Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പിതാവിന്’ പോലും ആൻഡ്രോയ്ഡ് മതി, വിന്‍ഡോസ് ഫോണ്‍ യുഗം തീര്‍ന്നു, വീഴ്ത്തിയത് ഗൂഗിൾ

microsoft-phone

വിന്‍ഡോസ് 10 മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം ഇനി പുതുക്കുകയോ പുതിയ ഫോണുകള്‍ നിര്‍മിക്കുകയോ ചെയ്യില്ലെന്ന് മൈക്രോസോഫ്റ്റ് വെളിപ്പെടുത്തി. എന്നാല്‍, നിലവിലുള്ള ഉപയോക്താക്കള്‍ക്കായി ബഗ് ഫിക്‌സുകളും സെക്യൂരിറ്റി അപ്‌ഡേറ്റുകളും സൃഷ്ടിക്കുമെന്നും കമ്പനി പറഞ്ഞു. ഐഒഎസ്-ആന്‍ഡ്രോയിഡ് പ്രളയത്തില്‍ പെടാതെ ഒരു കൂട്ടം ആളുകള്‍ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തെ ഇഷ്ടപ്പെടുന്നവരായി ഉണ്ടായിരുന്നു. ഈ വാര്‍ത്ത വിന്‍ഡോസ് അവരെ നിരാശപ്പെടുത്തും. ഒരു കൊല്ലത്തിലേറെയായി യാതൊരു അനക്കവുമില്ലാതിരുന്നെങ്കിലും ഇത് ആദ്യമായാണ് കമ്പനി ഔദ്യോഗികമായി മൈക്രോസോഫ്റ്റ് ഇതെക്കുറിച്ചു പ്രതികരിക്കുന്നത്.

എന്നാല്‍, മൈക്രോസോഫ്റ്റിനെ അറിയാവുന്ന ആര്‍ക്കും ഈ വാര്‍ത്തയില്‍ അശേഷം അദ്ഭുതം കാണില്ല. ഹാര്‍ഡ്‌വെയര്‍ നിര്‍മാണം അവര്‍ക്കു പറഞ്ഞിട്ടില്ല. എന്നാല്‍, ഈ വാര്‍ത്തയില്‍ ടെക് പ്രേമികള്‍ വിഷമിക്കുന്നത് മറ്റൊരു കാരണം കൊണ്ടാണ്. ഒരു കാലത്ത് മൊബൈല്‍ ഫോണിന്റെ പര്യായമായിരുന്ന നോക്കിയയെ വിഴുങ്ങിയ മൈക്രോസോഫ്റ്റ് ആണ് ഇപ്പോള്‍ കട പൂട്ടുന്നുവെന്നു പറയുന്നത്. അതായത്, തങ്ങളുടെ കൈയ്യില്‍ ആദ്യ മൊബൈല്‍ ഫോണ്‍ പിടിപ്പിച്ച, പഴയ നോക്കിയയെ കുറിച്ചുള്ള ഗൃഹാതുരത്വം പേറുന്ന ആര്‍ക്കും ഈ വാര്‍ത്ത ചെറിയ നൊമ്പരം കൊണ്ടുവരും.

windows-phone-

വിന്‍ഡോസ് മൊബൈലിന്റെ ചരിത്രം

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗെയ്റ്റ്‌സും 2000 മുതല്‍ 2014 വരെ കമ്പനിയുടെ എക്‌സിക്യൂട്ടിവ് ഓഫിസറായിരുന്ന സ്റ്റീവ് ബോള്‍മറും മൊബൈല്‍ഫോണ്‍ വിപ്ലവം തങ്ങളുടെ തലയ്ക്കു മുകളില്‍കൂടെ പോയത് കാണാതിരുന്നതിനെ പറ്റി വിലപിച്ചിട്ടുണ്ട്. രണ്ടായിരത്തിലൊക്കെ ഉണ്ടായിരുന്ന, വിന്‍ഡോസില്‍ പ്രവർത്തിച്ചിരുന്ന, സ്റ്റൈലസും ടച്ച് സ്‌ക്രീനുമൊക്കെ ഉണ്ടായിരുന്ന പോക്കറ്റ് പിസി എല്ലാം തേച്ചു മിനുക്കിയെടുത്തിരുന്നെങ്കില്‍ മൊബൈല്‍ കംപ്യൂട്ടിങ്ങിലും മൈക്രോസോഫ്റ്റ് ഔന്നത്യത്തിലെത്തിയേനെ. ഇതൊക്കെ കാണൂ. പക്ഷേ, കംപ്യൂട്ടിങ് കസേരയില്‍ വളഞ്ഞൊടിഞ്ഞിരുന്നു മാത്രം ചെയ്യേണ്ട ഒന്നാണെന്നായിരുന്നു ആ കാലത്ത് മൈക്രോസോഫ്റ്റിന്റെ ധാരണ.

