Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്താം വാർഷിക ഐഫോൺ രഹസ്യക്കൂട്ട് ടെക് ലോകത്തെ അദ്ഭുതപ്പെടുത്തും, അറിയേണ്ടതെല്ലാം!

iphone-8 ഐഫോൺ 8 കൺസെപ്റ്റ് ഗ്രാഫിക്സ്

അവതരിപ്പിക്കുന്ന പ്രൊഡക്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ അവസാന നിമിഷം വരെ ചോരരുതെന്ന നിര്‍ബന്ധ ബുദ്ധിയുള്ള കമ്പനിയാണ് ആപ്പിള്‍. എന്നാല്‍, ഒരോ പുതിയ ഉപകരണത്തെ പറ്റിയുള്ള ധാരാളം കാര്യങ്ങള്‍ അവ എത്തുന്നതിനു മുമ്പു തന്നെ പുറം ലോകം അറിയാറും ഉണ്ട്. ഇവയില്‍ ചിലതെല്ലാം ആപ്പിള്‍ തന്നെ പുറത്തുവിടുന്നവയാണ് എന്നും അവകാശവാദങ്ങളുണ്ട്. അതെന്തായാലും, ഓരോ ഐഫോണ്‍ അവതരണത്തിനു മുമ്പും ഇത്തരം ഒരു കേട്ടുകേള്‍വിക്കൂമ്പാരം നമ്മുടെ മുന്‍പില്‍ ഉണ്ടാകും. അവയില്‍ എത്രയെണ്ണം ശരിയാകും എന്നതു പരിശോധിക്കുന്നതു തന്നെ ടെക് ജേണലിസ്റ്റുകള്‍ ഏര്‍പ്പെടുന്ന ഒരു കളിയായി മാറിയിട്ടുമുണ്ട്. 

ഇവയില്‍ മിക്കതും ശരിയായിരിക്കും എന്നതാണ് ഇതിനെ ഗൗരവത്തിലെടുക്കാന്‍ ടെക് പ്രേമികളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ പ്രതീക്ഷിക്കുന്നതിലേറെ എന്തെങ്കിലും പുതുമ കൊണ്ടുവന്ന് അദ്ഭുതപ്പെടുത്തുക എന്നതും ആപ്പിളിന്റെ ഒരു രീതിയാണ്. അതാണ് കണ്‍സ്യൂമര്‍ ടെക് ലോകത്തെ ഏറ്റവും പ്രാധാന്യമുള്ള ഈ ഒളിച്ചേ-കണ്ടേ കളി രസകരമാക്കുന്നതും!

ഇത്തവണ എന്തു പ്രതീക്ഷിക്കാം എന്നുള്ളതിനെ കുറിച്ചുള്ള ഏറ്റവും പുതിയ പ്രവചനങ്ങള്‍ ഇവയാണ്:

∙ ഐഫോണ്‍ അവതരണ തിയതി ഈ മാസം 12 ആണ്. (ഇതുവരെ മാധ്യമപ്രവര്‍ത്തകര്‍ക്കം മറ്റുമുള്ള ക്ഷണക്കത്ത് അയച്ചിട്ടില്ല എന്നതാണ് തിയതി ഉറപ്പിക്കാന്‍ സാധിക്കാത്തത്.) 

∙ ആപ്പിള്‍ കമ്പനിയുടെ ബുദ്ധികേന്ദ്രമായിരുന്ന സ്റ്റീവ് ജോബ്‌സിന്റെ സ്മരണയ്ക്കായി നിര്‍മിച്ചിരിക്കുന്ന സ്റ്റീവ് ജോബ്‌സ് തിയറ്ററില്‍ ആയേക്കാം അവതരണം.

∙ ഓഗ്‌മെന്റഡ് റിയാലിറ്റി (AR) ഉള്ളിലൊതുക്കിയായിരിക്കും പുതിയ മോഡലുകള്‍ പുറത്തിറങ്ങുക. (ഓഗ്മെന്റഡ് റിയാലിറ്റി ആപ്പിളിന്റെ കുത്തകയൊന്നുമല്ല. മൈക്രോസോഫ്റ്റും (ഹോളോ ലെന്‍സ്) ഗൂഗിളും (പ്രൊജക്ട് ടാങ്‌ഗോ, Project Tango) യുമൊക്കെ ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ വരവറിയച്ചവയാണ്. എന്നാല്‍ ഈ രണ്ടു സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ക്കും AR ഉപകരണങ്ങള്‍ നിര്‍മിച്ച് ശ്രദ്ധ പിടിക്കാന്‍ സാധിച്ചിട്ടില്ല. സോഫ്റ്റ്‌വെയറും ഹാര്‍ഡ്‌വെയറും നിര്‍മിക്കുന്ന ആപ്പിള്‍ കമ്പനിയുടെ ഒരു കരുത്തും ഇതാണ്- ഒരു പുതിയ സോഫ്റ്റ്‌വെയര്‍ പരിചയപ്പെടുത്താന്‍ മറ്റു കമ്പനികളുടെ കാലു പിടിക്കേണ്ടതില്ല. എന്നാല്‍, പ്രൊജക്ട് ടാങ്‌ഗോ പ്രയോജനപ്പെടുത്തി നിര്‍മിച്ച അസൂസ് സെന്‍ഫോണ്‍ AR (http://bit.ly/2xVZt8w) ഈ രംഗത്തെ നാഴികക്കല്ലാണ്. 

