Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ വൻ തരംഗമായി ഗാലക്സി നോട്ട് 8, ബുക്കിങ് 2.5 ലക്ഷം കവിഞ്ഞു

note-8

മു‍ൻനിര സ്മാർട്ട്ഫോൺ നിർമാതാക്കളായ സാംസങ്ങിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഗാലക്സി നോട്ട് 8 ഇന്ത്യയിൽ തരംഗമാകുന്നു. ഇന്ത്യയിൽ ഗ്യാലക്സി നോട്ട് 8 ന്റെ ബുക്കിങ് 2.5 ലക്ഷം കവിഞ്ഞെന്നാണ് റിപ്പോർട്ട്. ആമസോൺ ഇന്ത്യ വഴി തന്നെ 1.5 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 72,000 പേർ ആദ്യദിനം തന്നെ ബുക്ക് ചെയ്തവരാണ്.

ഗാലക്സി നോട്ട് 8 സെപ്റ്റംബർ 12 നാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ആപ്പിൾ ഐഫോണും ഇതേദിവസമാണ് അവതരിപ്പിക്കുന്നത്. ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ രാത്രി 12.30-നാണ് ഗാലക്സി നോട്ട് 8 അവതരിപ്പിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ചടങ്ങ് തത്സമയം കാണാം. ഈ മാസം അവസാനത്തോടെ ഹൈ എൻഡ് സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിക്കും. ദക്ഷിണ കൊറിയൻ കമ്പനിയായ ഗാലക്സി നോട്ട് 8 ന്റെ 64 ജിബി, 128 ജിബി സ്റ്റോറേജ് വേരിയൻറുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്.

സാംസങ്ങിന്റെ കൈവശമുള്ള മൊബൈല്‍ ഫോണ്‍ ടെക്‌നോളജി മുഴുവന്‍ കുത്തിനിറച്ചാണ് പുതിയ ഫോണ്‍ എത്തിയിരിക്കുന്നത്. ക്ഷണം ശ്രദ്ധയാകര്‍ഷിക്കാന്‍ പര്യാപത്മായ കൂറ്റന്‍ 6.3 ഇഞ്ച് Quad HD+ Super AMOLED, 2.960 x 1.440 റെസലൂഷനുള്ള സ്‌ക്രീന്‍ അത്യുജ്വലമാണ്. സാംസങ് ഈ സ്‌ക്രീനിനെ വിളിക്കുന്നത് ഇന്‍ഫിനിറ്റി ഡിസ്‌പ്ലെ എന്നാണ്. വിളുമ്പു കുറച്ചു സൃഷ്ടിച്ചിരിക്കുന്ന ഈ ഡിസ്‌പ്ലെ ആരെയും ആകര്‍ഷിക്കും.  

പത്താം വാര്‍ഷിക ഐഫോണിന്റെ സ്‌ക്രീന്‍ സൈസ് 5.8 ഇഞ്ച് ആയിരിക്കുമെന്നാണ് കേള്‍വി എന്നിരിക്കെ ഈ ഫോണിന്റെ സ്‌ക്രീന്‍ സൈസ് വലിയ ഫോണ്‍ ആഗ്രഹിക്കുന്ന ചിലരെ ആകര്‍ഷിച്ചേക്കുമെന്നാണ് കമ്പനി വിലയിരുത്തുന്നത്. അല്‍പ്പം വളഞ്ഞ ബോഡി നിര്‍മിച്ചിരിക്കുന്നത് ഗ്ലാസും മെറ്റലും ചേര്‍ത്താണ്. 

സാംസങിന്റെ പേഴ്‌സണല്‍ അസിറ്റന്റ് ആയ ബിക്‌സ്ബി (Bixby) ഈ ഫോണില്‍ പ്രവര്‍ത്തിക്കും. ബിക്‌സ്ബിക്ക് ഫോണിന്റെ ക്യാമറയിലൂടെ നോക്കി അടുത്തുള്ള പല വസ്തുക്കളെയും തിരിച്ചറിയാം എന്നാണ് പറയുന്നത്. ഫോണ്‍ ലോക വിപണിയിൽ ഇറങ്ങുന്നത് രണ്ടു വ്യത്യസ്ത പ്രോസസറുകളുമായാണ്. അമേരിക്ക, ചൈന എന്നീ രാജ്യങ്ങളില്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 (Qualcomm Snapdragon 835) ഉപയോഗിച്ചുള്ള ഫോണുകള്‍ ലഭ്യമാക്കും. മറ്റു രാജ്യങ്ങളില്‍ Octa-Core (2,3 GHz Quad + 1,7 GHz Quad) chipset (Exynos 8895 for EMEA) പ്രോസസറും ആയിരിക്കും. 

6 GB റാം ഉള്ള ഫോണില്‍ സാംസങിന്റെ S-പെന്‍ ഉപയോഗിക്കാം.  

∙ ക്യാമറ 

സാംസങ് ആദ്യമായി ഇരട്ട പിന്‍ക്യാമറ സിസ്റ്റം കൊണ്ടുവരുന്ന ഫോണാണ് എന്ന സവിശേഷതയും നോട്ട് 8നുണ്ട്. 26mm ലെന്‍സിന് F/1.7 അപേര്‍ച്ചര്‍ ഉണ്ട്. സെന്‍സറിന്റെ വലിപ്പം 1/2.55'' ആണ്. രണ്ടാമത്തെ ക്യാമറ ഐഫോണ്‍ 7 പ്ലസിലേതു പോലെ ടെലി ലെന്‍സാണ് ഉപയോഗിച്ചിരിക്കുന്നത്. 52mm റീച്ചുള്ള ലെന്‍സിന് F/2.4 അപേര്‍ച്ചറാണുള്ളത്. സെന്‍സറിനാകട്ടെ 1/3.6'' വലിപ്പവും. ഐഫോണിനെ പോലെ പശ്ചാത്തലം ഫോക്കസല്ലാതാക്കാനുള്ള കഴിവും ഇതിനുണ്ട്. രണ്ടു ക്യാമറകള്‍ക്കും ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനുണ്ട് എന്നത് ഇവയെ ഫൊട്ടോഗ്രഫി പ്രേമികള്‍ക്ക് ഇഷ്ടപ്പെടാന്‍ ഒരു കാരണമാകാം. മുന്‍ ക്യാമറ 8MP റെസലൂഷനുള്ളതാണ്. 

4K വിഡിയോ റെക്കോഡു ചെയ്യുമെന്നതാണ് നോട്ട് 8ന്റെ സുപ്രധാന ഫീച്ചറുകളില്‍ ഒന്ന്. 720p യില്‍ 240fps സ്ലോമോഷന്‍ റെക്കോഡു ചെയ്യാമെന്നതും വിഡിയോ ഷൂട്ടര്‍മാര്‍ക്ക് താത്പര്യമുണ്ടാക്കുന്ന കാര്യമാണ്. ഫോണ്‍ വാട്ടര്‍ റെസിസ്റ്റന്റുമാണ്. വലിയ ഫോണുകള്‍ നിര്‍മിക്കാനുള്ള സാംസങിന്റെ കഴിവിനുള്ള അംഗീകാരണാണ് പുതിയ ഫോണ്‍.