മൊബൈല്‍ ഫോണ്‍ നിര്‍മാണത്തില്‍ കാര്യമായി ശോഭിക്കാതിരുന്ന കമ്പനി ഐഒഎസ്, ആന്‍ഡ്രോയ്ഡ് ആഘാതത്തില്‍ തളര്‍ന്നു നിന്നിരുന്ന നോക്കിയയുമായി ആദ്യം ധാരണയില്‍ എത്തുകയും പിന്നീട് ഏറ്റെടുക്കുകയുമായിരുന്നു. ധാരണയിലെത്താനുള്ള കാരണം നോക്കിയയുടെ തലപ്പത്തേക്ക് മൈക്രോസോഫ്റ്റ് ബിസിനസ് ഡിവിഷന്റെ മുന്‍ തലവന്‍ സ്റ്റീവന്‍ എലോപ് 2010ല്‍ എത്തിയതായിരുന്നു. ഇത് അന്നത്തെ മൈക്രോസോഫ്റ്റ് മേധവി സ്റ്റീവ് ബോള്‍മറുമായി നോക്കിയയുടെ ഇടപെടല്‍ എളുപ്പമാക്കി. 2010ല്‍ നോക്കിയയ്ക്ക് ആന്‍ഡ്രോയിഡോ, വിന്‍ഡോസോ തിരഞ്ഞെടുക്കാമായിരുന്നു. 

windows-10-phone

എന്നാല്‍ എലോപിന്റെ മേല്‍നോട്ടത്തിലുള്ള കമ്പനി വിന്‍ഡോസ് തിരഞ്ഞെടുക്കുകയായിരുന്നു. ഇനി മൊബൈല്‍ രംഗം മൂന്നു കുതരികളുടെ മത്സരമായിരിക്കും എന്നൊക്കെ അന്നു വീമ്പിളക്കിയെങ്കിലും മൈക്രോസോഫ്റ്റിനോ, നോക്കിയയുടെ ടീമിനോ ആപ്പിള്‍ ഉപകരണങ്ങളുടെയോ സാംസങ്ങിന്റെ ഫോണുകളുടെയോ പകിട്ടു കുറയ്ക്കുന്ന ഒന്നും പുറത്തിറക്കാന്‍ സാധിച്ചില്ല. മൊബൈലില്‍ ഇപ്പോഴത്തെ വിന്‍ഡോസ് സാന്നിധ്യം ഏകദേശം ഒരു ശതമാനമൊക്കെയാണ്. നോക്കിയയെ ഏറ്റെടുക്കുക വഴി 7.2 ബില്ല്യന്‍ ഡോളറാണ് മൈക്രോസോഫ്റ്റിന്റെ പോക്കറ്റില്‍ നിന്നു ചോര്‍ന്നത്. 2014ല്‍ ആണ് ഡീല്‍ പൂര്‍ത്തിയാക്കുന്നത്. അതേ വര്‍ഷം ബോള്‍മര്‍ക്കും പണി പോയി. കാരണം നോക്കിയ ഏറ്റെടുക്കല്‍ തന്നെ. 

വിന്‍ഡോസ് ഫോണ്‍ വിജയിക്കാതിരുന്നതിന് നിരവധി കാരണങ്ങള്‍ ഉണ്ട്. പ്രധാനമായും മൈക്രോസോഫ്റ്റിന്റെ താത്പര്യ കുറവു തന്നെ. ഹാര്‍ഡ്‌വെയര്‍ പ്രചരിപ്പിക്കുയോ ആപ് നിര്‍മാതക്കളെ വന്‍തോതില്‍ ആകര്‍ഷിക്കുകയോ ചെയ്യാതിരുന്നത് വിന്‍ഡോസ് വണ്ടി ഗര്‍ത്തത്തിലേക്കാണ് ഓടുന്നത് എന്നതിനു തെളിവായിരുന്നു. എന്നാല്‍ ഹാര്‍ഡ്‌വെയര്‍ ടീം നല്ല പണിയെടുത്തിരുന്നു. നോക്കിയ പ്യൂവര്‍ വ്യൂവിന്റെ ക്യാമറാ മികവ് തങ്ങളുടെ ഒരു ശ്കതിയാക്കാനൊന്നും മൈക്രോസോഫ്റ്റ് ശ്രമിച്ചില്ല. 'മൊബൈല്‍ ഫോണിന്റെ പ്രചാരം ഇത്ര പ്രതീക്ഷിച്ചില്ല,' എന്നു കുമ്പസരിച്ചവര്‍ ക്യാമറയ്ക്ക് ഇത്ര പ്രാധാന്യം കൈവരുമെന്ന് ഓര്‍ത്തില്ല എന്നായിരിക്കും ഇനി പറയുക.

