Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

73,000 രൂപ ഫോൺ വാങ്ങിയവരെ ഗൂഗിൾ ‘ചതിച്ചു’, ഒഎസ് ഇല്ലാത്ത പിക്സൽ 2

pixel-2

മു‍ൻനിര ബ്രാൻഡുകളുടെ ഹാൻഡ്സെറ്റുകൾ വിപണിയിൽ എത്തുമ്പോൾ നിരവധി പരാതികളും പരിഭവങ്ങളും കേൾക്കാറുണ്ട്. എന്നാൽ ഗൂഗിളിന്റെ ജനപ്രിയ ഹാൻഡ്സെറ്റ് പിക്സൽ 2 നെതിരെ തികച്ചും വേറിട്ട ആരോപണമാണ് ഉയർന്നിരിക്കുന്നത്. 73,000 രൂപയ്ക്ക് (ഇന്ത്യൻ വില) വാങ്ങിയ പിക്സൽ 2 എക്സ്എലിൽ ഓപ്പറേറ്റിങ് സിസ്റ്റം ഇല്ല.

പിക്സൽ 2 എക്സ്എൽ ഹാൻഡ്സെറ്റ് വാങ്ങിയ ചിലരാണ് ആരോപണവുമായി രംഗത്തെത്തിയത്. ഫോൺ പ്രവർത്തിക്കാൻ ആവശ്യമായ ഓപ്പറേറ്റിങ് സിസ്റ്റം പിക്സൽ 2 എക്സ്എലിൽ ഉണ്ടായിരുന്നില്ല. ഇതു സംബന്ധിച്ച് നിരവധി പേർ പരാതിപ്പെട്ടിട്ടുണ്ട്. റെഡിറ്റ് ഫോറങ്ങളിൽ ചർച്ചയും നടക്കുന്നുണ്ട്.

ഡിവൈസ് ഓപ്പൺ ചെയ്യുമ്പോൾ ‘Can't find valid operating system. The device will not start.’ എന്ന സന്ദേശമാണ് സ്ക്രീനിൽ തെളിയുന്നത്. എന്നാൽ ഇത് സംബന്ധിച്ച് കസ്റ്റമർ കെയറിൽ പരാതിപ്പെട്ടപ്പോൾ ഹാൻഡ്സെറ്റ് മാറ്റിനൽകാമെന്നാണ് അറിയിച്ചത്. ഒഎസ് ഇല്ലാത്ത ഫോണുകളെല്ലാം തിരിച്ചെടുക്കുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്.

അതേസമയം, പിക്സൽ 2 ഹാൻഡ്സെറ്റ് വാങ്ങിയവർക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. വിതരണത്തിനു മുൻപുള്ള പരിശോധനകൾ പൂർത്തിയാക്കാതെയാണ് ഗൂഗിൾ ഫോണുകൾ ഇറങ്ങുന്നതെന്നും വ്യാപക പരാതിയുണ്ട്.

പിക്‌സല്‍ 2, പിക്‌സല്‍ 2 XL

ഐഫോൺ ഉൾപ്പടെയുള്ള ലോകത്തെ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ക്കു വെല്ലുവിളി ഉയര്‍ത്താന്‍ തക്ക മികവുമായാണ് ഗൂഗിളിന്റെ രണ്ടാം തലമുറ പിക്‌സല്‍ ഫോണുകൾ എത്തിയിരിക്കുന്നത്. പിക്‌സല്‍ 2, പിക്‌സല്‍ 2 XL എന്നീ പേരുകളിലാണ് ഫോണുകള്‍ ഇറക്കിയിരിക്കുന്നത്. 2017ല്‍ പുറത്തിറക്കുന്ന ഏറ്റവും ആധുനികമായ ഫോണുകളില്‍ നിന്ന് എന്തൊക്ക പ്രതീക്ഷിക്കാമോ അതെല്ലാം ഇവയില്‍ ലഭ്യമാണ്.

രണ്ടു മോഡലുകള്‍ക്കും ഒരു മാന്ദ്യവുമില്ല എന്നു മാത്രമല്ല അതി വേഗം ഉപയോഗിക്കാനാകും. ഫോണിനു ശക്തി പകരുന്നത് സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസറും 4GB റാമുമാണ്. എറ്റവും ശുദ്ധമായ ആന്‍ഡ്രോയിഡ് 8 ഓപ്പറേറ്റിങ് സിസ്റ്റമാകട്ടെ കൊതിപ്പിക്കുന്ന രീതിയില്‍ ഒഴുക്കുള്ള പ്രകടനം നടത്തുന്നു. അലൂമിനിയം കോട്ടിങുള്ള ഇരു ഫോണുകള്‍ക്കും വളരെ ഭാരക്കുറവു തോന്നിക്കുന്നു എന്നതാണ് മറ്റൊരു താത്പര്യജനകമായ കാര്യം. വിലകൂടിയ ഉപകരണമാണെന്നും ഒറ്റ നോട്ടത്തില്‍ തോന്നിപ്പിക്കും.

