Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിളിന് അപ്രതീക്ഷിത തിരിച്ചടി, പിക്സൽ ഡിസ്പ്ലെയിൽ നിഴൽ; വാങ്ങരുതെന്ന് മുന്നറിയിപ്പ്!

google-pixel

ഒക്ടോബർ നാലിന് അവതരിപ്പിച്ച ഗൂഗിളിന്റെ അഭിമാന ഫോണ്‍ പിക്‌സല്‍ 2/XL ഫോണുകള്‍ അഭിനന്ദനങ്ങള്‍ വരിക്കൂട്ടിയാണ് ജൈത്രയാത്ര തുടങ്ങിയത്. ഇന്നേ വരെ ഇറങ്ങിയതിൽ ഏറ്റവും നല്ല സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയാണ് പിക്‌സല്‍ 2 XLല്‍ ഉള്ളതെന്ന് DXO പറഞ്ഞു. ലോകത്തെ ഏറ്റവും നല്ല ആന്‍ഡ്രോയിഡ് ഫോണാണ് പിക്‌സല്‍ 2 എന്ന് പ്രമുഖ ടെക് വെബ്‌സൈറ്റായ 'വയേഡ്' വിലയിരുത്തി. ഒരു റിവ്യൂവര്‍ക്കാരനും ഈ ഫോണുകളെ കുറിച്ച് മോശമായ കാര്യങ്ങള്‍ അത്രയൊന്നും പറയാന്‍ ഉണ്ടായിരുന്നില്ല. സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റില്‍ ആരുടെയും പിന്നിലല്ലാത്ത ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള സര്‍വ്വ മേന്മകളും ആവഹിച്ചാണ് പികസല്‍ 2 മോഡലുകള്‍ എത്തിയത്.

ഐഫോണ്‍ 8/8 പ്ലസ് ഹാന്‍ഡ്‌സെറ്റുകളുടെ രീതിയില്‍ രണ്ടു മോഡലുകളാണ് ഗൂഗിളും ഈ വര്‍ഷം അവതരിപ്പിച്ചത്- പിക്‌സല്‍ 2/XL. എന്നാലിപ്പോള്‍, ഒരുമാസം പോലും തികയുന്നതിനു മുൻപ്, ഒരു ഹൈ എന്‍ഡ് ഫോണും ഇതുവരെ കാണിച്ചിട്ടില്ലാത്ത (പൊട്ടിത്തെറിച്ച ഗ്യാലക്‌സി നോട്ട് 7 ഒഴിച്ച്) അത്ര പ്രശ്‌നങ്ങളാണ് പിക്‌സല്‍ 2 മോഡലുകള്‍ക്ക് ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. പിക്‌സല്‍ 2 XLന്റെ സ്‌ക്രീന്‍ പ്രശ്‌നങ്ങൾ വാങ്ങുന്നവർക്ക് ദുരന്തമാകാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ചില പിക്‌സല്‍ 2 ഹാന്‍ഡ്‌സെറ്റുകളാകട്ടെ ചെവിയോടടുപ്പിക്കുമ്പോള്‍ പ്രത്യേകിച്ചു പ്രകോപനമൊന്നുമില്ലാതെ, ഉച്ചത്തില്‍ മോങ്ങുകുയും ചെയ്യുന്നു (high-pitched whining). ആപ്പിളിനും സാംസങിനുമൊപ്പം ഏറ്റവും നല്ല ഹാന്‍ഡ്‌സെറ്റ് നിര്‍മാതാവാകാനുള്ള ഗൂഗിളിന്റെ പരിശ്രമമാണ് പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എന്നോര്‍ക്കുക.

പിക്‌സല്‍ 2 XL

പിക്‌സല്‍ 2 XLന്റെ സ്‌ക്രീന്‍ എല്‍ജി (LG) ആണു നിര്‍മിച്ചത്. (ഐഫോണ്‍ Xന്റെ OLED ഡിസ്‌പ്ലെ നിര്‍മിച്ചത് സാംസങ്. എന്നാല്‍ 2019 മുതല്‍ ആപ്പിളിനും ഡിസ്‌പ്ലെ കൊടുക്കാന്‍ എല്‍ജിയ്ക്കു പരിപാടിയുണ്ടത്രെ.) പിക്‌സല്‍ XLന്റെ സ്‌ക്രീനില്‍ ഉപയോക്താവു തുറന്ന ഫോട്ടോയുടെയും ആപ്പിന്റെയുമൊക്കെ നിഴല്‍ (ghosting) അവ ക്ലോസു ചെയ്തു കഴിഞ്ഞും കാണാമെന്നതാണ് ഒരു പ്രശ്‌നം. ഏറ്റവും കുറഞ്ഞ വിലയുള്ള ഫോണില്‍ പോലും ഒരു ആപ് ക്ലോസു ചെയ്തുകഴിഞ്ഞാല്‍ അതിന്റെ പൊടിപോലും കണ്ടുപിടിക്കാനാവില്ല. എന്നാൽ ഇത്ര വില കൊടുക്കേണ്ടി വരുന്ന ഒരു ഹാന്‍ഡ്‌സെറ്റില്‍ ഇത്തരം ദൂഷ്യം എങ്ങനെ സഹിക്കാനാകും? പൂര്‍ണമായും മാഞ്ഞു പോകാന്‍ വിസമ്മതിക്കുന്ന ഒരു ദൂഷ്യമാണ് പ്രധാനമായും സ്‌ക്രീനില്‍ കാണാന്‍ പറ്റുന്നത്. മറ്റൊരു പ്രശ്‌നം ഏകദേശം ഏഴു ദിവസത്തെ ഉപയോഗത്തിനു ശേഷം OLED സ്‌ക്രീന്‍ പൊള്ളല്‍ വീണതു പോലെ കാണപ്പെട്ടതായി വന്ന റിപ്പോര്‍ട്ടാണ്. 

സോഫ്റ്റ്‌വെയര്‍ പാച്ചുകള്‍ അയച്ച് ശരിയാക്കാവുന്ന തരം ദൂഷ്യങ്ങളല്ല ഇവയെന്നാണ് വിലയിരുത്തല്‍. നിഴലു വീഴ്ത്തി നില്‍ക്കുന്ന ഡിസ്‌പ്ലെയാണോ അതോ പൊള്ളല്‍ വീണ സ്‌ക്രീനുകളെയാണോ ആദ്യം മാറ്റി കൊടുക്കേണ്ടതെന്നാണ് ഗൂഗിള്‍ ഇപ്പോൾ ചർച്ച ചെയ്യുന്നത്. എന്നാല്‍, പ്രശ്‌നങ്ങള്‍ പിരഹരിച്ചു തീരുന്നതു വരെ പിക്‌സല്‍ ഫോണുകള്‍ വാങ്ങരുതെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. 

Google-Pixe-

പിക്‌സല്‍ 2 XLന്, റിവ്യൂവില്‍ പരമാവധി മാര്‍ക്കു കൊടുത്തിരുന്ന ടെക് റിവ്യൂക്കാര്‍ തങ്ങള്‍ നല്‍കിയ മാര്‍ക്കുകള്‍ തത്കാലത്തെക്കെങ്കിലും കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുയാണ്. വാങ്ങി ആഴ്ചകള്‍ക്കുള്ളില്‍ പൊള്ളി പരിക്കേല്‍ക്കുന്ന സ്‌ക്രീനുള്ള ഈ ഫോണ്‍, പ്രശ്‌നം പരിഹരിക്കുന്നതു വരെ, ആരോടും വാങ്ങാന്‍ നിര്‍ദ്ദേശിക്കാന്‍ വയ്യെന്നാണ് 'വേര്‍ജ്' പറയുന്നത്.

പിക്‌സല്‍ XL ഫോണിന്റെ വൈറ്റ് ബാലന്‍സ് തകരാറിലാണെന്നും അതിനാല്‍ ഗ്രെയ്ന്‍സ് കാണാമെന്നതുമാണ് മറ്റൊരു ആരോപണം. കൃത്യമായ നിറങ്ങളല്ല സ്‌ക്രീനില്‍ കാണാനാകുന്നത്. കറുപ്പു പടരല്‍ (black smearing) എന്നൊരു അസുഖവും ചിലര്‍ കണ്ടെത്തിയിട്ടുണ്ട്. 

