Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോക്കിയ 3, നോക്കിയ 5, ഈ രണ്ടു ഫോണുകൾ വിപണി പിടിച്ചടക്കും, തീർച്ച!

nokia-5

ഒരിക്കൽ നഷ്ടപ്പെട്ട സ്മാർട്ട്ഫോൺ വിപണി തിരിച്ചുപിടിക്കാൻ തീരുമാനിച്ചാണ് നോക്കിയ എത്തിയിരിക്കുന്നത്. ഇതിനായി ആൻഡ്രോയ്ഡിന്റെയും ഗൂഗിളിന്റെയും എല്ലാ സഹായങ്ങളും നോക്കിയ തേടിയിരിക്കുന്നു. സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഏറെ ഇഷ്ടപ്പെടുന്ന നോക്കിയ 6ന് പുറമെ രണ്ടു ആൻഡ്രോയ്ഡ് ഹാൻഡ്സെറ്റുകൾ കൂടി കഴിഞ്ഞ ദിവസം പുറത്തിറക്കി. നോക്കിയ 3, നോക്കിയ 5. രണ്ടും ഒറ്റവാക്കിൽ കിടിലൻ എന്നും തന്നെ പറയാം.

9800 രൂപയ്ക്ക് നോക്കിയ 3

ഏറ്റവും പുതിയ ആൻഡ്രോയ്ഡ് പതിപ്പായ നൂഗട്ടിൽ പ്രവർത്തിക്കുന്നതാണ് നോക്കിയ 3. ഇടത്തരക്കാരെ ലക്ഷ്യമിട്ടുള്ളതാണ് ഈ ഫോൺ. നൂഗട്ടിൽ പ്രവർത്തിക്കുന്ന മറ്റു സ്മാർട്ട്ഫോണുകളേക്കാൾ ഏറെ മികച്ചതാണ് നോക്കിയ 3 എന്നാണ് ടെക്ക് വിദഗ്ധർ വിലയിരുത്തുന്നത്. നോക്കിയ 3, നോക്കിയ 5 നും ഗൂഗിളിന്റെ പരിധിയില്ലാ ക്ലൗഡ് സ്റ്റോറേജ് സേവനവും ലഭിക്കും.

സിംഗിൾ, ഡ്യുവൽ സിം ഉപയോഗിക്കാൻ കഴിയുന്നതാണ് നോക്കിയ പുതിയതായി പുറത്തിറക്കിയ എല്ലാ ഹാൻഡ്സെറ്റുകളും. ഇത് വിപണിയിൽ വൻതിരിച്ചുവരവ് കൊണ്ടുവരാൻ വഴിയൊരുക്കുമെന്നാണ് നോക്കിയ കരുതുന്നത്. അഞ്ച് ഇഞ്ച് ഡിസ്പ്ലെ, 1.3GHz ക്വാഡ്-കോർ പ്രോസസർ, എട്ടു മെഗാപിക്സൽ സെൽഫി ക്യാമറ, റിയർ ക്യാമറ (രണ്ടു ക്യാമറയ്ക്കും ഓട്ടോ ഫോക്കസ് ലഭിക്കും), 2 ജിബി റാം, 16 ജിബി സ്റ്റോറേജ്, 128 ജിബി വരെ ഉയർത്താം, 4ജി കണക്റ്റിവിറ്റി, 2650 എംഎഎച്ച് ബാറ്ററി എന്നിവ നോക്കിയ 3യിലെ പ്രധാന ഫീച്ചറുകളാണ്. 139 യൂറോയാണ് വില (ഏകദേശം 9,800 രൂപ).

പോളി കാർബോനേറ്റ് ബോഡി, അലുമിനിയം ഫ്രെയിം, ഡിസ്പ്ലെയ്ക്ക് കോറിങ് ഗോറില്ലാ ഗ്ലാസ് സുരക്ഷ എന്നിവയും ശ്രദ്ധേയമാണ്. നാലു നിറങ്ങളിലാണ് നോക്കിയ 3 അവതരിപ്പിച്ചിരിക്കുന്നത്.

നോക്കിയ 5, ഇത്തിരി വിലകൂടിയത്

നോക്കിയ 3യിൽ പ്രധാനപ്പെട്ട ചില മാറ്റങ്ങളുമായാണ് നോക്കിയ 5 അവതരിപ്പിച്ചിരിക്കുന്നത്. ഫിംഗർപ്രിന്റെ സെൻസറുള്ള ഹോം ബട്ടൺ തന്നെയാണ് നോക്കിയ 5ന്റെ പ്രധാന ഫീച്ചർ. മെറ്റൽ ബോഡിയിൽ ഡിസൈൻ‌ ചെയ്തിട്ടുള്ള നോക്കിയ 5 ലും ഇരട്ട സിം ഉപയോഗിക്കാം.

ക്വാൽകം സ്നാപ്ഡ്രാഗൻ 430 പ്രോസസർ, 2 ജിബി റാം, 16 ജിബി സ്റ്റോറേജ്, 128 ജിബി വരെ ഉയർത്താം, 5.2 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെ ( 2.5ഡി കോറിങ് ഗൊറില്ല ഗ്ലാസ് സുരക്ഷ), 13 മെഗാപിക്സൽ‌ ക്യാമറ (ഓട്ടോ ഫോക്കസ്, ഫ്ലാഷ്), എട്ടു മെഗാപിക്സൽ സെൽഫി ക്യാമറ (ഓട്ടോ ഫോക്കസ്), 3,000 എംഎഎച്ച് ബാറ്ററി (ബാറ്ററി പുറത്തെടുക്കാൻ സാധ്യമല്ല) എന്നിവ പ്രധാന ഫീച്ചറുകളാണ്. നാലു നിറങ്ങളിൽ ലഭിക്കുന്ന നോക്കിയ 5 ന്റെ വില 189 യൂറോയാണ് (ഏകദേശം 13,500 രൂപ).

Your Rating: