Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്പോൾ അന്യഗ്രഹജീവികൾ ഉണ്ടെന്നല്ലേ നാസ പറയാതെ പറയുന്നത്? അല്ലെങ്കിൽ പിന്നെ ഈ പരസ്യം!

alien

പാടത്തും പറമ്പിലും ചുറ്റിത്തിരിഞ്ഞ്, ക്രിക്കറ്റും ഫുട്ബോളുമൊക്കെ കളിച്ച്, കയ്യും കാലും നിറയെ ചെളിയുമായി വീട്ടിലേക്ക് വരുമ്പോൾ ഗേറ്റിൽ വച്ചു തന്നെ അമ്മ പറയും: ‘കുളിച്ചിട്ട് കയറിയാൽ മതി അകത്തേക്ക്...’താൻ വൃത്തിയാക്കിയിട്ടിരിക്കുന്ന വീട്ടിൽ അഴുക്കും ചെളിയും ചവിട്ടിക്കയറ്റാതിരിക്കാനാണ് അമ്മയുടെ ഈ അധികാരപ്രയോഗം. അമേരിക്കയുടെ ബഹിരാകാശ ഏജൻസി നാസയും ഇപ്പോൾ അമ്മമാരെപ്പോലെത്തന്നെയായിരിക്കുകയാണ്. അതുപക്ഷേ വീട്ടിലേക്ക് ചെളി ചവിട്ടിക്കയറ്റുന്നതിനെതിരായല്ല, മറിച്ച് മറ്റ് ഗ്രഹങ്ങളെ മനുഷ്യൻ വൃത്തികേടാക്കാതിരിക്കാന്‍ വേണ്ടിയാണ്. കഴിഞ്ഞ മാസം 13നാണ് യുഎസ് സർക്കാരിന്റെ ഔദ്യോഗിക തൊഴിൽസൈറ്റിൽ ഇതു സംബന്ധിച്ച അറിയിപ്പു വന്നത്. 

പ്ലാനറ്ററി പ്രൊട്ടക്‌ഷൻ ഓഫിസർ എന്നതാണ് തസ്തികയുടെ പേര്. അതായത് സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളെ ‘മലിനമാക്കുന്നതിൽ’ നിന്ന് മനുഷ്യനെ തടയുക എന്നതാണ് ജോലി. അതുപോലെത്തന്നെ മറ്റ് ഗ്രഹങ്ങളിൽ നിന്ന് ഭൂമിയിലേക്കെത്തുന്ന ‘ജീവൻ’ ഇവിടത്തെ അന്തരീക്ഷം ‘മലിന’പ്പെടുത്താതെ ശ്രദ്ധിക്കുക എന്നതും. ഇതെന്തു ജോലി എന്ന് ആരും അന്തംവിട്ടേക്കാം. നിലവിൽ ഈ ജോലി ചെയ്യുന്ന ഒരാൾ നാസയിൽ ഉണ്ടെന്നതാണു സത്യം. കാതറിൻ കോൺലി എന്ന ഗവേഷക 2006 മുതൽ നാസയുടെ പ്ലാനറ്ററി പ്രൊട്ടക്‌ഷൻ ഓഫിസറാണ്.

വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിലേക്കും  ചൊവ്വാഗ്രഹത്തിലേക്കും പേടകങ്ങൾ അയയ്ക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഒരാളുടെ കൂടി സേവനം നാസ തേടുന്നത്. ബഹിരാകാശത്തേക്ക് അയയ്ക്കുന്ന പേടകങ്ങൾ ഫോർവേഡ് കണ്ടാമിനേഷൻ, ബാക്ക് കണ്ടാമിനേഷൻ എന്നിങ്ങനെ രണ്ടു തരം ‘ദുഷിപ്പിക്കൽ’ പ്രക്രിയ നടത്തുന്നുണ്ട്. ഫോർവേഡ് എന്നാൽ ഭൂമിയിൽ നിന്നുള്ള ‘ജൈവ’ഘടകങ്ങൾ മറ്റ് ഗ്രഹങ്ങളിലെത്തിക്കുന്നത്. ബാക്ക് കണ്ടാമിനേഷൻ എന്നാൽ മറ്റ് ഗ്രഹങ്ങളിൽ നിന്നുള്ള ജീവഘടകങ്ങൾ(ഉണ്ടെങ്കിൽ!) ഭൂമിയിലേക്ക് എത്തിക്കുന്നത്. ഇവ രണ്ടും ഒഴിവാക്കുകയാണ് പ്ലാനറ്ററി പ്രൊട്ടക്‌ഷൻ ഓഫിസറുടെ പ്രധാന ജോലി. 