പത്താം വാര്‍ഷിക ഐഫോണ്‍ 

ഐഫോണ്‍ 8/X/പ്രോ ഇതിലേതെങ്കിലും ഒരു പേരോ, തികച്ചും അപ്രതീക്ഷിതമായ ഒരു പേരോ ആയിട്ടായിരിക്കും, ടെക് ലോകത്തെ ഉത്സകുതയുടെ നെറുകയില്‍ നിറുത്തിയ ഫോണ്‍ എത്തുന്നത്. നാളിതുവരെയുള്ള ഐഫോണ്‍ ഡിസൈനിൽ നിന്ന് വേറിട്ടതായിരിക്കും ഈ ഫോണിന്റെ നിര്‍മാണം. കാര്യമായി വിളുമ്പില്ലാത്ത, 5.5 ഇഞ്ചിലേറെ വലിപ്പമുള്ള OLED സ്‌ക്രീന്‍ ആയിരിക്കും ഇതിന്റെ പ്രധാന ഹാര്‍ഡ്‌വെയര്‍ ആകര്‍ഷണീയതകളില്‍ ഒന്ന്. (സാംസങ് ഗ്യാലക്‌സി S8/S8 പ്ലസ്, ഗ്യാലക്‌സി നോട്ട് 8, LG V30, G6 തുടങ്ങയി ഫോണുകള്‍ ഈ മാതൃക കൊണ്ടുവന്ന ഫോണുകളാണ്.) OLED പാനലുകള്‍ക്ക് LCD പാലനലുകളേക്കാള്‍ കട്ടി കുറവായതിനാല്‍ മിച്ചം വരുന്ന സ്ഥലത്ത് കൂടുതല്‍ വലിയൊരു ബാറ്ററി ഉപയോഗിക്കുകയം ചെയ്യാമെന്ന ഗുണവുമുണ്ട്. OLED സ്‌ക്രീനുകള്‍ കൂടുതല്‍ മിഴിവോടെ നിറങ്ങളെ പുഃനര്‍ജനിപ്പിക്കും. കൂടുതല്‍ കോണ്‍ട്രാസ്റ്റും, നല്ല ബ്ലാക് ലെവലും ഉണ്ടായിരിക്കും. പത്താം വാര്‍ഷിക ഫോണിന്റെ മറ്റൊരു ഹാര്‍ഡ്‌വെയര്‍ സവിശേഷത, ഒരു സെക്കന്‍ഡിന്റെ പത്തു ലക്ഷത്തിലൊരംശം കൊണ്ട് ഉപയോക്താവിനെ തിരിച്ചറിയുമെന്നു പറയുന്ന 3D സെല്‍ഫി ക്യാമറയാണ്. പത്തു വര്‍ഷമയി പരിചയിച്ച ഹോം ബട്ടണെ പാടെ എടുത്തുകളയുന്നു എന്നതാണ് മറ്റൊരു പ്രത്യേകതയായി പറയുന്നത്. പകരമായി സ്‌ക്രീനിന്റെ താഴെ ഫോണുമായി സംവേദിക്കാനുള്ള ഒരു വെര്‍ച്വല്‍ ഏരിയ ഉണ്ടായിരിക്കുമത്രെ. പലതരം സ്പര്‍ശങ്ങളെ വേര്‍തിരികച്ചറിയാന്‍ കഴിവുള്ള ഈ ഭാഗം ഫോണുകളുമായി സംവേദിക്കുന്നതില്‍ പുതിയൊരു 'ഭാഷ' കൊണ്ടുവരുമെന്നു കരുതുന്നു.

പുതിയ ഫോണില്‍ ടച്ച് ഐഡിയും കാണില്ല. 3D ക്യാമറയുടെ കഴിവില്‍ കണ്ണുമടച്ച് വിശ്വസിച്ചാണ് ആപ്പിള്‍ പുതിയ ഫോണിനെ പുറത്തെത്തിക്കുന്നത്. ഫോണ്‍ അണ്‍ലോക്കു ചെയ്യാന്‍ മാത്രമല്ല, 'ആപ്പിള്‍ പേ' ഉപയോഗിക്കുന്നതിനും ഈ രീതി ആയിരിക്കും ഉപയോഗിക്കേണ്ടിവരുന്നത്.

