Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഫോണും ഗാലക്സിയും ഇറങ്ങി, ഇനി ഗൂഗിൾ പിക്സലിന്റെ ഊഴം

google-pixel-2-concept

2017 ല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോണും ഗാലക്സിയും തുടങ്ങി ഫോണുകളില്‍ ചിലതെല്ലാം ഇതിനോടകം എത്തിക്കഴിഞ്ഞു. ഇനി വരാനുള്ള പ്രധാന പ്രഖ്യാപനങ്ങള്‍ ഗൂഗിളിന്റെതും വാവേയുടെതും മാത്രമാണ്. വാവേ തങ്ങളുടെ അടുത്ത ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ ഫോണിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഗൂഗിളും പുതുതലമുറ ഗൂഗിള്‍ പിക്സല്‍ ഫോണിന്റെ ലോഞ്ച് തീയതിയെക്കുറിച്ച് സൂചന നല്‍കിക്കഴിഞ്ഞു. ഒക്ടോബര്‍ നാലിനാകും പുതിയ ഗൂഗിള്‍ പിക്സല്‍ ഫോണുകള്‍ എത്തുക.

ബോസ്റ്റണില്‍ ഗൂഗിള്‍ സ്ഥാപിച്ചിരിക്കുന്ന ഒരു ബില്‍ബോഡിന്റെ അടിസ്ഥാനത്തില്‍ ഡ്രോയ്ഡ് ലൈഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 'നിങ്ങളുടെ ഫോണിനെക്കുറിച്ച് കൂടുതല്‍ ചോദിക്കുക' എന്ന ബില്‍ ബോഡിലെ വാചകത്തിന് താഴെ ഒക്ടോബര്‍ 4 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊന്നും ബില്‍ബോര്‍ഡില്‍ ഇല്ല. ഗൂഗിള്‍ പിക്സലിന്റെ ആദ്യ തലമുറ ഫോണുകള്‍ 2016 ഒക്ടോബര്‍ 4 നാണ് പുറത്തിറക്കിയത്. ഇതിനാല്‍ ഈ വര്‍ഷത്തെ പിക്സല്‍ ഫോണുകളും ഈ തീയതിയില്‍ എത്തുമെന്നാണ് കരുതുന്നത്.

എച്ച്ടിസി നിര്‍മിക്കുന്ന പിക്സല്‍ 2 നൊപ്പം വലിയ പിക്സല്‍ 2 എക്സ് എല്‍ ഹാന്‍ഡ് സെറ്റിന്റെ നിര്‍മാണത്തിലാണ് എല്‍ജി എന്ന് 9 ടു 5 ഗൂഗിള്‍ പുറത്തുവിട്ട ലീക്ക് സൂചിപ്പിക്കുന്നു. ZNFG011C എന്ന കോഡ്‌ നാമത്തില്‍ ഒരുങ്ങുന്ന ഫോണ്‍ എഫ്എഫ്സി ലിസ്റ്റില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഗൂഗിള്‍ പിക്സല്‍ എക്സ് എല്‍ കോഡ് നെയിമില്‍ നിന്ന് വ്യത്യസ്തമാണിത്. പിക്സല്‍ 2 വിന്റെ G011 എന്ന കോഡ്‌ നെയിം കഴിഞ്ഞ വര്‍ഷത്തെ പിക്സല്‍ കോഡ്‌ നെയിമിന്റെ തുടര്‍ച്ചയാണ്.

എച്ച്ടിസി നിര്‍മിക്കുന്ന പിക്സല്‍ 2ല്‍, എച്ച്ടിസിയുടെ 2017 ഫ്ലാഗ്ഷിപ്പ് ഹാന്‍ഡ്സെറ്റായ യു11 ലെ എഡ്ജ് സെന്‍സ് എന്ന ഫീച്ചറും ഉള്‍പ്പെടുത്തുമെന്നറിയുന്നു. ആന്‍ഡ്രോയ്ഡ് 8.0.1 ഒറിയോയിലാണ് ഇത് പ്രവര്‍ത്തിക്കുക. എല്‍ജിയുടെ ഗൂഗിള്‍ പിക്സല്‍ 2 എക്സ് എലില്‍ എഡ്ജ് സെന്‍സ് ഫ്രെയിം ഉള്‍പ്പെടുത്താന്‍ ഗൂഗിള്‍ എച്ച്ടിസിയെ പ്രേരിപ്പിച്ചേക്കുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം, ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഗൂഗിള്‍ നടത്തിയിട്ടില്ല. ആപ്പിള്‍ ഐഫോണ്‍ എക്സ്, സാംസങ് ഗ്യാലക്സി എസ് 8 എന്നിവയെപ്പോലെ സ്ക്രീനിന്റെ വിളുമ്പ് കുറച്ചാകും രണ്ട് പിക്സല്‍ സ്മാര്‍ട്ട്‌ ഫോണുകളും എത്തുക.