണ്‍ 8ന്റെ രഹസ്യക്കൂട്ടെന്ത്? പത്താം വാർഷിക ‘അദ്ഭുതം’ എന്തായിരിക്കും!

iPhone-8

ആപ്പിളിന്റെ പത്താം വാര്‍ഷിക ഐഫോണ്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്ന ഒന്നായിരിക്കണമെന്ന് കമ്പനി ആഗ്രഹിക്കുന്നതായി നമുക്കറിയാം. ആദ്യ ഐഫോണിനെ പോലെ സാങ്കേതിക വിദ്യയില്‍ പുതിയ അധ്യായം തുടങ്ങാന്‍ തന്നെയായിരിക്കും ആപ്പിള്‍ ശ്രമിക്കുക.

അത്ര വലിയ എന്തു മാറ്റമാണ് കൊണ്ടുവരാനാകുക? അടുത്ത കാലത്ത് കമ്പനിയുടെ മേധാവി ടിം കുക്ക് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത് പുതിയ ഫോണിനെക്കുറിച്ച് താനത്ര ആവേശത്തിലാണെന്നും അലറി വിളിക്കാന്‍ തോന്നുന്നു എന്നുമാണ്. ടെക് വിദഗ്ധര്‍ പറയുന്നത് പുതിയ ഫോണിലൂടെ ആപ്പിള്‍ ഗൂഗിള്‍ അടക്കമുള്ള തങ്ങളുടെ എതിരാളിരകളെ ബഹുദൂരം പിന്നിലാക്കുമെന്നാണ്. എന്തായിരിക്കും ആ രഹസ്യക്കൂട്ട്? 

സത്യത്തില്‍, നമ്മള്‍ നേരത്തെ iOS 11ന്റെ പ്രധാന ഫീച്ചറായി കണ്ട ഓഗ്‌മെന്റഡ് റിയാലിറ്റിയാണ്. പുതിയ ഫോണിനെ വേര്‍തിരിച്ചു നിറുത്തുക എന്നാണ് ഊഹാപോഹക്കാര്‍ പറയുന്നത്. ഫോണ്‍ ടാബ്‌ലറ്റ് തുടങ്ങിയ ഉപകരണങ്ങളുമായി ഇടപെടുന്നതില്‍ കാര്യമായ മാറ്റം വന്നേക്കാമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഓഗ്‌മെന്റഡ് റിയാലിറ്റിയെ കുറിച്ച് ചെയറിയൊരു മുഖവുര ഇവിടെ ലഭ്യമാണ്

ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ അന്തര്‍ലീനമായ കരുത്തിനെക്കുറിച്ച് ടെക് വിദഗ്ധര്‍ക്ക് സംശയമൊന്നുമില്ലെങ്കിലും പെട്ടെന്ന് 'ഓംക്രീം' പറഞ്ഞ് വിസ്മയിപ്പിക്കുന്ന ഒരു ഉപകരണം പുറത്തിറക്കാന്‍ ആപ്പിളിനു സാധിക്കുമോ എന്നതാണ് ചോദ്യം. കുക്കിന്റെ പ്രതികരണത്തില്‍ നിന്നു മനസിലാക്കാവുന്നത് പുതിയ ഫോണില്‍ ലോകം നാളിതുവരെ പരിചയിച്ചിട്ടില്ലാത്ത രീതികളെന്തോ എത്തുന്നു എന്നു തന്നെയാണ്.

iphone-8-concept

ഐഫോണ്‍ അവതരിപ്പിക്കുമ്പോള്‍ എന്തെല്ലാം പ്രതീക്ഷിക്കാം:

∙ മൂന്നു മോഡലുകള്‍ കണ്ടേക്കാം. ഐഫോണ്‍ 7/7 പ്ലസ് മോഡലുകളുടെ ചേട്ടന്മാരായ ഐഫോണ്‍ 7s/7s Plus, പിന്നെ നേരത്തെ പറഞ്ഞ പത്താം വാര്‍ഷിക ബംമ്പര്‍ ഫോണ്‍ (ഈ മോഡലിന് എന്തു പേരായിരിക്കും എന്നതു പറയാനാവില്ല.)

∙ സ്‌ക്രീന്‍ സൈസില്‍ വ്യത്യാസം കണ്ടേക്കാം. പത്താം വാര്‍ഷിക ഫോണിന് bezel ഇല്ലാതെ 5.8 ഇഞ്ച് വലിപ്പം കണ്ടേക്കാം. 

∙ OLED ഡിസ്‌പ്ലെ പത്താം വാര്‍ഷിക ഫോണിനെങ്കിലും ഉണ്ടാകും.

