Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഴു രാജ്യങ്ങളുടെ സ്വപ്നങ്ങൾ നിറവേറ്റാൻ 235 കോടി രൂപയുടെ ‘മോദി സമ്മാനം’

modi-isro

രണ്ട് വര്‍ഷം മുൻപാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സാര്‍ക്ക് രാജ്യങ്ങള്‍ക്കായി സാറ്റലൈറ്റ് വിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചത്. സൗത്ത് ഏഷ്യ സാറ്റലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന 235 കോടി രൂപയുടെ പദ്ധതി ഒടുവില്‍ യാഥാര്‍ഥ്യമാകാനൊരുങ്ങുകയാണ്. പാക്കിസ്ഥാന്‍ പിന്മാറിയെങ്കിലും കൂട്ടായ്മയിലെ മറ്റ് ഏഴ് രാജ്യങ്ങളും സൗത്ത് ഏഷ്യ സാറ്റലൈറ്റിന്റെ ഭാഗമാണ്. 

നേപ്പാള്‍, ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് മെയ് അഞ്ചിന് നിശ്ചയിച്ചിരിക്കുന്ന സൗത്ത് ഏഷ്യ സാറ്റലൈറ്റിന്റെ ഭാഗമാവുക. തത്വത്തില്‍ ധാരണയായെങ്കിലും രാജ്യങ്ങള്‍ തമ്മില്‍ ഇതുവരെ കരാറില്‍ ഔദ്യോഗികമായി ഒപ്പുവെച്ചിട്ടില്ല. 2230 കിലോഗ്രാമാണ് വിക്ഷേപിക്കാനിരിക്കുന്ന സാറ്റലൈറ്റിന് 12 വര്‍ഷമാണ് കാലാവധി കണക്കാക്കുന്നത്. ഇക്കാലയളവില്‍ അംഗരാജ്യങ്ങള്‍ക്ക് ഏകദേശം 1500 ദശലക്ഷംമ ഡോളര്‍ ചിലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ടെലികമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍, ഡയറക്ട് ടു ഹോം, വിസാറ്റ്, ടെലി എഡ്യുക്കേഷന്‍, ടെലി മെഡിസിന്‍ തുടങ്ങി നിരവധി സാധ്യതകളാണ് സാറ്റലൈറ്റ് അംഗരാജ്യങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഭൂകമ്പം, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, സുനാമി തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ വിവരകൈമാറ്റത്തിന് സഹായിക്കുന്ന ഹോട്ട് ലൈനും യാഥാര്‍ഥ്യമാകും. 

12 ട്രാന്‍സ്‌പോണ്ടര്‍മാരാണ് സൗത്ത് ഏഷ്യ സാറ്റലൈറ്റിലുണ്ടാവുക. ഓരോ അംഗരാജ്യത്തിനും ഏറ്റവും കുറഞ്ഞത് ഒരു ട്രൈന്‍സ്‌പോണ്ടര്‍ ലഭിക്കും. ഇതിന്റെ പൂര്‍ണ്ണ നിയന്ത്രണവും പരിപാലന ചുമതലയും അതാത് രാജ്യത്തിനായിരിക്കും. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമെങ്കില്‍ പങ്കുവെക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അധികാരമേറ്റ് ഒരു മാസത്തിനിടെ അയല്‍രാജ്യങ്ങള്‍ക്കുള്ള സമ്മാനമെന്ന നിലയിലാണ് നരേന്ദ്രമോദി സാര്‍ക്ക് സാറ്റലൈറ്റ് പ്രഖ്യാപനം നടത്തിയത്. 

2015 ജൂണ്‍ 22ന് ചേര്‍ന്ന ആസൂത്രണ യോഗത്തില്‍ പദ്ധതിയില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് സാര്‍ക്ക് അംഗരാജ്യമായ പാക്കിസ്ഥാന്‍ വ്യക്തമാക്കുകയായിരുന്നു. തങ്ങള്‍ക്ക് സ്വന്തമായി സാറ്റലൈറ്റ് പദ്ധതിയുണ്ടെന്ന കാരണം പറഞ്ഞായിരുന്നു വിട്ടു നില്‍ക്കല്‍. പാക്കിസ്ഥാന്‍ ശ്രീലങ്ക അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് സ്വന്തമായി കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റുകളുണ്ട്. ഇതില്‍ പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും ചൈനയുടെ സഹായത്തിലും അഫ്ഗാനിസ്ഥാന് ഇന്ത്യന്‍ നിര്‍മ്മിത യൂറോപ്യന്‍ സഹായത്തിലുള്ള സാറ്റലൈറ്റുമാണ്.

ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനി തൈല്‍സിന്റെ സഹായത്തില്‍ ബംഗ്ലാദേശ് ഈ വര്‍ഷം അവസാനത്തോടെ ഉപഗ്രഹം ബഹിരാകാശത്ത് എത്തിക്കുമെന്നാണ് കരുതുന്നത്. നേപ്പാള്‍ രണ്ട് സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുന്നതിനുള്ള കരാറില്‍ ഒപ്പിട്ടുകഴിഞ്ഞു.