ADVERTISEMENT

ദിവസങ്ങൾക്ക് മുൻപാണ് ഒരുകോടി രൂപ വിലവരുന്ന ഐഫോണുകൾ ഡൽഹി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്. പുതിയ കൊറിയർ ടെർമിനലിൽ നിന്നാണ് 90 ഐഫോണുകൾ പിടിച്ചെടുത്തത്. തുണിത്തരങ്ങൾ എന്ന രീതിയിലാണ് ദുബൈയിൽ നിന്നും ഫോണുകൾ കടത്താൻ ശ്രമിച്ചത്. എക്സ്റേ സ്കാനിങ് വിഭാഗം നടത്തിയ പരിശോധനയിലാണ് 90 ഐഫോൺ 12 പ്രോ ഹാൻഡ്സെറ്റുകൾ പിടിച്ചെടുത്തത്. ഇന്ത്യയില്‍ ഈ ഫോണ്‍ ഔദ്യോഗികമായി തന്നെ ലഭ്യമാണെന്നിരിക്കെ എന്തിനാണ് ഇത്ര പാടുപെട്ട് 90 ഫോണുകൾ ഒളിച്ചുകടത്താന്‍ ശ്രമിച്ചത്?

 

ഇതേക്കുറിച്ചുള്ള ഒരു വിശദീകരണം ഇതാണ്: ഇന്ത്യയില്‍ 128 ജിബി സ്റ്റോറേജുള്ള ഐഫോണ്‍ 12 പ്രോയുടെ വില 1,19,900 രൂപയാണ്. 256 ജിബി സ്റ്റോറേജുള്ള മോഡലിനാണെങ്കില്‍ 1,29,900 രൂപയാണ് എംആര്‍പി. എന്നാല്‍, ദുബായിയില്‍ കുറഞ്ഞ സ്റ്റോറേജുള്ള മോഡലിന് ഏകദേശം 84,000 രൂപയും കൂടുതല്‍ സ്റ്റോറേജുള്ള മോഡലിന് 93,500 രൂപയുമാണ് വില. വിലയിലെ ഈ മാറ്റം മുതലെടുക്കാനായിരിക്കാം ഫോണുകള്‍ കടത്തിയ ആള്‍ ശ്രമിച്ചതെന്നാണ് പ്രാഥമിക അനുമാനം.

 

എന്തായാലും ഇതില്‍ നിന്ന് ഒരു കാര്യം മനസ്സിലാക്കാം, ഐഫോണുകള്‍ക്ക് ഒരു പരിധിയില്‍ കുറഞ്ഞ് വില കുറയില്ല. ഇനി ഇന്ത്യ മുഴുവനും ലഭ്യമായ ചില ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലെയ്‌സുകളിലൂടെ വിറ്റഴിക്കുന്ന ഒരു ഫോണിന്റെ പരസ്യം പരിശോധിക്കാം. 'ആപ്പിള്‍ ഐഫോണ്‍ 12 പ്രോ റീഫര്‍ബിഷ്ഡ്', 'ഐഫോണ്‍ 12 പ്രോ ഹൈലി റീഫര്‍ബിഷ്ഡ്' എന്നിങ്ങനെയാണ് പരസ്യത്തിൽ കാണിച്ചിരിക്കുന്നത്. ഇവയ്ക്ക് ഒറിജിനൽ ഐഫോൺ 12 പ്രോയിലെ എല്ലാ ഫീച്ചറുകളും ലഭ്യമാണെന്ന് പറഞ്ഞാണ് വില്‍പനയ്ക്കു വച്ചിരിക്കുന്നത്. പരസ്യം നൽകിയിരിക്കുന്ന ഫോണുകളെല്ലാം 30,000 രൂപയ്ക്ക് താഴെയാണ് വിൽക്കാൻ വച്ചിരിക്കുന്നതും.

 

എന്നാൽ, ഈ ഫോണുകൾക്ക് ഒറിജിനൽ ഐഫോണ്‍ 12 പ്രോയോട് യാതൊരു ബന്ധവും ഇല്ല. പരമാവധി വിളിക്കാവുന്ന പേര്. 'ഐഫോണ്‍ 12 പ്രോ ക്ലോണ്‍' എന്നാണ്. ഇതെല്ലാം റീഫര്‍ബിഷ്ഡ് ഫോണുകളാണ്. എന്താണ് റീഫര്‍ബിഷ്ഡ്? വിദേശത്ത് ആപ്പിള്‍, നിക്കോണ്‍, ക്യാനന്‍ തുടങ്ങിയ പ്രധാന ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കൾ കമ്പനിയിലേക്കു മടങ്ങിവരുന്ന ഉപകരണങ്ങള്‍ പുതുക്കിയെടുത്ത് ഗ്യാരന്റിയോടെ വില കുറച്ചു വില്‍ക്കുന്നുണ്ട്. അവ സ്വന്തം വില്‍പന ശാലകളിലൂടെയോ മറ്റ് ഓതറൈസ്ഡ് ഔട്‌ലറ്റുകളിലൂടെയോ ആയിരിക്കും വില്‍ക്കുക. ഇതാണ് ശരിക്കും റീഫര്‍ബിഷ്ഡ് (refurbished) ഉപകരണങ്ങള്‍. പുതിയ ഫോണും ക്യാമറയുമൊക്കെ വാങ്ങാന്‍ പണമില്ലാത്തവര്‍ക്ക് ഇത് ഉപകാരപ്രദവുമാണ്.

