Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്‍ഡ്രോയ്ഡ് 8.0 ഓറിയയുടെ 8 പ്രധാന ഫീച്ചറുകൾ, നിങ്ങളുടെ ഫോണിൽ കിട്ടുമോ?

android-oreo

ആന്‍ഡ്രോയ്ഡിന്റെ അടുത്ത പതിപ്പ് 'ഓറിയോ' ഔദ്യോഗികമായി പുറത്തിറങ്ങി. ആന്‍ഡ്രോയ്ഡ് 8.0 യുടെ പബ്ലിക് പതിപ്പ് ഇതിനോടകം തന്നെ തിരഞ്ഞടുത്ത യൂസര്‍മാര്‍ക്ക് ലഭ്യമായിട്ടുണ്ട്. ഇതിന്റെ ആദ്യ ഡെവലപ്പ് പ്രിവ്യൂ കഴിഞ്ഞ മാര്‍ച്ചിലാണ് ഗൂഗിള്‍ പുറത്തുവിട്ടത്. മേയില്‍ നടന്ന ഗൂഗിള്‍ I/O ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വച്ച് രണ്ടാമത്തെ ഡെവലപ്പര്‍ പ്രീവ്യൂവും ഗൂഗിള്‍ പുറത്തിറക്കി. ഏറ്റവും പുതിയതും അവസാനത്തേതുമായ ഡെവലപ്പര്‍ പതിപ്പ് ജൂലൈലാണ് പുറത്തിറങ്ങിയത്.

∙ ലഭ്യത

ഗൂഗിളിന്റെ പരമ്പരാഗത രീതി അനുസരിച്ച്, തിരഞ്ഞെടുത്ത ഡിവൈസുകളില്‍ മാത്രമേ തുടക്കത്തില്‍ ഗൂഗിളിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ലഭിക്കുകയുള്ളൂ. ആന്‍ഡ്രോയ്ഡ് ഓപ്പണ്‍ സോഴ്സ് പ്രോജക്റ്റ് (AOSP) യുടെ സോഴ്സ് ഫയലുകള്‍ എല്ലാവര്‍ക്കും ചൊവ്വാഴ്ച മുതല്‍ ലഭ്യമാണെന്ന് ഗൂഗിള്‍ ബ്ലോഗില്‍ അറിയിച്ചിരുന്നു. പിക്സല്‍, നെക്സസ് 5X/6P ബില്‍ഡുകളില്‍ പുതിയ പതിപ്പ് ടെസ്റ്റ്‌ ചെയ്ത് വരികയാണ്. പിക്സല്‍ സിയ്ക്കും നെക്സസ് പ്ലെയറിനും ഒപ്പം ഘട്ടം ഘട്ടങ്ങളായി  ഉടന്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഹാര്‍ഡ്‌വെയര്‍ നിര്‍മാതാക്കളായ എസന്‍ഷ്യല്‍, ജനറല്‍ മൊബൈല്‍, നോക്കിയ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍, വാവെയ്, എച്ച്ടിസി, ക്യോസെറ, എല്‍ജി, മോട്ടോറോള, സാംസംഗ്, ഷാര്‍പ്, സോണി തുടങ്ങിയവര്‍ ഈ വര്‍ഷം അവസാനത്തോടെ തങ്ങളുടെ ഡിവൈസുകളില്‍ ആന്‍ഡ്രോയ്ഡ് 8.0 ഓറിയോ പുറത്തിറക്കുകയോ അപ്ഡേറ്റ് ലഭ്യമാക്കുകയോ ചെയ്യും. ആന്‍ഡ്രോയ്ഡ് ബീറ്റാ പ്രോഗ്രാമില്‍ ചേര്‍ന്നിട്ടുള്ള ഏത് ഡിവൈസിലും ഓറിയോയുടെ ഫൈനല്‍ പതിപ്പ് ലഭിക്കുമെന്നും ഗൂഗിള്‍ ബ്ലോഗ്‌ പറയുന്നു.

യുഐയില്‍ നിരവധി മാറ്റങ്ങളും പുതിയ ഒട്ടേറെ സവിശേഷതകളുമായാണ് ഗൂഗിളിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പ് എത്തുന്നത്. ആന്‍ഡ്രോയ്ഡ് 8.0 ഓറിയോയുടെ പ്രധാന സവിശേഷതകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

∙ മെച്ചപ്പെട്ട പ്രകടനം

ആന്‍ഡ്രോയ്ഡ് 8.0 ഓറിയോയില്‍, യൂസര്‍മാര്‍ക്ക് കൂടുതല്‍ വേഗതയാര്‍ന്ന ആന്‍ഡ്രോയ്ഡ് അനുഭവം തന്നെ പ്രതീക്ഷിക്കാം. പുതിയ പതിപ്പില്‍ ബൂട്ട് ടൈം വളരെയധികം കുറച്ചിട്ടുണ്ടെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. എല്ലാ സമയവും ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകളുടെ പെര്‍ഫോമന്‍സും ഗൂഗിള്‍ ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ട്. ബാക്ക്ഗ്രൗണ്ട് ആപ്പുകള്‍ മൊത്തത്തിലുള്ള പ്രകടനത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന പുതിയ ടൂളുകളും ഗൂഗിള്‍ ഡെവലപ്പര്‍മാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

