Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ നോക്കിയ 3310ന് വലിയൊരു പ്രശ്നമുണ്ട്, ചിലർക്ക് ഉപയോഗിക്കാനാവില്ല!

Nokia-3310

ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഫോണായിരുന്ന നോക്കിയ 3310 അങ്ങനെ വീണ്ടും വിപണിയിലെത്തി. പക്ഷേ, ഈ ഫോണ്‍ മിക്ക രാജ്യങ്ങളിലും പ്രവര്‍ത്തിക്കില്ല എന്നതാണ് സത്യം! പഴയ ഫോണിനെക്കാള്‍ ബാറ്ററി ബാക്കപ്പ് കൂട്ടി അവതരിപ്പിച്ച ഫോണ്‍ ആയിരുന്നു ഇത്. നോക്കിയ ബ്രാന്‍ഡിന്റെ ഇപ്പോഴത്തെ ഉടമസ്ഥരായ എച്ച്എംഡി ഗ്ലോബൽ വേനല്‍ക്കാല സമ്മാനമായാണ് ഇത് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതും കേവലം 3317 രൂപയ്ക്ക്!

900 MHz,1800 MHz തുടങ്ങിയ ഫ്രീക്വന്‍സികളില്‍ തന്നെയാണ് പഴയ ഫോണിലെന്ന പോലെ ഈ ഫോണിലും നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുക. മൊബൈല്‍ ഇന്റര്‍നെറ്റ് അധികം വ്യാപകമാവുന്നതിനു മുന്‍പത്തെ കാലത്ത് ടുജി നെറ്റ്‌വര്‍ക്കുകളിലാണ് ഈ ഫ്രീക്വന്‍സി ഉണ്ടായിരുന്നത്. എന്നാല്‍ അമേരിക്ക, കാനഡ പോലെയുള്ള രാജ്യങ്ങളില്‍ ഇപ്പോള്‍ ഈ ഫ്രീക്വന്‍സി ഉപയോഗിക്കുന്നേയില്ല. മറ്റുള്ള രാജ്യങ്ങളിലും പതിയെപ്പതിയെ ഈ ഫ്രീക്വന്‍സി നിര്‍ത്തലാക്കി വരികയാണ്.

ഇങ്ങനെയുള്ള ഒരവസ്ഥ നിലനില്‍ക്കുന്നതുകൊണ്ടു തന്നെ ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് നോക്കിയ 3310 ഉപയോഗിക്കാന്‍ സാധ്യമല്ല. നിലവില്‍ ഈ ഫ്രീക്വന്‍സി മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്കായി ഉപയോഗിക്കുവാനാണ് മൊബൈല്‍ കമ്പനികള്‍ ആലോചിക്കുന്നത്.

പണ്ട് ആഫ്രിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഏഷ്യ തുടങ്ങിയ ഇടങ്ങളില്‍ എല്ലാംതന്നെ ഉപയോഗിച്ചിരുന്ന GSM 900 MHz, 1800 MHz എന്നിങ്ങനെയുള്ള ടുജി ഫ്രീക്വന്‍സി മാത്രമേ ഈ ഫോണില്‍ സപ്പോര്‍ട്ട് ചെയ്യുകയുള്ളു. ഇപ്പോള്‍ അമേരിക്കയുടെ ഉത്തര-മധ്യ-ദക്ഷിണഭാഗങ്ങളിലെല്ലാം തന്നെ 850 MHz, 1900 MHz ഫ്രീക്വന്‍സിയാണ് ഉപയോഗിക്കുന്നത്.

സാധാരണ മൊബൈല്‍ഫോണുകള്‍ എല്ലാം തന്നെ ഇപ്പോള്‍ മറ്റു രാജ്യങ്ങളിലും ഉപയോഗിക്കാന്‍ പറ്റാവുന്ന രീതിയിലാണ് നിര്‍മിക്കുന്നത്.