പിക്‌സല്‍ 2 

പിക്‌സല്‍ 2 XLനെ പോലയല്ലാതെ പിക്‌സല്‍ 2 ഒരു പ്രശ്‌നവും ഇല്ലെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീടാണ് ഈ ഹാൻഡ്സെറ്റും ‘മോങ്ങിക്കരച്ചില്‍’ തുടങ്ങുന്നത്. ചില പിക്‌സല്‍ 2 ഫോണുകള്‍ ചെവിയോടടുപ്പിക്കുമ്പോള്‍ മോങ്ങല്‍ സ്വരമാണു പുറപ്പെടുവിപ്പിക്കുന്നതെങ്കില്‍ വേറെ ചിലത് വിചിത്രമായ ഒരു ക്ലിക്കിങ് സ്വരമാണ് കേള്‍പ്പിക്കുന്നത്. ഫോണ്‍ അണ്‍ലോക്ക് ചെയ്തു കഴിയുമ്പോള്‍, ക്ലോക്കിന്റെ സെക്കന്‍ഡ്‌സ് സൂചി കേള്‍പ്പിക്കുന്നതു പോലെയുള്ള ടിക് സ്വരം പിക്‌സല്‍ 2 കേള്‍പ്പിക്കും. എന്നാല്‍ സ്‌ക്രീന്‍ ഓഫ് ചെയ്തു വച്ചാല്‍ ടിക് ടിക് സ്വരം നിലയ്ക്കും. NFC ഓഫു ചെയ്തു കഴിഞ്ഞാല്‍ ഈ പ്രശ്‌നം താത്കാലികമായി പരിഹരിക്കാം. പക്ഷേ മോങ്ങിക്കരിച്ചിലിന് കാരണം കണ്ടു പിടിക്കാനായിട്ടില്ല. (പിക്‌സല്‍ 2 XL ന്റെ മാറാദീനത്തെ പറ്റിയുള്ള വിവരവും പിക്‌സല്‍ 2നു ലഭിച്ചിട്ടുണ്ടാകുമോ? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്ളിലുള്ള കക്ഷിയല്ലെ?) തങ്ങള്‍ ഈ പ്രശ്‌നങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുകായാണെന്നാണ് ഗുഗിള്‍ പറയുന്നത്.

ഈ പ്രശ്‌നങ്ങള്‍ പെട്ടെന്നു പരിഹരിക്കാനാകുമോ അതോ പകര്‍ച്ചവ്യാധി പോലെ ഇപ്പോള്‍ സുഗമമായി പ്രവര്‍ത്തിക്കുന്ന മറ്റു പിക്‌സല്‍ 2 ഹാന്‍ഡ്‌സെറ്റുകളിലും എത്തുമോ എന്നതൊക്കെ ഇപ്പോള്‍ അപ്രവചനീയമാണ്. പക്ഷേ, ഈ ആകസ്മിക സംഭവം ഒരു പാഠം പഠിപ്പിക്കുക തന്നെ ചെയ്യുന്നുണ്ട്: ഏതു മുന്തിയ റിവ്യൂക്കാരനും തെറ്റു പറ്റാമെന്നതാണ് അത്. 

Pixel-2-

ഗ്യാലക്‌സി 7 ദുരന്തത്തിനു ശേഷം സാസംങ് തിരിച്ചെത്തിയതു പോലെ ഗൂഗിളിനും തിരിച്ചെത്താവുന്നതെയുള്ളൂ. പക്ഷേ, ഗൂഗിളിന്റേത് ഗുരുതരമായ ഒരു വീഴ്ച തന്നെയാണ്. അടിസ്ഥാനപരമായി ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഗൂഗിളിന് ആപ്പിളിനെ പോലെ ഹാര്‍ഡ്‌വെയറിന്റെ ഗുണദോഷം അത്ര പെട്ടെന്ന് മനസിലാക്കന്‍ പറ്റിയില്ല എന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. വമ്പന്‍ കമ്പനികള്‍ തമ്മിലുള്ള മത്സരമാണ് ഇത്തരം പ്രശ്‌നങ്ങളുടെ മറ്റൊരു കാരണം. ആപ്പിളിനും സാംസങ്ങിനുമൊപ്പം നിന്നില്ലെങ്കില്‍ ആരാധകര്‍ക്ക് എന്തു തോന്നുമെന്നതാണ് കൃത്യമായ ടെസ്റ്റിങ് ഇല്ലാതെ ഇത്തരം ഉപകരണങ്ങൾ വിപണിയിൽ എത്താനുള്ള കാരണം.