∙ പിക്ചര്‍-ഇന്‍-പിക്ചര്‍

മറ്റേത് ആപ്പ് ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോഴും യൂസര്‍മാര്‍ക്ക് തങ്ങളുടെ വിഡിയോ കാണാന്‍ കഴിയുന്ന സംവിധാനമാണിത്. ആന്‍ഡ്രോയ്ഡ് ഫെയ്സ്ബുക്ക്‌ മെസഞ്ചറിലെ ഒഴുകി നടക്കുന്ന വിഡിയോ വിന്‍ഡോയ്ക്ക് സമാനമാണിത്. സാംസംഗും, നിരവധി തേഡ്-പാര്‍ട്ടി ആപ്പുകളും സമാനമായ ഫീച്ചര്‍ ലഭ്യക്കുന്നുണ്ടെങ്കിലും ആന്‍ഡ്രോയ്ഡ് പിന്തുണ കൂടിയാകുമ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട അനുഭവമാകും ഉണ്ടാകുക.

∙ മെച്ചപ്പെടുത്തിയ നോട്ടിഫിക്കേഷനുകള്‍

നോട്ടിഫിക്കേഷനുകള്‍ കസ്റ്റമൈസ് ചെയ്യാന്‍ കൂടുതല്‍ ഓപ്ഷനുകള്‍ ഗൂഗിള്‍ പുതിയ പതിപ്പില്‍ നല്‍കുന്നു. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് നോട്ടിഫിക്കേഷനുകള്‍ സ്നൂസ് ചെയ്ത് വയ്ക്കുന്നതിനും, നിങ്ങള്‍ക്ക് സൗകര്യപ്രദമായ സമയത്ത് മറുപടി/പ്രതികരിക്കാനോ സാധിക്കും. ഒരു ആപ്പിന്റെ മുകളിലെ നോട്ടിഫിക്കേഷന്‍ ഡോട്ടുകളില്‍ ടാപ്പ് ചെയ്താല്‍ മിസായ നോട്ടിഫിക്കേഷനുകള്‍ കാണാന്‍ കഴിയും. ഡ്രോപ്പ്-ഡൗണ്‍ മെന്യൂവില്‍ സൈപ് ചെയ്തും മിസായ നോട്ടിഫിക്കേഷനുകള്‍ പരിശോധിക്കാം. ഒരു ആപ്പിലേക്ക് യഥാര്‍ഥത്തില്‍ പ്രവേശിക്കാതെ തന്നെ ഉള്ളടക്കം നോട്ടിഫിക്കേഷനില്‍ പ്രിവ്യൂ രൂപത്തില്‍ കാണാനും കഴിയും.

∙ മെച്ചപ്പെടുത്തിയ ഇമോജികള്‍

ആപ്പിളിന്റെ ഐഒഎസിലെ ഇമോജികളെ പോലെ തോന്നിക്കുന്ന ഇമോജികളാണ് പുതിയ ആന്‍ഡ്രോയ്ഡിലുള്ളത്. ഇമോജി 5.0 യ്ക്ക് അനുഗുണമായ, വൃത്താകൃതിലുള്ള ഇമോജികളെ "ബ്ലോബ് ഫേസ്ഡ് ഇമോജികള്‍" എന്നാണ് ഗൂഗിള്‍ വിശേഷിപ്പിക്കുന്നത്. ഓറഞ്ച് ഹാര്‍ട്ട്, ദിനോസറുകള്‍, വൊമിറ്റ് ഫേസ് തുടങ്ങിയ കുറച്ചു പുതിയ ഇമോജികളും ഇതോടൊപ്പം വരുന്നുണ്ട്. 

∙ ബ്ലൂടൂത്ത് 5

ആന്‍ഡ്രോയ്ഡ് 8.0 ഓറിയോയുടെ ഏറ്റവും വലിയ സവിശേഷത ബ്ലൂടൂത്ത്‌ 5.0 യ്ക്കുള്ള പിന്തുണയാണ്. പുതിയ തലമുറ ബ്ലൂടൂത്ത് വ്യാപകമായിട്ടില്ലെങ്കിലും, കൂടുതല്‍ ഫോണുകള്‍ വേഗതയേറിയ ബ്ലൂടൂത്ത് 5.0 യുമായി എത്തുമെന്ന് പ്രതീക്ഷിക്കാം. മുന്‍ തലമുറ ബ്ലൂടൂത്തിനെക്കാള്‍ നാലിരട്ടി ഡേറ്റ കൈമാറ്റ വേഗത ബ്ലൂടൂത്ത് 5.0 ല്‍ പ്രതീക്ഷിക്കാം. ബ്ലൂടൂത്തില്‍ കണക്റ്റ് ചെയ്യുന്ന ഹെഡ്ഫോണുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയ്ക്കും ഈ വേഗത ഗുണം ചെയ്യും.