nasa

ബഹിരാകാശത്തേക്കു പോകുന്ന പേടകങ്ങളും യാത്രികരും യാതൊരു തരത്തിലും ഭൂമിയിലെ ‘ഓർഗാനിക്–ബയോ’ മാലിന്യങ്ങളെ അവിടെ എത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഉദാഹരണത്തിന് യൂറോപ്പയുടെ പ്രതലത്തിനു താഴെയായി ഒരു സമുദ്രം തന്നെയുണ്ടെന്നാണ് കരുതുന്നത്. അത് ഡ്രിൽ ചെയ്ത് പരിശോധിക്കുന്നതിനുള്ള ഉപകരണത്തിൽ ഭൂമിയിൽ നിന്നുള്ള ഏതെങ്കിലും സൂക്ഷ്മജീവികൾ ഉണ്ടെങ്കില്‍ സംഭവിക്കുന്ന കാര്യം ഒന്നോർത്തു നോക്കൂ. ഒരുപക്ഷേ ഭൂമിയില്‍ നിന്നു കൊണ്ടു പോയ സൂക്ഷ്മജീവികളെത്തന്നെ യൂറോപ്പയിൽ ‘കണ്ടെത്തിയ’ അവസ്ഥയാകും. അല്ലെങ്കിൽ യൂറോപ്പയിലെ ജലത്തെ ‘മലിന’മാക്കാനും ആ സൂക്ഷ്മജീവി മതി. ചൊവ്വയിലേക്ക് പോകുന്ന യാത്രികരിൽ ആരെങ്കിലും അവിടെ വച്ച് മരിച്ചാലുണ്ടാകുന്ന ‘മലീനീകരണ’ത്തെപ്പറ്റിപ്പോലും പ്ലാനറ്ററി പ്രൊട്ടക്‌ഷൻ ഓഫിസർ ജാഗരൂകരായിരിക്കണം. 

ad-nasa

ഇത്തരത്തിൽ അന്യഗ്രഹങ്ങളോട് ‘ബഹുമാനം’ പ്രകടിപ്പിക്കാനുള്ള തീരുമാനം 1967ലെ ബഹിരാകാശ കരാർ പ്രകാരം യുഎസ് അംഗീകരിച്ചതാണ്. യൂറോപ്പയിൽ നിന്നും ചൊവ്വയിൽ നിന്നുമെല്ലാം ഭൂമിയിലേക്കെത്തിക്കുന്ന പരീക്ഷണ ‘സാംപിളു’കളുടെ കാര്യത്തിലും പ്രൊട്ടക്‌ഷൻ ഓഫിസറുടെ ശ്രദ്ധ വേണം. ഭൂമിയിലെ ലാബുകളിലേക്ക് അവ എത്തിക്കുമ്പോൾ ഇവിടത്തെ പരിസ്ഥിതിക്ക് അത് ഹാനികരമാകില്ലെന്ന് ഉറപ്പാക്കണം. മാത്രവുമല്ല, ഭൂമിയിലെ ജൈവവസ്തുക്കളുമായി അവ കൂടിച്ചേരാതിരിക്കാനും ശ്രദ്ധിക്കണം. 

nasa-ads

നാസയുടെ ഈ പുതിയ തസ്തികയിലേക്കുള്ള ക്ഷണം അന്യഗ്രഹജീവനെപ്പറ്റി ഗവേഷണം നടത്തുന്നവരും ആഘോഷമാക്കുന്നുണ്ട്. മറ്റ് ഗ്രഹങ്ങളിൽ ജീവനില്ലെങ്കിൽ പിന്നെന്തിനാണ് തൊഴിലിനെപ്പറ്റിയുള്ള വിവരണത്തിൽ അക്കാര്യം സൂചിപ്പിച്ചത് എന്നാണ് അവരുടെ ചോദ്യം. അന്യഗ്രഹങ്ങളിൽ സൂക്ഷ്മജീവികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള സ്ഥിരീകരണമാണ് ഇതുവഴി നാസ നടത്തിയതെന്നും അവർ പറയുന്നു. അതേസമയം, ലോകത്തെ മിക്ക സ്പെയ്സ് ഏജൻസികൾക്കും പ്ലാനറ്ററി പ്രൊട്ടക്‌ഷൻ ഓഫിസർമാരുണ്ട്. അതെല്ലാം പാർട് ടൈം ജോലിയായാണ് നൽകുന്നത്. നാസയ്ക്കും യൂറോപ്യൻ സ്പെയ്സ് ഏജൻസിക്കുമാണ് സ്ഥിരമായൊരു പ്രൊട്ടക്‌ഷൻ ഓഫിസറുള്ളത്. പുതിയ തസ്തിക പ്രകാരം മൂന്നു വർഷത്തേക്കാണ് നാസയിലെ സ്ഥിരനിയമനം. ചിലപ്പോൾ രണ്ടു വർഷത്തേയ്ക്കു കൂടി നീട്ടും. ശമ്പളമാകട്ടെ പ്രതിവർഷം 1.24 ലക്ഷം ഡോളർ മുതൽ 1.87 ലക്ഷം വരെയും; ഒട്ടേറെ ആനുകൂല്യങ്ങളുമുണ്ട്. അമേരിക്കൻ പൗരന്മാർക്കു മാത്രമേ ജോലിക്ക് അപേക്ഷിക്കാനാകൂ. ഓഗസ്റ്റ് 14 ആണ് അപേക്ഷിക്കാനുള്ള അവസാനതീയതി. വെബ്സൈറ്റ്.

related stories