HTC ഫോണുകളില്‍ കണ്ട എഡ്ജ് സെന്‍സ് (Edge sense) ഇരു മോഡലുകളിലും ഉണ്ട്. ഗൂഗിള്‍ ഇതിനെ വിളിക്കുന്നത് ആക്ടീവ് എഡ്ജ് എന്നാണ്. ഫോണിന്റെ താഴത്തെ പകുതിയില്‍ ഞെക്കിയാല്‍ ഗുഗിള്‍ അസിറ്റന്റിനെ ലോഞ്ച് ചെയ്യാം.

അത്യുജ്വലമാണ് ക്യാമറയുടെ പ്രകടനം. (പ്രത്യേക ആര്‍ട്ടിക്കിള്‍ കാണുക.) ക്യാമറയുടെ 12.2 മെഗാപിക്സൽ സെന്‍സര്‍ ഗൂഗിള്‍ സ്വന്തമായി തയാര്‍ ചെയ്ത ഇമേജ് പ്രോസസിങ് രീതി ഉപയോഗിച്ച് മിക്കവാറും ഏതു സാഹചര്യത്തിലും മികച്ച ഫോട്ടോ എടുക്കാന്‍ സജ്ജമാക്കിയാണ് ഫോണ്‍ ഇറക്കിയിരിക്കുന്നത്.

ഇരു മോഡലുകളും വോട്ടര്‍ റെസിസ്റ്റന്റ് ആണ്. eSIMS (ഇലക്ട്രോണക് സിം) ഓപ്ഷനുമുണ്ട്. എന്നാല്‍ നാനോ സിമ്മും ഉപയോഗിക്കാം. വിദേശത്ത് ഈസിം ഏതാനും മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ നല്‍കുന്നുണ്ട്. ഈ രീതി പ്ലാസ്റ്റിക് സിം കാര്‍ഡിനു വിട നല്‍കാന്‍ അധികം വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കില്ല.

ഐഫോണ്‍ x നു മുൻപില്‍ തലകുനിക്കേണ്ടി വരരുതെന്നു കരുതിയാണ് പിക്‌സല്‍ 2XL ഇറക്കിയിരിക്കുന്നത്. 6 ഇഞ്ച് വലിപ്പമുള്ള pOLED ഡിസ്‌പ്ലെ അത്യുജ്വലമാണ്. എന്നാല്‍ ഐഫോണ്‍ sനെ പോലെ വിളുമ്പില്ലാത്ത നിര്‍മാണമല്ല ഇതിന്റെത്. എന്നാല്‍ ഇത് പിക്‌സല്‍ 2ന്റെ 5 ഇഞ്ച് സ്‌ക്രീനിനെ നിഷ്പ്രഭമാക്കും.

ഐഫോണ്‍ Xന്റെ പ്രഭാവത്തില്‍, അടുത്തെങ്ങും അതിനെ വെല്ലുന്ന ഒരു ഫോണ്‍ ഇറങ്ങില്ലെന്നു പ്രതീക്ഷിച്ചെത്തിയ ടെക്‌നോളജി ജേണലിസ്റ്റുകളെ അദ്ഭുതപ്പെടുത്തിയാണ് ഗൂഗിള്‍ പിക്‌സല്‍ 2 XL ഇറങ്ങിയതെന്നു പറഞ്ഞാല്‍ ഏകദേശം കാര്യങ്ങള്‍ പിടികിട്ടുമല്ലൊ.

സ്‌പെസിഫിക്കേഷന്‍

പിക്‌സല്‍ 2

∙ 5 ഇഞ്ച് സിനിമാറ്റിക് 127mm ഫുള്‍ എച്ഡി ഡിസ്‌പ്ലെ.
∙ 2700mAh ബാറ്ററി

പിക്‌സല്‍ 2 XL

∙ 6 ഇഞ്ച് QHD+ (2880 x 1440) P-OLED ഡിസ്‌പ്ലെ (538ppi) 18:9 അനുപാതം.
∙ 3520 mAh ബാറ്ററി

ബാക്കി ഹാര്‍ഡ്‌വെയര്‍ ഇരു മോഡലുകള്‍ക്കും ഒരു പോലെയാണ്.

രണ്ടു മോഡലുകളുടെയും സ്‌ക്രീനിന് 3D കോണിങ് ഗൊറില ഗ്ലാസ് 5 ഉപയോഗിച്ചിരിക്കുന്നു. ഫോണുകളില്‍ 3.5mm ഓഡിയോ ജാക് ഇല്ല. 64GB, 128 GB വേര്‍ഷനുകളാണ് ഇറക്കുന്നത്.