∙ പത്താം വാര്‍ഷിക ഫോണിന് ഒന്നുകില്‍ മുഴുവന്‍ ഗ്ലാസ് ആയിരിക്കുമെന്നാണ് കൂടുതല്‍ പേരും പറയുന്നത്. (മെറ്റലാണെന്നു പറയുന്നവരും ഉണ്ട്.) ഓഗ്‍മെന്റെഡ് റിയാലിറ്റിയുടെ കരുത്തില്‍ ഫോണിന്റെ ക്യാമറയിലൂടെ നോക്കുമ്പോള്‍ നമ്മളുടെ കൈയ്യില്‍ ഇരിക്കുന്നത് ഒരു ഗ്ലാസിനപ്പുറം കണാവുന്ന ഒരു ഗ്ലാസ് കഷണം ആണെന്നു തോന്നാം! ഓഗ്‌മെന്റഡ് റിയാലിറ്റിക്കു വേണ്ടി സൃഷ്ടിച്ച ഗെയ്മുകള്‍ നടക്കുന്നത് ഫോണിന്റെ സ്‌ക്രീനിലാണ് എന്നല്ല തോന്നുക. മറിച്ച് നമ്മുടെ ഡ്രോയിങ് റൂമിലോ ഒക്കെയാണെന്നു തോന്നാം. ചുരുക്കി പറഞ്ഞാല്‍ ഇത്ര കാലവും സ്‌ക്രീനിന്റെ വലിപ്പത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന കണ്ടന്റ് അതു ഭേദിച്ചു പുറത്തു വരുമെന്നു കരുതുന്നു. എന്നാല്‍ ഈ ശേഷി ചൂഷണം ചെയ്യുന്ന എത്ര ആപ്പുകള്‍ ഫോണിനൊപ്പം എത്തും എന്നറിയില്ല.

∙ ഈ വര്‍ഷത്തെ മോഡലുകള്‍ക്കെല്ലാം ഇരട്ട പിന്‍ക്യാമറകള്‍ തന്നെ ആയിരിക്കും. ഇവ ലംബമായി പിടിപ്പിച്ചവയാകാനും വഴിയുണ്ട്.

∙ പത്താം വാര്‍ഷിക മോഡലിന് ഡെപ്ത് അളക്കാന്‍ സാധിക്കുന്ന 3D മുന്‍ക്യാമറ ഉണ്ടാകുമെന്ന് കരുതുന്നു. 

ഓഗ്‌മെന്റഡ് റിയാലിറ്റി പത്താം വാര്‍ഷിക ഫോണില്‍ മാത്രമെ കാണുകയുള്ളോ? ആയിരിക്കില്ല എന്നാണ് അറിയുന്നത്. ആപ്പിളിന്റെ A9/A10 പ്രോസസറുകളുള്ള ഐഫോണുകളിലും ഐപാഡുകളിലും, 3D സെന്‍സര്‍ ഇല്ലെങ്കിലും, ഇതു ലഭ്യാക്കിയേക്കും. പക്ഷെ ഈ വര്‍ഷം ലഭ്യമായ മോഡലുകളില്‍ പത്താം വാര്‍ഷിക ഫോണിലായിരിക്കും ഏറ്റവും സുന്ദരമായി പീലിവിരിക്കുക. താമസിയാതെ iOS 11 ലഭിക്കുന്ന ചില ഉപകരണങ്ങള്‍ക്കായി ആപ്പിള്‍ ARKit സോഫ്റ്റ്‌വെയറും ഇറക്കും. 

iphone-8-mockup

ഓഗ്‌മെന്റഡ് റിയാലിറ്റി ആപ്പിളിന്റെ മാത്രമാണെന്നു കരുതരുത്. കുറെ കാലമായി മൈക്രോസോഫ്റ്റ് ഹോളോലെന്‍സ് എന്നൊരു ഉപകരണം നിര്‍മിക്കലും അവതരിപ്പിക്കലും മറ്റും നടത്തിയിരുന്നു. ഫെയ്‌സ്ബുക്കും ഇതിനു വേണ്ടി കാര്യമായി കാശെറിയുന്നുണ്ട്. ഗൂഗിൾ എൻജിനീയര്‍മാരും ഗവേഷണം നടത്തുന്നുണ്ട്. എങ്കിലും ഒരു ഫോണില്‍ ഇത് ആദ്യമായി കാണാന്‍ പോകുന്നത് ഐഫോണില്‍ ആയിരിക്കുമെന്നു കരുതുന്നു.

പത്താം വാര്‍ഷിക ഐഫോണ്‍ അദ്ഭുതപ്പെടുത്തുമെന്നു കരുതുന്നുണ്ടെങ്കിലും ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ വിശ്വരൂപം കാണണമെങ്കില്‍ 3D ശേഷിയുള്ള പിന്‍ ക്യാമറ കൂടെ എത്തണമെന്നും അതിന് ഇനിയും കാത്തരിക്കണമെന്നും പറയുന്നു. അതങ്ങനെയല്ലെ വരൂ. അല്‍പ്പാല്‍പ്പമായി അവതരിപ്പിച്ചാലല്ലെ ഉപയോക്താവിന്റെ കൈയ്യിലെ പൈസ അയാള്‍പോലും അറിയാതെ കമ്പനിയുടെ പെട്ടിയില്‍ വീഴൂ.