Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഞാൻ കണ്ടതാണ്; അവ സിനിമയിലെ അന്യഗ്രഹജീവികളെപ്പോലെ തന്നെയുണ്ടായിരുന്നു...’

alien

1947 ജൂലൈ എട്ടിനാണ് സംഭവം; ന്യൂമെക്സിക്കോയ്ക്കടുത്ത് റോസ്‌വെൽ നഗരത്തിൽ വിജനമായൊരിടത്ത് ആകാശത്തു നിന്നൊരു അജ്ഞാതവസ്തു പൊട്ടിത്തകർന്നു വീണു. സ്ഫോടനം പ്രദേശവാസികളിൽ പലരും കണ്ടതുമാണ്. പക്ഷേ അന്വേഷിച്ചു ചെല്ലുമ്പോഴേക്കും പ്രദേശം സൈന്യം വലയം ചെയ്തിരിക്കുന്നു. ആരെയൊക്കെയോ സ്ട്രച്ചറിൽ കൊണ്ടു പോകുന്നുമുണ്ട്. പരിസരത്തേക്ക് ആരെയും അടുപ്പിക്കുന്നുമില്ല. സമീപത്തു തന്നെയാണ് റോസ്‌വെൽ ആർമി എയർഫീൽഡ് ബേസും. സംഭവത്തിനു പുറകെ സൈന്യത്തിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ ഒരു വാർത്താക്കുറിപ്പിറക്കി– ‘റോസ്‌വെല്ലിനടുത്ത് ഒരു വിജനപ്രദേശത്തു നിന്ന് പറക്കുംതളിക കണ്ടെത്തി’ എന്നതായിരുന്നു അത്. വാർത്ത കാട്ടുതീ പോലെ പടർന്നു. പക്ഷേ ഒരു രാത്രിയുടെ ആയുസ്സേ അതിനുണ്ടായിരുന്നുള്ളൂ. 

പിറ്റേന്നു രാവിലെ കമാൻഡർ ജനറൽ റോജർ റാമി ഒരു വാർത്താസമ്മേളനം വിളിച്ചു: ‘കണ്ടെത്തിയത് പറക്കുംതളികയല്ല, കാലാവസ്ഥാ നിരീക്ഷണത്തിനുപയോഗിച്ച ബലൂണാണ്...’ തെളിവായി ബലൂണിന്റെ ഭാഗങ്ങളായ അലൂമിനിയം ഫോയിലുകളും റബ്ബർ കഷ്ണങ്ങളുമെല്ലാം അദ്ദേഹം പ്രദർശിപ്പിച്ചു. അതോടെ സംഭവം എല്ലാവരും മറക്കുമെന്നു കരുതിയെങ്കിലും തെറ്റി. പറക്കുംതളിക (യുഎഫ്ഒ) പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായി റോസ്‌വെൽ മാറി. ആണവ പരീക്ഷണം നിരീക്ഷിക്കാൻ അയച്ച ബലൂണാണ് തകർന്നതെന്ന് സൈന്യം പിന്നീട് തിരുത്തി. പക്ഷേ അത് പറക്കുംതളിക തന്നെയായിരുന്നുവെന്നും, അതിൽ നിന്നു ലഭിച്ച അന്യഗ്രഹജീവികളുടെ മൃതശരീരം രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയെന്നും കഥകളുണ്ടായി. ‘റോസ്‌വെല്ലിലെ ഉപജാപ’വുമായി ബന്ധപ്പെട്ട് പുതിയ സിദ്ധാന്തങ്ങൾ വന്നുകൊണ്ടേയിരുന്നു. 

അതിനിടെ കഴിഞ്ഞയാഴ്ച പുതിയൊരു സംഭവവുമുണ്ടായി. റോസ്‌വെൽ സംഭവമുണ്ടായ സമയത്ത് ഡെപ്യൂട്ടി ഷെറിഫ് ആയിരുന്ന ചാൾസ് ഫോഗസിന്റെ ഇന്റർവ്യൂവായിരുന്നു അത്. യുഎഫ്ഒ ഗവേഷകനായ ഡിയാന ഷോർട്ടിന്റെ ‘UFOs TODAY – 70 Years of Lies, Misinformation and Government Cover-Up’ എന്ന പുസ്തകത്തിലായിരുന്നു പുതിയ വിവരങ്ങൾ. പുസ്തകത്തിൽ ഫോഗസ് പറയുന്നതിങ്ങനെ: ‘വിമാനം തകർന്നുവീണെന്നായിരുന്നു ഞങ്ങൾക്ക് കിട്ടിയ അറിയിപ്പ്. ഷെറിഫായ ജെസ് സ്‌ലോട്ടറിനൊപ്പമാണ് ഞാൻ സ്ഥലത്തെത്തുന്നത്. പ്രദേശത്ത് ഏകദേശം 300–400 സൈനികരുണ്ടായിരുന്നു. അപകടത്തിൽപ്പെട്ടവരെ സ്ട്രച്ചറിൽ കൊണ്ടു പോകുന്നു. ശ്രദ്ധിച്ചപ്പോഴാണ് മനസിലായത് ഏകദേശം 100 അടി വീതിയുള്ള പറക്കുംതളികയ്ക്കു സമാനമായ പേടകമാണ് തകർന്നു വീണിരിക്കുന്നത്. അതിൽ നിന്നു തെറിച്ചു വീണ ‘ജീവികളെ’യാണ് സൈനികർ കൊണ്ടുപോകുന്നത്. ഏകദേശം അഞ്ചടിയോളം ഉയരമുണ്ടായിരുന്നു അവയ്ക്ക്. കാലുകൾ മനുഷ്യന്റേതിനു സമാനമായിരുന്നു. ഏറെനേരം വെയിലേറ്റെന്നു തോന്നിപ്പിക്കും വിധം തവിട്ടു നിറമായിരുന്നു ശരീരത്തിന്. തല മൂടിയിരുന്നെങ്കിലും ഞാൻ അതു കാണാനും ശ്രമം നടത്തി. അവയുടെ തലയും കണ്ണുകളുമെല്ലാം സിനിമയിലും പുസ്തകങ്ങളിലുമെല്ലാം നാം കണ്ടിട്ടുള്ള അന്യഗ്രഹജീവികളെപ്പോലെത്തന്നെയായിരുന്നു...’