കംപ്യൂട്ടേഷനല്‍ ഫൊട്ടോഗ്രാഫിയുടെ അത്യുജ്വല ഉദാഹരണമായിരുന്നു പ്യൂവര്‍വ്യൂ ക്യാമറ. നല്ല ഫോണ്‍ മോഡല്‍ സൃഷ്ടിക്കാനായില്ല എന്നതാണ് മറ്റൊരു കാരണമായി പറയാം. പക്ഷെ, മൈക്രോസോഫ്റ്റിന്റെ എൻജിനീയര്‍മാര്‍ 2014ല്‍ സൃ്ഷ്ടിച്ച വിളുമ്പില്ലാത്ത, വില്‍പ്പനയ്‌ക്കെത്താത്ത മൊബൈല്‍ ഫോണിനെ കുറിച്ചുള്ള വാര്‍ത്തയും ഇപ്പോഴാണ് പുറത്തു വരുന്നതെന്നത് യാദൃശ്ചികമാകാം. പക്ഷെ, ഇത് മൈക്രോസോഫ്റ്റിന് തങ്ങളുടെ മൊബൈല്‍ വിഭാഗം എത്രമാത്രം വിജയിച്ചു കാണാന്‍ താത്പര്യമുണ്ടായിരുന്നു എന്നതിന്റെ തെളിവായി ഇതു മാറുന്നു. ആപ്പിളും കൂട്ടരും 2017ല്‍ വിളുമ്പില്ലാത്ത ഫോണ്‍ സൃഷ്ടിച്ചപ്പോള്‍ ആരവമുയര്‍ന്നു. 2014ല്‍ മൈക്രോസോഫ്റ്റ് സൃഷ്ടിച്ച വിളുമ്പില്ലാത്ത ഫോണ്‍ കാണൂ: http://tinyurl.com/yaj5s8gp. ഇതിന്റെ പരിഷ്‌കരിച്ച, ഞെട്ടിക്കുന്ന ഹാര്‍ഡ്‌വെയറുമായി 2015ല്‍ ഉപയോക്താക്കളുടെ ശ്രദ്ധയാകര്‍ഷിക്കാനുള്ള ശ്രമം ഒന്നും കമ്പനി നടത്തിയില്ല. ചത്ത കുതിരയെ തല്ലേണ്ട എന്ന തീരുമാനം തന്നെയാകും അതിനു പിന്നില്‍.

windows-phone

വിന്‍ഡോസ് ഫോണ്‍ പരാജയപ്പെടാനുള്ള മറ്റൊരു കാരണം ഗൂഗിളിന്റെ ശത്രുതയാണ്. മൈക്രോസോഫ്റ്റ് മൊബൈല്‍ രംഗത്ത് സജീവമാകാന്‍ ശ്രമിച്ച കാലത്തുണ്ടായ ഒരു സംഭവം നോക്കാം: വിന്‍ഡോസ് മൊബൈല്‍ സ്‌റ്റോറിനു വേണ്ടി ഒരു യൂട്യൂബ് ആപ് സൃഷിടിച്ചിടാന്‍ മൈക്രോസോഫ്റ്റ് പറഞ്ഞെങ്കിലും ഗൂഗിള്‍ കേട്ട ഭാവം നടിച്ചില്ല. മടുത്ത്, മൈക്രോസോഫ്റ്റ് തന്നെ ഒരു ആപ് ഉണ്ടാക്കിയിട്ടെങ്കിലും ഗൂഗിൾ അത് പല കാരണങ്ങള്‍ പറഞ്ഞ് അതു പിന്‍വലിപ്പിച്ചു. യൂട്യൂബ് പോലെയുള്ള ആപ്പുകള്‍ പോലും ആദ്യ കാലത്ത് വിന്‍ഡോസ് സ്‌റ്റോറില്‍ ഇല്ലാതിരുന്നത് പല ഉപയോക്താക്കളെയും മാറ്റി നിറുത്തി. ആപ് നിര്‍മാതാക്കളും മൈക്രോസോഫ്റ്റിന്റെ സഹായത്തിനെത്തിയില്ല എന്നതു കൊണ്ട് ഐഒഎസ് ആപ് സ്റ്റോറിലോ ഗൂഗിള്‍ പ്ലേയിലോ കണ്ടതു പോലെ ആപ് പ്രളയം ഉണ്ടായില്ല. ഇത് യുവ മൊബൈല്‍ ഉപയോക്താക്കളെ വിന്‍ഡോസ് പ്ലാറ്റ്‌ഫോം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ പ്രേരിപ്പിച്ചു. ഉപയോക്താക്കളില്ലാത്ത പ്ലാറ്റ്‌ഫോമിലേക്ക് ആപ് നിര്‍മാതാക്കളും എത്തിയില്ല.

ചുരുക്കി പറഞ്ഞാല്‍ കാര്യമായി ആര്‍ക്കും താത്പര്യമില്ലാതിരുന്ന ഒരു മൊബൈല്‍ പ്ലാറ്റ്‌ഫോം ഇനി ഉണ്ടാവില്ല. ഇരട്ടക്കുതിരകളുടെ മത്സരം തുടരും. ബില്‍ ഗെയ്റ്റ്‌സ് നടത്തിയ ഈ പ്രസ്താവനയെക്കാള്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ സഹായിക്കും: 'അടുത്തെയിടെ ഞാന്‍ ഒരു ആന്‍ഡ്രോയിഡ് ഫോണിലേക്കു മാറി'