Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോണി എക്സിപീരിയ പൊട്ടിത്തെറിച്ച് തീഗോളമായി, ഉപയോക്താവിന് പരിക്ക്

Sony-xperia

സോണി എക്സിപീരിയ സ്മാർട്ട് ഫോണ്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റെന്ന പരാതിയുമായി ഉപഭോക്താവ് രംഗത്ത്. ബെഡ്ഫോര്‍ഡ് സ്വദേശിയായ ടോം കോളിന്‍സ് എന്ന മുപ്പത്തിയാറുകാരനാണ് പരാതിയുമായി രംഗത്തെത്തിയത്. ഫോണ്‍ ഉപയോഗിച്ച് കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും പൊട്ടിത്തെറിയില്‍ വിരലുകളിലെ ത്വക്ക് ഇളകിപോയതായും രണ്ട് കൈകള്‍ക്കും പൊള്ളലേറ്റതായും ഇയാള്‍ പരാതിപ്പെടുന്നു. 

മെസേജ് ചെയ്ത് കൊണ്ടിരിക്കുമ്പോഴായിരുന്നു ഫോണ്‍ തീഗോളമായി മാറിയത്. 10,000 പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇലക്ട്രോണിക് ഭീമന്‍ സോണിയ്ക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ടോം കോളിന്‍സ്. നല്ല ചൂടിനൊപ്പം ശബ്ദവും കേട്ടെന്നും കോളിന്‍സ് പറയുന്നു. ഫോണ്‍ തിരിച്ചുനോക്കിയപ്പോള്‍ പുറകില്‍ തീ പിടിച്ചതിനെത്തുടര്‍ന്നുണ്ടായ പുകക്കറ കണ്ടു. ഫോണിന്റെ പുറകില്‍ അഞ്ച് സെക്കന്റോളം തീജ്വാല ഉണ്ടായിരുന്നുവെന്നും ഒരു റോക്കറ്റിനെപ്പോലെയാണ് ഇത് കാണപ്പെട്ടത്. നിമിഷങ്ങള്‍ക്കകം ഫോണ്‍ തീഗോളമായി മാറി. പെട്ടെന്ന് ഫോണ്‍ കാര്‍പ്പെറ്റില്‍ ഇടുകയും വെള്ളമൊഴിച്ച് തീയണയ്ക്കുകയും ചെയ്തുവെന്നും കോളിന്‍സ് പറഞ്ഞു.

2014 ല്‍ പുറത്തിറക്കിയ സോണി എക്സ്പീരിയ Z2 ഫോണ്‍ ആണ് പൊട്ടിത്തെറിച്ചതെന്ന് 'ദി സണ്‍' പ്രസിദ്ധീകരിച്ച ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. ബാന്‍ഡേജിട്ട കൈകളില്‍ പൊട്ടിത്തെറിച്ച ഫോണുമായി കോളിന്‍സ് നില്‍ക്കുന്ന ചിത്രവും കാണാം. ഫോണ്‍ പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ പരിക്ക് ഭേദമാകാന്‍ മൂന്ന് മാസം വേണ്ടി വന്നുവെന്നും ഒരു വിരലിന്റെയും തള്ളവിരലിന്റെയും സ്പര്‍ശനശേഷി നഷ്ടമായതായും ഫിനാന്‍ഷ്യല്‍ അഡ്വൈസറായി ജോലി ചെയ്യുന്ന കോളിന്‍സ് പറഞ്ഞു.

ഹാന്‍ഡ്സെറ്റ് അയച്ചുനല്‍കിയപ്പോള്‍ ബാറ്ററിയ്ക്ക് തീപിടുത്തം ഉണ്ടായതായി സോണി സമ്മതിച്ചുവെങ്കിലും അവര്‍ കോളിന്‍സിന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളിക്കളയുകയായിരുന്നു. വെള്ളവുമായി ബന്ധമുണ്ടായതാണ് ബാറ്ററി പൊട്ടിത്തെറിക്കാന്‍ കാരണമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ തീയണയ്ക്കാന്‍ വേണ്ടിയാണു താന്‍ ഫോണിലേക്ക് വെള്ളമൊഴിച്ചതെന്നും ഈ ഹാന്‍ഡ്‌സെറ്റ് വാട്ടര്‍പ്രൂഫ്‌ ആണെന്ന കമ്പനിയുടെ അവകാശവാദത്തില്‍ വിശ്വസിച്ചാണ് ഫോണ്‍ വാങ്ങിയതെന്നും കോളിന്‍സ് പറഞ്ഞു.

Sony-xperia-accident

കമ്പനി ഫോണ്‍ മാറ്റി നല്‍കാണോ ബാധ്യത ഏറ്റെടുക്കാനോ തയ്യാറാകാത്ത സാഹചര്യത്തില്‍ തേഡ്-പാര്‍ട്ടി ബാറ്ററി വാങ്ങിയിട്ട് പൊട്ടിത്തെറിച്ച ഫോണ്‍ തന്നെ ഉപയോഗിക്കുകയാണ് കോളിന്‍സ്. അതേസമയം, നഷ്ടപരിഹാരം തേടി അഭിഭാഷകര്‍ വഴി നിയമപോരാട്ടത്തിലുമാണ് ഇദ്ദേഹം. പരിക്കിനെത്തുടര്‍ന്ന് കോളിന്‍സിന് ജോലിയും നഷ്ടമായിയിരുന്നു.