 

എന്നാല്‍, ഇവിടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലെയ്‌സുകളില്‍ 'റീഫര്‍ബിഷ്ഡ് ഐഫോണ്‍' എന്ന പേരില്‍ ആപ്പിളുമായോ, ഐഫോണുമായോ, ഐഒഎസുമായോ ഒരു ബന്ധവുമില്ലാത്ത ഫോണുകളാണ് വില്‍ക്കുന്നത്. ചെറിയ വിലയാണെങ്കില്‍ പോട്ടെന്നു വയ്ക്കാം. ഇപ്പോള്‍, 'ആപ്പിള്‍ ഐഫോണ്‍ 12 പ്രോ റീഫര്‍ബിഷ്ഡ്' എന്ന വിവരണവുമായി വില്‍പനയിലുള്ള ഒരു ഫോണിന് ചോദിക്കുന്ന വില 22,500 രൂപയാണ്. ഐഫോണ്‍ ആഗ്രഹം മൂലം, തങ്ങള്‍ എന്താണു ചെയ്യുന്നതെന്ന് വ്യക്തമായി അറിയാത്തവർ ഇത്തരം ഉപകരണങ്ങള്‍ വാങ്ങിച്ചേക്കാം. 10,000 രൂപ മുതല്‍ 33,000 രൂപ വരെ വിലയുള്ള ഇത്തരം ഫോണുകള്‍ വില്‍ക്കപ്പെടുന്നുണ്ട്. ഐഫോണ്‍ X, ഐഫോണ്‍ 8, 8 പ്ലസ് തുടങ്ങിയ മോഡലുകളും വിൽക്കാനുണ്ട്. വാങ്ങാന്‍ ആളുണ്ടായിട്ടു തന്നെയാകണം ഇത്തരം വില്‍പനക്കാര്‍ രംഗത്തുള്ളത്.

 

ഇത്തരം ഫോണുകള്‍ 'ഐഫോണ്‍' എന്ന പേരില്‍ വില്‍ക്കുന്നത് കുറ്റകരമായിരിക്കും. എന്നിട്ടും വില്‍പനക്കാര്‍ ആളുകളെ വഞ്ചിക്കാന്‍ ശ്രമിക്കുന്നു. ഐഒഎസ് (iOS) എന്നതിനു പകരം, ഓപ്പറേറ്റിങ് സിസ്റ്റമായി ചിലര്‍ കാണിച്ചിരിക്കുന്നത് lOS ആണ്. 'ഐ' എന്നും 'എല്‍' എന്നും വായിക്കാവുന്ന രീതിയിലാണ് എഴുതുന്നതെന്നു ശ്രദ്ധിക്കുക. ചിലരാകട്ടെ ഐഒഎസ് ആണെന്നു പറഞ്ഞും വില്‍ക്കുന്നു. ചൈനീസ് നിര്‍മിതമായ ഇത്തരം ഫോണുകള്‍ എത്ര കുറഞ്ഞ വിലയ്ക്കും വില്‍ക്കാവുന്നവയാണ്. സാങ്കേതിക വിവരമില്ലാത്തവരെ ചൂഷണം ചെയ്യാനാണ് ഇത്തരം ഉപകരണങ്ങള്‍ വില്‍ക്കുന്നത്. 

'കുറച്ചെണ്ണം മാത്രമെ ബാക്കിയുള്ളു. ക്യാഷ് ഓണ്‍ ഡെലിവറിയിലൂടെ എത്തിച്ചു കൊടുക്കും' തുടങ്ങി ഓഫറുകളും വില്‍പ്പനക്കാര്‍ നല്‍കുന്നുണ്ട്. ചൈനയിലും മറ്റും നിര്‍മിക്കുന്ന, ഒറിജിനലിനെ പല രീതിയിലും അനുസ്മരിപ്പിക്കുന്ന, എന്നാല്‍ യാതൊരു ഗുണമേന്മയുമില്ലാത്ത, ഇത്തരം വ്യാജ ഫോണുകള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലെയ്‌സുകളിലൂടെയുള്ള വില്‍പന വര്‍ധിച്ചിട്ടുണ്ട്. ഇവ വാങ്ങി വഞ്ചിതരാകുന്നവര്‍ക്ക് മുഴുവന്‍ പണവും നഷ്ടപ്പെട്ടേക്കാം. മറിച്ചു വില്‍ക്കാന്‍ ശ്രമിച്ചാലും ഇത്തരം ഫോണുകള്‍ക്ക് ആവശ്യക്കാരുണ്ടാവില്ല.

 

English Summary: Apple iPhone scam: What you must check before buying iPhones at 'deal prices'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com