Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊട്ടിപ്പൊളിഞ്ഞ് ഐഫോൺ 8 പ്ലസ്, ബാറ്ററിക്ക് വ്യാപക പ്രശ്നങ്ങൾ, ആപ്പിൾ പ്രതിസന്ധിയിൽ!

iphone-8-

കഴിഞ്ഞ വര്‍ഷം കൊറിയന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഭീമന്‍ സാംസങ്ങിനെ നാണക്കേടിന്റെ പടുകുഴിയിലേക്കു തള്ളിയിട്ട ഫോണാണ് ഗ്യാലക്‌സി നോട്ട് 7. ഫോണ്‍ തീ പിടിക്കലും പൊട്ടിത്തെറിക്കലുമടക്കമുള്ള പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ കമ്പനിക്ക് ആ മോഡലിന്റെ വില്‍പ്പന തന്നെ നിർത്തേണ്ടതായി വന്നു. മാസങ്ങള്‍ക്കു ശേഷം വിവരങ്ങള്‍ പഠിച്ച് സാംസങ് പറഞ്ഞത് തങ്ങള്‍ വാങ്ങിയ ഒരു ബാച് ബാറ്ററി ഉപയോഗിച്ച ഫോണുകള്‍ക്കാണ് ഈ പ്രശ്‌നം ഉണ്ടായതെന്നും ബാറ്ററി ഡിസൈനില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നുമാണ്.

ഏറ്റവും പുതിയ ഐഫോണ്‍ 8പ്ലസിന്റെ ബാറ്ററി ചൂടായി ഫോണ്‍ പിളര്‍ന്ന വാര്‍ത്തകള്‍ പല രാജ്യങ്ങളില്‍ നിന്നും വന്നു തുടങ്ങിയിരിക്കുന്നു. ഫോണ്‍ ഉപയോക്താക്കളിലെത്തി ആദ്യ ആഴ്ചകളില്‍ തന്നെയാണ് ഇത് സംഭവിക്കുന്നതെന്നത് ആപ്പിളിനും തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്. സാംസങും ആപ്പിളും അടക്കമുള്ള കമ്പനികള്‍ തങ്ങളുടെ ഉപകരണങ്ങളുടെ പല ഭാഗങ്ങളും മറ്റു കമ്പനികളില്‍ നിന്നു വാങ്ങാറുണ്ട്. ഒരു ഉദാഹരണം ക്യാമറയാണ്. എതിരാളികളുടെ ഒപ്പമെങ്കിലും നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ സോണിയുടെ ക്യാമറാ മൊഡ്യൂളുകളായിരിക്കും വാങ്ങുക. 

apple-iphone-8-plus

സെപ്റ്റംബര്‍ 22 മുതല്‍ വില്‍പ്പന തുടങ്ങിയ ഐഫോണുകളില്‍ കാണ്ടെത്തിയ ബാറ്ററി പ്രശ്‌നത്തിന്റെ കാരണം ആപ്പിള്‍ വിശകലനം ചെയ്തു വരികയാണ്. സാംസങ്ങിന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ ഏതെങ്കിലും പ്രത്യേക ബാറ്ററി നിര്‍മാതാവില്‍ നിന്നു സ്വീകരിച്ച ബാറ്ററിക്കാണോ പ്രശ്‌നം എന്നാണ് പരിശോധിക്കുന്ന കാര്യങ്ങളില്‍ ഒന്ന്. ആപ്പിള്‍ ആദ്യമായി ആണ് തങ്ങളുടെ ഫോണുകള്‍ക്ക് വയര്‍ലെസ് ചാര്‍ജിങ് ഔദ്യോഗികമായി ഇണക്കിയത്. 

iphone-8

ഹാര്‍ഡ്‌വെയര്‍ പ്രശ്‌നമാണ് ഇതിനു പിന്നിലെങ്കില്‍ പ്രശ്‌നപരിഹാരത്തിന് ആപ്പിള്‍ നല്ലതു പോലെ വിയര്‍ക്കേണ്ടി വരും. ഭാഗ്യവശാല്‍ അധികം ഹാന്‍ഡ്‌സെറ്റുകളില്‍ പ്രശ്‌നം കണ്ടിട്ടില്ലെന്നത് ശുഭസൂചകമാണ്. ഓരോ നാലു മാസവും ഏകദേശം 40 മുതല്‍ 80 ദശലക്ഷം ഹാന്‍ഡ്‌സെറ്റുകളാണ് ആപ്പിള്‍ വില്‍ക്കുന്നത്. ഏതാനും ഫോണുകള്‍ക്ക് കൊണ്ടുപോയ വഴിക്കു പരിക്കേറ്റതു മൂലമോ, ഉപയോക്താവിന്റെ ഭാഗത്തു നിന്നു സംഭവിച്ച പിഴകള്‍കൊണ്ടോ ആണോ ഇപ്പോള്‍ കണ്ട പ്രശ്‌നങ്ങള്‍ എന്നറിയേണ്ടിയിരിക്കുന്നു. പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന ഫോണുകള്‍ വിറ്റവര്‍ തന്നെ തിരിച്ചു മേടിച്ച് കമ്പനിക്ക് മടക്കി അയച്ചു കൊണ്ടിരിക്കകയാണ്. 

ബാറ്ററി വീര്‍ത്തു വന്നു ഫോണ്‍ പിളര്‍ത്തുന്ന പ്രശ്‌നവും ഫോണിനു തീ പിടിച്ചു പൊട്ടിത്തെറിക്കുന്ന പ്രശ്‌നവും തികച്ചും വ്യത്യസ്തമാണ്. ഇത്തരം ഫോണുകളില്‍ ഉപയോഗിക്കുന്ന ബാറ്ററിയുടെ രസതന്ത്രവും അവയില്‍ ശേഖരിക്കാവുന്ന വൈദ്യുതിയുടെ അളവും അവയെ ചെറിയ കുഴപ്പം വരുമ്പോഴെ കുഴപ്പക്കാരാക്കുന്നു എന്നതും ഒരു യാഥാര്‍ഥ്യമാണ്.  

iphone-8-plus-battery

അതേസമയം, ഐഒഎസ് 11 ഒരു ബാറ്ററി കുടിയനാണ് എന്നതാണ് മറ്റൊരു പ്രശ്‌നമായി തീര്‍ന്നിരിക്കുന്നത്. പുതുക്കിയ ഒഎസിനായി ഇറക്കിയ ആദ്യ രണ്ടു പാച്ചുകളും ഐഒഎസ് 11ന്റെ ബാറ്ററി ദാഹം ശമിപ്പിച്ചിട്ടില്ല. ഐഒഎസ് 11ലേക്ക് അപ്‌ഗ്രേയ്ഡു ചെയത ഉപയോക്താക്കളില്‍ മിക്കവരും ബാറ്ററി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.