Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

12 വർഷത്തെ പ്രയത്നം, 640 ടണ്‍ ഭാരമുള്ള റോക്കറ്റ് വിക്ഷേപിക്കാൻ ഐഎസ്ആര്‍ഒ

GSLV-Mark-III

റോക്കറ്റ് വിക്ഷേപണത്തിന്റെ കാര്യത്തില്‍ ഐഎസ്ആര്‍ഒ എന്നും മുന്നില്‍ത്തന്നെയാണ്. ഏറ്റവും പുതിയ റോക്കറ്റ് ജിഎസ്എൽവി മാർക് III ന്റെ അവസാന പണികള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍. ജൂണിലാണ് ഇത് ആദ്യമായി പരീക്ഷിക്കുന്നത്. മേയിലായിരുന്നു ആദ്യം തീയതി നിശ്ചയിച്ചതെങ്കിലും അവസാന നിമിഷം വന്ന ചില മാറ്റങ്ങള്‍ കാരണം തീയതി നീണ്ടുപോവുകയായിരുന്നു.

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റോക്കറ്റാണിത്. വലിയ ക്രയോജനിക് എൻജിനുള്ള ഇതിന്റെ ഭാരം ഏകദേശം 640 ടണ്ണോളം വരും. ഇന്ത്യയില്‍ ഈ റോക്കറ്റ് ഉണ്ടാക്കാന്‍ വേണ്ടി കഠിനപരിശ്രമത്തിലായിരുന്നു ശാസ്ത്രജ്ഞര്‍.

പന്ത്രണ്ടു വര്‍ഷത്തെ നിരന്തര പരിശ്രമമാണ് ഇതിനു പിന്നിലെന്ന് ഐഎസ്ആര്‍ഒ ഡയറക്ടര്‍ കെ ശിവന്‍ പറഞ്ഞു. ശ്രീഹരിക്കോട്ടയില്‍ ഇതിന്റെ വിക്ഷേപണത്തിനായുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. GSAT-19 വാര്‍ത്താവിനിമയ ഉപഗ്രഹവുമായാണ് ജിഎസ്എൽവി മാർക് III പറന്നുയരുക. 

കൂടുതല്‍ വിശദമായ പരിശോധനകള്‍ വേണ്ടതിനാലാണ് ഇത് വൈകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് പുതിയ റോക്കറ്റാണ്. അതിനാല്‍ തന്നെ വിജയം സുനിശ്ചിതമാക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2014ല്‍ ക്രയോജനിക് എൻജിന്‍ ഇല്ലാത്ത ഇതിനു സമാനമായ ഒരു റോക്കറ്റ് ഐഎസ്ആര്‍ഒ വിക്ഷേപിച്ചിരുന്നു. ഇപ്പോള്‍ വിക്ഷേപിക്കാനിരിക്കുന്ന റോക്കറ്റിന് പരമാവധി നാല് ടണ്‍ ഭാരമാണ് വഹിക്കാനാവുക. ഭാവിയില്‍ ഇതിന്റെ ശേഷി വേണമെങ്കില്‍ വര്‍ധിപ്പിക്കാം. പതിനഞ്ചു വര്‍ഷം ജീവിതപരിധിയുള്ള മള്‍ട്ടി-ബീം ഉപഗ്രഹമാണ് GSAT-19.