Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ഫീച്ചർ ഫോണിനുണ്ട്, ഒരുപാട് പ്രത്യേകതകള്‍!

NOKIA-3310

ഇന്ന് ആഴ്ചകൾകളുടെ മാത്രം വ്യത്യാസത്തിൽ ഓരോ മോഡലുകൾ എന്ന നിരക്കിൽ മൊബൈൽ ഫോൺ നിർമ്മാതാക്കൾ പുതിയ ഫോണുകൾ അവതരിപ്പിക്കുമ്പോൾ മിക്കവരും ബ്രാന്റ് നോക്കാതെയും തങ്ങളുടെ പോക്കറ്റ് കാലിയാക്കാതെയും അത്യാവശ്യം സൗകര്യങ്ങൾ നൽകുന്ന സ്മാർട്ട് ഫോൺ വാങ്ങുന്നതിനാണല്ലോ പ്രാധാന്യം നൽകുന്നത്. എന്നാൽ വർഷങ്ങൾ പുതിയ മോഡലിനായി കാത്തിരുന്ന് ഫോൺ വാങ്ങിയ ഒരു കാലവും ഇവിടെയുണ്ടായിരുന്നു എന്നത് നാം മറന്നിട്ടില്ല.

മൊബൈൽ ഫോൺ വിപണിയിൽ മോഡലുകളുടെ കുത്തൊഴുക്കിൽപ്പെട്ട് പകച്ച് നിൽക്കുന്ന ഈ ലോകത്ത് ഇത് വരെ ഏറ്റവും കൂടുതൽ വിറ്റഴിച്ച മൊബൈൽ ഹാൻഡ്സെറ്റ് ഏതാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇപ്പോൾ വിപണി ഭരിക്കുന്ന മോഡലുകൾ മൊബൈൽ ഫോൺ വിപണിയിലെത്തും മുൻപ് വിപണിയിലെ എതിരില്ലാത്ത രാജാവ്; ഫിൻലാന്റിന്റെ അഭിമാന താരം നോക്കിയക്ക് സ്വന്തമാണ് ആ നേട്ടം. ഇതു വരെയും വിപണിയിലെ മറ്റൊരു ബ്രാന്റിനും കടത്തിവെട്ടാൻ കഴിയാത്ത ആ റിക്കോർഡിനുടമ നോക്കിയയുടെ ജനപ്രിയ ഹാൻഡ്സെറ്റായ നോക്കിയ 1100, നോക്കിയ 3310 ആണ്.

നോക്കിയ എന്ന പേര് കേൾക്കുമ്പോൾ തന്നെ ആ ബ്രാന്റിന്റെ ആരാധകരുടെ മനസിലോടിയെത്തുന്ന ഫോൺ നോക്കിയ 3310; മുപ്പത്തിമൂന്ന് പത്ത് എന്ന് മലയാളി സ്നേഹത്തോടെ വിളിച്ചിരുന്ന, ആരും ലാളിച്ചു പോകുന്ന ആ മോഡലാണ്. അന്നുള്ളതിൽ വച്ച് ഒതുങ്ങിയതും മികച്ച രൂപകൽപ്പനയോടെയുള്ള ഈ ഫോണായിരുന്നു വിദേശങ്ങളിൽ പലരും കാമുകിമാർക്ക് സമ്മാനം കൊടുക്കാൻ തിരഞ്ഞെടുത്തിരുന്നത്. നമ്മുടെ നാട്ടിലും ചില നിരാശ പ്രേമത്തിന്റെ ഭാരം പേറുന്ന 3310 ഫോണുകൾ ഉണ്ടാകും.

16 വർഷങ്ങൾക്ക് മുൻപെത്തിയ ആ ഫോൺ 12.6 കോടി യൂണിറ്റുകളുടെ വിൽപ്പനയാണ് അന്ന് നടത്തിയത്. ഇതു വരെ ലോകത്ത് വിറ്റഴിച്ച ഫോൺ മോഡലുകളിൽ പത്താം സ്ഥാനത്താണ് ഇതിന്റെ സ്ഥാനം. ആ ഫോണിലൂടെ സ്നേക്ക്, സ്പേസ് ഇംപാക്ട് എന്നീ ഗെയിമുകളെ സ്നേഹിച്ച കുട്ടികൾ ഇന്ന് അത്യാധുനിക സ്മാർട്ട് ഫോണുകളിൽ കൗമാരത്തിന്റെ നിറമാർന്ന ലോകത്തെ തിരക്കുകളിലാകും. എപ്പോഴെങ്കിലും അവരോർക്കുന്നുണ്ടാകുമോ തങ്ങളെ ഗെയിമിംഗ് ലോകത്തേക്ക് കൂട്ടിയ ആ പഴയ 3310 നെ?

നോക്കിയ 3310 തിരിച്ചുവരുന്നു

എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം നോക്കിയയുടെ ആ പഴയ ഗോൾഡ് ഫോൺ വീണ്ടും വിപണിയിലേക്ക് എത്തുമെന്നാണ് അറിയുന്നത്. ഈ മാസം അവസാനത്തിൽ ബാഴ്സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ നോക്കിയ 3310 ന്റെ പുതിയ അവതാരത്തെ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.

നോക്കിയ 3310 തിരിച്ചുവരുന്നത് സംബന്ധിച്ച് നേരത്തെ തന്നെ നിരവധി വെബ്സൈറ്റുകളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എച്ച്എംഡി ഗ്ലോബലാണ് നോക്കിയ 3310 ന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കുന്നത്. ഏകദേശം 4000 രൂപയായിരിക്കും ഈ ഹാൻഡ്സെറ്റിന്റെ വില. ഫെബ്രുവരി 26 വൈകീട്ട് 4.30 നാണ് (ഇന്ത്യൻ സമയം രാത്രി 9) നോക്കിയ ഇവന്റ് നടക്കുന്നത്.

എന്നാൽ പുതിയ 3310 ഹാൻഡ്സെറ്റ് സിംപിയൻ വിട്ട് ആൻഡ്രോയ്ഡ് ഒഎസിൽ വന്നേക്കുമോ എന്നാണ് മിക്ക നോക്കിയ സ്നേഹികളും ചോദിക്കുന്നത്. പുതിയ 3310 ൽ എന്തെല്ലാം പുതിയ ഫീച്ചറുകൾ ഉണ്ടാകുമോ എന്നത് സംബന്ധിച്ചും ഔദ്യോഗിക റിപ്പോർട്ട് വന്നിട്ടില്ല. എച്ച്എംഡി ഏറ്റെടുത്ത സ്ഥിതിക്ക് പുതിയ ഫീച്ചറുകളും ഉൾപ്പെടുത്തിയേക്കുമെന്നാണ് മിക്ക ടെക്കികളും പറയുന്നത്.