ബ്രിട്ടിഷ് യുഎഫ്ഒ റിസർച്ച് അസോസിയേഷൻ ഡയറക്ടറായിരുന്നു ഫിലിപ് മാൻഡ്‌ലിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഈ വിവരങ്ങൾ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. ഇതോടൊപ്പമാണ് 1947ൽ റോജർ റാമി നടത്തിയ വാർത്താസമ്മേളനത്തിലും പുതിയ വഴിത്തിരിവുണ്ടാകുന്നത്. അന്ന് ‘റോസ്‌വെൽ അവശിഷ്ടങ്ങൾ’ പ്രദർശിപ്പിക്കുന്നതിനിടെ റാമിയുടെ കൈയ്യിൽ ഒരു കുറിപ്പുമുണ്ടായിരുന്നു. അതുവരെ പറക്കുംതളികയായിരുന്ന സംഗതിയെ കാലാവസ്ഥാ ബലൂണാക്കി മാറ്റാനുള്ള ഉന്നതങ്ങളിലെ നിർദേശമാണ് അതിലെന്നാണ് ഗവേഷകർ കരുതുന്നത്. ഏറ്റവും പുതിയ സാങ്കേതികത ഉപയോഗിച്ച് കുറിപ്പിലെ ചില ഭാഗങ്ങൾ സൂം ചെയ്ത് വായിച്ചെടുക്കാൻ യുഎഫ്ഒ ഗവേഷകർക്കായി. അതിൽ ‘Disc’ ‘and the victims of the wreck’ എന്നീ വാക്കുകൾ സ്പഷ്ടമായി കാണാം. റോസ്‌വെല്ലിൽ തകർന്നുവീണത് പറക്കുംതളികയാണെന്നും അന്ന് ലഭിച്ചത് അന്യഗ്രഹജീവികളുടെ മൃതശരീരങ്ങളാണെന്നും വ്യക്തമാക്കുന്നതാണ് ഈ തെളിവെന്നും ഗവേഷകർ വാദിക്കുന്നു. 

paper-roswell

ഇക്കഴിഞ്ഞ ഒക്ടോബറിൽ വിക്കിലീക്സ് വഴി ചോർന്ന രണ്ട് ഇ–മെയിലുകളിലും റോസ്‌വെൽ സംഭവത്തെപ്പറ്റി പരാമർശമുണ്ടായിരുന്നു. 1947ൽ തകർന്നുവീണ യുഎഫ്ഒയെ മാറ്റിയത് ഒഹായോക്കടുത്തുള്ള റൈറ്റ് പാറ്റേഴ്സൻ എയർഫോഴ്സ് ബേസിലെ ലബോറട്ടറിയിലേക്കായിരുന്നുവെന്നായിരുന്നു വിവരം. ഹിലറിയുടെ തിരഞ്ഞെടുപ്പു ക്യാംപെയ്നു നേതൃത്വം നൽകുന്ന ജോൺ പൊഡെസ്റ്റയ്ക്ക് ബ്ലിങ്ക്-182 സംഗീത ബാൻഡിന്റെ മുൻ ഗിറ്റാറിസ്റ്റും പറക്കുംതളിക ഗവേഷകനുമായ ടോം ഡിലോങ് അയച്ച ഇ–മെയിലിലായിരുന്നു ഈ വിവരം. ‘ജനറൽ മക്‌കലന്റിനായിരുന്നു ലാബിന്റെ ചുമതല. അദ്ദേഹത്തിന് ആ സത്യം വിളിച്ചു പറയണമെന്നുണ്ട്. പക്ഷേ പറയാനാകില്ല...’ എന്നായിരുന്നു ഡിലോങ് കുറിച്ചത്. പക്ഷേ തനിക്കും തന്റെ യുഎഫ്ഒ ഗവേഷകസംഘത്തിനും നിർണായക വിവരങ്ങൾ ജനറൽ കൈമാറിയെന്നും ഡിലോങ് വ്യക്തമാക്കുന്നു. ‘യുഒഫ്ഒ’ രേഖകൾ രഹസ്യമാക്കിവയ്ക്കുന്നതിൽ താൻ പരാജയപ്പെട്ടെന്ന കാര്യം പൊഡെസ്റ്റ പണ്ട് ട്വീറ്റ് ചെയ്തതും ഡിലോങ് സൂചിപ്പിക്കുന്നു. ഇവയെല്ലാം കൂടിയായതോടെ 80 വർഷമായിട്ടും റോസ്‌വെൽ സംഭവം കൂടുതൽ ദുരൂഹതകളിലേക്കാണു നീങ്ങുന്നത്. ഇന്ന് ലോകത്തിൽ ഏറ്റവുമധികം പേർ ചർച്ച ചെയ്യുന്ന യുഎഫ്ഒ സംഭവവവും റോസ്‌വെല്ലിലേതാണ്.