ചാര്‍ജിങ്ങിലാണ് മറ്റൊരു വ്യത്യാസം. ഈ വര്‍ഷം പത്താം വാര്‍ഷിക ഐഫോണിനെങ്കിലും വയര്‍ലെസ് ചാര്‍ജിങ് കിട്ടുമെന്നാണ് കരുതുന്നത്. ആപ്പിള്‍ പുറത്തിറക്കുന്ന ചാര്‍ജിങ് പാഡില്‍ ഫോണ്‍ വയ്ക്കുക എന്നതായിരിക്കും രീതി. പാഡ് ഫോണിനൊപ്പം കിട്ടിയേക്കില്ല. വേറെ വില കൊടുക്കേണ്ടിവരുമെന്നാണ് ഒരു വാദം. വയര്‍ലെസ് ചാര്‍ജിങ് സാധ്യമായ ഫോണുകളുടെ പിന്‍ഭാഗം ഗ്ലാസ് ആയിരിക്കും എന്നാണ് ഒരു കേള്‍വി.

പുതിയ ഫോണുകളുടെ ക്യാമറയ്ക്കും 'മൂര്‍ച്ച' കൂടും. പത്താം വാര്‍ഷിക ഫോണിന് ഇരട്ട പിന്‍ ക്യാമറകളും കണ്ടേക്കുമെന്നാണ് സൂചന. പക്ഷെ, ഇവയക്ക് AR ശേഷി നല്‍കുമോ എന്നകാര്യം ഉറപ്പാക്കാനാവില്ലത്രെ.

ഇന്നേ വരെ ഇറങ്ങിയിരിക്കുന്നതില്‍ വച്ച് ഏറ്റവും വിലകൂടിയ ഐഫോണും ആയിരിക്കും ഇത്. 10,00-12,00 ഡോളര്‍ വില തുടക്ക മോഡലിനു പ്രതീക്ഷിക്കുന്നു. മറ്റൊരു കാര്യം ഈ ഫോണ്‍ അധകം എണ്ണം ആദ്യം പുറത്തിറക്കിയേക്കില്ല എന്നതാണ്. 

ഐഫോണ്‍ 7s/7s പ്ലസ്

സ്വര്‍ണ്ണം തന്നെ വേണമെന്നില്ലാത്തവര്‍ക്ക് വെള്ളിയും വെങ്കലവും എന്ന രീതിയിലാണ് ഈ വര്‍ഷത്തെ ഐഫോണ്‍ അവതരണം. നിലവിലുള്ള ഐഫോണ്‍ 7/7 പ്ലസ് മോഡലുകള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ടതു പോലെ പിന്‍ഗാമികള്‍ ഉണ്ടാകും. ഇവ എല്‍സിഡി പാനലും കണ്ടു ശീലിച്ച രീതികളും കൊണ്ട് കൂടുതല്‍ പരിചിതമായിരിക്കും. എന്നാല്‍, ഇവയ്ക്കും പ്രോസസിങ് ശക്തിയിലും മറ്റും പഴയ മോഡലുകളെക്കാള്‍ ഉശിരുപകര്‍ന്നാകും ഇറക്കുക. ഇവയ്ക്കും ചിലപ്പോള്‍ വയര്‍ലെസ് ചാര്‍ജിങ് സാധ്യമാക്കിയേക്കും. കഴിഞ്ഞ വര്‍ഷങ്ങളിലെ സ്റ്റാറുകളായിരുന്ന ഈ ഇരട്ട സഹോദരങ്ങള്‍ ഈ വര്‍ഷം പത്താം വാര്‍ഷിക ഐഫോണിന്റെ നിഴലില്‍ ആയിരിക്കും. 

ആപ്പിള്‍ വാച്ച്

ആപ്പിള്‍ വാച്ച് ഈ വര്‍ഷം കാര്യമായ മുഖം മിനുക്കലുമായി മാര്‍ക്കറ്റിലെത്തുമെന്ന് പ്രവചനമുണ്ട്. എന്നാല്‍ അത് ഐഫോണ്‍ അവതരണ വേദി തന്നെ ആയിരിക്കുമോ എന്ന് ഉറപ്പില്ല താനും. പറഞ്ഞു കേള്‍ക്കുന്ന പ്രധാന മാറ്റം വാച്ചില്‍ LTE കണ്ടേക്കുമെന്നതാണ്. ഇത് എല്ലാക്കാര്യത്തിനും ഐഫോണിനെ ആശ്രയിക്കേണ്ട അവസ്ഥയില്‍ നിന്ന് ഒരു പരിധിവരെ വാച്ചിനെ മോചിപ്പിച്ചേക്കും. 

ആപ്പിള്‍ ടിവി

4K സ്ട്രീം ചെയ്യാനുള്ള കഴിവാണ് ആപ്പിള്‍ ടിവിയില്‍ പ്രധാനമായും പ്രതീക്ഷിക്കുന്നത്.

ഹോംപോഡിന്റെ അപ്‌ഡേറ്റു ചെയ്ത മോഡല്‍, ഐഒഎസ് 11 എന്നിവയും, ചിലപ്പോള്‍ പവര്‍ കംപ്യൂട്ടിങിന്റെ പര്യായമായ ഐമാക് പ്രോയും വരെ അരങ്ങുണര്‍ത്തും.