Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

58 സെക്കന്റിൽ വിറ്റുതീർന്ന ഈ ഫോണിന് ഒരു പ്രത്യേകതയുണ്ട്, ഹിഡന്‍ സൗണ്ട് ഗൈഡഡ് സ്പീക്കര്‍

Mi–MIX2–

ചൈനീസ് കമ്പനിയുടെ ഷവോമി മി മിക്സ് 2 അവതരപ്പിച്ചു. 18:9 ആസ്പെക്റ്റ് റേഷ്യോയുള്ള അരിക് കുറഞ്ഞ (ബെസേല്‍-ലെസ്) കൂറ്റന്‍ 5.99 ഇഞ്ച്‌ ഡിസ്പ്ലേ, സിറാമിക് ബോഡി, 6 ജിബി റാം, മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യ എന്നിവയാണ് മി മിക്സ് 2 വിന്റെ പ്രധാന പ്രത്യേകതകള്‍. മി മിക്സ് 2 വിന്റെ കീഴ്ഭാഗത്തെ വിളുമ്പ് നേരത്തെ ഇറങ്ങിയ മി മിക്സില്‍ നിന്നും 12 ശതമാനം ചെറുതുമാണ്. കൂടാതെ ഹിഡന്‍ സൗണ്ട് ഗൈഡഡ് സ്പീക്കര്‍, അള്‍ട്രാസോണിക് പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവയും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. പുതിയ ഹാന്‍ഡ്‌ സെട്ടിനോപ്പം ഇരട്ടക്യാമറകളോടു കൂടിയ ഷവോമി മി നോട്ട് 3 യും 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സ്പെഷ്യല്‍ എഡിഷന്‍ മി മിക്സ് 2 വും ഷവോമി പുറത്തിറക്കിയിട്ടുണ്ട്. 

ഷവോമി മി മിക്സ് 2 ന്‍റെ വില, ആദ്യ വിൽപന തീയതി

ഷവോമി മി മിക്സ് 2 വിന്റെ 6 ജിബി റാം/64 ജിബി സ്റ്റോറേജ് വേരിയന്റിന്‍റെ വില 3,299 ചൈനീസ്‌ യുവാന്‍ (ഏകദേശം 32,300 ഇന്ത്യന്‍ രൂപ) ആണ്. 6ജിബി റാം/128 ജിബി സ്റ്റോറേജ് വേരിയന്റിന് 3,599 ചൈനീസ്‌ യുവാനും (ഏകദേശം 35,300 ഇന്ത്യന്‍ രൂപ), 6 ജിബി റാം/256 ജിബി സ്റ്റോറേജ് വേരിയന്റിന് 3,999 ചൈനീസ്‌ യുവാനും (ഏകദേശം 39,200 ഇന്ത്യന്‍ രൂപ) ആണ് വില. ഫുള്‍ സിറാമിക് ബോഡിയോടു കൂടിയ, 8 ജിബി റാം/128 ജിബി സ്റ്റോറേജ്, ഷവോമി  മി മിക്സ് 2 സ്പെഷ്യല്‍ എഡിഷന് 4,999 ചൈനീസ് യുവാന്‍ (ഏകദേശം 46,000 ഇന്ത്യന്‍ രൂപ) ആണ് വില.

സെപ്റ്റംബര്‍ 15നാണ് ചൈനയിലെ ആദ്യ ഫ്ലാഷ് സെയ്ല്‍ നടന്നത്. ആദ്യ വിൽപനയിൽ തന്നെ 58 സെക്കന്റുകൾക്കുള്ളിൽ എല്ലാം വിറ്റുപോയി. സ്പെഷ്യല്‍ എഡിഷന്‍ മോഡല്‍ നവംബറിലാണ് വിൽപനയ്ക്ക് എത്തുക. 6.4 ഇഞ്ച്‌ വലിപ്പമുള്ള ഷവോമി മി മിക്സുമായി താരതമ്യം ചെയ്യുമ്പോള്‍, ഷവോമി മി മിക്സ് 2 വിന്റെ ബോഡി 11.9 ശതമാനം ചെറുതും 2.5 ശതമാനം കനം കുറഞ്ഞതും 11.5 ശതമാനം ഭാരം കുറഞ്ഞതുമാണ്. കൂടാതെ 5.5 ഇഞ്ച് ഡിസ്പ്ലേയുള്ള ഐഫോണ്‍ 7 പ്ലസിനെക്കാള്‍ 7 ശതമാനം ചെറുതുമാണ് ഷവോമി മി മിക്സ് 2. കറുപ്പ് നിറത്തിലാകും ഷവോമി മി മിക്സ് 2 വിന്റെ സാധനരണ എഡിഷന്‍ ലഭ്യമാകുക. മുന്നിലെയും പുറകിലെയും ക്യാമറകള്‍ക്ക് ബ്ലാക്ക് ലെന്‍സ്‌ കോട്ടിംഗ് ഉണ്ട്. പുറകിലെ ക്യാമറയ്ക്ക് 18 ക്യാരറ്റ് സ്വര്‍ണം പൂശിയ വളയവും നല്‍കിയിട്ടുണ്ട്. 7- സീരീസ് അലൂമിനിയത്തില്‍ നിര്‍മിച്ചിരിക്കുന്ന ഫ്രെയിമിനുള്ളിലാണ് അരികുകള്‍ വക്രമായ സിറാമിക് ബോഡി ഉറപ്പിച്ചിരിക്കുന്നത്. അതേസമയം, സ്പെഷ്യല്‍ എഡിഷന്‍ പൂര്‍ണമായും സിറാമിക് ബോഡിയാണ്. കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ഇത് ലഭ്യമാകും.

ഹിഡന്‍ സൗണ്ട് ഗൈഡഡ് സ്പീക്കര്‍ എന്നൊരു സാങ്കേതിക വിദ്യയും ഷവോമി ഇതില്‍ പരീക്ഷിക്കുന്നുണ്ട്. "കാന്റിലിവര്‍ പീസോഇലക്ട്രിക് സിറാമിക് അക്കൌസ്റ്റിക്ക് ടെക്നോളജി" എന്ന് കമ്പനി വിശദീകരിക്കുന്ന ഈ സാങ്കേതിക വിദ്യയില്‍ സ്പീക്കര്‍ പൂര്‍ണമായും ഒളിപ്പിച്ചുവച്ചിരിക്കുകയാണ്. മെറ്റല്‍ ഫ്രെയിം, സ്ക്രീന്‍ എന്നിവയിലൂടെയാണ് ശബ്ദം പുറത്തേക്ക് വരുന്നത്. 50 mW മെംബ്രൈന്‍ സ്പീക്കര്‍, സൗണ്ട് ഗൈഡിംഗ് ട്യൂബ്, ഒരു സൗണ്ട് ഹോള്‍ എന്നിവയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ഈ സ്മാര്‍ട്ട്‌ ഫോണ്‍ 6 മോഡുകളും 43 ബാന്‍ഡുകളും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്-ഇത്  ഇതിനെ ഒരു ഗ്ലോബല്‍ LTE സ്മാര്‍ട്ട്‌ഫോണാക്കി മാറ്റുന്നു.

ഷവോമി മി മിക്സ് 2 വിന്റെ സവിശേഷതകള്‍

ഡുവല്‍ സിം (നാനോ സിം) ഷവോമി മി മിക്സ് 2, 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി (1080x2160) 18:9 ഡിസ്പ്ലേയോടെയാണ് വരുന്നത്. 403 പിപിഐ ആണ് പിക്സല്‍ ഡെന്‍സിറ്റി. 2.45 ജിഗാഹെട്സ് വേഗതയുള്ള സ്നാപ്ഡ്രാഗണ്‍ 835 SoC പ്രോസസര്‍ 6 ജിബി റാമുമായി ക്ലബ് ചെയ്തിരിക്കുന്നു. സ്പെഷ്യല്‍ എഡിഷന് 8 ജിബിയാണ് റാം. ക്യാമറയുടെ കാര്യമെടുത്താല്‍ 1.25 മൈക്രോണ്‍ പിക്സലുള്ള സോണി ഐഎംഎക്സ് 386 സെന്‍സര്‍, 4 അകിസ്ക്സ് ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസര്‍, 5 പീസ്‌ ലെന്‍സ്‌, f/2.0 അപേര്‍ച്ചര്‍, ഫേഷ്യല്‍ റെക്കഗ്നീഷ്യന്‍ സൗകര്യം എന്നിവയോടു കൂടിയ 12 മെഗാപിക്സല്‍ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. മുന്‍ വശത്ത് ഫേഷ്യല്‍ റെക്കഗ്നീഷ്യന്‍ സൗകര്യത്തോടു കൂടിയ 5 മെഗാപിക്സല്‍ ക്യാമറയും നല്‍കിയിട്ടുണ്ട്.

സ്റ്റോറേജിന്റെ കാര്യം നേരത്തെ വിലയോടൊപ്പം പറഞ്ഞിരുന്നു. 64 ജിബി, 128 ജിബി, 256 ജിബി എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ആയി വരുന്ന ഇന്‍ബില്‍റ്റ് സ്റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയില്ല. 4ജി LTE, ഡുവല്‍-ബാന്‍ഡ്  (2.4GHz and 5GHz) വൈ ഫൈ, ജിപിഎസ്/എ-ജിപിസ്, ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്-സി എന്നിവയാണ് പ്രധാന കണക്ടിവിറ്റി സൗകര്യങ്ങള്‍.

Mi–MIX2

ഷവോമി മി മിക്സ് 2 വിന്റെ സാധാരണ പതിപ്പിന് 151.8x75.5x7.7 എംഎം വലിപ്പവും 185 ഗ്രാം ഭാരവുമുണ്ട്. സ്പെഷ്യല്‍ എഡിഷന്‍റെ വലിപ്പം 150.5x74.6x7.7 എംഎമ്മും ഭാരം 187 ഗ്രാമുമാണ്. രണ്ട് പതിപ്പുകള്‍ക്കും 3400 എംഎഎച്ചാണ് ബാറ്ററി. ആക്സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍‍, ബാരോമീറ്റര്‍, ഡിജിറ്റല്‍ കോംപസ്, ഗൈറോസ്കോപ്, അള്‍ട്രാസോണിക് പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവയാണ് ഈ സ്മാര്‍ട്ട്‌ഫോണിലെ ഓണ്‍ബോഡ് സെന്‍സറുകള്‍.