∙ ഫിംഗര്‍പ്രിന്റ്‌ ജസ്റ്റര്‍

നിരവധി ഡിവൈസ് നിര്‍മാതാക്കള്‍, സ്മാര്‍ട്ട്‌ ഫോണ്‍ അണ്‍ലോക്കിംഗ്/ലോക്കിംഗിന് സെല്‍ഫികള്‍ എടുക്കുന്നതിനും യുഐയില്‍ നാവിഗേഷന്‍ ചെയ്യുന്നതിനും മറ്റുമൊക്കെ ഫിംഗര്‍ പ്രിന്റ്‌ സ്കാനര്‍ ഉപയോഗിക്കാന്‍ യൂസറെ അനുവദിക്കുന്നുണ്ട്. എന്നാല്‍ പുതിയ ആന്‍ഡ്രോയ്ഡ് 8.0 ഓറിയോയില്‍ ഡെവലപ്പര്‍മാര്‍ക്ക് അവരുടെതായ ഫിംഗര്‍പ്രിന്റ്‌ അടിസ്ഥാനമാക്കിയ ജസ്റ്റര്‍ കണ്‍ട്രോളുകള്‍ നല്‍കാന്‍ കഴിയും.

∙ ഓട്ടോഫില്‍ ഫ്രെയിംവര്‍ക്ക്

ആന്‍ഡ്രോയ്ഡ് ഒയോടൊപ്പം വരുന്ന ഗൂഗിളിന്റെ ഓട്ടോഫില്‍ ഫ്രെയിംവര്‍ക്ക്, ക്രെഡിറ്റ്‌ കാര്‍ഡ് നമ്പര്‍ അല്ലെങ്കില്‍ അഡ്രസുകള്‍ മുതലായ വിവരങ്ങള്‍ ആപ്പിനുള്ളില്‍ തന്നെ ഓട്ടോഫില്‍ ചെയ്യുന്നത് സാധ്യമാക്കുന്നു. ഇതുവരെ ഓട്ടോഫില്‍ ഫീച്ചര്‍ കൂടുതലും വെബ്‌ യൂസര്‍മാര്‍ക്കാണ് ലഭ്യമായിരുന്നത്. യൂസര്‍മാര്‍ക്ക് ചില ആപ്പുകളില്‍ എങ്ങനെ അവരുടെ ഡേറ്റ ഓട്ടോഫില്‍ ചെയ്യണമെന്നത് കസ്റ്റമൈസ് ചെയ്യാനും ഓട്ടോഫില്‍ ഫ്രെയിംവര്‍ക്കില്‍ സാധിക്കും.

∙ സ്മാര്‍ട്ടര്‍ വൈ-ഫൈ

നിരവധി യൂസര്‍മാര്‍ ബാറ്ററി ലഭിക്കാനോ അല്ലെങ്കില്‍ സുരക്ഷിതമായ നെറ്റുവര്‍ക്കില്‍ കണക്റ്റ് ആകുന്നത് ഒഴിവാക്കനോ ഒക്കെ വൈ-ഫൈ ഓഫ് ചെയ്ത് വയ്ക്കാറുണ്ട്. ഇതിന് ഒരു പരിഹാരവുമായാണ് ആന്‍ഡ്രോയ്ഡ് ഒ എത്തുന്നത്. ഇതില്‍ യൂസര്‍മാര്‍ക്ക് ലൊക്കേഷന്‍ അനുസരിച്ച് വൈ-ഫൈ ഓണ്‍ ആക്കുകയും ഓഫ് ആക്കുകയും ചെയ്യാം. അതുകൊണ്ട്, നിങ്ങള്‍ ഓഫീസിലോ ജോലി സ്ഥലത്തോ മാത്രമേ വൈ-ഫൈ കണക്റ്റ് ചെയ്യുന്നുള്ളൂവെങ്കില്‍ ആ സ്ഥലങ്ങളില്‍ എത്തുമ്പോള്‍ മാത്രം വൈ-ഫൈ ഓണ്‍ ആകുന്നതിനായി സെറ്റ് ചെയ്ത് വയ്ക്കാം. ഇതുവഴി കൈകൊണ്ട് ഓരോ സമയവും വൈ-ഫൈ ഓണ്‍, ഓഫ്‌ ചെയ്യുന്ന സമയം ലാഭിക്കാം.