Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ ചരിത്രം കുറിയ്ക്കും, 4 ടൺ ഭാരമുള്ള സാറ്റ്‌ലൈറ്റ് വിക്ഷേപിക്കാൻ ഐഎസ്ആർഒ!

ISRO-GSLV

ബഹിരാകാശ രംഗത്ത് ലോകം ഒന്നടങ്കം മുന്നേറുമ്പോൾ ഓരോ പോരായ്മകളും പരിഹരിച്ച് ഇന്ത്യയുടെ സ്വന്തം ബഹിരാകാശ ഏജൻസി ഐഎസ്ആർഒ അതിവേഗം കുതിക്കുകയാണ്. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് റെക്കോർഡിട്ട ഐഎസ്ആർഒ മറ്റൊരു ചരിത്രനേട്ടം കൂടി കൈവരിക്കാൻ പോകുകയാണ്. കുഞ്ഞു ഉപഗ്രഹങ്ങളും പേടകങ്ങളും മാത്രം കയറ്റിവിട്ട ഐഎസ്ആർഒ ഇനി ഭീമന്മാരെയും ആകാശത്തേക്ക് പറപ്പിക്കും.

നിലവിൽ അയക്കുന്നതിന്റെ ഇരട്ടിവലിപ്പമുള്ള സാറ്റലൈറ്റുകളെ വഹിക്കാനുള്ള തേരും സന്നാഹവും ഐഎസ്ആർഒ സജ്ജമാക്കി കഴിഞ്ഞു. നേരത്തെയുള്ള മുഖ്യ പരാതിയായിരുന്നു, ഐഎസ്ആർഒയ്ക്ക് ഭാരം കൂടി ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ കഴിയുന്നില്ല എന്ന്. എന്നാൽ ആ പോരാഴ്മയും വൈകാതെ പരിഹരിക്കപ്പെടും. ഇതോടെ ബഹിരാകാശ വിപണി ഭൂരിഭാഗവും ഐഎസ്ആർഒയുടെ കീഴിൽ വരുമെന്നാണ് കരുതന്നത്.

ആകാശവിപണിയിൽ ചെലവുകുറഞ്ഞ വിക്ഷേപണങ്ങൾ കൊണ്ട് താരമായ ഇന്ത്യയുടെ അഭിമാന സ്ഥാപനം മറ്റൊരങ്കത്തിന് കച്ച മുറുക്കുകയാണ്. നാലു ടൺ ഭാരമുള്ള സാറ്റലൈറ്റുമായി ഐഎസ്ആർഒയുടെ റോക്കറ്റ് അടുത്തമാസം ശ്രീഹരിക്കോട്ടയിൽ നിന്നു പറന്നുയരുമെന്ന് ചെയർമാൻ എ.എസ്. കിരൺകുമാർ പറഞ്ഞു. പരമാവധി 2.2 ടൺ ഭാരമുള്ള സാറ്റ്‌ലൈറ്റുകൾ വഹിക്കാവുന്ന റോക്കറ്റുകളേ ഇതുവരെ കൈയിലുണ്ടായിരുന്നുള്ളൂ. സാറ്റ്‌ലൈറ്റ് വിക്ഷേപണത്തിന് അമേരിക്ക ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾ കൂടുതലായും ഇന്ത്യയാണ് സമീപിക്കുന്നത്. കൂടുതൽ ഭാരമുള്ള കൃത്രിമ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാകുമോ എന്നുള്ള അന്വേഷണങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബഹിരാകാശ വിപണിയിൽ കൂടുതലിടം സ്വന്തമാക്കാൻ ഐഎസ്ആർഒ തീരുമാനിച്ചതും ശേഷി ഉയർത്തിയതും.

ജിഎസ്എൽവി– എംകെ ത്രി– ഡി1 വഴിയാണ് ഇന്ത്യ ആദ്യമായി ഭാരം കൂടിയ സാറ്റലൈറ്റ് വിക്ഷേപിക്കുക. 3200 കിലോഗ്രാം ഭാരമുള്ള ജിസാറ്റ്–19 ആണ് ഇങ്ങനെ അയക്കുന്നത്. ഒരു വർഷത്തിനകം തന്നെ രണ്ടാമത്തെ വിക്ഷേപണം നടത്താനുള്ള പ്രവൃത്തികളും പുരോഗമിക്കുകയാണ്. നാലു ടൺ വരുന്ന കൃത്രിമ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് ഇന്ത്യയ്ക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നതും ഇതോടെ ഒഴിവാക്കാനാകും. ഇക്കാര്യത്തിൽ രാജ്യത്തിനു സ്വയംപര്യാപ്തത കൈവരിക്കാം. വമ്പിച്ച സാമ്പത്തികനേട്ടവും കിട്ടും. ഇതൊരു ഗെയിം ചേയ്ഞ്ചർ ആയി മാറുമെന്നാണ് പ്രതീക്ഷയെന്ന് കിരൺകുമാർ വ്യക്തമാക്കി.

വ്യോമയാനങ്ങളിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും സ്പെയ്സ് റേഡിയേഷൻ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തുന്നതെന്ന് പഠിക്കാനായി ജിയോ സ്റ്റേഷനറി റേഡിയേഷൻ സ്പെക്ട്രോമീറ്റർ (GRASP) ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായാണ് ജിസാറ്റ്–19 പറക്കുന്നത്.